Image

ഉത്തരേന്ത്യയിലെ പേര് മാറ്റ കളി (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 16 November, 2018
ഉത്തരേന്ത്യയിലെ പേര് മാറ്റ കളി  (ദല്‍ഹികത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ഭാരതീയ ജനത പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ഇപ്പോള്‍ പട്ടണങ്ങളുടെയും സ്ഥാപനങ്ങളുടെയും എന്തിന് റോഡുകളുടെ പോലും പുനര്‍നാമകരണം നടക്കുകയാണ്. ഇതിന് കാരണമായി പറയുന്നത് പല കാര്യങ്ങള്‍ ആണ്. ചരിത്രവും, ഇതിഹാസവും, മതവും, മതവിദ്വേഷവും, രാഷ്ട്രീയവും, വോട്ട് ബാങ്ക് തെരഞ്ഞെടുപ്പ് മുതലെടുപ്പും ഇതിന്റെ പിറകില്‍ ഉണ്ട്. സര്‍വ്വോപരി രാഷ്ട്രീയവും മതവിദ്വേഷവും വോട്ട് ബാങ്ക് മുതലെടുപ്പും ആണ് ഈ ചരിത്രനിന്ദയുടെ കാതലായ ലക്ഷ്യം.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബി.ജെ.പി.യെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല. പക്ഷേ ബി.ജെ.പി. ആണ് ഇതിനെ ഏറ്റവും ഒടുവില്‍, ഏറ്റവും കൂടുതലായി മതവല്‍ക്കരിച്ചത്. മറ്റുള്ളവര്‍ക്ക് അത് വ്യക്തി, കുടുംബപൂജ ആയിരുന്നു. രണ്ടും തെറ്റാണ്. പക്ഷേ, ആദ്യത്തേത് മഹാ അപരാധം ആണ്. അത് ഒരു സങ്കര സമ്മിശ്ര സംസ്‌ക്കാരത്തില്‍ ബി.ജെ.പി. യുടെയും ആര്‍.എസ്.എസി.ന്റെയും ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം ആണ്. അത് സാംസ്‌ക്കാരിക ദേശീയത എന്ന തീവ്ര ഹിന്ദുത്വ ആശയത്തിന്റെ ഭാഗം ആണ്. അതു കൊണ്ട് തന്നെ ഈ നാമകരണ-നാമനിരാകരണ യജ്ഞത്തെ അംഗീകരിക്കുവാന്‍ ആവുകയില്ല.

ഈ വര്‍ഷത്തെ ദസ്ര ആഘോഷങ്ങളുടെ അവസാനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് അയോദ്ധ്യയില്‍ വച്ച് ചില സുപ്രധാനമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അതില്‍ ഒന്ന് അയോദ്ധ്യ സ്ഥിതി ചെയ്യുന്ന ഫയിസാബാദ് ജില്ലയെ അയോദ്ധ്യ എന്ന് പുനര്‍നാമകരണം ചെയ്യും എന്നത് ആയിരുന്നു. അയോദ്ധ്യ രാമായണം ആയും ശ്രീരാമന്റെ ജന്മവും ആയി ബന്ധപ്പെട്ട ത് ആണ്. ഫയിസാബാദ് ആകട്ടെ മു്സ്ലീം ഭരണം ആയിട്ടും. അതുപോലെ തന്നെ യോഗി ഉറപ്പ് വരുത്തുകയുണ്ടായി അയോദ്ധ്യയില്‍ സരയൂ നദിക്കരയില്‍ ശ്രീരാമന്റെ ഒരു കൂറ്റന്‍ പ്രതിമ പൊതുഖജനാവിന്റെ ചിലവില്‍ സ്ഥാപിക്കുമെന്ന്. ഇത് ഗുജറാത്തില്‍ നര്‍മ്മദ നദിക്കരയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഒരു പടുകൂറ്റന്‍ പ്രതിമ(182 മീറ്റര്‍- ലോകത്തിലെ ഏറ്റവും വലിയ പ്രതിമ) സ്ഥാപിച്ചതിന് പിന്നാലെ ആണ്. വില 3000 കോടി രൂപ. തീര്‍ന്നില്ല. അയോദ്ധ്യയില്‍ ശ്രീരാമന്റെയും അദ്ദേഹത്തിന്റെ പിതാവായ ദശരഥന്റെയും പേരില്‍ ഒരു അന്താരാഷ്ട്രീയ വിമാനത്താവളവും ഒരു മെഡിക്കല്‍ കോളേജും സ്ഥാപിക്കുമെന്നും യോഗി വിളംബരം ചെയ്തു. 182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ-ഐക്യത്തിന്റെ രൂപ ശില- സ്ഥാപിച്ചപ്പോള്‍ ശ്രീരാമന്റെ പ്രതിമ തീര്‍ച്ചയായും അതിലും ഉയരത്തില്‍ ആയിരിക്കണമല്ലോ? കാരണം ശ്രീരാമന്‍ ദൈവം ആണ്. പട്ടേല്‍ സാധാരണക്കാരനും. 300 മീറ്റര്‍ എന്നാണ് കേട്ടുകേള്‍വി. അപ്പോള്‍ തുക മൂവായിരം കോടിയില്‍ നിന്നും നാലായിരമോ അയ്യായിരമോ വരെ ഉയരാം. രാമ, രാമ. പ്രതിമ രാഷ്ട്രീയത്തിലേക്ക് പിന്നീട് വരാം. തല്‍ക്കാലം നാമനിതകരണത്തിന്റെ രാഷ്ട്രീയം.

ഈ നാമകരണ-നാമനിരാകരണ രാഷ്ട്രീയം തികച്ചും അപഹാസ്യം ആണ്. പറയാതെ വയ്യ. ജനന്മക്കായി ഇവര്‍ക്ക് മറ്റൊന്നും ചെയ്യുവാനില്ലെ? അലാഹാബാദ്- അള്ളാഹാബാദ്- പ്രയാഗ് രാജ് എന്ന് പുനര്‍നാമീകരണം ചെയ്യുമെന്ന് യോഗി പ്രഖ്യാപിക്കുകയുണ്ടായി. മുഗള്‍രാജാവ് അക്ബര്‍ സഥാപിച്ച ഈ നഗരത്തിന് ഇസ്ലാമാബാദിന്റെ അളളാഹുവുമായി ബന്ധം ഉണ്ടത്രെ. അതുപോലെ പാറ്റ്‌നയെ പാടലിപുത്ര ആയി മാറ്റുവാനും ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്.

ആഗ്രയെ അഗ്രവാള്‍ അല്ലെങ്കില്‍ അഗ്രവാന്‍ എന്ന് മാറ്റിമറിക്കുവാന്‍ ഉള്ള ശ്രമം നടത്തുന്നത്, ബി.ജെ.പി. എം.എല്‍.എ. ജഗന്‍ പ്രസാദ് ഗാര്‍ഗ ആണ്. മുസഫര്‍ നഗറിനെ ലക്ഷ്മിനഗര്‍ ആയി പുനര്‍നാമകരണം ചെയ്യുവാന്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം ആണ്. ഇദ്ദേഹം കുപ്രസിദ്ധമായ മുസഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ ആണ്. ഷിംലയെ ശ്യാമള എന്ന് നാമകരണം ചെയ്യുവാന്‍ മുമ്പോട്ട് വന്നിരിക്കുന്നത് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ എന്ന ബി.ജെ.പി.ക്കാരന്‍ ആണ്. സിംലയെ ഷിംല ആക്കി മാറ്റിയത് മറ്റൊരു ബി.ജെ.പി. മുഖ്യമന്ത്രി ശാന്താറാം ആയിരുന്നു. ഇനിയും ഒരു മാറ്റമോ? അഹമ്മദാബാദിനെ കര്‍ണാവദി എന്ന് പേരുമാറ്റുവാന്‍ മുന്‍കൈ എടുക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ആണ്. ഔറഗാബാദിന്റെ പേര്് സാസാജി നഗര്‍ എന്നാക്കി മാറ്റുവാന്‍ ശിവസേന എം.പി. സജ്ജയ് റൗട്ട് ശ്രമിക്കുന്നുണ്ട്. അതുപോലെ തന്നെ ഒസമാനാബാദിന്റെ പേര് ധാരാശിവ് നഗര്‍ എന്നാക്കി മാറ്റുവാന്‍ ഇതേ സജ്ജയ് റൗട്ട് പ്രക്ഷോഭണം നടത്തുണ്ട്. ഹൈദ്രാബാദിന്റെ പേര് മാറ്റി അതിനെയും ഹൈന്ദവവല്‍ക്കരിക്കുവാനുള്ള നീക്കങ്ങള്‍ ഉണ്ട്. ഇതുകൊണ്ടൊക്കെ ആര് എന്ത് നേടുന്നു എന്നതാണ് ചോദ്യം. ഇത് ആര്‍.എസ്.എസി.ന്റെ ഹിന്ദുരാഷ്ട്ര തിയറിയുടെ ഭാഗം മാത്രം ആണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുവാനുള്ള ബി.ജെ.പി. ഗവണ്‍മെന്റുകളുടെയും നേതാക്കന്മാരുടെയും തന്ത്രം ആണ് ഇത്. കാലാകാലമായിട്ടുള്ള തെരഞ്ഞെടുപ്പ് വേളകളിലെ രാമക്ഷേത്ര നിര്‍മ്മാണ നീക്കങ്ങള്‍ പോലെ. അത് ഇപ്പോഴും നിലവില്‍ ഉണ്ട്. ഹേരാം!. ആര് ആരെ പറ്റിക്കുവാന്‍ ആണ് ശ്രമിക്കുന്നത്? 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ചിട്ടും രാമക്ഷേത്ര നിര്‍മ്മിതിക്കായി ഒന്നും ചെയ്യാത്ത സംഘികള്‍ ഇപ്പോള്‍ ഇതാ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രക്ഷോഭണവും ആയി വരുന്നു. എന്താ കഥ! ഈ പ്രതിമ, നാമകരണ-നാമനിരാകരണ രാഷ്ട്രീയത്തിന്റെ പൊരുള്‍ ജനത്തിന് പിടികിട്ടില്ലെന്ന് വരുമോ?

ഉദാഹരണം ആയി മുസഫര്‍ നഗറിനെ ലക്ഷ്മി നഗര്‍ ആയി പുനര്‍നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെടുന്ന വര്‍ഗ്ഗീയ കലാപ കുറ്റവാളി സംഗീത് സോം പറയുന്നത് കേള്‍ക്കുക! അധിനിവേശ സംസ്‌ക്കാരത്തിനുള്ള മറുപടി ആണ് ഇത്. മുസഫര്‍ അലി എന്ന ഒരു നവാബ് ആണ് ഈ പട്ടണത്തിന് ഈ നാമം നല്‍കിയത്. ഇതും ഇതുപോലുള്ള ഒട്ടേറെ മുസ്ലീം അധിനിവേശ ആക്രമണകാരികളുടെ നാമധേയത്തിലുള്ള പേരുകളും വെട്ടിമാറ്റും, എന്ന് അദ്ദേഹം പറയുമ്പോള്‍ അതുതന്നെയാണ് യോഗി ആദിത്യനാഥും ബി.ജെ.പി.യും ആര്‍.എസ്.എസും ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നതെന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ ആണ് ഇവ. അത് വിട്ടിട്ട് 1926-ല്‍ ചൈന ഇന്‍ഡ്യയില്‍ നിന്നും പിടിച്ചെടുത്ത നാല്‍പതിനായിരം ചതുരശ്രകിലോമീറ്റര്‍ തിരിച്ച് പിടിച്ച് അതിന് ഒരു പുതിയ പേര് എന്തുകൊണ്ട് നല്‍കുവാന്‍ ഇവര്‍ ശ്രമിക്കുന്നില്ല? ഇതൊക്കെ വെറും തെരഞ്ഞെടുപ്പ് കാല രാഷ്ട്രീയം ആണ്. രാമജന്മഭൂമി രാഷ്ട്രീയത്തിന്റെ ഭാഗം ആണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുവാനുള്ള എളുപ്പ വഴി ആണ്. പ്രതിമകളിലൂടെയും ചത്ത് മണ്‍മറഞ്ഞ ഭരണാധികാരികളുടെ പേര് മാറി എഴുതിയും ആണോ ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ടത്? അത് ഭീരുത്വം ആണ്.

ഇനി പ്രതിമയുടെ രാഷ്ട്രീയം. സര്‍ദാര്‍വല്ലഭായ് പട്ടേലിനെ ഏവരും ആദരിക്കുന്നതാണ്. അദ്ദേഹം ആധൂനിക ഇന്‍ഡ്യയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ ആണ്. പ്രതിമയുടെ വലുപ്പം അല്ലെങ്കില്‍ ഉയര്‍ച്ച അല്ല അത് നിശ്ചയിക്കുന്നത്. എങ്കില്‍ മഹാത്മാഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും പ്രതിമകള്‍ എവിടെ? എത്ര ഉയരം? ഇത് തികച്ചും മ്ലേച്ഛം ആണ്. ആ പ്രതിമ(പട്ടേലിന്റെ) ഐക്യത്തിന്റെ പ്രതിമ അല്ല. ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും മുസ്ലീം വിരുദ്ധതയുടെ പ്രതീകം ആണ്. എന്നാല്‍ സര്‍ദാര്‍ ആകട്ടെ അങ്ങനെ ഒന്നും ആയിരുന്നുമില്ല. ആഗോള വിശപ്പ് സൂചികയില്‍ 119 ല്‍ 103-ാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു രാജ്യത്തിന് ഇങ്ങനെ ഒരു 3000 കോടി രൂപയുടെ ധൂര്‍ത്ത് ആവശ്യം ഉണ്ടായിരുന്നോ? എന്തിന് ഈ വക ആര്‍ഭാടങ്ങള്‍? ലജ്ജിക്കണം. അതുപോലെ തന്നെ ശ്രീരാമന്റെ പ്രഖ്യാപിത പ്രതിമയും. പട്ടിണിക്കാരായ, നിര്‍ദ്ധനരായ, നിരക്ഷരരായ, തെരുവ് വാസികളായ ജനങ്ങളുടെ പണം കൊണ്ട് ഈ ഒരു ധൂര്‍ത്തും ആവശ്യം ആണോ? ഒരിക്കലും അല്ല തന്നെ. ഇതാണ് വോട്ട് ബാങ്ക് രാഷ്ട്രീയം. ഇതില്‍ സാധാരണക്കാരായ ജനങ്ങള്‍ വീണുപോകുമോ? പോകും എന്നാണ് യോഗിയുടെയും മറ്റും കണക്കുകൂട്ടല്‍. ശരിയാണ് ഇന്‍ഡ്യയിലെ ഒട്ടേറെ സ്ഥാപനങ്ങളുടെ പേരുകളും പ്രതിമകളും നെഹ്‌റുഗാന്ധി കുടുംബം കയ്യടക്കിയിരിക്കുകയാണ്. ദല്‍ഹിയിലെ കൊണാട്ട് പ്ലേസ് രാജീവ് ചൗക്കായി. അങ്ങനെ ഒട്ടേറെ. ഈ നാമവാഴ്ച അവസാനിപ്പിക്കുക. സംഘപരിവാര്‍ നാമകരണ-നാമനിരാകരണത്തിലൂടെ ഹിന്ദുരാഷ്ട്രം ഇവിടെ കൊണ്ടുവരാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചായും തെറ്റി. അത് ചരിത്രത്തോടുള്ള അപരാധം മാത്രം ആണ്.

ഉത്തരേന്ത്യയിലെ പേര് മാറ്റ കളി  (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക