Image

ശബരിമല: മുഖശ്രീ കെടുത്തിയ മുഖപ്രസംഗം (സുരേന്ദ്രന്‍ നായര്‍)

Published on 08 November, 2018
ശബരിമല: മുഖശ്രീ കെടുത്തിയ മുഖപ്രസംഗം (സുരേന്ദ്രന്‍ നായര്‍)
ശബരിമല ആചാരസംരക്ഷണത്തിനായി നാമജപവുമായി തെരുവിലിറങ്ങിയ കേരളത്തിലെ സംഭവവിശേഷങ്ങളെ ഒരു രാഷ്ട്രീയമുതലെടുപ്പു മാത്രമായി ചിത്രികരിച്ചു അമേരിക്കയിലെ ഒരു മലയാളമാധ്യമം മുഖപ്രസംഗമെഴുതി അപഹാസ്യമായതിനെപ്പറ്റി പറയാതെ വയ്യ.

ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഭരിക്കുന്നവരുടെ പരിഷ്‌കരണ നടപടികളിലെ അനൗചിത്യവും ജനവിരുദ്ധതയും സമൂഹ മധ്യത്തില്‍ തുറന്നുകാട്ടി ഭരണക്കാരെ തിരുത്താന്‍ ശ്രമിക്കുകയും അതുബോധ്യപ്പെടുന്നവരെ തങ്ങളുടെ ചേരിയിലേക്കു ആകര്ഷിക്കുകയെന്നതും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ അവകാശമാണ്. അത്തരത്തില്‍ കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ നീക്കങ്ങള്‍ വലിയ പാതകമാണെന്നും വെറും മുതലെടുപ്പ് മാത്രമാണെന്നും എഡിറ്റോറിയല്‍ എഴുതി വിഷയത്തെ ന്യുനീകരിച്ചതു ആ പത്രത്തിന്റെ പക്ഷപാതപരമായ രാഷ്ട്രീയ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. ഇനി അതവരുടെ രാഷ്ട്രീയമാണെങ്കില്‍ പത്രധര്‍മ്മത്തെ നിലനില്‍പ്പിന്റെ പ്രത്യശാസ്ത്രമാക്കുന്ന കേരളത്തിലെ ചില സായാഹ്ന പത്രങ്ങളുടെ പട്ടികയിലേക്ക് ഇവരെയും വകയിരുത്തേണ്ടി വരില്ലേ 

ആരാധനാലയങ്ങളും അവിടത്തെ ആചാര അനുഷ്ഠനങ്ങളും അതാതു മതവിഭാഗക്കാരുടെ സ്വകാര്യ അവകാശങ്ങളായി അംഗീകരിച്ച ഭരണഘടന നിലവിലുള്ള രാജ്യത്തു ഇല്ലാത്ത സ്ത്രീ വിവേചനം ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തിന്റെ ആചാര അനുഷ്ഠനങ്ങളില്‍ കടന്നുകയറി പരമോന്നത നീതി പീഠം ഒരു വിധി പ്രസ്താവിച്ചപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ മതവികാരങ്ങളിലും ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തിചേരുന്ന ശബരിമലയുടെ പ്രതിഷ്ഠ സങ്കല്പത്തിലും ഉണ്ടാക്കിയ ആഘാതങ്ങളെ പൂര്‍ണ്ണമായി നിരാകരിച്ചു കോടതിവിധി അപ്രതിരോധ്യമായ അന്ത്യശാസനമാണെന്നു ഉദ്ഘോഷിച്ചു മുഖപ്രസംഗം നടത്തിയ നിരീക്ഷണങ്ങള്‍ തികച്ചും ഏകപക്ഷിയമായിരുന്നു.

ആദ്യമായി ഉന്നയിക്കുന്ന ആരോപണം മത വിശ്വാസം സംരക്ഷിക്കുന്നതിന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല എന്നാണ്. മതേതര ഭരണഘടനാ അനുശാസിക്കും പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പെരുമാറ്റചട്ടം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇത്തരം കേസുകളില്‍ കക്ഷിചേരില്ലയെന്നത് അറിവില്ലായ്മയാണോ എന്നറിയില്ല.

അടുത്തതായി ഇവരുടെ രോഷം ഉയരുന്നത് കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സിറക്കി പ്രതിരോധിക്കാത്ത കേന്ദ്രഗവണ്മെന്റിനെതിരെയും, ന്യായികരണം നീളുന്നത് വിധിയുടെ മറവില്‍ രാഷ്ട്രീയലക്ഷ്യത്തോടെ രംഗത്തുവന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ്. ആഭ്യന്ത തീര്‍ഥാടനം അതാതു സംസ്ഥാന വിഷയങ്ങള്‍ ആകയാല്‍ കോടതിനടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്ന നയമായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ സ്വികരിച്ച നിലപാട്.

പത്രപംക്തിയില്‍ അഭിനന്ദിക്കപ്പെടുന്ന സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലുകള്‍ പരിശോധിക്കേണ്ടതല്ലേ. ഹൈന്ദവ വിശ്വാസങ്ങളിലും ക്ഷേത്ര ആചാരങ്ങളിലും ദേവസ്വം ബോര്‍ഡിനുള്ള സ്വതന്ത്ര അവകാശം അംഗീകരിച്ചുകൊണ്ട് നിലവിലുണ്ടായിരുന്ന ആചാരങ്ങള്‍ അതേപടി തുടരണമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു സത്യവാങ്മൂലം സത്വരമായി പിന്‍വലിച്ചു യുവതി പ്രവേശനം അനുവദിക്കുന്നതിനും ക്ഷേത്രഭണ്ഡാരങ്ങളെ പൊതു ഖജനാവിന്റെ ഭാഗമാക്കുന്നതിനും ആവശ്യപ്പെടുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു വിഷയത്തില്‍ ഈ വിഷയത്തില്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നില്ലേ. ആഗ്രഹിച്ചതുപോലുള്ള ഒരു വിധി കോടതിയില്‍ നിന്ന് വന്നപ്പോള്‍ ഔദ്യോഗികമായി വിധിപ്പകര്‍പ്പുപോലും കിട്ടുന്നതിന് മുന്‍പ് ശബരിമല സന്നിധാനത്തു യുവതിപ്രവേശനം ഉറപ്പുവരുത്താന്‍ അമിതാവേശം കാണിക്കുകയും, വിശ്വാസ ഭംഗമുണ്ടാകുമെന്നു ഭയപ്പെട്ടു സമാധാനപരമായി നാമം ജപിച്ചു പ്രതിഷേധിക്കാനിറങ്ങിയ വീട്ടമ്മമാരും യുവതികളും അടങ്ങിയ വിശ്വാസ സമൂഹത്തെയാകെ തീവ്ര ഹിന്ദുത്വ വാദികളായി കള്ളികള്‍ക്കുള്ളിലാക്കി വൈരനിര്യാതന ബുദ്ധിയോടെ നേരിടാന്‍ മുഖ്യ മന്ത്രിയും മറ്റുചില മന്ത്രിമാരും ശ്രമിച്ചില്ലേ, അതാണു വിഷയത്തെ ഇത്രത്തോളം ഗുരുതരമാക്കിയതെന്നു പ്രബുദ്ധകേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മത രാഷ്ട്രീയ ഭേദമന്യേ ഉറച്ചു വിശ്വസിക്കുന്നു.

കോടതിവിധി നടപ്പിലാക്കാനുള്ള പ്രതിബദ്ധതയെ പ്രകീര്‍ത്തിക്കുന്ന ലേഖനം സമാനമായ നിരവധി വിധികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കോടതികളില്‍ നിന്നും നിരന്തരമായി പ്രതികൂല പരാമര്‍ശങ്ങളും ശാസനകളുംവരെ ഒരു ഉളുപ്പുമില്ലാതെ ഏറ്റുവാങ്ങിയ കാര്യങ്ങള്‍ ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു.

ശ്രദ്ധേയമായ സഭാ തര്‍ക്ക കേസ്സില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി, കാലങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതുകാരണം ഭരണഘടനയുടെ മുപ്പത്തിനാലാം വകുപ്പുപ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്തകാലത്ത് യാക്കോബായ സഭ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ശബരിമലക്ക് സമാനമായ നിലപാടാണോ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിവിധി നടപ്പിലാക്കിയാല്‍ വലിയ സമാധാന ലംഘനവും സങ്കര്ഷവും ഉണ്ടാകുമെന്നതിനാല്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തു സമവായമുണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു വരുകയാല്‍ വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും കേസ് മാര്‍ച്ചു മാസത്തേക്കു മാറ്റി വയ്പ്പിക്കുകയും അല്ലേ ചെയ്തത്. ഈ നടപടിയിലെ രാഷ്ട്രീയ ലക്ഷ്യം ഈ പത്രത്തിനുമാത്രം മനസ്സിലാകില്ലെങ്കിലും സാമാന്യജനത്തിനു ബോധ്യമാകുന്നതാണ്.കലഹം ഒഴിവാക്കി സമാധാനം ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കില്‍ ഇവിടെയെന്താ പ്രത്യേകമായൊരു തിടുക്കവും അടിയന്തിര സാഹചര്യവും.

രാഷ്ട്രീയ സാമുദായിക ഭേദമന്യേ തെരുവിലിറങ്ങിയ ഭക്തജനങ്ങളുടെ ആശങ്കകള്‍ താത്കാലികമായെങ്കിലും പരിഹരിക്കുന്ന രീതിയില്‍ പുനഃപരിശോധനാ ഹര്‍ജികളുടെ തീര്‍പ്പുവരെയെങ്കിലും സാവകാശം നല്‍കി വെറും രാഷ്ട്രീയക്കാരന്‍ എന്നതില്‍നിന്നും ഉയര്‍ന്ന് ഒരു ഭരണാധികാരിയായി കൂടുതല്‍ അവധാനതയും പക്വതയും മുഖ്യമന്ത്രിക്ക് പ്രകടിപ്പിക്കാമായിരുന്നില്ലേ, കുറഞ്ഞപക്ഷം സര്‍ക്കാര്‍ ചെലവില്‍ കേരളം മുഴുവന്‍ സഞ്ചരിച്ചു ഭക്തജനങ്ങളെ ജാതിപറഞ്ഞു അവഹേളിക്കുകയും അവരുടെ താന്ത്രിക ആചാര്യനെയും അയ്യപ്പന്റെ പിതൃസ്ഥാനീയരായി കാണുന്ന പന്തളം കൊട്ടാരത്തിലെ അനന്തര അവകാശികളെയും ഒരു ജനാധിപത്യ ഭരണാധികാരിക്കും ചേരാത്ത രീതിയില്‍ പുലഭ്യം പറഞ്ഞു അധിക്ഷേപിച്ചതെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ. ഇതൊന്നും ജനാധിപത്യ ജനതയുടെ സംവാദങ്ങളല്ല, മറിച്ചു കാലം തിരസ്‌കരിച്ച ഏകാധിപത്യത്തിന്റെ ശാസനകള്‍ മാത്രമാണ്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ അനാചാരങ്ങളോ ദുരാചാരങ്ങളോ ആകുമ്പോള്‍ അതാതു വിഭാഗങ്ങളിലെ ഉത്പതിഷ്ണുക്കളില്‍ നിന്നും പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ ഉയരുകയും സമൂഹം അതിനനസരിച്ചു പാകപ്പെടുകയും ചെയ്യുമ്പോഴാണ് മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതൊരു വെളിപാടുപോലെ അധികാരികള്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. കേരള സമൂഹത്തിലെ വലിയൊരു വിഭാഗം ഇന്നും കാനോന്‍ നിയമങ്ങള്‍ക്കും ശരിഅത് ഫത്വകള്‍ക്കും കിഴടങ്ങി കഴിയുകയും വോട്ടുബാങ്ക് കാണുന്ന എല്ലാ രാഷ്ട്രീയക്കാരും അതിനെ തുല്യം ചാര്‍ത്തി അംഗീകരിക്കുകയും ചെയ്യുന്നു. ആ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിനെ മാത്രം നിയമത്തിലൂടെയും അധികാരത്തിലൂടെയും അധീനതയിലാക്കാന്‍ ശ്രമിച്ചാല്‍ ഫലം പരാജയമായിരിക്കുമെന്ന ചരിത്രം ജേര്‍ണലിസം തൊഴിലാക്കിയവര്‍ക്കും പരിശോധിക്കാവുന്നതാണ്
വര്‍ത്തമാനപത്രം പരാമര്‍ശിക്കുന്ന ഹിന്ദുവിന്റെ ദുരാചാരങ്ങള്‍ സതിയും തൊട്ടുകൂടായ്മയുമാണ്. 

ഇസ്ലാം പടയോട്ടക്കാലത്തു രാജാക്കന്മാരെ കൊന്നു രജപുത്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സമ്പ്രദായത്തെ പ്രതിരോധിക്കാന്‍ രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച സതി തെക്കേ ഇന്ത്യയിലെവിടെയും നിലനിന്നിരുന്നതായി ചരിത്രം പറയുന്നില്ല. തൊട്ടുകൂടായ്മയും അയിത്തവും പൂര്‍ണ്ണമായി അപ്രത്യക്ഷമാകുന്നത് നൂറു സംവത്സരങ്ങളിലേറെ നീണ്ടുനിന്ന പരിഷ്‌കരണ യത്‌നങ്ങളിലൂടെയാണ്. പരിഷ്‌കരണ പ്രസ്ഥാനക്കാരുടെ സ്ഥാനത്തു കുറെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളുമാണ് ഇന്ന് നിറഞ്ഞാടുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലനിന്ന മുലക്കരവും സ്മാര്‍ത്ത വിചാരത്തിന്റെ കാരണങ്ങളും ഇല്ലാതായത് തങ്ങള്‍ മാത്രം കാരണമാണെന്ന് ചിലര്‍ അവകാശം പറയുന്നത് കേള്‍ക്കുമ്പോള്‍ സ്വന്തം പിതാവിന്റെ കല്യാണത്തിന് താനാണ് പപ്പടം വിളമ്പിയതെന്നു വീമ്പു പറയുന്ന ബാലന്റെ കഥയാണ് ഓര്‍മ്മയില്‍ വരുന്നത്.

കോടതിവിധി നടപ്പിലാക്കാന്‍ കാട്ടുന്ന തിടുക്കത്തിനെ ന്യായികരിക്കുമ്പോള്‍ സഭാതര്‍ക്കം സംബന്ധിച്ച കേസ് കൂടാതെ പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കംചെയ്യണമെന്ന കോടതിവിധിയെ നിയമനിര്‍മ്മാണത്തിലൂടെ അസാധുവാക്കിയതും, മാലാഖമാരെപ്പോലെ രോഗികളെ പരിചരിക്കുന്ന നേഴ്സുമാര്‍ക്ക് ജീവിക്കാനുള്ള മിനിമം ശമ്പളം നടപ്പിലാക്കണമെന്ന വിധിയെ ആരോഗ്യമന്ത്രിയുടെ അലമാരയില്‍ അടയിരിത്തിയതും, കോടികളുടെ കോഴനിറഞ്ഞ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കി പരാജയപ്പെട്ടതും, പൊതുജന താത്പര്യം പ്രമാണിച്ചു ബന്ത് നിരോധിച്ചു വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപ വാക്കുകള്‍ കൊണ്ട് ഒരു മന്ത്രിതന്നെ അഭിഷേകം ചെയ്തു വിധിയെ തള്ളിക്കളഞ്ഞതും ഓര്‍ത്തെടുത്തു അഭിനന്ദനത്തിന്റെ വ്യാപ്തി കുറച്ചുകൂടി വിപുലമാക്കാമായിരുന്നില്ലേ.

ഏറ്റവും അവസാനം ഇതേ പത്രം ഒന്നാം പേജില്‍ അയ്യപ്പനെ നൈതിക ബ്രഹ്മചാരി എന്ന് ഒരു ലേഖകന്‍ പേര് വച്ചെഴുതിയ വാര്‍ത്തയില്‍ വിശേഷിപ്പിക്കുന്നതുള്‍പ്പെടെയുള്ളവയെ റിപ്പോര്ട്ടര്മാരുടെ നിരീക്ഷണ വൈകല്യങ്ങളോ പരിമിതികളോ ആയി അവഗണിക്കാം. എന്നാല്‍ മുഖപ്രസംഗത്തിനു തീര്‍ച്ചയായും ഒരു മുഖമുണ്ടായിരിക്കണം, ആ മുഖത്തിനെയാണ് സമൂഹത്തിന്റെ കണ്ണാടിയെന്നു മലയാള മാധ്യമ കുലപതിയായിരുന്ന കേസരി ബാലകൃഷ്ണ പിള്ള വിശേഷിപ്പിച്ചത്.

Join WhatsApp News
Vayanakkaran 2018-11-08 18:35:39
ഇത്രയും ധൈര്യമായി സത്യം വിളിച്ചുപറഞ്ഞ ആ പത്രത്തിന് അഭിനന്ദനങ്ങൾ ഏതു പത്രം ആണെന്നു കൂടി പറയാമായിരുന്നു. ഇതു  മനസ്സിലാക്കാൻ റോക്കറ്റ് സയന്റിസ്റ് ഒന്നും ആവണ്ട. അരി ആഹാരം കഴിക്കുന്ന ഏതു മലയാളിക്കും ഇതു മനസ്സിലാകും.

പാരതന്ത്യം മൃതിയേക്കാൾ ഭയാനകം 2018-11-08 19:28:27
നായര് പിടിച്ചൊരു പുലിവാല് 
പുലിവാല് പിടിച്ചൊരു നായരച്ചൻ 
നായരേം നരിയേം ഒന്നിച്ചു കെട്ടിയ 
പത്രമതതേണ് പറഞ്ഞിടുമോ ?
സ്ത്രീസ്വാതന്ത്യ്രം ഹനിക്കാനായി 
നാമജപങ്ങൾ നടത്തുന്നോ ?
കഷ്ടം നിങ്ങൾ അറിഞ്ഞില്ലേ 
കാലം മാറിയതറിഞ്ഞില്ലേ 
കൊടുക്കുക നിങ്ങടെ വീടുകളിൽ 
തടവിൽ കിടക്കും സ്ത്രീകൾക്കായി 
തുറക്കുക സ്വാതന്ത്ര്യത്തിൻ  വാതിലുകൾ 
അറുത്തുമാറ്റുക നിങ്ങളുടൻ 
ആചാരത്തിൻ ചങ്ങലകൾ 
അനുഷ്ഠാനത്തിന് കാൽത്തളകൾ 
മതി മതി നിങ്ങടെ വേദാന്തം 
മതി മതി നിങ്ങടെ നാമ ജപം 
കപടത ഉള്ളിൽ തിങ്ങുമ്പോൾ 
എങ്ങനെ ഉതിരുമാ നാവീന്ന് 
അയ്യപ്പ ശരണം വിളികൾ പറഞ്ഞീടൂ 
നിങ്ങടെ കാമം ഒതുക്കാനായി 
നിങ്ങൾക്കറിയാൻ വയ്യെങ്കിൽ 
എന്തിന് സ്ത്രീയെ പഴിക്കുന്നു 
എന്തിന് നോമ്പുകൾ നോറ്റുന്നു ?
കല്ലിൽ കൊത്തിയ ആയപ്പൻ 
നൈഷ്ഠിക ബ്രഹ്മചര്യ ആണല്ലോ ?
കോടികൾ സ്ത്രീകൾ വന്നാലും 
അയ്യപ്പന് മനം ഇളകില്ല 
കല്ലിൽ തീർത്തൊരു മനസ്സാണ് 
രംഭ തിലോത്തമമാർ വന്നാലും 
ഇല്ല ആ മനം ഇളകില്ല 
ചുമ്മാ മൂഢത പുലമ്പാതെ 
വാ പൂട്ടി ഇരുന്നോടെ?
മാറ്റത്തിൻ വിളികൾ കേൾക്കുമ്പോൾ 
മാറുക നാറും മുമ്പേ മാറീടു 
സ്ത്രീ സ്വാതന്ത്ര്യത്തെ ഒതുക്കാനായ് 
നാമം ചുമ്മാ ജപിക്കാതെ 
നിന്റെ തലക്ക് വെളിവേകാൻ 
ശരണം വിളികൾ ഉയർത്തീടൂ 
secular Indian 2018-11-08 20:03:32
ഇ പ്രതികരണം അമേരിക്കയിലുള്ള നോര്‍ത്ത് ഇന്ത്യന്‍ വര്‍ഗീയക്കാര്‍ പോലും എഴുതാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. ഈ രാജ്യത്തെ അടിസ്ഥാന സ്വാതന്ത്ര്യമാണു അഭിപ്രായ സ്വാതന്ത്ര്യം. അതിനെ ആക്രമിച്ചു തകര്‍ക്കാമെന്നോ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നോ കരുതുന്നവര്‍ വേഗം ഇന്ത്യയിലേക്കു മടങ്ങുക. മാത്രുഭൂമി പോലുള്ള പത്രങ്ങള്‍ നിങ്ങളെ പേടിക്കുമായിരിക്കും.
ശബരിമലയില്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ വാഹനം ആക്രമിക്കുന്നതാണു ഇതോടൊപ്പമുള്ള ചിത്രമെന്നു കരുതുന്നു. മറ്റുള്ളവരെ ആക്രമിക്കാന്‍ നിങ്ങള്‍ക്കു ആരാണു അധികാരം നല്കിയത്? അതോ ഗുണ്ടാവാഴ്ചക്കു കീഴടങ്ങാത്തവരെ ഒക്കെ ആക്രമിക്കുമോ? ഗൗരി ലങ്കേഷിനെയൊക്കെ കൊന്നത് മറക്കുന്നില്ല.
സംസ്‌കാരമുള്ള മനുഷ്യന്‍ ചെയ്യുന്ന പണി ആണൊ മറ്റുള്ളവരെ ആക്രമിക്കുന്നത്? അതു പോലെ രാജ്യസ്‌നേഹം ഉള്ളവര്‍ ചെയ്യുന്ന പണിയാണോ സുപ്രീം കോടതി വിധിക്കെതിരെ അക്രമം നടത്തുന്നത്. അതോ നിങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാന്‍ പാടില്ലേ? അതങ്ങ് മനസിലിരിക്കട്ടെ.
പത്രങ്ങള്‍ക്ക് പക്ഷപാതം വേണം സുരേന്ദ്രാ. നീതിയുടെ പക്ഷത്തു നില്‌ക്കേണ്ടവരാണു പത്രങ്ങള്‍. നിങ്ങളെ സുഖിപ്പിക്കുകയല്ല പത്രങ്ങളുടെ ലക്ഷ്യം.
ഇത് ഹിന്ദുക്കളുടെ പ്രശ്‌നമാണെങ്കില്‍ എവിടെ താണ ജാതിക്കാരായ ഹിന്ദുക്കള്‍? മുഖ്യമന്ത്രി ഹിന്ദുവല്ലെ? നിരീശ്വരവാദിക്കും ഹിന്ദു ആകാന്‍ ഒരു തടസവുമില്ല. ഇത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചില സവര്‍ണരുടെയും പ്രശ്‌നമല്ലേ? അമ്മക്കും പെങ്ങള്‍ക്കും ഭാര്യക്കുമൊക്കെ ആര്‍ത്തവമുണ്ട്. അതു അശുദ്ധമാണെന്നു ഏതു വിശ്വസത്തിലാണുള്ളത്? എന്തു ന്യായമാണു അതിനുള്ളത്?
കോടതി വിധി തെറ്റാണെങ്കില്‍ കോടതിയില്‍ തന്നെ പോകുക എന്നതാണു ജനാധിപത്യം. ആ വിധി രാജ്യത്തെ നിയമമാണ്. അതു മാറ്റാന്‍ കേരള സര്‍ക്കാറിനാവില്ല.
എന്നു മാത്രമല്ല പത്തിനും 50-നും ഇടയിലുള്ള സ്ത്രീകള്‍ക്കും ദര്‍ശാനം അനുവദിക്കണമെന്നും എന്നാല്‍ കോടതി എന്തു വിധി പുറപ്പെടുവിച്ചാലും അതു അനുസരിച്ചു കൊള്ളാമെന്നുമാണു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. അപ്പോള്‍ പിന്നെ അത്ലംഘിക്കാനാവുമോ?
ബി.ജെ.പി അപ്പീലിനു പോയില്ലെങ്കിലും ബി.ജെ.പി അനുകൂല സംഘടനകള്‍ പോയിട്ടുണ്ട്. അത്‌പോരെ?ഇനി കേന്ദ്രത്തിനു ഓര്‍ഡിനന്‍സ് പുറപ്പെടിവിക്കാന്‍ പറ്റില്ല എന്നു പറയുന്നത് പച്ച നൂണ മാത്രം. കേന്ദ്രത്തിനേ പറ്റൂ. കേരളത്തിനു പറ്റില്ല. ഒരു പുരോഗമന സര്‍ക്കാര്‍ അതൊട്ടു ചെയ്യുകയുമില്ല.
കേരള സര്‍ക്കാര്‍ അമിതാവേശം കാട്ടി എന്നതാണു പറയുന്ന ന്യായം. എന്ത് അമിതാവേശമാണു കാട്ടിയത്? വിധി നടപ്പക്കുമെന്നു പരഞ്ഞതോ?
സഭാതര്‍ക്കത്തിലെ വിധി നടപ്പാക്കിയില്ലെന്നു പരയുന്നു. വിധി നടപ്പാക്കി കിട്ടാന്‍ അവര്‍ക്കു കോടതിയില്‍ പോകാം. പക്ഷെ പോകില്ല. അത് വിശ്വാസ പ്രശ്‌നമൊന്നുമല്ല. സ്വത്തു പ്രശ്‌നമാണു. യാക്കോബായ വിശ്വാസികളുടെ സ്വത്ത് ഓര്‍ത്തഡോക്‌സുകാര്‍ക്കു തട്ടിയെടുക്കണം. അപ്പോള്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും എന്നതു സത്യം..
മാധ്യമത്തെ കുറ്റം പറയുന്ന നിങ്ങള്‍ കെ.പി. ശശികല, ഗോപാലക്രുഷ്ണന്‍ തുടങ്ങിയവരെയൊക്കെ ഇവിടെ കോണ്ടു വന്ന് നിന്ദ്യമായ അധിക്ഷേപങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയത് മറന്നോ? അത് ശരി ആയിരുന്നോ?
ഇനി മുഖ്യമന്ത്രി തന്ത്രപൂര്‍വം സോപ്പിട്ടില്ലഎന്നാണല്ലോ ആരോപണം. ആര്‍.എസ്.എസും ബി.ജെ.പിയും എന്നെങ്കിലും അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ടോ? അക്രമമല്ലേ രണ്ടു പ്രസ്ഥാനവും കേമമായി കൊണ്ടു നടക്കുന്നത്? അങ്ങനെയുള്ളവരോട് മുഖ്യമന്ത്രിസമവായത്തിനു വരണോ?
കാനോന്‍ നിയമം ഇന്ത്യന്‍ നിയമങ്ങളെ ലംഘിക്കുന്നവയല്ല. രണ്ടും തമ്മില്‍ പൊരുത്തപെടുന്നില്ലെങ്കില്‍ ഇന്ത്യന്‍ നിയമമാണു നടപ്പാകുന്നതു. എന്നിട്ട് ഇതൊക്കെ വോട്ടു ബാങ്കിനാണെന്നു പറയല്ലെ.
സതി മുസ്ലിംകള്‍ വന്ന ശേഷം ഉണ്ടായതാണെന്നു പറയുന്നത് അജ്ഞതയാണ്. പാണ്ഡുവിനു നാലു ഭര്യമാരുണ്ടായിരുന്നു. പാണ്ഡു മരിച്ചപ്പോള്‍ കുന്തി ഒഴിച്ചുള്ളവര്‍ സതി അനുഷ്ടിച്ചു. അപ്പോള്‍ ആ ആചാരം പണ്ടു മുതലേ ഉണ്ട്.
കേരളത്തില്‍ ആരെങ്കിലുമൊക്കെ എതിര്‍ത്തതു കൊണ്ടാണു അനാചാരങ്ങള്‍ ഇല്ലാതായത്. അവരുടെ പിന്മുറക്കാരാണുഅതില്‍ അഭിമാനിക്കുന്നത്. അതില്‍ എന്തു തെറ്റ്?
മദ്യ ഷാപ്പിനെ അനുകൂലിക്കുന്നവരാണു സര്‍ക്കാര്‍. നഴ്‌സുമാര്‍ക്ക് കോടതി പറഞ്ഞ ശമ്പളം തന്നെ കൊടുക്കനമെന്നാണു സര്‍ക്കാര്‍ നിലപാട്.കൊടുത്തോ എന്ന് എങ്ങനെ ഉറപ്പു വരുത്തും? ബന്ത് നിരോധിച്ച ജഡ്ജിയെ ചീത്ത പറയുന്നതൊക്കെ മാര്‍ക്‌സിസ്റ്റുകാരുടെ അവകാശമാണ്. അതു കാര്യം വേറെ.
 
അമരാവതിയിൽ നിന്ന് ഒരു കല്‍പ്പന 2018-11-08 22:05:11
അമരാവതിയിൽ നിന്ന് ഒരു കല്‍പ്പന

വിവരക്കേടിന് ബോധമുള്ളവരും അമേരിക്കയിലുള്ളവരുമായ ഒരു ഹിന്ദുക്കളും ഉത്തരവാദികളല്ല. ഞങ്ങൾ കുടുംബമായി ശബരിമലക്ക് പോകാൻ തയാറാണ്.  സ്ത്രീകളെ കണ്ടാൽ ഉടനെ അയ്യാപ്പന് ഹാലിളകുമൊ എന്ന് അറിയാമെല്ലോ .  ഒരു ചീഞ്ഞ ആപ്പിൾ ബാക്കി ആപ്പിളിനേം ചീത്ത ആകുമെന്ന് പറഞ്ഞത് പോലെയാണ് സുരലോകത്ത് നിന്ന് വന്നു എന്നവകാശപ്പെടുന്ന ഈ  ഇന്ദ്രൻ, ദേവലോകത്ത് അതായത് അമരാവതിയിൽ ഒരു ഇന്ദ്രനേയുള്ളു അത് ഇന്ദ്രാണിയുടെ ഭർത്താവായ ഇന്ദ്രനാണ് 

ഇന്ദ്രനും ഇന്ദ്രാണിയും 
അമരാവതി പി ഓ 
ദേവലോകം 

Anand 2018-11-09 00:46:42

നമ്മൾ ഒരു പ്രതികരണം എഴുതുമ്പോൾ, നട്ടെല്ല് ഉയർത്തി വേണം പറയാൻ...മുഖം മൂടി ഇട്ട് "ഞാൻ സത്യവാൻ", അല്ലെങ്കിൽ വായനക്കാരൻ, എഴുത്തുകാരൻ എന്നൊന്നും പറഞ്ഞു എഴുതാതിരിക്കുക. അത് പോലെ കടുത്ത മത ഭ്രാന്ത് മൂത്ത് എഴുതരുത്, കാരണം നിങ്ങൾ എതിർക്കുന്നത് ഒരു വ്യക്തിയെ അല്ല മറിച്ച് അയാൾ ഉയർത്തുന്ന  ആശയങ്ങളെ ആണ്. ഇനി വിഷയത്തിലേക്ക് വരാം...

നിങ്ങൾക്ക് എന്താണ് സനാതന ധർമ്മം എന്നറിയാമോ? തീർച്ചയായും നിങ്ങൾക്ക് ഇതിനുള്ള ഉത്തരം കൃത്യമായി ഓൺലൈനിൽ നിന്നും ലഭിക്കും..പക്ഷെ വെറുതെ വായിച്ചാൽ മനസിലാകുകയില്ല, ഡീപ് റീഡിങ് വേണം എന്ന് മാത്രം (ഉദാഹരണത്തിന് പാണ്ഡുവിന്റെ ഭാര്യമാരുടെയും, രാജാറാം മോഹൻ റായ് -ഹൈന്ദവ പണ്ഡിതൻ  നിർത്തലാക്കിയ സതിയുടെ ചരിത്രം പഠിച്ച പോലെ ആവരുത്, നിങ്ങളെ ഞാൻ കുറ്റം പറയുകയല്ല, മറിച്ച് നിങ്ങൾ തിരിച്ചറിയണം നിങ്ങളുടെ ഉള്ളിലെ ഹൈന്ദവ വിരോധം എത്രമാത്രമാണ് എന്ന്).

എന്താണ് ഹൈന്ദവ ആരാധന ക്രമം? ഹൈന്ദവ ആരാധനാകേന്ദ്രങ്ങൾ നിങ്ങളുടെ പള്ളികൾ പോലെ വെറും ഒരു പ്രാർത്ഥനാലയങ്ങൾ അല്ല, മറിച്ച് ഊർജ്ജപ്രസരണ കേന്ദ്രങ്ങൾ ആണ്.

അത് പോലെ ക്ഷേത്രങ്ങൾ, ഓരോ ക്ഷേത്രങ്ങളും ഓരോ ദേവന്റെ ആലയം ആണ്. അത് പൊതുസ്ഥലമല്ല. എനിക്ക് നിങ്ങളുടെവീട്ടിൽ  തോന്നിയത് പോലെ കയറി വരുവാൻ കഴിയില്ല. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിലേ വരുവാൻ കഴിയൂ. അതുപോലെ പല ക്ഷേത്രങ്ങളിലും ദേവൻ ഒന്ന് തന്നെയാണ് എങ്കിലും പൂജാക്രമങ്ങൾ വ്യത്യസ്തമാണ്. അതെന്തുകൊണ്ടാണ് എന്ന് അറിയുമോ? പ്രാണ പ്രതിഷ്ഠ എന്നൊരു ചടങ്ങ് ക്ഷേത്രങ്ങളിൽ ഉണ്ട്, തന്ത്രി സ്വന്തം പ്രാണൻ, നൽകി ശിലക്ക് ശക്തി നൽകുന്ന ചടങ്ങ് ആണ്. സമയം ദൈവഹിതം അറിഞ്ഞ്, തന്ത്രിയാണ് ക്ഷേത്രത്തിലെ (ഉദയാസ്തമന പൂജ മുതൽ ഉത്സവങ്ങൾ വരെ) ആചാരാനുഷ്ടാങ്ങൾ തീരുമാനിക്കുന്നത്. ഉദാഹരണത്തിനു വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും ശിവന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ് അത് കൊണ്ട് തന്നെ മൂലമന്ത്രം പോലും വ്യത്യസ്തമാണ്. ഓരോ ക്ഷേത്രങ്ങൾക്കും സ്ഥലപുരാണം ഉണ്ട് (തീർച്ചയായും നിങ്ങൾക്ക് സ്ഥലപുരാണം എന്താണ് എന്ന് അറിയാം എന്ന് വിശ്വസിക്കുന്നു).

 ശബരിമലയിൽ എന്ത് കൊണ്ടാണ് 10 നും 50 നും ഇടയിൽ ഉള്ള സ്ത്രീ പ്രവേശനം നിരോധനം എന്നതിന് നിങ്ങൾ പറഞ്ഞ ഉത്തരം ആർത്തവം എന്നാണ് (കൂട്ടത്തിൽ കിട്ടിയ സാഹചര്യത്തിൽ ഹിന്ദു സ്ത്രീകളുടെ ആർത്തവത്തെ കളിയാക്കി സായൂജ്യം അടയുന്നതും കണ്ടു, എല്ലാം മതേതരത്തിന്റെ പേരിൽ ആണല്ലോ എന്ന സമാധാനം ഉണ്ട്. ഋതുമതിയാകുന്ന കുട്ടിയെ, ദേവതയായി കണ്ട് ദിവസം ആഘോഷിക്കുന്ന സമൂഹമാണ് ഹൈന്ദവ സമൂഹം), കുറ്റം പറയുകയല്ല, ഇടക്കെങ്കിലും നിങ്ങളെ പൊട്ടന്മാർ ആകുന്ന ചാനൽ നിർത്തിവെച്ച് സ്വയം ചിന്തിക്കണം. ശബരിമല അയ്യപ്പൻ കംപ്ലീറ്റ് സെലിബേറ്റ് ആണ്. വെറും ബ്രഹ്മചാരി അല്ല, അതിനാൽ ആണ് കാടിന് നടുവിലുള്ള മലയിൽ യോഗാവസ്ഥയിൽ ഇരിക്കുന്നത്. ഭസ്മത്താൽ മൂടി ഭസ്മസഞ്ചി കൈയിൽ കൊടുത്ത് ആണ് നട അടക്കുന്നത്. അവിടുത്തെ ഓരോ ചടങ്ങും നിങ്ങൾ ഒരു പക്ഷെ പഠിക്കുവാൻ ശ്രമിച്ചിട്ട് മറുപടി എഴുതിയിരുന്നെങ്കിൽ നന്നായേനെ... എനിക്ക് ഉറപ്പുണ്ട്നിങ്ങൾ കേട്ട ഒരു ചർച്ചയിലും നിങ്ങൾ കേട്ടിരിക്കില്ല ഭൂതനാഥ ഉപാഖ്യാനത്തെ പറ്റി..ശബരിമലയെയും അയ്യപ്പനെ പറ്റിയുള്ള ആധികാരിക ഗ്രന്ഥമാണ്.ഒന്ന് വായിച്ചു നോക്കുക. ഇതെല്ലാം അറിയാവുന്നത് കൊണ്ടാണ് ഒറ്റ ഹിന്ദു സ്ത്രീയും (കമ്മ്യൂണിസ്റ്റ് ആവട്ടെ, കോൺഗ്രസ്സ് ആവട്ടെ, ബി ജെ പി ആവട്ടെ) ശബരിമലയിൽ കയറുവാൻ തയാറാകാത്തത്.

പിന്നെ കമ്മ്യൂണിസ്റ്റ് സർക്കാരിനോട് നിങ്ങൾക്കുള്ള സ്നേഹം,   അത് എന്ത് കൊണ്ടാണ് എന്ന്  "അരി ആഹാരം കഴിക്കുന്ന" എല്ലാവര്ക്കും അറിയാം. ജാതിമത രാഷ്ട്രീയ ഭേദങ്ങൾക്ക് അപ്പുറം മനുഷ്യനെ ഈശ്വരനായി ദർശിക്കുവാൻ പഠിപ്പിക്കുന്ന ലോകത്തിലെ ഒരേ ഒരു തീർത്ഥാടന കേന്ദ്രമായ ശബരിമല, എല്ലാ കാലവും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണവർഗ്ഗത്തിന്റെയും, മതപരിവർത്തന ലോബിയുടെയും കണ്ണിലെ കരടാണ് സുഹൃത്തേ, അത് താങ്കളുടെ പ്രിയപ്പെട്ട പത്രാധിപർക്ക് വ്യക്തമായി അറിയാം.ശബരിമലയിൽ സവർണ്ണനും അവർണ്ണനും ഒന്നുമില്ല സുഹൃത്തുക്കളെ, അവിടെ (നിങ്ങളുടെ പോപ്പിനെ പോലെ) താന്ത്രിക്കാണ് പരമാധികാരം, തന്ത്രി, ഭക്തനെയും ഭഗവാനെയും വിളിക്കുന്നത് അയ്യപ്പ എന്നാണ്.

പിന്നെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ താല്പര്യം: പറവൂർ യാക്കോബായ പള്ളിക്കായുള്ള കേസിൽ സുപ്രീം കോടതി വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അനങ്ങിയിട്ടില്ലകേരളത്തിൽ  നേഴ്സ്മാരായി ജോലിചെയ്യുന്ന സഹോദരിമാരുടെ  ശമ്പള വർദ്ധനവിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോഴും മിണ്ടിയില്ല, നാഷണൽ ഹൈവേപരിസരത്തു നിന്നും  ബാറുകൾ മാറ്റണം എന്ന സുപ്രീം കോടതി വിധി തകർക്കുവാനായി, നാഷണൽ ഹൈവേയുടെ പേരുതന്നെ മാറ്റി സ്റ്റേറ്റ് ഹൈവേ ആക്കിയതും, ആദിവാസി പ്രശ്നത്തിലും തുടങ്ങി എല്ലാത്തിലും അനങ്ങാപറ നയം സ്വീകരിച്ച സർക്കാർ ആണിത്.

ഇതിന്റെ ഇടയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി പറയുന്നത് കേട്ടു...ഡാവിഞ്ചി കോഡ്, ഡാവിഞ്ചി കോഡ് എന്ന് കേട്ടിട്ടുണ്ടോ? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന കേട്ടിട്ടുണ്ടോ? കോടികൾ മുക്കിയ കർദിനാളിനെ പറ്റി കേട്ടിട്ടുണ്ടോ? ജലന്തർ ബിഷപ്പ് എന്ന് കേട്ടിട്ടുണ്ടോ, കുമ്പസാരം എന്ന മനോഹര  ആചാരത്തെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അതിനെ പറ്റി ഒന്നും പറയാത്തത്, അതിനെ പറ്റി പറയുവാനും, തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ, അത് തിരുത്തുവാനും കഴിവുള്ളവർ മതങ്ങളിൽ ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ടുപോരെ അടുത്തവന്റെ കണ്ണിലെ കരടെടുക്കുവാൻ പോകുവാൻ.

നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് ഞാൻ പറഞ്ഞാൽ നാട് കടക്കണം എന്ന് പറയുന്നത് അസഹിഷ്ണതയല്ലേ.

ഒരിക്കൽ കൂടി പറയാം...ശബരിമല പൊതു സ്ഥലം അല്ല...ഞങ്ങളുടെ അമ്പലം, ഞങ്ങളുടെ ദേവൻ, ഞങ്ങളുടെ ആചാരം ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് ..ഇപ്പോൾ പുറത്തു നിന്ന് സഹായം ആവശ്യമില്ല..

ലോകാഃ സമസ്താ സുഖിനോ ഭവന്തു...

Rajan 2018-11-09 08:02:27
ആനന്ദൻ ആനന്ദത്തോട്  എഴുതിയ എഴുത്ത് വളരെ ആനക്കാര്യമയി  കരുതി ആരും  ആവർത്തിക്കില്ലെന്നു ആഗ്രഹിക്കുന്നു. ഹിന്ദു മതത്തെ കുറിച്ച് ആരും ആരെയും പറഞ്ഞു മനസ്സിലാക്കി വർഗ്ഗീയ വിഷം വമിപ്പിക്കല്ലെ. ഭാരതീയ സംസ്കാരത്തിൽ ജനിച്ചു വളർന്ന ഓരോ വ്യക്തിക്കും ഹിന്ദു മതത്തെക്കുറിച്ചഭിപ്രായം പറയുവാൻ കഴിയും. പിന്നെ ആനന്ദൻ നട്ടെല്ലൊട് അത്രയും പുരാണo പുലമ്പിയതിനു ആത്മാർഥയോs അഭിനന്ദനം അർപ്പിക്കുന്നു
Thomas Vadakkel 2018-11-09 08:21:48
സുരേന്ദ്രൻ നായരുടെ ലേഖനവും ആനന്ദന്റെ കമന്റും വായിച്ചപ്പോൾ ചിരിക്കാനാണ് തോന്നിയത്. വർഗീയത പാടില്ലെന്ന് പറയുകയും ആക്രമണം മുഴുവൻ കൃസ്ത്യാനികൾക്കിട്ടും പത്രങ്ങൾക്കെതിരെയും ചാനലുകൾക്കെതിരെയും. ഫ്രാങ്കോയെയും റോബിനെയും ആദരിക്കുന്നവരുടെ പരാതികളും ഏറെക്കുറെ ഇതുപോലെ തന്നെ. അവരും പത്രക്കാരെയും ചാനലുകാരെയും ആക്രമിക്കുന്നു. 

അയ്യപ്പന്മാരും ഫ്രാങ്കോയുടെ കുഞ്ഞാടുകളും മതഭ്രാന്ത് മൂത്തതുകൊണ്ടു സ്വഭാവത്തിൽ ഐക്യമത്യവുമുണ്ട്. ഇരു വിഭാഗങ്ങളും ഗുണ്ടകളെയും നിരത്തിൽ ഇറക്കിയിട്ടുണ്ട്. ഫ്രാങ്കോയെ  ക്രിസ്തുവെന്നും അയ്യപ്പ ഗുണ്ടകളെ 'തത്വമസി' അല്ലെങ്കിൽ സ്വയം ദൈവമെന്നും വിളിക്കുന്നു.  

ആനന്ദ് എന്ന വ്യാജനാമക്കാരൻ മറ്റു വ്യാജനാമക്കാരുടെ നട്ടെല്ലിന്റെ നീളവും അളക്കുന്നു. 'സനാതനം' എന്താണെന്ന് വായനക്കാരോട് ചോദ്യം ചോദിച്ചിട്ടു ഈ പണ്ഡിതൻ ഉത്തരം പറയാതെ മുങ്ങുകയും ചെയ്തു. മലയാളി ഹിന്ദുവും സനാതനവുമായി എന്ത് ബന്ധം? വൈദിക കാലത്തുണ്ടായിരുന്ന സനാതന ധർമ്മത്തിൽ അയ്യപ്പനും ശാസ്താവും ഉണ്ടായിരുന്നില്ല. മലയാളി തനി ദ്രാവിഡർ എന്ന നിലയ്ക്ക് അവർക്ക് ആര്യന്മാരുടെ സനാതന ധർമ്മമെന്നോ വൈദിക മതമെന്നോ പറയാൻ അവകാശമില്ല. സനാതന ധർമ്മ ഗ്രന്ഥങ്ങളിലുണ്ടായിരുന്ന വരുണനോ, ഇന്ദ്രനോ ഇന്ന് ഹിന്ദുവിന്റെ ദൈവവുമല്ല. 

ശാസ്ത്രം വളർന്ന ഈ കാലഘട്ടത്തിൽ സനാതനവും ചിന്തിച്ചു നടക്കുന്നവരെ ഒരു തരം ഫോബിയയ്ക്ക് അടിമപ്പെട്ടവരെന്നു കരുതണം.  

"അമ്പലത്തിൽ കയറിയാൽ കിട്ടുന്നത് പള്ളിയിലെപ്പോലെയല്ല മറിച്ച് ഊർജമാണ്" ലഭിക്കുന്നതെന്നു വായിച്ചപ്പോൾ ആനന്ദിന്റെ ബുദ്ധിവൈഭവത്തെയും ഓർത്തുപോയി.  ഇത്,എന്തു തരം ഊർജമാ! വൈദ്യുതി കാന്തമോ. അങ്ങനെയെങ്കിൽ അയ്യപ്പന്മാരുടെ വീടുകളിൽ വൈദ്യതി ഒത്തിരി ലാഭിക്കാമല്ലോ. നാട്ടിൽ പെട്രോൾ വില കുറയ്ക്കുകയും ചെയ്യാം. വെറുതെ ചാണകത്തിൽനിന്നും വൈദ്യുതി എടുക്കേണ്ട ആവശ്യം വരുന്നുമില്ല. സരിതയെ വിളിച്ച് സോളാർ പാനലിന് മെനക്കെടേണ്ടതുമില്ല. 

ഓരോ ദേവനും പ്രാണൻ കൊടുത്തത് തന്ത്രിയാണുപോലും. മനുഷ്യന് ദൈവങ്ങളെ സൃഷ്ടിക്കാൻ കഴിവുണ്ടെന്നും മനസിലായി. ദേവരാജന്റെ സംഗീതവും അവിടെ ശരി വെക്കേണ്ടി വരുന്നു. 

ക്ഷേത്രങ്ങളിൽ തോന്നിയതുപോലെ കയറാനുള്ള സ്ഥലമല്ലെന്നാണ് മറ്റൊരു താക്കീത്. അട്ടക്കും പുഴുവിനും പാമ്പുകൾക്കും കുറുനരികൾക്കും കുരങ്ങന്മാർക്കും അവിടെ പ്രവേശനമുണ്ട്. യുവതികൾ മാത്രം അവിടെ പ്രവേശിക്കാൻ പാടില്ല. അവർ മാത്രം അശുദ്ധം. ആർത്തവം മാത്രം അശുദ്ധം. അയ്യപ്പന്മാർ സ്വയം ദൈവങ്ങളായതിനാൽ അവർ ജനിച്ചതും ആർത്തവമുള്ള സ്ത്രീകളിൽ നിന്നല്ലായിരിക്കാം. 

കോടികൾ മുക്കിയ കർദ്ദിനാളും ഫ്രാങ്കോയും അയ്യപ്പനും തമ്മിലുള്ള ബന്ധം ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മുസ്ലിം പുരോഹിതരെ പറഞ്ഞാൽ വാവര് സ്വാമി പിടലിക്ക് പിടിക്കുമെന്ന ഭയവുമുണ്ട്. 

"ഞങ്ങളുടെ ദൈവം, ഞങ്ങളുടെ ആചാരം"  ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന്"  ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചുകൊണ്ടു മനുഷ്യനായി ജീവിക്കൂ മിസ്റ്റർ! എങ്കിൽ പശുക്കൾക്ക് വേണ്ടി മനുഷ്യർ തമ്മിൽ ചാവില്ല. ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു വിശ്വസിക്കുകയും വേണ്ട! 
secular Indian 2018-11-09 09:06:57
ആനന്ദേ, ഹിന്ദു വര്‍ഗീയക്കാരോട് എതിര്‍ക്കുമ്പോള്‍ പേരു വയ്ക്കാന്‍ പേടിയുണ്ട്. തല്ലലും കൊല്ലലും ആണല്ലോ നിങ്ങളുടെ ശക്തി. ഇന്ത്യയെ ഇറനോ സൗദി അറെബ്യയൊ പോലെ ആക്കിയേ അടങ്ങൂ എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ചെറുപ്പക്കാര്‍ പോലും ഇതിനു ഇറങ്ങുന്നത് കഷ്ടമാണ്.
സനാതന ധര്‍മ്മം ഭയങ്കര സംഭവമാണെന്നു അംഗീകരിച്ചിരിക്കുന്നു. ക്രിസ്തുമതവും ഇസ്ലാമും അങ്ങനെ തന്നെയാണെന്നാണു അതിലെ വിശ്വാസികളും പറയുന്നത്. അതു കൊണ്ട് തെളിവ് വേണം
മനസിലാക്കാന്‍ പറ്റാത്ത എന്താണു ഹിന്ദു മതത്തില്‍ ഉള്ളത്? പാണ്ഡുവിന്റെ ഭാര്യമാര്‍ സതി അനുഷ്ടിച്ചത് സത്യമല്ലേ? സതി പണ്ട് മുതലുള്ള ആചാരമല്ലെ? അതും മുസ്ലിംകളുമായി എന്തു ബന്ധം? മുസ്ലിം ഭരണം തീര്‍ന്ന് ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോഴും അതു തുടര്‍ന്നു. അതു കൊണ്ടാണല്ലോ മോഹന്‍ റോയിയും മറ്റും അതിനെതിരെ രംഗത്തു വന്നത്.
ക്ഷേത്രങ്ങള്‍ ഊര്‍ജ പ്രസരണ കേന്ദ്രങ്ങളാണത്രെ. എന്തു തരം ഊര്‍ജം? വൈദ്യുതി, വിളക്കില്‍ നിന്നുള്ള ചൂട്? ക്രിസ്ത്യന്‍ പള്ളികളില്‍ അഭിഷേകാഗ്നി വരെയുണ്ട്! അതു കൊണ്ട് തെളിയിക്കാന്‍ പറ്റാത്ത വിശ്വാസം സത്യമാണെന്ന രീതിയില്‍ പറയരുത്.
ശബരിമല വിഗ്രഹം പ്രതിഷ്ടിച്ചത് തന്ത്രിയാണോ? എന്നാണത്?
സ്ത്രീയെ ദേവതയായി കാണുന്നു. സവര്‍ണ സ്ത്രീയെ എന്നു കൂടി തിരുത്തുക.
മത പരിവര്‍ത്തന ലോബി. ആനന്ദിനോട് മതം മാറാന്‍ ആരെങ്കിലും പറഞ്ഞോ? ഇല്ലല്ലൊ. ആര്‍ക്കെങ്കിലും മാരനമെങ്കില്‍ മാറാം. അതാണു വ്യക്തിസ്വാതന്ത്യം. ആദിവാസിക്കും താണ ജാതിക്കാരനുമൊന്നും സ്വയം തീരുമാനിക്കാന്‍ബുദ്ധി ഇല്ല എന്നു മാത്രം പറയരുത്
പറവൂര്‍ യാക്കോബായ പള്ളികേസ്സ്വത്തു തര്‍ക്കമാണ്. കോടതി വിധി എന്നായാലും നടക്കും.
ഇനി ഡാവിഞ്ചി കോഡ് എന്നോ തിരുമുറിവ് എന്നൊ പറഞ്ഞ് ക്രിസ്ത്യാനി അക്രമം നടത്തിയതായി അറിവില്ല. അതാണോ നിങ്ങള്‍ ഇപ്പോല്‍ ശബരിമലയില്‍ ചെയ്യുന്നത്?
കോടികള്‍ മുക്കിയ കര്‍ദിനാള്‍ നിയമത്തിനു അതീതനല്ല. ഇനിയും കേസ് കൊടുക്കാം. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടും ആരും എതിര്‍ത്തു പറഞ്ഞിട്ടില്ല.
ഇനി കുമ്പസാരം. എത്ര നിന്ദ്യമായാണു വിശുദ്ധമായ ഒന്നിനെപറ്റി പറയുന്നത്. തെറ്റുകള്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനോട് പറയുന്നു. പാപങ്ങള്‍ക്കു പരിഹാരം തേടുന്നു. ഒരു തരം കൗണ്‍സലിംഗ് മാതമാണത്. മഹാസംഭവമൊന്നുമല്ല. അതില്‍ തെറ്റായ ഒന്നുമില്ല.
ലോകാ സമസ്താ സുഖിനോ ....ആ വരികള്‍ക്കു മുന്‍പിലുള്ള വരികള്‍ അറിയാമോ?
അഹം ബ്രഹ്മാസ്മി, തത്വമസി എന്നിവയും മിക്കവരും പരയുന്നത് കേള്‍ക്കാം. എന്നിട്ട് ജീവിക്കുന്നത് അതിനു നേര്‍ വിപരീതമായി. 

Suresh Nair 2018-11-09 11:37:02
അയ്യപ്പ ഭക്തരുടെ വികാരങ്ങളെ അവഹേളിക്കുന്ന തരത്തിൽ മുഖപ്രസംഗം എഴുതിയ അമേരിക്കൻ മലയാള പത്രത്തിന്റെ നയത്തിനെതിരെ ശക്തമായി അപലപിക്കുന്നു. ഇത് തുടർന്നാൽ പത്രം ബഹിഷ്ക്കരിക്കുന്നതു പോലുള്ള നടപടികൾ സ്വീകരിക്കും. ഒരു പത്ര വരിക്കാരൻ
സ്ത്രീശബ്ദം 2018-11-09 13:49:07
സ്ത്രീകളെ അയ്യപ്പ ദർശനത്തിന് അനുവദിക്കില്ല എന്ന മൂഢ വാദങ്ങളിൽ പിടിച്ചു തൂങ്ങി കിടക്കുന്ന താനും തൻറെ ശിങ്കിടികളും സ്ത്രീകളെ അവഹേളിക്കുക മാത്രമല്ല അവമാനിക്കുകയും ചെയ്യുകയാണ് . അതിനെതിരെ ഏത് പത്രം ശബ്ദം ഉയർത്തിയാലും അത് അവഹേളനമല്ല നേരെമറിച്ചു അവർക്ക് ഭരണ ഘടന അനുവദിച്ചിരിക്കുന്ന അവകാശത്തിന്റ നിറവേറ്റലാണ്. ട്രംപിനെപോലെ ഫേക്ക് ഫേക്ക് എന്ന് വിളിച്ചു പറഞ്ഞ്  കുറച്ചു നാൾ പറ്റിക്കാം പക്ഷെ എല്ലാ നാളും പറ്റിക്കാൻ ആവില്ല . അതുകൊണ്ട് നായര് സ്വബോധത്തിലേക്ക് തിരിച്ചു വന്നു ഒരു നല്ല സമൂഹ സൃഷ്ടിയുടെ ഭാഗമാകാൻ ശ്രമിക്കുന്ന പത്രങ്ങളുടെ  ഭാഗമാകുക. അനീതിയുടെയും അസമത്ത്വത്തിന്റെയും മുന്നിൽ ഒരു ഉത്തരവാദിത്വ ബോധമുള്ള ഒരു പത്രങ്ങളും നിശബ്ദമായിരിക്കില്ല 
In America the President reigns for four years, and Journalism governs forever and ever.

Sudhir Panikkaveetil 2018-11-09 16:34:03
പ്രശസ്ത അമേരിക്കൻ മലയാളി കഥാകൃത്തും നോവലിസ്റ്റും 
ആയ ശ്രീ ബാബു പാറക്കലിന്റെ വരികൾ 
ഓർക്കുക. "നമുക്ക് അടുത്ത പ്രളയത്തിനായി 
കാത്തിരിക്കാം."  അപ്പോൾ ശ്രീ അയ്യപ്പനും മുങ്ങും,
ജനങ്ങളും മുങ്ങും. പിന്നെ എവിടെ  ആർത്തവം,
എവിടെ സ്ത്രീ, എവിടെ ആചാരം. 
കൂടിയല്ല പിറക്കുന്ന നേരത്തും 
കൂടിയല്ല മരിക്കുന്ന നേരത്തും 
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് 
മത്സരിക്കുന്നതെന്തിന് നാം വൃഥാ...
ശ്രീ അയ്യപ്പൻറെ പേരിൽ മനുഷ്യർ 
തമ്മിൽ കലഹിക്കുന്നത് കഷ്ടമാണ്.
സ്വാമി ശരണം എന്ന് വിളിക്കേണ്ട ഭക്തർ 
കുറുവടിയും കല്ലുമായി സന്നിധാനത്തിൽ 
പോകുന്നവെന്നു മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. നുണയോ സത്യമോ?
കലികാല വൈഭവം.!!
ഏതു പത്രമാണ് മുഖപ്രസംഗം എഴുതിയതെന്നു 
ആരും എഴുതുന്നില്ല. ഏതാണാ പത്രം.? 

A Christian 2018-11-09 20:21:35
അമേരിക്കയില്‍ ജീവിച്ച് ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ഹിന്ദു തീവ്രവാദം പരത്തുകയും ചെയ്യുന്നവരെ ഈ രാജ്യത്തു നിന്നു പുറത്താക്കണം. അവര്‍ അവരുടെ രാജ്യത്തു പോയി ഇതൊക്കെ ചെയ്യട്ടെ.
മദര്‍ തെരെസയെ മതപരിവര്‍ത്തനത്തിനു വന്ന കള്ളി എന്നു ശശികല വിളിച്ചപ്പോള്‍ കെട്ട് സന്തോഷിച്ചവരാണു മുഖപരസ്ംഗഠെ കുറ്റം പറയുന്നത്‌ 
Thomas Vadakkel 2018-11-10 09:01:53
വായനക്കാരെ വിഡ്ഡ്‌ഢികളാക്കിക്കൊണ്ടുള്ള എഴുത്തുകൾക്ക് എഡിറ്റർ മറുപടി തരാൻ മെനക്കേടില്ലെന്ന് ശ്രീ ആനന്ദ് ആദ്യം മനസിലാക്കുക. ഇതിന് ഇംഗ്ലീഷിൽ 'ഹാലൂസിനേഷൻ' എന്ന് പറയും. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് താങ്കളുടെ പ്രതികരണം. അടിസ്ഥാനമില്ലാത്ത താങ്കളുടെ പ്രതികരണകോളത്തിലുള്ള എഴുത്തിന് ആരെങ്കിലും മറുപടി എഴുതിയാൽ അത് എഡിറ്റരുടെ തലയിൽ ചുമത്തുവാൻ ശ്രമിക്കുന്നതും വെറും അപകർഷത എന്നെ പറയാൻ സാധിക്കുള്ളൂ. 

ശബരിമല ശാസ്താവ് വേദങ്ങളിൽ ഉണ്ടെങ്കിൽ അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ച അയ്യപ്പൻ എങ്ങനെ ശാസ്താവാകും. വേദങ്ങളുടെ കാലഘട്ടം പോലും താങ്കൾക്ക് അറിയത്തില്ലെന്നു തോന്നുന്നു. അയ്യപ്പൻ, പുരാണത്തിൽ, വേദങ്ങളിൽ ഉണ്ടെങ്കിൽ അതിന്റെ ഒരു കോപ്പി ഇമലയളിയിൽ പ്രസിദ്ധികരിക്കൂ. വെറും അർത്ഥമില്ലാത്ത കാര്യങ്ങളും അന്ധവിശ്വാസങ്ങളും എഴുതുന്നവർ ഏതോ ഭൂതകാലത്ത് ജീവിക്കുന്നവരാണ്.

പതിനേഴാം നൂറ്റാണ്ടിൽ ആദി വാസികൾ പൂജിച്ചിരുന്ന ദൈവമാണ് അയ്യപ്പൻ. മണികണ്ഠൻ എന്നാണ് അയ്യപ്പൻറെ പേര്. 'കണ്ടൻ' എന്ന പേര് ക്ഷത്രീയ വംശത്തിന്റെയോ ബ്രാഹ്മണരുടെയോ അല്ല. ആദിവാസികളുടെയും ശൂദ്രൻമാരുടെയും പാരമ്പര്യമായ പേരാണ്.  'ചെറിയ കണ്ടൻ' പിന്നീട് ബ്രാഹ്മണർക്ക് ആധിപത്യം ലഭിച്ചപ്പോൾ മണികണ്ഠൻ ആയതാണ്. 'ശാസ്‌തതൻ' എന്നുള്ളത് 'ചാത്തൻ' ലോപിച്ചുണ്ടായതാണ്. ചാത്തൻ തമിഴരുടെ കുലദൈവം ആയിരുന്നു. ചാത്തൻ സേവകൾ ആദിവാസികളുടെ ഇടയിലുണ്ടായിരുന്ന ആചാരമായിരുന്നു. പിന്നീട് ഏതോ കാലഘട്ടത്തിൽ ബ്രാഹ്മണരുടെ ആധിപത്യത്തോടെ ചാത്തന്റെ പേരിൽ ഐതിഹ്യകഥകളും കെട്ടുകഥകളും കൂട്ടിച്ചേർത്തപ്പോൾ ശാസ്താവായി. വെറും അന്ധമായ വിശ്വാസം പുലർത്തുന്നവരുടെയിടയിൽ യുക്തി ചിന്തകൾ പ്രായോഗികമല്ലെന്നും അറിയാം. സ്വയം വളരുക മാത്രമേ പോംവഴിയുള്ളൂ. 
Anand 2018-11-09 21:15:57

പത്രാധിപർക്ക് സ്വല്പം ആവേശം കൂടിപ്പോയി...കാരണം രണ്ടു മൂന്ന് ദിവസം മുൻപ് ശ്രീ സുരേന്ദ്രൻ നായർ ഇട്ട  പോസ്റ്റിനു മതനിരപേക്ഷത തളിർത്തു നിൽക്കുന്ന പലരും ഹിന്ദു മതത്തെയും, ശബരിമലയെയും, അയ്യപ്പ ഭക്തരെയും കളിയാക്കി കമന്റ് ഇട്ടു എന്ന് പറഞ്ഞു. എന്നാൽ എന്താണ് കമന്റ് എന്ന് വായിക്കാൻ ഇറങ്ങിയ എനിക്ക് ഒത്തിരി സെർച്ച്  ചെയേണ്ടി വന്നു ശ്രീ സുരേന്ദ്രൻ നായരുടെ ആർട്ടിക്കിൾ കണ്ടു പിടിക്കാൻ.

ആരാണ് ഇതെല്ലാം വായിക്കുന്നത്, പക്ഷെ ഞാൻ കമന്റ് ഇട്ട് ഏതാനും മിനുറ്റുകൾക്കകം എനിക്ക് മറുപടിയുമായി ആർട്ടിക്കിൾ വന്നു. അതിനർത്ഥം വേറെ ആരുമല്ല ഇത് പത്രാധിപരുടെ സ്വന്തം അഭിപ്രായമാണ് എന്ന്. ചുരുക്കം പറഞ്ഞാൽ പത്രാധിപർക്ക് ലേശം കൗതുകം കൂടി പോയി.    ഞാൻ വ്യാജൻ ആണ് എന്ന് താങ്കൾക്ക് എങ്ങനെ തീർച്ചപ്പെടുത്തി...ഞാൻ എന്റെ പേരും, എന്റെ മകന്റെ യാഹൂ ഐഡിയുമാണ് ഉപയോഗിച്ചത്. ലോകത്തിൽ നിങ്ങൾ പത്രാധിപർക്കല്ലാതെ വേറെ ആർക്കും ഇത് വെരിഫൈ ചെയ്യാൻ കഴിയില്ല. കഷ്ടം തന്നെ...അപ്പോൾ ഇങ്ങനെയാണോ മലയാളിയിലെ റെസ്പോൺസ് എല്ലാം. കലക്കി.

ഞാൻ ഹിന്ദുവിനെ പറ്റി പറഞ്ഞാൽ വർഗീയവാദി, നിങ്ങൾ പറഞ്ഞാൽ മതേതരത്വം...

ഹിന്ദു എന്നാൽ വേ ഓഫ് ലൈഫ് ആണ് എന്ന് പറഞ്ഞത് മാക്സ് മുള്ളർ ആണ്. ആദ്യമായി മാക്സ് മുള്ളർ പറഞ്ഞതിനു കാരണം, മത പരിവർത്തനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം അത് കൊണ്ടാണ് ആദ്യം അങ്ങനെ പറഞ്ഞത്. പിന്നീട് അതെല്ലാം മാക്സ് മുള്ളർ തന്നെ തിരുത്തിയിട്ടുണ്. സ്വാമി ചിന്മയാനന്ദന്റെ ഒരു ചോദ്യമുണ്ട്  എന്തെ മറ്റു മതങ്ങൾക്ക്  വേ ഓഫ് ലൈഫ് ഇല്ലേ എന്ന് ? എന്താണ് സനാതനം? അനാദിയായി നിലനിൽക്കുന്നത്. ഞങ്ങൾ ഹിന്ദുക്കൾ വിശ്വസിക്കുന്നത്, സനാതന ധർമ്മത്തിലാണ്. അതാണ് ഹിന്ദുവും, സനാതന ധർമ്മവുമായുള്ള ബന്ധം.

അടുത്ത ചോദ്യം ശാസ്താവ് വേദങ്ങളിൽ ഇല്ല എന്ന്? തെറ്റ് വേദങ്ങളിൽ രണ്ടു ശാസ്താവിനെ പറ്റി പ്രതിപാദിപ്പിക്കുന്നു. ധർമ്മശാസ്താഎന്നും, ബ്രഹ്മ ശാസ്താ അഥവാ ദേവശാസ്താ എന്നും. ദേവശാസ്താ എന്നത് സുബ്രഹ്മണ്യൻ. വേദങ്ങളിൽ മാത്രമല്ല കേട്ടോ, പുരാണങ്ങളിലും ഉണ്ട്.

ആര്യൻ, ദ്രാവിഡൻ എന്ന പ്രയോഗങ്ങൾ ബ്രിട്ടീഷ് ഹിസ്റ്റോറിയന്മാർ, ബ്രിട്ടീഷ് മൊണാർക്കിന്റെ divide and rule  പോളിസിയുടെ ഭാഗമായി എഴുതി ചേർത്തതാണ്. ഭാരതത്തിന്റെ ദേശീയഗാനത്തിൽ, സാഹിത്യത്തിൽ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോർ എഴുതിയിരിക്കുന്നത്, ഒരു പത്രാധിപർ ആയ താങ്കൾ തീർച്ചയായും മനസ്സിലാക്കേണ്ടതായിരുന്നു.." പഞ്ചാബ്, സിന്ധു,,ഗുജറാത്ത് മറാഠാ

ദ്രാവിഡ, ഉത്കല ബംഗാ" ഇവിടെ പറയുന്നത് ദേശങ്ങളെ പറ്റിയാണ് അല്ലാതെ മതങ്ങളെ പറ്റിയോ വർഗ്ഗത്തെ പറ്റിയോ അല്ല. ജ്ഞാനപീഠ അവാർഡ് ജേതാവായ കന്നഡ കവി "പുട്ടപ്പ" വിഷയത്തെ പറ്റി വിശദമായി എഴുതിയിട്ടുണ്ട് (പേടിക്കേണ്ട അദ്ദേഹവും കടുത്ത നാസ്തികൻ ആയിരുന്നു, എന്റെ സുഹൃത്ത് അല്ല). ശാസ്ത്രം വളർന്ന കാലത്തിൽ കുമ്പസാരം ആകാം എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്ന് മാത്രമല്ല, ഇനിയുള്ള തങ്ങളുടെ അഭിപ്രായങ്ങൾക്ക് എനിക്ക് മറുപടിയില്ല, കാരണം തങ്ങൾ വളരെ മോശമായാണ് എന്റെ വിശ്വാസങ്ങളെയും, എന്റെ ആചാര്യന്മാരെയും ചിത്രീകരിച്ചിരിക്കുന്നത്. വളരെ മോശം പത്രപ്രവർത്തനമായി പോയി. ഞാൻ നല്ല രീതിയിലുള്ള ആശയ സംവാദമാണ് പ്രതീഷിച്ചത്. ഇനി താങ്കളുടെ പത്രത്തിൽ ഞാൻ ഒന്നും എഴുതുന്നില്ല. സന്തോഷം  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക