Image

ശിവദാസന്‍ ആചാരിയുടെ മരണം : കുടുംബം പോലീസിനെതിരെ

Published on 16 November, 2018
ശിവദാസന്‍ ആചാരിയുടെ  മരണം :  കുടുംബം പോലീസിനെതിരെ
 
പത്തനംതിട്ട: തുലാമാസപൂജയ്‌ക്ക്‌ ശബരിമല ദര്‍ശനത്തിന്‌ പോയി കാണാതായ ശേഷം ശവശരീരം കണ്ടെത്തിയ അയ്യപ്പ ഭക്തന്റെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്ത്‌.

പന്തളം മുളമ്പുഴ ശരത്‌ ഭവനില്‍ ശിവദാസന്‍ ആചാരി(60) പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി ആയിരുന്നതായും സംഭവത്തില്‍ പോലീസിനെ സംശയിക്കുന്നതായും അദ്ദേഹത്തിന്റെ ഭാര്യ ലളിതയും മകന്‍ ശരത്തും ആരോപിക്കുന്നു.

പന്തളത്ത്‌ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ഭര്‍ത്താവിന്റെ ചിത്രം പൊലീസുകാര്‍ പകര്‍ത്തിയിരുന്നുവെന്നും ളാഹ കമ്പകത്തുംവളവിന്‌ സമീപത്തെ കൊക്കയില്‍ നിന്ന്‌ ശവശരീരം കിട്ടിയ സംഭവത്തില്‍ സംശയമുള്ളതായും ലളിത പറഞ്ഞു.

ശബരിമലയില്‍ സമാധാനം പുലരണമെന്നും ആചാരം സംരക്ഷിക്കണമെന്നും തന്റെ വാഹനത്തിന്‌ മുന്നില്‍ എഴുതി തൂക്കിയാണ്‌ ശിവദാസന്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തത്‌.

അന്ന്‌ പല തവണ പൊലീസുകാര്‍ ഇദ്ദേഹത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രം ഉപയോഗിച്ച്‌ ശിവദാസനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിരിക്കാമെന്നും വിശ്വകര്‍മസമുദായ കൂട്ടായ്‌മ നേതാക്കളായ വി രാജേന്ദ്രന്‍, എംആര്‍ മുരളി, സുമ സുകുമാരന്‍, എന്‍ അനുരാജ്‌ എന്നിവര്‍ പറഞ്ഞു. നവംബര്‍ ഒന്നിനാണ്‌ ളാഹ കമ്പകത്തുംവളവിന്‌ സമീപത്തെ കൊക്കയില്‍ ശിവദാസന്റെ മൃതദേഹം കണ്ടത്‌. ഒരാഴ്‌ചയോളം പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹം സഞ്ചരിച്ചിരുന്ന മോപ്പെഡ്‌്‌ മറിഞ്ഞു കിടന്നിടത്തു നിന്ന്‌ മാറിയാണ്‌ മൃതദേഹം കണ്ടത്‌. ഷര്‍ട്ടും മുണ്ടും ഊരി മാറ്റി മടക്കി വച്ച നിലയിലായിരുന്നു. അടിവസ്‌ത്രം മാത്രമാണ്‌ മൃതദേഹത്തിലുണ്ടായിരുന്നത്‌.

ഇത്‌ സംശയത്തിന്‌ ഇട നല്‍കുന്നു. തുടയെല്ല്‌ പൊട്ടി രക്തം വാര്‍ന്ന്‌ മരണം സംഭവിച്ചുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പക്ഷേ, ആധികാരിക രേഖയായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇതു വരെ കിട്ടിയിട്ടില്ല. ഇതിനായി പല തവണ പന്തളം പൊലീസ്‌ സ്റ്റേഷനില്‍ കയറിയിറങ്ങി. റിപ്പോര്‍ട്ട്‌ വന്നിട്ടില്ലെന്നാണ്‌ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക