Image

പ്രളയത്തിന് സ്മാരകം ഉണ്ടാക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 11 November, 2018
പ്രളയത്തിന് സ്മാരകം ഉണ്ടാക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
ദുരന്തങ്ങളുടെ ഓര്‍മ്മ യുദ്ധങ്ങളുടേത് പോലെ സമൂഹം കൊണ്ടുനടക്കാറില്ല എന്നും തലമുറകള്‍ക്ക് കൈമാറാറില്ല എന്നതുമാണ് സത്യം. ആയിരവും രണ്ടായിരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യുദ്ധങ്ങളുടെ ചരിത്രവും വൈരവും നമ്മള്‍ തലമുറകളിലേക്ക് പകരുന്‌പോള്‍ അന്‍പത് വര്‍ഷം മുന്‍പത്തെ ദുരന്തത്തിന്റെ ഓര്‍മ്മ അതില്‍ക്കൂടി കടന്നുപോയവര്‍ പോലും മറക്കുന്നു. അന്‍പത് പേര്‍ മരിക്കാത്ത കുളച്ചല്‍ യുദ്ധവും അഞ്ഞൂറ് പേര്‍ മരിക്കാത്ത പ്ലാസി യുദ്ധവും നമ്മള്‍ സ്‌കൂളില്‍ പഠിക്കുന്‌പോള്‍, അയ്യായിരവും അന്പത്തിനായിരവും ആളുകളെ കൊന്നിട്ടുള്ള ഗുജറാത്തിലെ ഭൂകന്പങ്ങളും ഒറീസ്സയിലെ ചുഴലിക്കാറ്റും ഒന്നും പാഠ്യവിഷയം അല്ല. അതേസമയം ഒരു പ്രദേശത്ത് ഒരിക്കല്‍ സംഭവിച്ചിട്ടുള്ള പ്രകൃതി പ്രതിഭാസങ്ങള്‍, കാറ്റോ മഴയോ ഭൂകന്പമോ സുനാമിയോ വീണ്ടും ഉണ്ടാകുമെന്നത് സ്‌റാറ്റിസ്‌റിക്കലായി ഉറപ്പാണ്. ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നത് വീണ്ടും ദുരന്തങ്ങളിലേക്കുള്ള വഴിയാണ്.

ഈ പ്രശ്‌നത്തെ ലോകത്തെ വിവിധ രാജ്യങ്ങള്‍ വിവിധ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ജപ്പാനില്‍ ഒരു സുനാമി വന്നുകഴിഞ്ഞാല്‍ ആ സുനാമി കരയില്‍ എവിടെ വരെ എത്തിയോ അവിടെ ഒരു ശിലാഫലകം സ്ഥാപിക്കും. 'സുനാമിക്കല്ല്' എന്നാണതിന്റെ പേര്. ഈ കല്ലിനും കടലിനുമിടക്കുള്ള ഭൂമി വീടുവെക്കാന്‍ യോഗ്യമല്ല എന്ന് പിന്‍തലമുറക്ക് മുന്നറിയിപ്പ് നല്‍കുന്ന പണിയാണിത്. ജപ്പാനില്‍ അനവധി സ്ഥലങ്ങളില്‍ ഇത് കാണാം. സെണ്ടായ് എന്ന നഗരത്തില്‍ ഇതൊരു ക്ഷേത്രം തന്നെയാണ് (Nami Wake shrine). ആയിരത്തി ഒരുനൂറ് വര്‍ഷം മുന്‍പുണ്ടായ സുനാമിയുടെ ഓര്‍മ്മകളാണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്.

കേരളത്തില്‍ ഇത്തരം സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് രണ്ടായിരത്തിനാലില്‍ സുനാമി വന്നപ്പോള്‍ നമുക്ക് ഒരു അന്തവും കുന്തവും ഇല്ലാതായിപ്പോയത്. ഇപ്പോള്‍ പോലും സുനാമി എവിടെവരെ വന്നു, എത്ര ഉയരത്തില്‍ വന്നു എന്നൊക്കെ ചോദിച്ചാല്‍ ശരാശരി മലയാളിക്ക് ബ ബ്ബ ബ്ബ ആണ്. അത്രയേ ഉള്ളൂ നമ്മുടെ സാമൂഹ്യപാഠം.

വെള്ളപ്പൊക്കത്തിന്റെ കാര്യത്തിലും ദുരന്തത്തിന്റെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. സ്ഥിരം പ്രളയം ഉണ്ടാകുന്ന ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്‌കൂളുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം എത്ര ഉയരത്തില്‍ എത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വീടുവെക്കുന്‌പോള്‍ അവര്‍ ആ കാര്യം ശ്രദ്ധിക്കുന്നു. വിയറ്റ്നാം മുതല്‍ ബ്രൂണെ വരെയുള്ള അനവധി രാജ്യങ്ങളില്‍ സാധാരണയായി പ്രളയം എത്തുന്ന ഉയരത്തിനും മുകളില്‍ വീടിന്റെ തറ വരാന്‍ പാകത്തിന് കുറ്റികള്‍ക്ക് മുകളിലാണ് ആളുകള്‍ വീടുവെച്ചിരുന്നത്.

പ്രളയങ്ങള്‍ നമുക്കും അപൂര്‍വ്വമല്ല. 1923 ലും 24 ലും 61 ലും കേരളത്തില്‍ പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒഴിച്ച് നമ്മുടെ സമൂഹം അത് എവിടെയും കോറിവെച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പെരിയാറിന്റെയും പന്പയുടെയും ചാലക്കുടിയാറിന്റെയും തീരങ്ങളില്‍ നമ്മള്‍ എവിടെയൊക്കെ വീടുവെക്കുമായിരുന്നു എന്നതിലും എങ്ങനെയൊക്കെ വീടുവെക്കുമായിരുന്നു എന്നതിലും വലിയ മാറ്റങ്ങള്‍ ഉണ്ടായേനെ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ എന്റെ വീട്ടില്‍ ഒരിക്കലും വെള്ളം കയറില്ല എന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ആളുകള്‍ വീടിന് കൂടുതല്‍ ഇന്‍ഷുറസ് എടുക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ മുപ്പത്തിനായിരം കോടിയുടെ നഷ്ടം പകുതിയോ അതില്‍ താഴെയോ ആകുമായിരുന്നു.

നമ്മുടെ പഴയ തലമുറക്ക് പറ്റിയ അബദ്ധം നമുക്ക് പറ്റരുത് എന്ന താല്പര്യത്തോടെയാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ സമയത്തുതന്നെ വെള്ളം എത്ര ഉയരത്തിലെത്തി എന്ന് മാര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞത്. അന്നൊക്കെ ആളുകള്‍ അതൊരു നല്ല ആശയം ആയി സ്വീകരിച്ചു. പക്ഷെ ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ വെള്ളം പൊങ്ങിയുണ്ടായ മാര്‍ക്കുകള്‍ വരെ മാച്ചു കളഞ്ഞതാണ് കണ്ടത്. 'സാറേ വന്നത് വന്നു, പക്ഷെ അതൊക്കെ ആരെങ്കിലും കണ്ടാല്‍ പിന്നെ സ്ഥലത്തിന് വില കിട്ടില്ല.' ഇതാണ് കാരണം. സത്യമാണ്. പക്ഷെ നിങ്ങളുടെ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും വിലയുള്ള ഭൂമിയോടൊപ്പം ഒരു മരണവാറണ്ടും കൂടിയാണ് കൈമാറുന്നതെന്ന് ഓര്‍ത്താല്‍ മതി.

വ്യക്തികളുടെ സ്വാര്‍ത്ഥത മാറ്റി ദുരന്ത സാധ്യതകളെ അടുത്ത തലമുറക്ക് കൈമാറുക എന്നത് ഇപ്പോഴും സാധ്യമല്ലാത്തതിനാലാണ് ആധുനിക സമൂഹങ്ങള്‍ ദുരന്തത്തെക്കുറിച്ച് മ്യൂസിയങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും പ്രശസ്തമായത് ജപ്പാനിലെ കോബെ എന്ന സ്ഥലത്തെ ഭൂകന്പത്തിന്റെ മ്യൂസിയമാണ്. 1995 ല്‍ കോബെയില്‍ നടന്ന ഭൂകന്പത്തിന്റെ അവശിഷ്ടങ്ങളും ദൃശ്യങ്ങളുമാണ് അവിടെയുള്ളത്. ഒരു സിമുലേറ്ററില്‍ കയറി ഭൂമികുലുക്കം എങ്ങനെയായിരുന്നു എന്ന് അനുഭവിച്ചറിയാനുള്ള സംവിധാനവും അവിടെയുണ്ട്.

ചൈനയില്‍ 2008 ലെ ഭൂകന്പത്തില്‍ ബെയ്ച്ചുവാന്‍ എന്ന നഗരം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നശിച്ചു. ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ നാല്പത്തിനായിരത്തോളം ആളുകള്‍ മരിച്ചു. മലകള്‍ പിളര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ പതിച്ചതിനാല്‍ ആയിരങ്ങളുടെ ശവശരീരം പോലും കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ആ നഗരം പുനര്‍നിര്‍മ്മിച്ച് ഭാവി തലമുറക്ക് അപകടം ഉണ്ടാകാതിരിക്കാനും വരും തലമുറയ്ക്ക് ഭൂകന്പത്തിന്റെ ഭീകരത മനസ്സിലാക്കി കൊടുക്കാനുമായി ചൈനീസ് ഗവണ്മെന്റ് ആ നഗരം ഭൂകന്പത്തിന്റെ ഒരു ഓര്‍മ്മ മ്യൂസിയമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ അവിടെ എത്തുന്നവര്‍ക്ക് തകര്‍ന്നുകിടക്കുന്ന നഗരം ഭൂകന്പത്തിന്റെ ഭീകരത മനസ്സിലാക്കിക്കൊടുക്കും.

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ വന്‍ സുനാമി വന്ന കാഴ്ച്ച നമ്മള്‍ എല്ലാവരും കണ്ടതാണ്. അവിടെ അതിന്റെ ഓര്‍മ്മക്കായി ഒരു സുനാമി മെമ്മോറിയല്‍ പാര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്. സുനാമിയുടെ ഭീകരത, അതുണ്ടാക്കിയ നഷ്ടങ്ങള്‍, അതിനെ ജനങ്ങള്‍ നേരിട്ട രീതി ഇതൊക്കെ അവിടെ തലമുറകള്‍ക്ക് കാണാനായി ഉണ്ടാക്കിവെച്ചിട്ടുണ്ട്.

ഐസ്ലന്റിലെ അഗ്‌നിപര്‍വത മ്യൂസിയം, ഇഡാഹോയിലെ കാട്ടുതീ മ്യൂസിയം, ടെക്സാസിലെ ചുഴലിക്കാറ്റിന്റെ മ്യൂസിയം എന്നിങ്ങനെ ദുരന്തങ്ങള്‍ ഉണ്ടായ അനവധി നാടുകളില്‍ അടുത്ത തലമുറയെ അതേപ്പറ്റി ഓര്‍മ്മിപ്പിക്കാനായി ദുരന്തസ്മാരകങ്ങള്‍ ആയ മ്യൂസിയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇത്തവണ ഉണ്ടായ പ്രളയം നമ്മുടെയെല്ലാം ആശങ്കകള്‍ക്കും ചിന്തകള്‍ക്കും അതീതമായിരുന്നല്ലോ. രണ്ടുമാസം കഴിഞ്ഞതോടെ അതൊക്കെ നമ്മള്‍ മറന്നും കഴിഞ്ഞു. അടുത്ത തലമുറ ആകുന്‌പോഴേക്കും ഇതിന്റെ വിശദാംശങ്ങളൊക്കെ നമ്മള്‍ മറന്നിരിക്കും. ഈ സാഹചര്യത്തില്‍ ഞാനൊരു ആശയം പറയാം.

ആലുവയില്‍ പെരിയാറിന്റെ തീരത്ത് പ്രളയത്തെപ്പറ്റി നമുക്കൊരു അടിപൊളി മ്യൂസിയം ഉണ്ടാക്കണം. പഴയ രാജാവിന് കുളിച്ചു താമസിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കെട്ടിടവും വേണ്ടത്ര സ്ഥലവും ഒക്കെ പുഴയുടെ തീരത്ത് തന്നെ കിടപ്പുണ്ട്. അവിടെ പെരിയാറിന്റെ ചരിത്രം, പ്രളയങ്ങളുടെ ചരിത്രം, പ്രളയത്തിന്റെ കാഴ്ചകള്‍, പ്രളയം ഉണ്ടാക്കിയ നാശങ്ങള്‍, അവ നമ്മള്‍ നേരിട്ട രീതി ഇതൊക്കെ ചിത്രീകരിച്ച് നല്ല ഒരു മ്യൂസിയം ഉണ്ടാക്കണം. കേരളത്തിലെ സാധാരണ മ്യൂസിയങ്ങള്‍ പോലെ പത്രങ്ങളും ഫോട്ടോകോപ്പിയും വെച്ചുള്ള മ്യൂസിയം അല്ല, മറിച്ച് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, കന്പ്യൂട്ടര്‍ സിമുലേഷനിലൂടെയും സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയിലൂടെയും സന്ദര്‍ശകര്‍ക്ക് പ്രളയത്തിന്റെ രൂക്ഷത മനസ്സിലാക്കി കൊടുക്കുന്ന ഒന്ന് ആയിരിക്കണം അത്. ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂര്‍ കീഴടക്കാന്‍ ആലുവ വരെ വന്നു എന്നും പുഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സൈന്യത്തിനും പടക്കോപ്പിനും നാശനഷ്ടം ഉണ്ടായി എന്നുമൊക്കെ ചരിത്രം ഉള്ളതാണല്ലോ. അതൊക്കെ നമുക്ക് കുറച്ചു പൊലിപ്പിച്ചു കാണിക്കാം. ഏറെ കാലത്തെ ചരിത്രമുളള നഗരമാണ് ആലുവ എങ്കിലും അവിടെ വരുന്നവരെ കാണിച്ചു കൊടുക്കാനായി തല്‍ക്കാലം ഒന്നുമില്ലാത്ത സ്ഥിതിയാണ്. അത് മാറട്ടെ. നവ കേരളത്തില്‍ ആലുവക്ക് പുതിയൊരു ചരിത്ര സ്ഥാനം ഉണ്ടാകട്ടെ.
പ്രളയത്തിന് സ്മാരകം ഉണ്ടാക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക