Image

ഇലക്ഷനില്‍ ഇത്തവണ മലയാളി സഹോദരിമാര്‍ക്ക് വിജയം

Published on 07 November, 2018
ഇലക്ഷനില്‍ ഇത്തവണ മലയാളി സഹോദരിമാര്‍ക്ക് വിജയം
രണ്ട് മലയാളി സഹോദരിമാര്‍ നേടിയ തകര്‍പ്പന്‍ വിജയ്ം ഇത്തവണ   ഇലക്ഷനെ മലയാളികള്‍ക്കു കൂടുതല്‍ മധുരമുള്ളതാക്കുന്നു.

കോണ്‍ഗ്രസംഗം പ്രമീള ജയപാല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ സിയാറ്റിലില്‍ നിന്ന് രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത് 83.38 ശതമാനം വോട്ട് നേടിയാണ് (224,351 വോട്ട്). എതിരാളിക്കു കിട്ടിയത് 16.62 ശതമാനം (44,732 വോട്ട്)

അതേ സമയം മൂത്ത സഹോദരി സുശീല ജയപാല്‍ ഓറിഗണ്‍ സ്റ്റേറ്റിലെ മള്‍ട്ട്നോമാ കൗണ്ടികമ്മീഷണറായി കഴിഞ്ഞ മേയില്‍ തന്നെ തെരെഞ്ഞെടുക്കപ്പെട്ടു. സുശീല ജയപാലിനു 12,869 വോട്ട് ലഭിച്ചു. 58.5 ശതമാനം. 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയതിനാല്‍ ഇന്നലെ ഇലക്ഷനില്ലാതെ തന്നെ അവര്‍ വിജയിയായി. മല്‍സരം പാര്‍ട്ടി അടിസ്ഥാനത്തിലല്ല.

പോര്‍ട്ട്ലന്‍ഡിന്റെ പ്രാന്ത പ്രദേശമാണു മള്‍ട്ട്നോമ കൗണ്ടി. ഓറിഗണില്‍ ഇലക്ഷനില്‍ ജയിക്കുന്ന ആദ്യ ഇന്ത്യാക്കാരിയാണ്.

പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ പുത്രിമാരാണു ഇരുവരും.

പ്രമീള ജയപാല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അംഗമായ ശേഷമാണു കോണ്‍ഗ്രസിലേക്കു ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ് മല്‍സരിച്ചത്.
വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിയമസഭിയിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കനും പ്രമീള തന്നെ.

പതിനാറാം വയസിലാണ്  ഇരുവരും അമേരിക്ക യിലെത്തുന്നത്.പ്രമീള ബഹുരാഷ്ട്ര കംപ്യൂട്ടര്‍ കമ്പനി ഐ.ബി.എമ്മിന്റെ സി.ഇ.ഒ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

ആ ആഗ്രഹം സഫലമാകാനെന്നവണ്ണം പ്രമീള നോര്‍ത്ത് വെസ്റ്റേണ്‍ യൂണവേഴ്സിറ്റിയിലെ പ്രശസ്തമായ കെല്ലോഗ് സ്‌കൂളില്‍ നിന്ന് എം.ബി.എ നേടി. തുടര്‍ന്ന് വാള്‍സ്ട്രീറ്റില്‍. പക്ഷെ മനസ്സ് പണമുണ്ടാക്കുന്നതില്‍ ഉറച്ചുനിന്നില്ല. മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയാകെ അറിയപ്പെടുന്ന സാമൂഹിക പ്രവവര്‍ത്തകയായാണ് അവര്‍ മാറിയത്.

9/11 ദുരന്തത്തിനുശേഷം മുസ്ലീംകളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ 'വണ്‍ അമേരിക്ക' എന്ന ഇമിഗ്രേഷന്‍ അഡ്വക്കസി ഗ്രൂപ്പ് രൂപീകരിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഇമിഗ്രന്റ്സിനും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണത്. അതുപോലെ കാല്‍ ലക്ഷത്തോളം പേരെ അവര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു.

ഇതിനിടയില്‍ സിയാറ്റില്‍ പോലീസ് മേധാവിയെ കണ്ടെത്താനുള്ള കമ്മിറ്റിയില്‍ അംഗമായി. സിയാറ്റില്‍ നഗരത്തില്‍ മണിക്കൂറിന് 15 ഡോളര്‍ മിനിമം കൂലി നടപ്പാക്കുന്നതു സംബന്ധിച്ച കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
പ്രസിഡന്റ് ഒബാമ 'ചാമ്പ്യന്‍ ഓഫ് ചേഞ്ച്' ബഹുമതി നല്‍കി.

കോളജ് അധ്യാപികയും, യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് ലോയില്‍ ഡിസ്ട്രിംഗ്വഷ്ഡ് ഫെല്ലോയും ആണ്.നിയമനിര്‍മ്മാണ സഭയില്‍ അംഗമാകുക വഴി താന്‍ വിശ്വസിക്കുന്ന മാറ്റങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാകുമെന്നു തിരിച്ചറിഞ്ഞതാണു മത്സരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

പില്‍ഗ്രിമേജ്: വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ് ഇന്ത്യ എന്ന ആത്മകഥാപരമായ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. എക പുത്രന്‍ ജനക്. പിതാവ് ജയപാലമേനോനും അമ്മ മായയും ബാംഗ്ലൂരാണ് താമസം.

ഓറിഗണില്‍ 20 വര്‍ഷമായി സാമൂഹിക പ്രവര്‍ത്തകയാണു അറ്റോര്‍ണിയായ സുശീല, 55. പ്ലാന്‍ഡ് പേരന്റ് ഹുഡ് തുടങ്ങിയ സംഘടനകളുമൊത്ത് അവര്‍ പ്രവര്‍ത്തിക്കുന്നു. 26, 23 വയസ് പ്രായമുള്ള രണ്ടു മക്കളുണ്ട്.

സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടെന്നും അതില്ലാതാക്കുകയാണുപ്രധാന ലക്ഷ്യമെന്നും അവര്‍ പറയുന്നു. അഫോര്‍ഡബിള്‍ ഹ്സിംഗ്, കൗണ്ടിയുടെ ജീവിത നിലവാരം ഉയര്‍ത്തുക, തുടങ്ങിയവയാണു മറ്റ് ലക്ഷ്യങ്ങള്‍

സ്വാര്‍ത്ത്മോര്‍ കോളജില്‍ നിന്നു ബിരുദവും ചിക്കാഗോ ലോ സ്‌കൂളില്‍ നിന്നു നിയമ ബിരുദവും നേടി. അഡിഡാസിന്റെ ജനറല്‍ കൗണ്‍സലായിരുന്നു.

അതില്‍ ത്രുപ്തയകാതെ സമൂഹിക പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. ഇലക്ഷനില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത് സഹോദരിയാണ്.

photo
സുശീല ജയപാല്‍, ഇടത്, മാതാവ് മായ, സഹോദരി കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക