Image

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ ഉറച്ച്‌ എംടി

Published on 07 November, 2018
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ ഉറച്ച്‌ എംടി
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട്‌ എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി 13നു പരിഗണിക്കുന്നതിനായി കോടതി മാറ്റി. സിനിമയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്കില്ലെന്ന്‌ എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്‌. ബുധനാഴ്‌ച കോഴിക്കോട്‌ ഒന്നാംക്ലാസ്‌ അഡീഷണല്‍ മുന്‍സിഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കേസ്‌ പരിഗണിച്ചപ്പോഴാണ്‌ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്‌.

സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അതിനാല്‍ കേസ്‌ വേഗം തീരണമെന്ന്‌ ആഗ്രഹമുണ്ടെന്ന്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

അതുകൊണ്ട്‌ ചര്‍ച്ചയ്‌ക്കായി മധ്യസ്ഥനെ വെക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ അവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട്‌ തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട്‌ പോയിട്ടില്ലെന്നും അതുകൊണ്ട്‌ മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നല്ലെന്നുമായിരുന്നു എംടിയുടെ പക്ഷം.

കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട്‌ നിര്‍മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഒക്ടോബര്‍ 10ന്‌ ആണ്‌ എംടി കോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക