Image

ദുരിതാശ്വാസ നിധി: പ്രവാസികളുടെ പങ്ക് പ്രോത്സാഹിപ്പിക്കാന്‍ ജോര്‍ജ് തോമസിന്റെ ഓട്ടം

Published on 07 November, 2018
ദുരിതാശ്വാസ നിധി: പ്രവാസികളുടെ പങ്ക് പ്രോത്സാഹിപ്പിക്കാന്‍  ജോര്‍ജ് തോമസിന്റെ ഓട്ടം
കാസര്‍കോട് 'അമ്പത് വര്‍ഷമായി പ്രവാസിയാണ് ഞാന്‍. എന്റെ വളര്‍ച്ചയുടെ അടിത്തറ കേരളമാണ്. കേരളത്തിന് ഒരു ദുരന്തമുണ്ടാകുമ്പോള്‍ സഹായമായി എന്തെങ്കിലും തിരിച്ചുനല്‍കണ്ടേ' 71 കാരനായ ഡോ. ജോര്‍ജ് തോമസിന്റേതാണ് ചോദ്യം.

എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ സഹോദരനാണ്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസി മലയാളികളുടെ പങ്ക് വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഓടുകയാണ് ഡോ. ജോര്‍ജ് തോമസ്. കേരള അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സഹകരണത്തോടെയാണ് ഓട്ടം. ഫ്‌ളാഗ് ഓഫ് ക്ലിഫ് ഹൗസിനുമുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം തന്നെ സംഭാവന നല്‍കിയ പ്രവാസികളുടെ വിഹിതം കുറച്ചുകൂടി കൂട്ടാനും നല്‍കാത്തവരെ പ്രോത്സാഹിപ്പിക്കാനുമുളള ബോധവല്‍ക്കരണമാണ് തന്റെ ഓട്ടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ ഗവേഷണ ഗണിത ശാസ്ത്രജ്ഞനായിരുന്ന ഡോ. ജോര്‍ജ് തോമസ് ഒട്ടേറെ ഗണിത ശാസ്ത്ര പ്രതിഭകളെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഓട്ടത്തിനിടയിലും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ മൂന്നു വരെ അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര ക്ലാസുണ്ടാകും. നാട്ടില്‍ ഗണിതശാസ്ത്രത്തിന്റെ നിലവാരം ഉയര്‍ത്തുക കൂടി ഓട്ടത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

ദേശീയ പാതയിലൂടെ ദിവസവും 22 കി.മീ. ഓടാനാണ് ഉദ്ദേശിക്കുന്നത്. മൂന്നര മണിക്കൂര്‍ ഇതിനായി എടുക്കും. ഒരു മാസം കൊണ്ട് ലക്ഷ്യസ്ഥാനമായ കാസര്‍ഗോഡ് എത്താനാകുമെന്ന് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ഇതിനു മുമ്പ് 2008ല്‍ പ്ലാസ്റ്റിക് വിപത്തിനെതിരെയുളള പ്രചരണത്തിന്റെ ഭാഗമായി കന്യാകുമാരി മുതല്‍ കൊല്ലൂര്‍ മൂകാംബിക വരെ ഓടിയ ചരിത്രം ജോര്‍ജ് തോമസിനുണ്ട്. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ഇദ്ദേഹം നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാറുണ്ട്. 20 സെന്റ് സ്ഥലം വായനശാലയ്ക്ക് വിട്ടുനല്‍കിയതും തന്റെ വസ്തുവില്‍ ഫുട്‌ബോള്‍ മൈതാന സൗകര്യമൊരുക്കിയതും ഇതില്‍ ചിലത് മാത്രം.

കാനഡയിലെ ഒന്റാറിയോയില്‍ ലണ്ടനില്‍ താമസം. കമ്പ്യുട്ടര്‍ സയന്‍സിലും മാത്തമാറ്റിക്‌സിലും പി.എച്.ഡിയുണ്ട്. ഭാര്യ ഡോക്ടര്‍. മകന്‍ മെഡിക്കല്‍ കോളജ്അധ്യാപകന്‍. മകള്‍ എഞ്ചിനീയര്‍ 
ദുരിതാശ്വാസ നിധി: പ്രവാസികളുടെ പങ്ക് പ്രോത്സാഹിപ്പിക്കാന്‍  ജോര്‍ജ് തോമസിന്റെ ഓട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക