Image

തൃപ്തി ദേശായി ഇപ്പോള്‍ വരാന്‍ പാടില്ലായിരുന്നു: വെള്ളാപ്പള്ളി

Published on 16 November, 2018
തൃപ്തി ദേശായി ഇപ്പോള്‍ വരാന്‍ പാടില്ലായിരുന്നു: വെള്ളാപ്പള്ളി
കൊല്ലം: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നിമയം കൈയിലെടുത്ത് തടയുന്നത് തെറ്റാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവര്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം. ഭക്തിയുടെ പേരില്‍ ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒരുകൂട്ടം നിയമം കൈയിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. സവര്‍ണരുടെ സര്‍വാധിപത്യം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതിഷേധം നടത്തുന്നത്. എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ കോടതി വിധിയെ മാനിച്ചു മാത്രമാണ്. തൃപ്തി ദേശായി ഇപ്പോള്‍ വരാന്‍ പാടില്ലായിരുന്നു. അയ്യപ്പനോടുള്ള ഭക്തിയുടെ പേരിലാണെങ്കില്‍ ജനുവരി 22 വരെ കാത്തിരുന്ന് ഇവിടുത്തെ തര്‍ക്കങ്ങള്‍ തീര്‍ന്നശേഷമാണ് വരേണ്ടിയിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയോ ശ്രീധരന്‍പിള്ളയോ ആണ് മുഖ്യമന്ത്രിയെങ്കിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടി വരുമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്നത്തെ രാഷ്ട്രീയ ആയുധമാക്കരുത്. ശബരിമല പ്രശ്നത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭക്തര്‍ക്കൊപ്പമാണ്. എന്നാല്‍ അതിന്റെ പേരില്‍ തെരുവിലിറങ്ങരുത്. ഇറങ്ങിയാല്‍ സ്വയംനശിക്കും. വിളക്ക് കണ്ട് ഓടിയടുത്ത് സ്വയം വെന്തുമരിക്കുന്ന ഈയാമ്പാറ്റകളായി മാറും. തന്ത്രി കുടുംബവും കിരീടമില്ലാത്ത രാജാക്കന്മാരും ഒരു സമുദായവുമാണ് ശബരിമലയുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്ക് പിന്നില്‍.

ഇവരുടെ പാട്ടിനൊത്ത് തുള്ളുന്ന കുരങ്ങന്മാരായി രാഷ്ട്രീയക്കാര്‍ മാറുകയാണ്. ഇടതുപക്ഷ വിരോധം തീര്‍ക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നത് ശരിയല്ല. ശബരിമലയില്‍ കൂടെക്കൊണ്ടുപോകാന്‍ ചിലര്‍ക്ക് ബി.ഡി.ജെ.എസിനെ വേണം. കഴിഞ്ഞ നാലുകൊല്ലം കൂടെക്കൊണ്ടുനടന്നിട്ട് എന്ത് തന്നു. അവര്‍ക്ക് തോന്നുമ്പോള്‍ വിളിക്കും, അല്ലാത്തപ്പോള്‍ തള്ളും -വെള്ളാപ്പള്ളി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക