Image

മൂന്ന് ജില്ലകളില്‍ ഫോമാ വില്ലേജ്: ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 06 November, 2018
മൂന്ന് ജില്ലകളില്‍ ഫോമാ വില്ലേജ്: ഫിലിപ്പ് ചാമത്തില്‍


മൂന്ന് ജില്ലകളില്‍ ഫോമാ വില്ലേജ്: ഫിലിപ്പ് ചാമത്തില്‍
അനില്‍ പെണ്ണുക്കര

പ്രളയം പൂര്‍ണ്ണമായും ഇല്ലാതാക്കിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി അമേരിക്കന്‍ മലയാളികളുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന ഫോമാ വില്ലേജ് എന്ന പദ്ധതിക്ക് മൂന്ന് ജില്ലകളില്‍ തുടക്കമാവുകയാണ്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായം ഇപ്പോഴും തുടരുന്ന ഫോമ നവകേരളത്തിനായി നല്‍കുന്ന സമ്മാനമാണ് ഫോമാ വില്ലേജ് പ്രോജക്ട് . ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ല് കൂടിയാണ് ഈ പാര്‍പ്പിട പദ്ധതി.

ഈ പ്രോജക്ടിനെക്കുറിച്ചും, ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ സംസാരിക്കുന്നു.

ചോദ്യം : ഫോമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, അശരണരായ ജനങ്ങള്‍ക്കും ഒരു ആശാ കേന്ദ്രമായിട്ടാണ് അനുഭവപ്പെടുക. കേരളത്തില്‍ ആദ്യമായി ഒരു മഹത്തായ പ്രോജക്ടിന് തുടക്കം കുറിച്ച ആദ്യ പ്രവാസി സംഘടന കൂടിയാണ് ഫോമാ. കേരളത്തെ മഹാപ്രളയം കീഴ്‌പ്പെടുത്തിയപ്പോള്‍ കൈത്താങ്ങായി താങ്കളും സഹപ്രവര്‍ത്തകരും ഓടിയെത്തിയിരുന്നു. വീടുകള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളെ നേരില്‍ കണ്ട അവസ്ഥയില്‍ നിന്നാണോ ഫോമാ വില്ലേജ് എന്നൊരു പ്രോജക്ട് ഉണ്ടാകുന്നത്.?

ഉത്തരം: ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അതെ എന്ന് തന്നെ പറയാം. ഫോമയുടെ പ്രസിഡന്റായ ശേഷം ഒരു ചെറിയ സന്ദര്‍ശനത്തിന് നാട്ടിലെത്തിയ സമയമായിരുന്നു. വെള്ളപ്പൊക്കം ശക്തമായ സമയത്തൊക്കെ ഇതിന്റെയൊക്കെ പരിണത ഫലം അനുഭവിക്കുന്നത് സാധാരണക്കാരാണല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു. അതൊരു ദുരന്തമായി കേരളത്തെ വിഴുങ്ങിയപ്പോള്‍ മനസിലായ ഒരു കാര്യം പ്രകൃതി ദുരന്തങ്ങള്‍ കൂടുതലും കീഴ്‌പ്പെടുത്തുക സാധാരണ ജനവിഭാഗങ്ങളെ ആണെന്നാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അടിയന്തിരമായി ഏതാണ്ട് പതിനഞ്ചിലധികം സ്ഥലങ്ങളില്‍ ഫോമയുടെ സഹായം നേരിട്ട് എത്തിച്ചു. ഫോമയുടെ സംഘാടകരും, അഭ്യുദയകാംക്ഷികളും ഒപ്പം കൂടി. സഹായം എത്തേണ്ട സ്ഥലത്ത് എത്രയും വേഗം എത്തിക്കുവാന്‍ ഫോമയ്ക്ക് സാധിച്ചു എന്നതാണ് മനസിന് സന്തോഷം നല്‍കുന്ന പ്രധാനപ്പെട്ട കാര്യം. ഭക്ഷണം, തുണികള്‍, കിടക്കകള്‍, പാത്രങ്ങള്‍ തുടങ്ങി ചെറിയ സഹായങ്ങള്‍ നല്‍കിയാണ് തുടക്കം. ക്യാമ്പുകളില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രകളില്‍ ക്യാമ്പുകളില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും സ്വന്തമായി വീടില്ല എന്ന് മനസിലായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടച്ചുറപ്പില്ലാത്ത വീടുകള്‍ ഇല്ലാത്ത സഹോദരങ്ങള്‍ കേരളത്തിലുണ്ട് എന്ന പരമാര്‍ത്ഥം വേദനയോടെതിരിച്ചറിഞ്ഞു. അമേരിക്കയിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ ഈ കാര്യത്തില്‍ ഒരു തീരുമാനം എടുത്തുകൊണ്ടാണ് പോയത്. ഫോമയുടെ നാഷണല്‍കമ്മിറ്റി കൂടിയ സമയത്ത് മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വച്ചു. അപ്പോള്‍ തന്നെ തുറന്ന മനസോടെ ഈ ആവശ്യത്തിലേക്കായി ഒരേക്കര്‍ വസ്തു നല്‍കാമെന്ന് ഫോമ കമ്മറ്റിയംഗം നോയല്‍ മാത്യു ഉറപ്പ് നല്‍കി. അക്ഷരാര്‍ത്ഥത്തത്തില്‍ അത് വലിയ ഒരു എനര്‍ജി ആയിരുന്നു അത് .

അപ്പോള്‍ തന്നെ ഫ്‌ലോറിഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം പൗലോസ് കുയിലാടന്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ തയാറാണെന്നു അറിയിച്ചു. ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കം അവിടെ നിന്നാണ്. അതേ തുടര്‍ന്ന് ഫോമയുടെ അംഗ സംഘടനകളും, മറ്റ് മലയാളി സംഘടനകളും ഫോമയുടെ ആവശ്യത്തിനായി വലിയപിന്തുണയാണ് നല്‍കിയത്. പ്രോജക്ടുകള്‍ ഉടന്‍ തന്നെ തുടങ്ങുകയാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. നാട്ടിലുള്ള ഫോമയുടെ പ്രവര്‍ത്തകര്‍നേതൃത്വം നല്‍കും .

ചോദ്യം: നോയല്‍ മാത്യുവിന് ശേഷം, പത്തനാപുരത്ത് ഒരേക്കര്‍ഭൂമി വാഗ്ദാനവുമായി പുന്നൂസ്; സഹായം നീളുകയായിരുന്നല്ലോ. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഫോമയ്ക്ക് വലിയ പിന്തുണയാണല്ലോ ലഭിച്ചത്.?

ഉത്തരം: വളരെ ശരിയാണ്. നോയല്‍ മാത്യു, പുന്നൂസ് എന്നിവരെ ഞങ്ങള്‍ക്കാര്‍ക്കും മറക്കാനാവില്ല. വലിയ മനസുണ്ടായ രണ്ട് പേര്‍. അതാണ് ഫോമയുടെ ബലം. നോയല്‍ മാത്യുവിന്റെ വസ്തുവില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭചര്‍ച്ചകള്‍ക്കായി മലപ്പുറം ജില്ലാ കളക്ടറെ കാണുന്നതിനായി നാട്ടിലുണ്ടായിരുന്ന ഫോമയുടെ ജോ: ട്രഷറാര്‍ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ഫോമയുടെ സ്ഥാപക യൂത്ത് ചെയര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ കളക്ടറുമായി സംസാരിച്ച സമയത്ത് ഫോമയ്ക്ക് ഒരു ഓഫര്‍ സര്‍ക്കാര്‍ വക ലഭിച്ചു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കും, ആദിവാസികള്‍ക്കുമായി ഒരു ട്രൈബല്‍ വില്ലേജ് നിര്‍മ്മിച്ചു നല്‍കാമോ എന്ന്. 25 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കും. ഫോമാ 25 വീടുകള്‍, മൂന്ന് ഏക്കറില്‍ ഒരു കളിസ്ഥലം, ലൈബ്രററി തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കണം. ഈ പ്രോജക്ടിന്റെ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍, ആദിവാസികള്‍ എന്നിവര്‍ക്കായി ഒരു പ്രോജക്ടിനൊപ്പം ഫോമയെക്കൂടി ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ പുതിയതായി നടപ്പാലാക്കുന്ന നവകേരള ക്രൗഡ് ഫണ്ടിംഗ് പ്രോജക്ടുമായി ബന്ധപ്പെടുത്തി ഈ സംരംഭം നടപ്പില്‍ വരുത്താനാണ് ഫോമയുടെ തിരുമാനം.

ചോദ്യം: മധ്യ തിരുവിതാംകൂറില്‍ കൂടുതല്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍, പാണ്ടനാട്, നിരണം, തലവടി ,കടപ്ര എന്നീ പ്രദേശങ്ങളില്‍ പ്രളയ ദുരന്തത്തില്‍ നിരവധി വീടുകള്‍ പലര്‍ക്കും നഷ്ടപ്പെട്ടിരുന്നു. അവിടെ ഫോമയുടെ വില്ലേജ് പ്രോജക്ട് നടപ്പില്‍ വരുത്തുന്നുണ്ടോ?

ഉത്തരം: തീര്‍ച്ചയായും. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലയാണ് ഈ പറഞ്ഞതെല്ലാം. ഫോമയുടെ സഹായം കടന്നു ചെന്ന പ്രദേശങ്ങളാണ് ഈ സ്ഥലങ്ങള്‍. ഇവിടെ വീട് നഷ്ടപ്പെട്ടവര്‍ക്കായി തിരുവല്ല പുളിക്കീഴില്‍ കേരള സര്‍ക്കാര്‍ അധീനതയിലുള്ള കുറച്ച് ഭൂമി ലഭിക്കും അവിടെ കുറെ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നല്‍കിയ സ്ഥലമാണിവിടം. ഇവിടെ ഫോമയുടെ സഹായത്തോടു കൂടി പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. തിരുവല്ല പ്രോജക്ട് നടപ്പിലാക്കുന്നതിനായി ഫോമാ സ്ഥാപക യൂത്ത് ചെയര്‍മാന്‍ ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .

ചോദ്യം: ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രക്ഷാധികാരിയായി ഡോ.എം.വി.പിള്ള തുടങ്ങിയവരുടെ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം എന്താണ്?

ഉത്തരം: ഫോമ ഏറ്റെടുത്ത് നടത്തിയ ഫലപ്രദമായ ഒരു പ്രോജക്ട് ആയിരുന്നു ഫോമാ കാന്‍സര്‍ പ്രോജക്ട് .ഡോ.എം.വി.പിള്ള ചെയര്‍മാനായ പദ്ധതി ലോക പ്രവാസി സമൂഹത്തിനു തന്നെ മാതൃകയായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായവരുടെ സേവനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുക എന്നത് ഏവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമല്ലേ . അവരുടെ സാന്നിധ്യം ഫോമയ്ക്ക് വലിയ അംഗീകാരം ആണ് നല്‍കിയിട്ടുള്ളത് .

ഫോമാ വില്ലേജ് പ്രോജക്ടിന് പിന്നിലും ഡോ.എം വി .പിള്ള, മുന്‍.ഡി.ജി പി ജേക്കബ് പുന്നൂസ് എന്നിവരുടെ സഹായമുണ്ട്. ഈ പ്രോജക്ടിന്റെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നു. ശ്രീ .അനിയന്‍ ജോര്‍ജ് ഫണ്ട് റേസിംഗ് ചെയര്‍മാനായും, ജോസഫ് ഔസോ കോ-ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
അനിയന്‍ ജോര്‍ജ് ,ജോസഫ് ഔസോ എന്നിവരുടെ നേതൃത്വത്തിലാണ് ഫോമാ വില്ലേജ് പ്രോജക്ട് പ്രവര്‍ത്തിപഥത്തിലെത്തുക. ഫോമാ എക്‌സിക്യുട്ടീവ് അംഗങ്ങളായ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ്, ജോ: ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവരുടെ ശക്തമായ നേതൃത്വനിരയാണ്എനിക്കൊപ്പം ഈ പദ്ധതിയുടെ വിജയത്തിനായി ഒപ്പമുള്ളത്.എല്ലാ സഹായവുമായി ഫോമാ നാഷണല്‍ കമ്മിറ്റിയും, ജനറല്‍ ബോഡിയും, പിന്നെ അമേരിക്കന്‍ മലയാളികളും. ഫോമ കമ്മിറ്റി അംഗങ്ങളുടേയും, ജനറല്‍ ബോഡിയുടേയും അകമഴിഞ്ഞ പിന്തുണയാണ് ഈ പ്രോജക്ടിനും ലഭിക്കുക .ഇപ്പോള്‍ തന്നെ ഈ പദ്ധതി വന്‍ വിജയമാക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .

ഒരു വലിയ പ്രോജക്ടിന് ഫോമാ തുടക്കമിടുകയാണ്. ഇനിയും വേണ്ടത് അംഗ സംഘടനകളുടെയും, അഭ്യുദയ കാംക്ഷികളുടെയും സഹായവും പിന്തുണയുമാണ്‍്. വീടുകളുടെ നിര്‍മാണം, വീടുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കള്‍, ഒരു കുടുംബത്തിനാവശ്യമായതെന്തും നിങ്ങള്‍ക്ക് നല്‍കി സഹായിക്കാം. ഫോമാ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും അര്‍ഹിക്കുന്ന കൈകളിലേക്ക് അത് എത്തിക്കുകയും ചെയ്യും. അത് അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമാനല്‍കുന്ന ഉറപ്പാണ്. പ്രളയം കവര്‍ന്ന കേരളത്തിന് ഒപ്പം കൂടാന്‍ ഒരു നല്ല അവസരം. കേരളം ജനതയെ, പ്രളയം കവര്‍ന്ന കുടുംബങ്ങളെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാം. അവര്‍ക്കായി നവകേരളം നമുക്ക് സൃഷ്ടിച്ചു നല്‍കാം.

ഫിലിപ്പ് ചാമത്തില്‍ നിങ്ങള്‍ ഓരോരുത്തരെയും ഈ പദ്ധതിയിലേക്ക് സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക