Image

കെ.ആര്‍.നാരായണന്‍ സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വം

എബി ജെ ജോസ് Published on 08 November, 2018
കെ.ആര്‍.നാരായണന്‍ സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വം
മലയാളത്തിന്റെ യശസ്സ് വിശ്വമാകെ പടര്‍ത്തിയ സാര്‍വ്വഭൗമനാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍. വരും തലമുറകള്‍ക്കു വിസ്മയം ജനിപ്പിക്കുന്ന കാല്‍പടങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. ജീവിത സാഹചര്യങ്ങള്‍, കര്‍മ്മമണ്ഡലങ്ങളുടെ വ്യാപ്തി, പൊതുജനാഭിപ്രായം തുടങ്ങി ഏത് അളവുകോല്‍ ഉപയോഗിച്ചു അളന്നാലും നാരായണന്‍ കേരളീയരുടെ അഭിമാനസ്തംഭമായി എക്കാലവും നിലകൊള്ളും.

നയതന്ത്രം, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാം കെ. ആര്‍. നാരായണന്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തെ ഏറ്റവും സാര്‍ത്ഥകമാക്കിയ വ്യക്തികളില്‍ ഒരാള്‍ കെ.ആര്‍. നാരായണനാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാം. നാരായണന്‍ ഇന്ത്യയുടെ പരമോന്നത പദവിയില്‍ അവരോധിക്കപ്പെട്ടപ്പോള്‍ അത് ഒരു ഗാന്ധിയന്‍ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായി വാഴ്ത്തപ്പെട്ടത് സ്വഭാവികം.

സംഭവബഹുലമായിരുന്നു നാരായണന്റെ അഞ്ചുവര്‍ഷം. രാജ്യം ഒരുപാട് പ്രതിസന്ധികളെ നേരിട്ടു. കഷ്ടനഷ്ടങ്ങള്‍ ഏറെയുണ്ടായി. അടിപതറാന്‍ കൈവന്ന അവസരങ്ങള്‍ പലതാണ്. അവയില്‍ ചിലതൊക്കെ നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ പോന്നതുമായിരുന്നു. പക്ഷേ, രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ പതറിയില്ല. പലപ്പോഴും അസാമാന്യമായ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി സ്ഥാനം റബര്‍ സ്റ്റാമ്പു പോലെയുള്ള ഒന്നല്ല എന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു. അതുകൊണ്ടുതന്നെ തലയുയര്‍ത്തിപ്പിടിച്ച് രാഷ്ട്രപതിഭവന്റെ പടിയിറങ്ങാനും അദ്ദേഹത്തിനു കഴിഞ്ഞു.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന വ്യക്തിത്വമായിരുന്നു ഉഴവൂര്‍ കോച്ചേരില്‍ വീട്ടില്‍ രാമന്‍ വൈദ്യന്‍ മകന്‍ കോച്ചേരില്‍ രാമന്‍ നാരായണന്‍ എന്ന കെ. ആര്‍. നാരായണന്‍. ഒന്നാം റാങ്കോടെ ബി.എ.(ഓണേഴ്‌സ്) പാസായിട്ടും അര്‍ഹമായ ലക്ചറര്‍ പദവി നല്‍കാതെ ഗുമസ്തപണി വെച്ചുനീട്ടിയ ദിവാന്‍ ഭരണത്തോടുള്ള പ്രതിഷേധമായി ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിച്ച നാരായണന്‍ പില്‍ക്കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായി ഉയര്‍ന്നത് പരീക്ഷണഘട്ടങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള കഴിവുകൊണ്ടായിരുന്നു. പഠിക്കാനുള്ള മിടുക്കിലൂടെ നേടിയ സ്‌കോളര്‍ഷിപ്പുകളാണ് അദ്ദേഹത്തെ ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എത്തിച്ചത്. അവിടെ ഗുരുവായിരുന്ന ലോക പ്രശസ്ത രാജ്യതന്ത്രജ്ഞന്‍ ഹരോള്‍ഡ് ജോസഫ് ലാസ്‌കിയുടെ താത്പര്യമാണ് നാരായണന് പ്രധാനമന്ത്രി നെഹ്‌റുവുമായി പരിചയപ്പെടാനും നയതന്ത്രരംഗത്തേയ്ക്ക് കടന്നു ചെല്ലാനും വഴി ഒരുക്കിയത്. 

കറപുരളാത്ത പൊതുജീവിതവും നട്ടെല്ലുവളയ്ക്കാത്ത വ്യക്തിത്വവുമായിരുന്നു നാരായണന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. രാഷ്ട്രത്തിന്റെ മന:സാക്ഷിയും തന്റെ മന:സാക്ഷിയും രണ്ടല്ലെന്നു തെളിയിക്കേണ്ട ഘട്ടങ്ങളില്‍ തല ഉയര്‍ത്തിപ്പിടിച്ച്, ധീരമായി ഇടപെടാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ച രാഷ്ട്രപതിയായിരുന്നു നാരായണന്‍. പരിമിതമായ അധികാരത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഭരണകൂടത്തിന്റെ തെറ്റുകളെയും തെറ്റിലേക്കുള്ള നീക്കങ്ങളെയും തിരുത്തിക്കുവാന്‍ രാഷ്ട്രപതിക്ക്  കഴിയുമെന്ന് കെ. ആര്‍. നാരായണന്‍ അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രപതിയാണ് എന്നും നാരായണന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്.

ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം വിനിയോഗിക്കാറില്ലായിരുന്നു. രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്‍ ഇവിടുത്തെ മറ്റേതൊരു പൗരനെയും പോലെ വോട്ടവകാശം പ്രയോഗിക്കാനുള്ള ബാധ്യത രാഷ്ട്രപതിയുണ്ടെന്നു നാരായണന്‍ മനസിലാക്കി. അതു നിറവേറ്റാതിരിക്കുന്നത് രാഷ്ട്രപതി പദവിയെ തന്നെ നിരാകരിക്കുന്നതിനു തുല്യമാണെന്നു വ്യക്തമാക്കിയ കെ. ആര്‍.നാരായണന്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് സമ്മതിദാന അവകാശം വിനിയോഗിച്ച ആദ്യ രാഷ്ട്രപതിയായി.

നാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തി. ബി.എ. ഓണേഴ്‌സ് ഒന്നാം ക്ലാസില്‍ ഒന്നാം റാങ്ക് നേടിയ നാരായണന്‍ അര്‍ഹതപ്പെട്ട ഉദ്യോഗം ലഭിക്കാതെ വന്നതോടെ തിരുവനന്തപുരം വൈ.എം.സി.എ. ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകന്‍, യൂണിവേഴ്‌സിറ്റി ഓഫീസില്‍ ഗുമസ്തന്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടു. 1943ല്‍ 23ാം വയസില്‍ ഡല്‍ഹിക്കു തിരിച്ചു. അവിടെ ഇന്ത്യന്‍ ഓവര്‍സീസ് വകുപ്പില്‍ 250 രൂപാ വേതനത്തില്‍ ജോലി ലഭിച്ചു. പത്രപ്രവര്‍ത്തകനാകാനുള്ള താത്പര്യംമൂലം പ്രശസ്ത പത്രാധിപരായിരുന്ന ലങ്കാസുന്ദരത്തിന്റെ പത്രത്തില്‍ നൂറു രൂപാ ശമ്പളത്തില്‍ ജോലിക്കു കയറി. കൂടിയ ശമ്പളം ഉപേക്ഷിച്ചു കുറഞ്ഞ ശബളത്തില്‍ ജോലി ചെയ്തതിനെക്കുറിച്ച് നാരായണന്‍ പിന്നീട് പറഞ്ഞത് പത്രപ്രവര്‍ത്തനം ഒരാവേശമായിരുന്നു എന്നായിരുന്നു. 

ഇതിനിടെ വിദേശ പീനത്തിന് ടാറ്റ പ്രതിവര്‍ഷം നല്‍കുന്ന 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് മൂന്ന് വര്‍ഷത്തേയ്ക്ക്  സ്‌കോളര്‍ഷിപ്പ് നാരായണനു ലഭിച്ചു. ഒപ്പം ഹിന്ദു ദിനപത്രത്തിന്റെ സഹായവും ലഭ്യമായി. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം യാത്രയ്ക്കു തടസ്സസമായി. ഇതിനിടെ മഹാത്മാാഗാന്ധിയുമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അഭിമുഖം നടത്തി. 

യുദ്ധം അവസാനിച്ചതോടെ 1945ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. ഉന്നത ബിരുദവും പ്രൊഫസര്‍ ലാസ്‌കിയുടെ കത്തുമായി 1948ല്‍ നാരായണന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ലാസ്‌കി നല്‍കിയ കത്ത് നെഹ്‌റുവിനെ കാണിച്ചു. തുടര്‍ന്നു 1949ല്‍ വിദേശകാര്യ സര്‍വീസില്‍ നാരായണന്‍ പ്രവേശിച്ചു. ആദ്യ നിയമനം ബര്‍മ്മയുടെ തലസ്ഥാനമായ റങ്കൂണിലെ ഇന്ത്യന്‍ എംബസിയിലെ രണ്ടാം സെക്രട്ടറി പദത്തിലേയ്ക്കായിരുന്നു. അവിടെ വച്ചു പരിചയപ്പെട്ട മാടിന്റ ടിന്റ എന്ന യുവതിയുമായി പ്രണയത്തിലാകുകയും അവരെ 1951ല്‍ വിവാഹം കഴിയ്ക്കുകയും ചെയ്തു. പിന്നീട് അവര്‍ ഉഷ എന്ന ഭാരതീയ നാമം സ്വീകരിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. ചിത്രയും അമൃതയും. ചിത്ര ഇന്‍ഡ്യന്‍ അംബാസിഡറും അമൃത അമേരിക്കയിലുമാണ്. 

ജപ്പാന്‍, ബ്രിട്ടന്‍, വിയറ്റ്‌നാം, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച നാരായണന്‍ തായ്‌ലാന്റ്, ടര്‍ക്കി, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ജനതാ ഭരണകാലത്താണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി നാരായണനെ നിയമിച്ചത്.

1984ല്‍ രാജീവ്ഗാന്ധി ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പു വേളയില്‍ നാരായണനു മുണ്ടുടുക്കാനറിയില്ലെന്ന പ്രചാരണത്തെ മുണ്ടുടുക്കാന്‍ മാത്രമല്ല, മുണ്ടു മുറുക്കിയുടുക്കാനും ശീലമുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം നേരിട്ടത്. ഒറ്റപ്പാലത്തു നിന്നും മൂന്നു തവണ വിജയിച്ച നാരായണന്‍ 1985ലെ രാജീവ് മന്ത്രിസഭയില്‍ അസൂത്രണ വകുപ്പിലും വിദേശകാര്യ വകുപ്പിലും സഹമന്ത്രിയായി. ഇക്കാലത്താണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം 20 കോടിയില്‍നിന്നും 280 കോടിയായി ഉയര്‍ത്തിയത്.  86ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പും കൈകാര്യം ചെയ്തു.

1992ല്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1997 ജൂലൈ 25ന് ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ. എസ്. വര്‍മ്മ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസുയര്‍ത്തിപ്പിടിച്ചുകണ്ട്
2002 ജൂലൈ 24ന് രാഷ്ട്രപതി സ്ഥാനത്തു നിന്നും കെ.ആര്‍.നാരായണന്‍ വിരമിച്ചു.

2005 നവംബര്‍ 9 ന് അദ്ദേഹം നിത്യതയിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ഇവിടെ അവശേഷിപ്പിച്ചു പോയ ഒരു ചരിത്രമുണ്ട്. എളിമയുടെയും ലാളിത്യത്തിന്റെയും സമാനതകളില്ലാത്ത ജീവചരിത്രം. 

അധികാരത്തിന്റെ പുറമ്പോക്കില്‍ പോലും സ്ഥാനമില്ലാതിരുന്നവരുടെ പ്രതിനിധി പ്രഥമ പൗരനായി മാറിയ കഥ കൂടിയാണ് കെ.ആര്‍. നാരായണന്റത്. രാഷ്ട്രപതിമാരിലെ ഏക മലയാളിയുടേതും. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കാന്‍ അദ്ദേഹം മരണമടഞ്ഞ് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും മലയാളിക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. താന്‍ എവിടെയായിരുന്നാലും ഒരു മലയാളിയായി അറിയപ്പെടാനായിരുന്നു അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നത്. കെ.ആര്‍. നാരായണന്‍ കടന്നു പോയ അതിജീവനത്തിന്റെ കാല്‍പാടുകള്‍ തലമുറകള്‍ക്ക് പ്രചോദനമാവാന്‍ അദ്ദേഹത്തിനു ഉചിതമായ സ്മാരകങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

കെ.ആര്‍.നാരായണന്‍ സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വംകെ.ആര്‍.നാരായണന്‍ സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക