Image

മത്സ്യത്തൊഴിലാളികള്‍ക്ക്‌ നാവിക്‌ ഉപകരണങ്ങളും സാറ്റ്‌ലൈറ്റ്‌ ഫോണും ലഭ്യമാക്കാന്‍ 25.36 കോടി

Published on 13 November, 2018
മത്സ്യത്തൊഴിലാളികള്‍ക്ക്‌ നാവിക്‌ ഉപകരണങ്ങളും സാറ്റ്‌ലൈറ്റ്‌ ഫോണും ലഭ്യമാക്കാന്‍ 25.36 കോടി


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക്‌ നാവിക്‌ ഉപകരണങ്ങളും സാറ്റ്‌ലൈറ്റ്‌ ഫോണും ലഭ്യമാക്കാനുളള 25.36 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ്‌ നാവിക്‌ ഉപകരണം നല്‍കുന്നത്‌. 1500 കിലോമീറ്റര്‍ വരെ കവറേജ്‌ ഏരിയ ഉള്ള നാവിക്‌ മുഖേന ചുഴലിക്കാറ്റ്‌, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.

ഐഎസ്‌ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കെല്‍ട്രോണാണ്‌ നാവിക്‌ ഉപകരണങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നത്‌. 15,000 ഉപകരണങ്ങള്‍ക്ക്‌ 15.93 കോടി രൂപയാണ്‌ ചെലവ്‌. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുളള അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും നാവിക്‌ ഫലപ്രദമാണ്‌.

തീരദേശ ജില്ലകളില്‍ നിന്ന്‌ പന്ത്രണ്ട്‌ നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക്‌ മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ്‌ ഉപകരണങ്ങള്‍ നല്‍കുക. ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ്‌ 9.43 കോടി രൂപ ചെലവില്‍ സാറ്റ്‌ലൈറ്റ്‌ ഫോണ്‍ നല്‍കുന്നത്‌.

ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റ്‌ലൈറ്റ്‌ ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്‌എന്‍എല്ലുമായി സഹകരിച്ചാണ്‌ ഈ പരിപാടി നടപ്പാക്കുന്നത്‌. ഒരു യൂണിറ്റിന്‌ 94,261 രൂപയാണ്‌ സാറ്റ്‌ലൈറ്റ്‌ ഫോണിന്റെ വില.

ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക്‌ ഉപകരണത്തിനും സാറ്റ്‌ലൈറ്റ്‌ ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ (ഓഖി ഫണ്ട്‌) വിനിയോഗിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക