Image

പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)

Published on 12 November, 2018
പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)
നൂറ്റിഇരുപതു സീറ്റുള്ള മനോഹരമായ ബോട്ടിനു പേര്‍ 'വേഗ 120.'. ഇക്കഴിഞ്ഞ ദിവസം വൈക്കംഎറണാകുളം റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ഈ സ്പീഡ് ബോട്ട് കേരളത്തില്‍ രൂപകല്‍പന ചെയ്തു നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കാന്‍ വിഷമം. നാല്‍പ്പതു സീറ്റുള്ള എയര്‍ കണ്ടിഷന്‍ഡ് കാബിനിലും അമ്പതു സീറ്റ് ഉള്ള ഓര്‍ഡിനറി കാബിനിലും നിറയെ ആളുകള്‍.

കുടുംബശ്രീയുടെ ലഘുഭക്ഷണവും വൈഫൈയും ഒക്കെ സജ്ജീകരിക്കുന്ന ബോട്ട് നിര്മിച്ചച്ചതു ഐഐടി യിലും ഫ്രാന്‍സിലെ ഇന്‍സീഡിലും പഠിച്ച നേവല്‍ ആര്‍കിടെക്ട് സന്ദിതിന്റെ നേതൃത്വത്തില്‍ കൊച്ചിയിലുള്ള നവ്ഗതി കമ്പനിയാണ്. വില 1.85 കോടി. വൈക്കത്തുനിന്നു കായലിനു കുറുകെ ആലപ്പുഴ ജില്ലയിലെ തവണക്കടവ് വരെ ഫെറി സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് ആദിത്യ നിര്‍മിച്ചതും അവര്‍ തന്നെ.

കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള വൈക്കത്തു
നിന്നു 36 കി.മീ. അകലെ എറണാകുളം സുഭാഷ് പാര്‍ക്കിനോടുചേര്‍ന്നുള്ള മെയിന്‍ ജെട്ടിയില്‍ എത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍. കടലിലെ ഏറ്റവും ഇറക്കവും സ്പീഡിനെ ബാധിക്കും. സ്‌റ്റോപ്പുകള്‍ കുറവ്. പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര, കഴിഞ്ഞാല്‍ എറണാകുളം ജെട്ടി. അരൂര്‍, കുമ്പളം, തേവര, വെണ്ടുരുത്തി പാലങ്ങള്‍ക്കു ശേഷം കപ്പല്‍ ശാലയും വിമാനവാ
ഹിനി കപ്പലും കടന്നാല്‍ ഓയില്‍ റിഫൈനറിയിലേക്കു ഇറാനില്‍ നിന്ന് എണ്ണയുമായെത്തി ബെര്‍ത്ത് ചെയ്ത വന്‍ കപ്പല്‍ . മുകളില്‍ നേവല്‍ ബേസില്‍ നിന്നുള്ള ഹെലികോപ്റ്ററുകള്‍. വലത്ത് മഹാരാജാസ് കോളജിനെ തൊട്ടുരുമ്മി പോകുന്ന മെട്രോ ട്രെയിന്‍.

പെരുമ്പളം ദ്വീപില്‍ നിന്നു കയറിയവരില്‍ ഒരാള്‍ എന്റെ എതിര്‍ സീറ്റില്‍ ഇരുന്നു. സച്ചിന്‍ ചന്ദ്രന്‍ എറണാകുളത്ത് കായലിലേക്ക് മിഴി നട്ടിരിക്കുന്ന മഹാരാജാസില്‍ ഡിഗ്രിക്ക് പഠിക്കുന്നു. ദ്വീപില്‍ നിന്ന് അഞ്ചു രൂപയുടെ കടത്ത് ബോട്ട് കടന്നു പൂത്തോട്ട എത്തി ബസില്‍ പോയാല്‍ അഞ്ചു രൂപയുടെ സൗജന്യ നിരക്കില്‍ കോളജില്‍ എത്താം പക്ഷെ തൃപ്പൂണിത്തുറ മുതലുള്ള ട്രാഫിക്ക് ജാം കാരണം രണ്ടു രണ്ടര മണിക്കൂര്‍ എടുക്കും. ബോട്ടില്‍ ആദ്യം പോകുകയാണ്. ഇഷ്ടമായി.

''ബോട്ട് ചാര്‍ജ് 30 രൂപ. യാത്ര സുഖം. ശബ്ദശല്യമോ പൊടി ശല്യമോ ഇല്ല. ബോട്ടിറങ്ങിയാല്‍ കോളജിലേക്കു അഞ്ചു മിനിറ്റ് കൊണ്ട് നടന്നെത്താം.'' സച്ചിന്‍ പറഞ്ഞു. ''നിങ്ങള്‍ സ്റ്റുഡന്റ് കണ്‍സെഷന്‍ കിട്ടാന്‍ അപക്ഷ കൊടുത്തു നോക്കൂ. കിട്ടാന്‍ എല്ലാ സാധ്യതയുമുണ്ട്,'' എന്നോടൊപ്പം ഉണ്ടായിരുന്ന ചേര്‍ത്തല മുട്ടത്തിപറമ്പു ചിറയില്‍ സി.കെ.ഗോപി പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് വകുപ്പില്‍ സേവനം ചെയ്തു പ്രിന്‍സിപ്പല്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ആയി പിരിഞ്ഞ ആളാണ്.

കലൂര്‍ സ്‌റേഡിയത്തിനടുത്ത് സി ഡിറ്റില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ പാണാ
വള്ളിയില്‍ നിന്ന് കയറിയ ആളാണ്. ''യാത്ര സുഖം. ചാര്‍ജും കൂടുതല്‍ അല്ല. എന്നാല്‍ കൂടുതല്‍ ബോട്ട് ഇടണം. ഇപ്പോള്‍ രാവിലെ വന്നാല്‍ വൈകിട്ട് അഞ്ചരക്കേ മടങ്ങൂ. അത് പോരാ. ഫ്രീക്വന്‍സി കൂട്ടണം. '' ശ്രീപ്രിയ പറഞ്ഞു. ഇപ്പോള്‍ ഇടവേളയില്‍ ഫോര്‍ട്ട് കൊച്ചിക്കു സര്‍ക്കുലര്‍ സര്‍വീസ് നടത്തുകയാണ് വേഗ 120.

ഗാന്ധിജി പങ്കെടുത്ത വര്‍ണവിരുധ്ധ സത്യഗ്രഹം കൊണ്ട് 1924 ല്‍ ഇന്ത്യയുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച വൈക്കം, വേമ്പനാട് കായല്‍ തീരത്തെ ഏറ്റം പ്രമുഖ മുനിസിപ്പല്‍ പട്ടണമാണ് വൈക്കം മഹാദേവര്‍ ക്ഷേത്രത്തിലെ അഷ്ടമിക്കു ജനലക്ഷങ്ങളാണ് എത്തുക. എട്ടു കി.മീ. അകലെ ചെമ്മനാകരിയിലെ ഇന്‍ഡോ അമേരിക്കന്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ ആശുപത്രി അമേരിക്കയിലെ ബഫല്ലോയില്‍ താമസിക്കുന്ന ഡോ കുമാര്‍ ബാഹുലേയന്‍ ജന്മനാടിനു നല്‍കിയ സ്‌നേഹോപഹാരം.

ഇതൊന്നുമല്ല വൈക്കത്തിന്റെ പ്രാധാന്യം. രാജഭരണ കാലത്ത് തിരുവിതാംശംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കിയിരുന്ന കണ്ണി ആയിരുന്നു അവിടം. കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറേ തീരം. അവിടെ നിന്നു എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള ബോട്ട് സര്‍വീസുകളാണ് ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും താങ്ങി നിര്‍ത്തിയിരുന്നത്. അന്ന് റോഡോ ബസോ പേരില്‍ മാത്രം.

എറണാകുളത്തുനിന്നു യാത്രക്കാരെയും ഒപ്പം ചരക്കുകളും ഉള്‍നാടുകളി
ലേക്കു കൊണ്ടുപോയിരുന്നതും കൊണ്ട് വന്നിരുന്നതും ബോട്ടുകളാ
യിരുന്നു.കന്നുകാലികളും എരുമയുമൊക്കെ ബോട്ടില്‍ സഞ്ചരിച്ചു. ഇങ്ങിനെ തേയില, കാപ്പി, കയര്‍, കുരുമുളക്, പുകയില, മലഞ്ചരക്ക്, ജൗളി തുടങ്ങിയവ വാഴയിലയും വഴക്കുലകളും നിത്യവും.

സര്‍ക്കാര്‍ ബോട്ടുകള്‍ ഇല്ല.പുഞ്ചിരി, സ്വരാജ് എന്നിവയായിരുന്നു അന്നത്തെ പ്രധാന െ്രെപവറ്റ് ബോട്ട് സര്‍വിസുകള്‍. രണ്ടിന്റെയും ഉടമകള്‍ കോട്ടയംകാര്‍. മണലേല്‍ ചെറിയാനും കെ.എന്‍. ശങ്കുണ്ണിപ്പിള്ളയും
പുഞ്ചിരിക്കു അമ്പതോളം ബോട്ടുകള്‍ ഉണ്ടായിരുന്നു

.പുഞ്ചിരി ഉടമകള്‍ കോട്ടയവും ആലപ്പുഴയും കേന്ദ്രമാക്കി കച്ചവടവും റെയില്‍വേ ഔട്ട് ഏജന്‍സിയും കണ്‍സ്യൂമര്‍ ഗുഡ്‌സ് വിതരണവും വ്യാപിപ്പിച്ചപ്പോള്‍ സ്വരാജ് ഉടമകള്‍ ബസ്, ലോറി സര്‍വീസിലേക്കും പത്ര പ്രസാധനത്തിലേക്കും (ദേശബന്ധു) ശ്രദ്ധ തിരിച്ചു. ആലപ്പുഴകോട്ടയം ബോട്ട് ചാനലില്‍ കുപ്പപ്പുറത്ത് പുഞ്ചിരി ബോട്ട് ജെട്ടി ഇന്നുമുണ്ട്, കട്ടപ്പനക്കടുത്ത് സ്വരാജ് എന്നൊരു ഗ്രാമം തന്നെയുണ്ട്. സ്വരാജ് വാഹനങ്ങളുടെ താവളം ആയിരുന്നു അവിടം.

ദിവാന്‍ രാജാകേശവദാസന്‍ പണിയിച്ച ആലപ്പുഴ നഗരം കിഴക്കിന്റെ വെനീസ് എന്നനിലയില്‍ തുറമുഖ പട്ടണമായി ശോഭിച്ചിരുന്ന കാലം. ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന കത്തുകളും മറ്റുരുപ്പടികളും കോട്ടയത്തേക്കു വള്ളത്തില്‍ കൊണ്ടുവരുന്ന കരാര്‍ കോട്ടയം താഴത്തങ്ങാടി മണലേല്‍ കോര ഏറ്റെടുത്ത് നടത്തിയിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തെ ''തപാല്‍ കോര'' എന്ന് വിളിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഏഴു പുത്രന്‍മാരില്‍ മൂത്തയാള്‍ എം .സി. ചെറിയാനാണ് ഒരുനൂറ്റാണ്ടു മുന്‍പ് പുഞ്ചിരി ബോട്ട് സര്‍വീസിന് ബീജാവാപം ചെയ്തത്.
കോട്ടയംആലപ്പുഴ റൂട്ടില്‍ സ്റ്റീം ബോട്ട് ഓടിക്കാന്‍ എം.സി ചെറിയാനെ അനുവദിച്ചുകൊണ്ടു1907 ഡിസംബര്‍ 19 നു തിരുവനതപുരം ഹജൂര്‍ കച്ചേരിയില്‍ നിന്ന് ചീഫ് സെക്രട്ടറി ഒപ്പിട്ടയച്ച കത്തില്‍ ആദ്യവര്‍ഷം 100 രൂപയും രണ്ടാംവര്‍ഷം 75 രൂപയും മൂന്നാം വര്‍ഷം 50 രൂപയും സബ് ഡി നല്‍കുന്നതാണെന്നു അറിയിച്ചു.

വിറകു കത്തിച്ച് നീരാവി കൊണ്ട് ഓടുന്ന തടിബോട്ടുകളാണ് ആദ്യമായി നീറ്റില്‍ ഇറക്കിയത്. ബോട്ടിന്റെ മുക്കാല്‍ ഭാഗവും വിറകു കയറ്റാന്‍ വേണം. ബാക്കിയേ യാത്രക്കാര്‍ക്കും ചരക്കിനും ലഭിക്കൂ.

അങ്ങിനെ തുടങ്ങിയ ബോട്ട് സര്‍വീസ് വളര്‍ന്നു വികസിച്ച് തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളുടെ ജീവനാഡിയായി. 1965ല്‍ െ്രെപവറ് ബോട്ടുകള്‍ മുഴുവനായി ഏറ്റെടുത്തുകൊണ്ട് ദേശവല്‍ക്കരണം വന്നു. ഒരു ലൈന്‍ ബോട്ടു തിരികെ നല്കിയതായിരുന്നു സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം.ആദ്യം സ്‌റേറ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനും പിന്നീട് സ്‌റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്
പോര്‍ട് ഡിപ്പാര്‍ട്‌മെന്റും വന്നു. ഇന്ന് ഡിപ്പാര്‍ട്‌മെന്റാണ് സര്‍വീസുകള്‍ നടത്തുന്നത്. ആകെയുള്ളത് 56 ബോട്ടുകള്‍. കോട്ടയം കച്ചേരിക്കടവിലെ ജെട്ടിയില്‍ നിന്ന് പത്രക്കെട്ടുകളുമായി വെളുപ്പിന് ഒരുമണിക്ക് ആലപ്പുഴയ്ക്ക് പോകുന്ന ബോട്ട് സര്‍വീസ് 1996 വരെ നിലനിന്നിരുന്നു.

കോട്ടയത്തെയും ആല പ്പുഴയിലെയും ജെട്ടികള്‍ നഷ്ടപ്രതാപത്തിന്റെ അസ്ഥിപഞ്ജരങ്ങളായി നിലകൊള്ളുന്നു. ബോട്ട് സര്‍വീസ് ആസ്ഥാനമായിരുന്ന പുഞ്ചിരി ബില്‍ഡിങ്‌സ് ഇപ്പോഴും അവിടുണ്ട്. കോട്ടയത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് കെട്ടിടം. പഴയ ജെട്ടിയുടെ പൊടിപോലുമില്ല. ആ തോട്ടില്‍ പോള നിറഞ്ഞു കിടക്കുന്നു.മന്ത്രി തിരുവഞ്ചൂര്‍ മുന്‍കൈ എടുത്ത് അവിടം ഒരു വാട്ടര്‍ ഹബ് ആകാനുള്ള പണികള്‍ മുക്കാലും പൂര്‍ത്തിയായി. ഇതിനകം മൂന്ന് കോടി ചെലവായി. അഞ്ചു കൊടിയുടേതാണ് പ്രോജക്ട്.

പുഞ്ചിരിയുടെ സ്ഥാപകന്‍ ചെറിയാന്‍ ആശാന്‍ എന്ന എം.സി ചെറിയാന്‍ വിദൂര വീക്ഷണമുള്ള ധിഷണാശാലിയായിരുന്നു. 1864 ല്‍ ജനിച്ചു 1959ല്‍ 95 ആം വയസ്സില്‍ കടന്നുപോയ അദ്ദേഹം ആദ്യം സൂറത്തില്‍ പോയി ഡീസല്‍ ബോട്ട് വാണികൊണ്ടുവന്ന തിരുവിതാകൂറിലെ ആദ്യത്തെ സാഹസികനായിരുന്നു.

ആദ്യം ലോറിയുടെ പെര്‍ക്കിന്‍സ് എന്‍ജിനുകള്‍ കണ്‍വെര്‍ട് ചെയ്തു തേക്ക് തടിയില്‍ തീര്‍ത്ത ബോട്ടുകളില്‍ ഘടിപ്പിക്കുകയായിരുന്നു.പിന്നീട് ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനുകള്‍ ഇറക്കുമതി ചെയ്തു. ഇളയ അനുജന്‍ എംസി.ജോസഫിനെ ഇക്കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ അയക്കുകയും ചെയ്തു.
പാലങ്ങളെല്ലാം തീര്‍ത്തു ആലപ്പുഴചങ്ങനാശ്ശേരി (എ സി) റോഡ് നിലവില്‍ വന്നതോടെ യാത്രക്കാര്‍ ബസുകളെ ആശ്രയിക്കാന്‍ തുടങ്ങി . അത് ബോട്ട് സര്‍വീസിന് വിനയായി. കുട്ടനാട്ടില്‍ ആര്‍. ബ്ലോക്കുകര്‍ക്കു മാത്രം മതി ബോട്ട് എന്ന സ്ഥിതി വന്നു. മാറ്റിങ്ങളിലെല്ലാം റോഡുകള്‍ വന്നു,ബസ് സര്‍വീസും ആരംഭിച്ചു.

പക്ഷെ റോഡുകള്‍ വാഹനങ്ങള്‍ കൊണ്ട് നിറയുകയും വിഷ വാതകങ്ങള്‍ കൊണ്ട് അന്തരീക്ഷം മലീമസമാവുകയും ചെയ്തതോടെ വിസ്മൃതിയിലാണ്ട ജലഗതാഗതം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ തെംസിലും ജര്‍മനിയിലെ റൈനിലും എണ്ണ ഉള്‍പ്പെടെയുള്ള ചരക്കുകളു മായി ബാര്‍ജുകള്‍ ഇന്നും നിരനിരയായി പോകുന്നത് കാണാം. കെട്ടുവള്ളങ്ങളുടെ കാലം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയും ബാര്‍ജുകള്‍ ഓടിച്ചിരുന്നു. നവ കേരളത്തിന്റെ പ്രതീകമാണ് പുതിയ വൈക്കം എറണാകുളം സ്പീഡ്‌ബോട്ട്. തടിബോട്ടുകളുടെ കാലം കഴിഞ്ഞു, ടെക്‌നോളജി മാറി. ഇപ്പോള്‍ താരം സ്റ്റീല്‍, ഫൈബര്‍ ബോട്ടുകളാണ്.

''ബോട്ട് സര്‍വീസുകള്‍ ദേശസാല്‍ക്കരിച്ച കാലത്ത് ആദ്യം വന്ന കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടര്‍ എന്റെ പിതാവ് എം.എം എബ്രഹാം ആയിരുന്നു. പക്ഷെ ഏതാനും വര്‍ഷം കൊണ്ട് തൊഴില്‍ പ്രശ്ങ്ങള്‍ മൂലം അത് നഷ്ടത്തിലേക്ക് കൂപ്പു കുത്തി. പിന്നീട് ബോട്ട് സര്‍വീസ് ഗവര്‍മെന്റിന്റെ ഒരു വകുപ്പായി മായി.എത്ര നഷ്ടം വന്നാലും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടും,'' പറയുന്നത് പുഞ്ചിരിയുടെ നാലാം തലമുറയില്‍ പെട്ട സുനില്‍ മാത്യു എബ്രഹാം.

ഊട്ടി ലവ്‌ഡെലിലെ ലോറന്‍സ് സ്കൂളിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും പഠിച്ച സുനില്‍ ബിസിനസ് മാനേജമെന്റില്‍ മാസ്‌റ്റേഴ്‌സ് ഉള്ള ആളാണ്. ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്ത പുഞ്ചിരി കുടുംബ വീട്ടില്‍ താമസിച്ച് കുടുംബ ബിസിനസ്സുകള്‍ നോക്കുന്നു. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. അനുജന്‍ ചെറിയാന്‍ വാഷിംഗ്ടണില്‍.

പുഞ്ചിരിയുടെ ആലപ്പുഴയിലെ ബിസിനസുകള്‍ റെയില്‍വേ ഔട്ട് ഏജന്‍സി, ടിവിഎസ് ഔട്ട് ഏജന്‍സി, ഡിസ്ട്രിബൂഷന്‍ തുടങ്ങിയവ കെട്ടിപ്പടുക്കുന്നതില്‍ ചെറിയാനാശാന്റെ മൂത്തമകന്റെ മകന്‍ എംഎം ചെറിയാന്‍ വഹിച്ച പങ്കു വലുതാണ്. നെസ്‌ലെ, കാഡ്ബറി, ബ്രിട്ടാനിയ, യൂണിയന്‍ കാര്‍ബൈഡ് തുടങ്ങിയ വന്‍ കമ്പനികളുടെ വിതരണാവകാശം മാങ്കോട് ആന്‍ഡ് പുഞ്ചിരി കമ്പനിക്കായിരുന്നു. ടാറ്റാ സണ്‍സിലെ ജോലി ഉപേക്ഷിച്ചിട്ടാണ് ചെറിയാന്‍ കുടുംബ ബിസിനസിലേക്ക് കടന്നു വന്നത്..

സി..കെ ഗോപി എറണാകുളം, വൈക്കം, മുഹമ്മ, കൊല്ലം എന്നിവിടങ്ങളില്‍ സേവനം ചെയ്ത ജലഗതാഗത വകുപ്പിലെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ആണ്. രണ്ടുപുത്രന്‍മാരില്‍ ബിജേഷിന് ആഗോള ജലഗതാഗതവുമായി അഭേദ്യ ബന്ധം ഉണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ നൂറ്റാണ്ടു പിന്നിട്ട പി.ആന്‍ഡ് ഒ.(പെനിന്‍സുലാര്‍ ആന്‍ഡ് ഓറിയന്റല്‍) കമ്പനി വക യാത്രക്കപ്പലുകളിലാണ് ജോലി. പി.ആന്‍ഡ് ഒ ക്ക്. 19 നിലകളില്‍ 3400 യാത്രക്കാരും 1600 ജോലിക്കാരുമായി ഊരു ചുറ്റുന്ന 'അസുര' ഉള്‍പ്പെടെ എട്ടു വന്‍ കപ്പലുകള്‍ ഉണ്ട് .അനുജന്‍ ബിനേഷ് ഓസ്‌ട്രേലിയയിലെ ന്യൂ കാസിലില്‍..

സ്വരാജ് മോട്ടോഴ്‌സില്‍ ജോലി നേടി ജല യാത്രയോടുള്ള ഭ്രമം കൊണ്ട് സ്വരാജ് നാവിഗേഷനിലേക്കു കൂടു മാറിയ പാര്‍ത്ഥന് 92 വയസായി. പക്ഷെ ഇന്നും ചുറുചുറുക്കോടെ ഒറ്റയ്ക്കു കോട്ടയത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്ത് ജീവിക്കുന്നു. ഭാര്യകമലവേണി അന്തരിച്ചു. പുത്രന്മാര്‍ ബൈജുവും ബിനുവും പ്രഗത്ഭരാണ്. ബൈജു പാര്‍ത്ഥന്‍ ബോബെയില്‍ അന്താരഷ്ട്രപ്രശസ്തനായ ചിത്രകാരനും ബിനു വിയന്നയില്‍ ജോലി ചെയ്തു എനര്‍ജി എന്‍ജിനീയറിങ്ങില്‍ ഡോക്ട്രേറ്റുനേടിയ യു എന്‍ കണ്‍സല്‍റ്ട്ടന്റുമാണ്.

പുഞ്ചിരിക്കും സ്വരാജിനും പുറമെ ഒന്നും രണ്ടും നാലും ബോട്ടുള്ള നിരവധിപേര്‍ കുട്ടനാട്ടിലെ വിവിധ മേഖലകളിലുണ്ടായിരുന്നുവെന്നു പാര്‍ത്ഥന്‍.. ''ബോട്ടില്‍ മിനിമം ചാര്‍ജ് ഒരണ ആക്കണമെന്ന് വാദിച്ചു എ കെ.ആന്റണി നയിച്ച സമരം ഓര്‍മയില്ലേ?,'' അദ്ദേഹം ചോദിച്ചു. അതിന്റെയൊക്കെ ഫലമായി ബോട്ട് സര്‍വീസ് മേഖല തകര്‍ന്നു. സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ സ്ഥാപനം ലിക്വിഡേഷനിലായി. ഇപ്പോള്‍ ലാഭം നോക്കാത്ത ജനസേവന മേഖലയാണ്.''

പുഞ്ചിരി കുടുംബത്തിലെ നാലാം തലമുറയില്‍ ടൂറിസം വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത തോമസ് കോരയുണ്ട് കോട്ടയത്തെ പഴയ ജെട്ടിയില്‍ പുഞ്ചിരി ആസ്ഥാനമായിരുന്ന കെട്ടിടത്തോട് ചേര്‍ന്ന് സ്വന്തം സ്ഥലവുമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് പിതാവ് എം.ടി കോര പുഞ്ചിരിയുടെ എറണാകുളം ജെട്ടിയില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ആയി ജോലി ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.അരനൂറ്റാണ്ടിന് ശേഷം അതേ ജെട്ടിയില്‍ സര്‍ക്കാര്‍ പണിത മനോഹര ബഹുനില മന്ദിരത്തില്‍ ടൂറിസം റീജണല്‍ ജോയിന്റ് ഡയറക്ടറായി ചാര്‍ജെടുത്തപ്പോഴുണ്ടായ ത്രില്‍ തോമസ് ഇന്നും മറന്നിട്ടില്ല.

'' ഒരു ബോട്ടു വാങ്ങി പുഞ്ചിരി എന്നു പേരിട്ടു ആലപ്പുഴയിലും കോട്ടയത്തും ഓടിച്ച് നടക്കാന്‍ മോഹമുണ്ട്,'' നാലാം തലമുറക്കാരന്‍ സുനില്‍ ഈ ലേഖകനോട് പറഞ്ഞു. അറുപത്താറാമതു നെഹ്‌റു ട്രോഫി ജലമേളയുടെ ആവേശം അദ്ദേഹത്തിന്റെ വീട്ടു മുറ്റത്തിരുന്നാല്‍ മനം നിറഞ്ഞു കേള്‍ക്കാം. അഞ്ചു മിനിട് നടന്നാല്‍ നേരിട്ട് കാണാം. ''എങ്കില്‍ ഒരു ചുണ്ടന്‍ വാങ്ങി പുഞ്ചിരി എന്ന് പേരിട്ടു കൂടേ?'' എന്ന ചോദ്യത്തിനു കഴിഞ്ഞ മൂന്ന് തലമുറകളുടെ അപദാനങ്ങള്‍ക്കു മുമ്പില്‍ ഒരു ചുണ്ടന്‍ ഒന്നുമാകില്ല എന്നായിരുന്നു മറുപടി.

പുഞ്ചിരി കുടുംബത്തിലെ മൂന്നാംതലമുറക്കാരന്‍ ഡോ. ജോസഫ് ചെറിയാന്‍ ദീര്‍ഘകാലത്തെ പ്രവാസത്തിനു ശേഷം ഗള്‍ഫില്‍ നിന്ന് മടങ്ങി വന്നു കോട്ടയത്ത് വടവാതൂരില്‍ പുതിയ വീടുവച്ചു താമസിക്കുന്നു. അദ്ദേഹമാണ് കുടുംബത്തിലെ തലമൂത്ത കാരണവര്‍. ഇപ്പോള്‍ പുതുപ്പള്ളി മന്ദിരം ആശുപത്രിയില്‍ സന്നദ്ധസേവനം ചെയ്യുന്നു. വീട്ടുപേര് 'പുഞ്ചിരി'. അദ്ദേഹം പണിത മറ്റൊരു വീടിനു പേര് 'സ്‌മൈല്‍ഡം'.

ബോട്ട് സര്‍വീസ് തുടങ്ങിയ ചെറിയാന്‍ ആശാന്‍ നല്ലൊരുഹാസസാഹിത്യകാരനും പ്രഭാഷകനും ഒക്കെയായിരുന്നു. അദ്ദേഹം രചിച്ച 'പുഞ്ചിരി പഞ്ചകം' എന്ന ഗ്രന്ഥത്തിന്റെ രണ്ടു പ്രതികള്‍ ഇപ്പോഴും സുനിലിന്റെ പക്കല്‍ ഉണ്ട്. മലയാള മനോരമ പത്രാധിപര്‍ കെ.എം മാത്യുവിന്റെ 'എട്ടാമത്തെ മോതിരം' എന്ന ആത്മ കഥയില്‍ പുഞ്ചിരിയെയും സ്ഥാപകനെയും പ്രശംസിച്ചിട്ടുമുണ്ട്. അതാണ് പുഞ്ചിരിയുടെ ഏറ്റവും വലിയ സ്മാരകം.

മനോരമ പത്രം സൗജന്യമായി കിട്ടുന്നു. 80 എത്തുന്ന അമ്മ ലീലാമ്മ തടത്തില്‍ ആണ് പ്രധാന വായനക്കാരി. ''മനോരമ ഉള്ളിടത്തോളം കാലം ഫ്രീ ആയി പത്രം നല്‍കുമെന്നാണ് പത്രാധിപരുടെ രേഖാമൂലമുള്ള വാഗ്ദാനം.'', സുനില്‍ പറയുന്നു.
പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)പുഞ്ചിരിയോടെ തുടങ്ങി, സ്വരാജ് ഒപ്പം, തിരുവിതാംകൂറിനെയും കൊച്ചിയെയും കൂട്ടിയിണക്കുന്ന ചരിത്രയാനങ്ങള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക