Image

അടയുന്ന കവാടങ്ങളും പൊലിയുന്ന അമേരിക്കന്‍ സ്വപ്നങ്ങളും (ലേഖനം: ജോസഫ് ഏബ്രഹാം)

Published on 15 November, 2018
അടയുന്ന കവാടങ്ങളും പൊലിയുന്ന അമേരിക്കന്‍ സ്വപ്നങ്ങളും (ലേഖനം: ജോസഫ് ഏബ്രഹാം)
മധ്യഅമേരിക്കയില്‍ നിന്നു ഐക്യ നാടുകളുടെ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന ജനസഞ്ചയം വാര്‍ത്തകളില്‍ ഇടം നേടിയിട്ട് കുറച്ചു ആഴ്ചകളായി.സ്വന്തം നാട്ടില്‍ ദുരിതം അനുഭവിക്കുന്ന ഏകദേശം ഏഴായിരത്തോളം ജനങ്ങള്‍ അഭയവും ജീവിത മാര്‍ഗ്ഗവും തേടി അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

പതിയെ നീങ്ങുന്ന സംഘത്തിനു വേഗത പോരാ എന്നു തോന്നിയപ്പോള്‍ മുന്‍പേ നടന്നു മുന്നൂറ്റി അന്‍പതോളം ആളുകള്‍ ഇതിനകം അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹോണ്ടുറാസില്‍ നിന്നും എല്‍ സാല്‍വഡോറില്‍ ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ഈ പുറപ്പാടു സംഘത്തിനൊപ്പം യാത്രയിലുടനീളം കൂടുതല്‍ ആളുകള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. സാധാരണയായി അനധികൃത കുടിയേറ്റക്കാര്‍ ഉപയോഗിക്കാറുള്ള കുന്നുകളും കാട്ടുവഴികളും ഉപേക്ഷിച്ചു താരതമ്യേന സുരക്ഷിതമായ പൊതുനിരത്തിലൂടെയുള്ള ഈ ജനാവലിക്കൊപ്പം ഇന്ത്യന്‍ സംഘങ്ങളും ഉണ്ടെന്നും പറയപ്പെടുന്നു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നു അത് കൊണ്ടാണവരും അഭയം തേടിയുള്ള ഈ യാത്രയില്‍ ചേര്‍ന്നതെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഇവര്‍ അഭയം തേടി വരുന്നവരല്ല മറിച്ചു അധിനിവേശക്കാര്‍ ആണെന്നു അവര്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ടെന്നും ആരോപിച്ചു അതിര്‍ത്തിയില്‍ അവരെ തടയുവാനും അവര്‍ക്കുമുന്‍പില്‍ രാജ്യ കവാടം അടച്ചിടുവാനും ഡോണാള്‍ഡ് ട്രംപ് സൈന്യത്തിന് ഉത്തരവു നല്‍കികഴിഞ്ഞു. വൈറ്റ് ഹൌസിന്റെ ഈ നടപടികള്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ സങ്കീര്‍ണ്ണമായ ഒരു മാനുഷികപ്രശനം അമേരിക്കയുടെ തെക്കേ അതിരില്‍ അരങ്ങേറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇപ്പോള്‍ നടക്കുന്ന ഈ കുടിയേറ്റ യാത്ര ഈ രാജ്ജ്യങ്ങളില്‍ നിന്നുള്ള കൂട്ടപാലയാനമാണ്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ബുദ്ധികേന്ദ്രമുണ്ടോ അതോ സ്വയംപ്രേരിതമായ പാലയനമാണോ എന്നൊന്നും ഇപ്പോള്‍ അറിവില്ല.

അമേരിക്കയിലേക്കുള്ള മുനുഷ്യക്കടത്ത് ഏകദേശം 7.5 ബില്യന്‍ യു എസ് ഡോളറിന്റെ വാര്‍ഷിക ബിസിനസ്സ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റ മോഹികളില്‍ നിന്ന് ഇത്തരം മനുഷ്യക്കടത്തിലേക്കായി ഏകദേശം ഇരുപത്തഞ്ചു ലക്ഷം രൂപ വീതം ദല്ലാളന്മാര്‍ വസൂല്‍ ആക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഈ വ്യാപാരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെക്‌സിക്കന്‍ അധോലോകം മനുഷ്യ ക്കടത്തുകളും മയക്കുമരുന്നുകളുടെ കടത്തലുകളും സുഗമമാക്കുന്നതിന് വേണ്ടി മെക്‌സിക്കന്‍ മണ്ണില്‍ നിന്ന് അമേരിക്കന്‍ മണ്ണിലേക്ക് തുരങ്കങ്ങള്‍ നിര്‍മ്മിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ അരിസോണയിലെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഒരു കെ എഫ് സി ചിക്കന്‍ കട പരിശോധിച്ച അമേരിക്കന്‍ ബോര്‍ഡ്ര്! പട്രോളിംഗ് സേന കണ്ടെത്തിയത് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് കെ എഫ് സി യുടെ ഉള്‍ഭാഗം വരെയെത്തുന്ന അറുന്നൂറടി നീളമുള്ള ഒരു തുരങ്കമാണ്.

‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന മലയാള ചലച്ചിത്രം കണ്ടവര്‍ക്ക് അനധികൃത കുടിയേറ്റക്കാരുടെ അമേരിക്കയിലേക്കുള്ള യാത്രയുടെ ഒരു ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടാകും. അമേരിക്കന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഇത്തരം ഭാഗ്യാന്വോഷണ യാത്രയില്‍ അനേകം നിര്‍ഭാഗ്യവാന്മാര്‍ മരുഭൂമിയുടെ വന്യതയില്‍ വീണു മരിക്കുന്നു. തെക്കന്‍ സ്‌റ്റേറ്റ്കളുടെ മരുഭൂ സദൃശ്യമായ ഭൂമികയിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ മരിച്ചു വീഴുന്നതിന്റെ ഒരു പ്രധാന കാരണം ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണമാണ്. ദിവസങ്ങള്‍ നീളുന്ന യാത്രയില്‍ കൈയില്‍ കരുതുന്ന ദാഹജലം തീര്‍ന്നു പോകുന്നത് സ്വാഭാവികം മാത്രം.

ദാഹിച്ചു വലഞ്ഞു ആളുകള്‍ വീണു മരിക്കുന്നത് തടയാന്‍ നല്ല സമരിയക്കാരായ അമേരിക്കന്‍ ഭൂഉടമകളും പല സന്നദ്ധ സംഘടനകളും വഴിയില്‍ പലയിടത്തും കാനുകളില്‍ നിറച്ച കുടിവെള്ളം സ്ഥിരമായി വയ്ക്കാറുണ്ട് . ഒപ്പം അവരുടെ യാത്രക്ക് ഒരു ആശ്വാസ വാക്കുപോലെ‘ഗുഡ് ലക്ക് ‘ എന്ന സന്ദേശവും. ചിലര്‍ ചെറിയ വാട്ടര്‍ ടാങ്കുകള്‍ പണിതോ അല്ലെങ്കില്‍ വീപ്പകളില്‍ ജലം നിറച്ചോ അവിടവിടെയായി വയ്ക്കാറുണ്ട്. ജലം വച്ചിരിക്കുന്ന സ്ഥലം യാത്രികര്‍ക്ക് തിരിച്ചറിയാനായി അവിടെ നീല നിറത്തിലുള്ള കൊടിയടയാളം സ്ഥാപിക്കുന്നതും സാധാരണമാണ്.

വഴിയില്‍ കുടിയേറ്റക്കാരെ കാത്തിരിക്കുന്ന ദുരിതങ്ങള്‍ അനേകമാണ്. അവ കൂര്‍ത്ത കൊമ്പുള്ള കലമാനുകളായും ഒരിനം ചെന്നായുടെ രൂപത്തിലും (coyotes) മരു പ്രദേശത്ത് കാണപ്പെടുന്ന ഉഗ്രവിഷമുള്ള പാമ്പുകളായും ( rattle snakes)മൊക്കെ എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഇതൊന്നു കൂടാതെ റഡാറുകളും ക്യാമറ കണ്ണുകളുമായി തങ്ങളെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ബോര്‍ഡര്‍ പട്രോള്‍ സേനയുടെ കണ്ണും വെട്ടിച്ചു വേണം അതിര്‍ത്തി കടക്കാന്‍.

വഴിയില്‍ പരിക്കുപറ്റി മരണാസന്നരായ ഭാഗ്യാന്വോഷികള്‍ക്ക് ജീവനും കൊണ്ട് സ്വന്തനാട്ടില്‍ തിരികെപോകാന്‍ അതിര്‍ത്തി സേനയുടെ സഹായം ആവശ്യമുണ്ടെങ്കില്‍ സഹായം തേടാനുളള വിളക്കുമരം (beacon ) പല സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിളക്കുമരത്തിലെ സ്വിച്ച് ഒന്ന് അമര്‍ത്തുകയെ വേണ്ടു സേന യാത്രികരെ തേടിയെത്തും ഒറ്റ കുഴപ്പമേയുള്ളൂ സുഖമായാല്‍ തിരിച്ചു നാടു കടത്തുംപക്ഷെ ആവശ്യമായ ഭക്ഷണവും ചികിത്സയുമൊക്കെ അവര്‍ യാത്രികന് ലഭ്യമാക്കും.

ലാറ എന്ന ഹോണ്ടുറാസുകാരി മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ എത്തിയ കാര്യം ഒരിക്കല്‍ പറഞ്ഞു. അന്നവള്‍ ഒരു ചെറിയ കുഞ്ഞായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും ഓര്‍മ്മയില്ല എന്നാലും ആഴ്ചകളോളം അവളും അമ്മയും സഹോദരിമാരും ഒരു ചെറിയ സംഘത്തിന്റെ ഭാഗമായി കാല്‍നടയായി മലകളിലൂടെയും കാടുമൂടിയ താഴ്വാരത്തിലൂടെയൊക്കെ വിശന്നുതളര്‍ന്നു അലഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട് .

എല്ലാ പരീക്ഷണങ്ങളും കടന്നു അമേരിക്കന്‍ മണ്ണില്‍ എത്തിയാല്‍ ചിലര്‍ അഭയാര്‍തഥികളായി പരിഗണിക്കപ്പെടാനായി അപേക്ഷ നല്‍കും. അത്തരം അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടാല്‍ അവര്‍ രക്ഷപ്പെട്ടു. അവര്‍ക്ക് അധികം താമസിക്കാതെ സ്ഥിരതാമസത്തിനുള്ള അനുമതിയും പൌരത്വവുമൊക്കെ ലഭിക്കുംപക്ഷെ അപേക്ഷ നിരാകരിച്ചാല്‍ നാടുകടത്തുമെന്ന ഒരു കുരുക്കും അതിലുണ്ട്.

അതിര്‍ത്തി കടന്നെത്തുന്നവരില്‍ ഒട്ടുമിക്കവരുടെയും പക്കല്‍ അഭയം തേടാനുള്ള സാഹചര്യങ്ങള്‍ തെളിയിക്കാനുള്ളള്ള യാതൊരു തെളിവുകളും ഉണ്ടാകാറില്ല അതു കൊണ്ടവര്‍ അത്തരം അപേക്ഷകള്‍ക്കൊന്നും മിനക്കെടാതെ സുരക്ഷിതമായ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കും.ഇങ്ങനെ രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് കുറഞ്ഞ വേതനത്തിനു ജോലി നല്‍കുന്ന തൊഴിലുടമകള്‍ ധാരാളമുണ്ട്. പ്രധാനമായും കൃഷിയിടങ്ങളിലേക്കും, ഫാമുകളിലേക്കും, കശാപ്പു ശാലകളിലേക്കും, മത്സ്യവും മാംസവും സംസ്കരിക്കുന്ന ഇടങ്ങളിലുമൊക്കെയാണ് അവരെ കൊണ്ടുപോവുക.

മേരിലാന്റ് പോലുള്ള ചില സംസ്ഥാനങ്ങളിലെ ഭരണകൂടവും അവിടുത്തെ പല കൌണ്ടി സര്‍ക്കാരുകളും അനധികൃതകുടിയേറ്റക്കാരോട് അല്പം മൃദുത്വമാര്‍ന്ന നിലപാടാണ് എടുത്തു വരുന്നത്. പോലീസോ മറ്റു ഗവര്‍മെന്റ് എജന്‍സികളോ ഇത്തരം ആളുകളോട് കുടിയേറ്റ രേഖകള്‍ ചോദിക്കുവാന്‍ പാടില്ലെന്ന് നിയമം മൂലം അവിടങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട് .

യാതൊരു ഔദ്യോഗിക കണക്കുമില്ലാതെ ഒരു ഫ്‌ലോട്ടിംഗ് പോപ്പുലേഷനായി മാറുന്ന ഈ ജനസമൂഹത്തെ കുറിച്ച് എന്തെകിലും ഔദ്യോഗിക കണക്കുകള്‍ ലഭിക്കുന്നതിനായി മേരിലാന്റ് പോലുള്ള സംസ്ഥാനങ്ങള്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും െ്രെഡവിംഗ് ലൈസെന്‍സും നല്‍കുന്നുമുണ്ട് . ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കാനായി അവര്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം വരുമാന നികുതി അടയ്ക്കുണമെന്ന നിബന്ധനയുണ്ട് അതുമൂലം ഗവര്‍മെന്റിന് വരുമാന വര്‍ദ്ധനവും അനധികൃതകുടിയേറ്റക്കാരെ കുറിചുള്ള ഒരു വിവരശേഖരണം നടത്താനും അനധികൃത െ്രെഡവര്‍ മാരുടെ ബാഹുല്യം കുറയ്ക്കുവാനും കഴിയുന്നുണ്ട് .

കുടിയേറ്റക്കാര്‍ക്കും ഇതു വലിയൊരു സഹായമാണ് അമേരിക്കന്‍ ജീവിതത്തില്‍ ദൈനംദിന ആവശ്യം വരുന്ന ഒന്നാണ് തിരിച്ചറിയല്‍ രേഖ. തിരിച്ചറിയല്‍ രേഖകള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു ബാങ്കിംഗ് സേവനം ലഭിക്കുന്നതിനും അതുപോലെ മറ്റു പല സാമൂഹ്യരംഗത്തേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിനും സഹായകരമാകുന്നുണ്ട് .

ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ചാണ് മലയാളിയായ ജോസിനെ പരിചയപ്പെട്ടത് . ജോസ് ഒരു ക്രൂസ് ഷിപ്പില്‍ ജോലിക്കാരനായിരുന്നു ഒരിക്കല്‍ കപ്പല്‍ അമേരിക്കന്‍ തീരത്ത് അടുത്തപ്പോള്‍ ജോസ് കപ്പലില്‍ നിന്നിറങ്ങി അമേരിക്കയിലേക്ക് കടന്നു. ഇന്ത്യക്കാരായ ചിലരുടെ കൂടെ കൂടി അവരുടെ റെസ്‌റ്റോറന്റിലും ഗ്യാസ് സ്‌റ്റേഷനിലുമൊക്കെയായി പിന്നെ അയാളുടെ ജീവിതം. തൊഴില്‍ ഉടമ താമസിക്കാനുള്ള സൌകര്യം നല്‍കും. ശമ്പളം നാട്ടിലേക്കു തൊഴിലുടമയുടെ അക്കൌണ്ട് മുഖാന്തിരം അയക്കും. രേഖകള്‍ ഇല്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനൊന്നും ജോസിനു പറ്റുമായിരുന്നില്ല.

പൂര്‍ണ്ണമായും കടയുടമസ്ഥന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ആശ്രയിച്ചുള്ള ജീവിതം. നാട്ടിലുള്ള ഭാര്യയെയും കുഞ്ഞുങ്ങളെയും വിട്ടിട്ട് രണ്ടു വര്‍ഷമായി അവരെ പിരിഞ്ഞിരിക്കുന്നതിലുള്ള വിഷമം അയാള്‍ മറച്ചുവച്ചില്ല. നാട്ടില്‍ പോകണമെന്നു ആഗ്രഹമുണ്ട് പക്ഷെ പോയാല്‍ പിന്നെ തിരിച്ചു വരാന്‍ പറ്റില്ല. കപ്പലിലെ ജോലിയും ഇനി കിട്ടാനിടയില്ല. എങ്ങിനെയെങ്കിലും കുറച്ചു കാലം കൂടി പിടിച്ചു നില്‍ക്കണം പിന്നെ നാട്ടില്‍ പോകണം എന്നൊക്കെയാണ് ജോസന്നു പറഞ്ഞത്. പിന്നീടു ഒരു രണ്ടുമാസത്തിനു ശേഷം ആ കടയില്‍ ചെന്നപ്പോള്‍ ജോസിനെ അന്വോഷിച്ചു. ജോസ് അവിടെ നിന്നു പോയി എന്നാണവര്‍ പറഞ്ഞത് എവിടെക്കാണ് പോയത് എന്നവര്‍ക്കും അറിയില്ല. ജോസ് ഒരു പക്ഷെ നാട്ടില്‍ പോയിട്ടുണ്ടാകാം അല്ലെങ്കില്‍ മറ്റൊരിടത്ത് ജോലിക്കായി ആരുടെയെങ്കിലും ആശ്രയം തേടി പോയിട്ടുണ്ടാകും.

അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരിലെ കച്ചവട മനസ്ഥിതയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഒരു രംഗമാണ് ഗ്യാസ് സ്‌റ്റേഷന്‍, കണ്‍വീനിയെന്റ്‌സ്‌റ്റോര്‍, കോഫി ഷോപ്പുകള്‍ എന്നിവയുടെ ഫ്രാഞ്ചൈസി തുടങ്ങുകയെന്നത്. താരതമ്യേന കുറഞ്ഞ മുതല്‍ മുടക്കില്‍ ഒറ്റയ്‌ക്കോ കൂട്ടുകാര്‍ ചേര്‍ന്നോ കുടുംബക്കാര്‍ ചേര്‍ന്നോ നടത്താവുന്ന ഒരു സംരഭമാണിതെല്ലാം. ഇത്തരം കടകളുടെ നല്ലൊരു ശതമാനം ഉടമസ്ഥതയും ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, നേപ്പാളികള്‍ എന്നിവരുടെ കൈകളിലാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരും ഏതാണ്ട് പൂര്‍ണ്ണമായുംതന്നെ ഇപ്പറഞ്ഞ നാട്ടുകാര്‍ തന്നെയാണ്. ആദ്യമായി അമേരിക്കയില്‍ എത്തുന്ന മിക്കവാറും ഇന്ത്യക്കാരായ ആളുകളുടെ ഒരിടത്താവളവും വേണ്ടത്ര രേഖകള്‍ ഇല്ലാതെ എത്തുന്നവരുടെ സ്ഥിരം താവളവും ഇത്തരം കടകള്‍ തന്നെയാണ് .
മെക്‌സിക്കന്‍ അതിര്‍ത്തി വഴി മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങള്‍ വഴി അമേരിക്കയില്‍ എത്തുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. ഇന്ത്യ സാമ്പത്തികമായി പുരോഗതി പ്രാപിച്ചതോടെ അമേരിക്കന്‍ വിസിറ്റിംഗ് വിസ എന്നത് ഇന്ത്യക്കാര്‍ക്കിപ്പോള്‍ ഒരു കിട്ടാക്കനിയൊന്നുമല്ല അതുകൊണ്ട് കൂടുതല്‍ പേരും ഇന്നിപ്പോള്‍ ഇന്ത്യയില്‍ നിന്നു വരുന്നത് വിസിറ്റിംഗ് വിസ എന്ന കുറുക്കുവഴിയിലൂടെയാണ്.

ഒരു വര്‍ഷത്തെ മുഴുവന്‍ ഫീസും മുന്‍കൂറായി അടച്ചു സ്റ്റുഡന്റ് വിസയില്‍ വന്നു കോളേജില്‍ പോകാതെ ജോലിക്ക് പോകുന്നവരെയും ധാരാളം കാണാറുണ്ട്. കോളേജില്‍ ചേരാതെ പോകുന്നതിനാല്‍ അവരുടെ വിസയും റദ്ദാവും. വിസിറ്റിംഗ് വിസയും വലിയൊരു കച്ചവട സാധ്യതയാണു നല്‍ക്കുന്നത്. അമേരിക്കയില്‍ പൌരന്മാരയിട്ടുള്ളവര്‍ നല്ലൊരു തുക വാങ്ങി തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണെന്നു പറഞ്ഞു പലര്‍ക്കും വിസിറ്റിംഗ് വിസയ്ക്കുള്ള സ്‌പോണസര്‍ ഷിപ്പ് നല്‍കുന്നു .

വെറും നൂറ്റി അറുപതു ഡോളര്‍ മാത്രം ഫീസുള്ള വിസിറ്റിംഗ് വിസ ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞുദല്ലാള്‍മാര്‍ അഞ്ചു മുതല്‍ പതിനഞ്ചു ലക്ഷം വരെ വാങ്ങുന്നു. സ്‌പോണ്‍സര്‍ ഉണ്ടെങ്കില്‍ അഞ്ചു ലക്ഷം മതി ഇല്ലെങ്കില്‍ കൂടുതല്‍ ആകും. വിസ കിട്ടുന്നത് അപേക്ഷയിലെ വിവരങ്ങള്‍ അനുസരിച്ചും ഇന്റര്‍വ്യൂവില്‍ വിസ ഓഫീസര്‍ എടുക്കുന്ന തീരുമാനം അനുസരിച്ചുമാണ്. വിസയ്ക്കുള്ള അപേക്ഷയില്‍ ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്തുവാനില്ലാത്ത എജന്റ്‌റ് പണമെല്ലാം പിടുങ്ങുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനോ സമ്മര്‍ദ്ദപ്പെടുത്തുവാനോ സാധ്യമല്ല എന്നിരിക്കെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ എന്നു പറഞ്ഞുള്ള പണം പിടുങ്ങലും ധാരാളം നടക്കുന്നുണ്ട്.

ഈ തട്ടിപ്പില്‍ കേരളത്തില്‍ ഇപ്പോള്‍ ഒരുപാടു ആളുകള്‍ കുടുങ്ങുന്നുണ്ട്. പത്ത് വര്‍ഷത്തെ അമേരിക്കന്‍ വിസ എന്ന മോഹന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പുനടത്തുന്നത്. പലരും ധരിച്ചിരിക്കുന്നത് പത്തു വര്‍ഷം അമേരിക്കയില്‍ താമസിച്ചു ജോലി എടുക്കാം അല്ലെങ്കില്‍ നിശ്ചിത ഇടവേളകളില്‍ നാട്ടില്‍ വന്നു തിരിച്ചു പോയി ജോലി ചെയ്തു പണമുണ്ടാക്കമെന്നൊക്കെയാണ്അല്ലെങ്കില്‍ അവരെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത് അങ്ങിനെയാണ്.

പത്ത് വര്‍ഷം എന്ന സംഗതി ശരിയാണ് . പക്ഷെ അത് പത്തു വര്‍ഷക്കാലയളവില്‍ പല പ്രാവശ്യം പോവുകയും വരികയും ചെയ്യുവാനും ഓരോ വരവിലും പരമാവധി ആറുമാസം വരെ മാത്രം നില്‍ക്കുവാനുമുള്ള വിസയാണ്. ആറു മാസമെന്നതുപോലും സന്ദര്‍ശകന്റെ അവകാശമല്ല ഓരോ വരവിലും ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രയുടെ ഉദ്ദേശം ചോദിച്ചറിഞ്ഞു കുറഞ്ഞ കാലയളവ് മാത്രം അനുവദിച്ചു പാസ്‌പോര്‍ട്ടില്‍ മുദ്രണം ചെയ്യുകയുമാകാം.

ഒരാള്‍ അടിക്കടി വരികയും അയാളുടെ അത്തരം യാത്രകള്‍ വിസയുടെ ദുരുപയോഗം ചെയ്യലാണെന്നു തോന്നുകയും ചെയ്താല്‍ വിസ ക്യാന്‍സല്‍ ചെയ്യാനും , ചുരുങ്ങിയ ദിവസം മാത്രം അനുവദിക്കാനും അല്ലെങ്കില്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ തിരിച്ചു വിടാനും യു എസ് ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്.

വിസയെല്ലാം കിട്ടി കടമ്പകള്‍ കടന്നു എത്തിയാല്‍ അവരെ കാത്തിരിക്കുന്നത് ചൂഷകരുടെ വലിയൊരു ഗണമാകാം. രേഖകള്‍ ഇല്ലാത്തതിനാല്‍ നല്ല തൊഴിലുടമകളോ സ്ഥാപനങ്ങളോ ജോലി തരില്ല. കൂടുതല്‍ സമയം കുറഞ്ഞ വേതനത്തിന് ആള്‍ക്കാരെ വച്ച് പണിയെടുപ്പിക്കുന്നതില്‍ താല്‍പ്പര്യമുള്ള ആളുകളാണ് അത്തരക്കാരെ ജോലിക്കെടുക്കുക. മുടക്കിയ പണത്തിന്റെ ഭാരവും വീട്ടുകാരുടെ മുഖവും ഓര്‍ക്കുമ്പോള്‍ വരുന്നവര്‍ ഏതു ജോലിക്കും തയ്യാറാകും പോരാത്തതിന് അവര്‍ക്ക് ജോലിതേടി പോകാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണുതാനും.
ഇങ്ങനെയുള്ള ജീവിതത്തില്‍ ശാരീരികമായ അസുഖങ്ങളോ ക്ഷതങ്ങലോ ഉണ്ടായില്ലെങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ എന്നു പറയാം കാരണം ഒരു ഡോക്ടറെ ചുമ്മാ ഒന്ന് കണ്ടു പോരണമെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ചുരുങ്ങിയത് അവരുടെ ഒരാഴ്ചത്തെ വേതനം വേണ്ടിവരും. വലിയ തുക മുടക്കി ഇവിടെയെത്തി ഒരു തിരിച്ചറിയല്‍ രേഖ ലഭിക്കാന്‍ സ്വന്തമായി മേല്‍വിലാസം പോലുമില്ലാതെ ആരുടെയൊക്കയോ ചൊല്‍പ്പടിക്കു നിന്നു ജീവിതം തള്ളിനീക്കുന്ന ഒരുപാടു യുവതികളെയും ചെറുപ്പക്കാരെയും പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

പല സംസ്ഥാനങ്ങളും അനധികൃത കുടിയേറ്റക്കാരുടെ വിഷയങ്ങളില്‍ വലിയ ഇടപെടല്‍ നടത്താറില്ലെങ്കിലും ഫെഡറല്‍ സര്‍ക്കാര്‍ നിയമപ്രകാരം നിയമവിധേയമായ കുടിയേറ്റക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ നമ്പര്‍ ( സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ) ഉള്ളവരെ മാത്രമേ തൊഴില്‍ ഉടമകള്‍ക്കു ജോലിക്ക് വയ്ക്കാനാവൂ.

ഇപ്പോള്‍ സമീപകാലത്തായി കുടിയേറ്റക്കാരോടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നയവ്യതിയാനങ്ങളുടെ പ്രതിഫലനം എന്നവണ്ണം ഫെഡറല്‍ തൊഴില്‍ വകുപ്പും ഇമിഗ്രേഷന്‍ വിഭാഗവും ചേര്‍ന്ന് അടിക്കടി തൊഴിലിടങ്ങളില്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്തു നാടുകടത്തല്‍ നടപടിക്കു വിധേയമാക്കുകയും തൊഴില്‍ ഉടമകള്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്തുവരുന്നു. ഇത് കൂടാതെ ‘സെവന്‍ ഇലവന്‍’ പോലുള്ള കണ്‍വീനിയെന്റ് സ്‌റ്റോര്‍ കമ്പനികള്‍ തൊഴില്‍ നിയമം ലംഘിക്കുന്നതില്‍ പിടിക്കപ്പെട്ട കടയുടമകളുടെ ഫ്രാഞ്ചൈസീ കരാറുകള്‍ റദ്ദു ചെയ്ത സംഭവങ്ങള്‍ തൊഴില്‍ ദാതാക്കളായ കട ഉടമകളില്‍ പരിഭ്രാന്തി പരത്തിയിട്ടുമുണ്ട്.

അനധികൃത കുടിയേറ്റം എന്ന വിഷയം ഇപ്പോഴത്തെ ഭരണകൂടത്തിനു മോശമല്ലാത്ത ഒരു രാഷ്ട്രീയ ഉത്തേചനം നല്‍കുന്ന വിഷയമായ സ്ഥിതിക്ക് അധികം വിദൂരമല്ലാത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കുടിയേറ്റം വീണ്ടുമൊരു രാഷ്ട്രീയ ആയുധമായി തീരുമെന്നകാര്യത്തില്‍ രാഷ്ട്രീയ നീരിക്ഷകര്‍ക്ക് സംശയമില്ല.

വൈകാരികവും ഒരു പരിധിവരെ വംശീയവുമായ മാനങ്ങള്‍ തീര്‍ക്കുന്ന കുടിയേറ്റ നയത്തെ ചൊല്ലി കലങ്ങുന്ന അമേരിക്കന്‍ രാഷ്ട്രീയം കുടിയേറ്റ ജനതക്ക് പ്രത്യേകിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശങ്കയുടെ നാളുകള്‍ തന്നെയായിരിക്കും ആയിരിക്കും സമ്മാനിക്കുക.

Join WhatsApp News
എന്തിയേ കാരവന്‍ ? 2018-11-16 15:31:22
Trump has only used the word 'caravan' once since election day, and it was almost in passing, at a news conference the next day. ... Trump's predecessor, Barack Obama, predicted this would happen," writes CNN's
ട്രുംപിന്റെ വാതിലും അടയുന്നു 2018-11-16 15:46:00

A federal judge on Thursday upheld a federal indictment against the Russian troll farm accused of meddling in the 2016 election, handing a victory to special counsel Robert Mueller.

In a 32-page opinion, Judge Dabney Friedrich rejected efforts by Concord Management and Consulting to dismiss the indictment, which accused the Russian company of conspiring to defraud the US government. Mueller's team says the company was involved in a well-funded "troll farm" that pumped out political propaganda to millions of Americans throughout the 2016 presidential campaign.
It was the second time that Friedrich, a Trump appointee, sided with Mueller and let the case proceed. 
DEMOCRACY? 2018-11-18 12:28:21

Democracy in Georgia.
1.5 million purged by Brian Kemp

53k registrations on hold

4.5-hour lines

214 polling places closed

Dems falsely accused of cyber crimes

Candidate overseeing own election

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക