Image

പെയ്തിറങ്ങിയ ദുരിതമായി കനത്ത സ്‌നോ; കാലാവസ്ഥാ നിരീക്ഷകരെ പഴിച്ച് അധികൃതർ

Published on 16 November, 2018
പെയ്തിറങ്ങിയ ദുരിതമായി കനത്ത സ്‌നോ; കാലാവസ്ഥാ നിരീക്ഷകരെ പഴിച്ച് അധികൃതർ
'ഇതു പോലൊരു സ്‌നോ ദുരന്തം കണ്ടിട്ടില്ല. നാലടിയും അഞ്ചടിയും ഒക്കെ സ്‌നോ പെയ്തപ്പോഴും ഇവിടെ ജീവിച്ചതാണ്. അന്നൊന്നും ഉണ്ടാകാത്ത കഷ്ടപ്പാടാണു ഈ സ്‌നോ വരുത്തിയത്, ആരൊട് ചോദിച്ചാലും കിട്ടുന്ന മറുപടി

കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ചതിച്ചതാണെന്നു പറഞ്ഞു ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോയും ന്യു ജെഴ്‌സി ഗവര്‍ണര്‍ മര്‍ഫിയും കയ്യൊഴിയുന്നു.

അവര്‍ പറയുന്നത് പൂര്‍ണമായും തെറ്റെന്നു പറയാനാവില്ല. ഉച്ച കഴിയുമ്പോല്‍ ഒരിഞ്ചു മുതല്‍ മൂന്നിഞ്ചു വരെ സ്‌നോ പെയ്യുമെന്നും അതിനു ശേഷം മഴ പെയ്യുമെന്നും ആയിരുന്നു പ്രവചനം. സ്ലഷും സ്ലീറ്റും കാരണം വൈകിട്ട് യാത്രക്ക് ബുദ്ധിമുട്ട് വരുമെന്നു കൂടി അവര്‍ പ്രവചിച്ചു.

പക്ഷെ കാലം തെറ്റി നേരത്തെ വന്ന സ്‌നോ പ്രവചനം അട്ടിമറിച്ചു. 6 ഇഞ്ച് സ്‌നൊയാണു പെയ്തത്. റോഡുകളും വാഹനങ്ങളും സ്‌നോയില്‍ മുങ്ങി. അതു പോലെ തന്നെ ഫ്രീസിംഗില്‍ റോഡുകള്‍ തെന്നി. വഴി നിറയെ ആക്‌സിഡന്റുകള്‍. ഏതു വഴി പോയാലും സൈഡിലേക്കു തെന്നിപ്പോയി കിടക്കുന്ന വാഹനങ്ങള്‍. മുമ്പൊരിക്കലും കാണാത്ത ദ്രുശ്യങ്ങള്‍.

ന്യു ജെഴ്‌സി വെസ്റ്റ് ഓറഞ്ചില്‍ സ്‌കൂള്‍ ബസുകള്‍ക്കു മുന്നോട്ടു പോകാന്‍ പറ്റാതായപ്പോള്‍ തിരിച്ച് സ്‌കൂളിലേക്കു തന്നെ പോയി. എട്ടു സ്‌കൂളുകളിലെങ്കിലും വിദ്യര്‍ഥികള്‍ ബഞ്ചിലും തറയിലുമൊക്കെയായി രാത്രി കഴിച്ചു  കൂട്ടി. കാന്റീനില്‍ നിന്നു ഭക്ഷണം കിട്ടി എന്നു കരുതുന്നു.

ന്യു യോര്‍ക്ക് സിറ്റിയിലെ ജോലിക്കാരാണു എറ്റവും അധികം വലഞ്ഞത്. പലരും 14-15 മണിക്കൂര്‍ കഴിഞ്ഞ് ഇന്ന് രാവിലെ വീടുകളിലെത്തി.

ഇന്നലെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞപ്പോള്‍ സിറ്റിയിലെ പോര്‍ട്ട് അതോറിട്ടി ബസ് സ്റ്റാന്‍ഡ് അടച്ചു. ബസുകളൊന്നും വരുകയോ പോവുകയോ ചെയ്യുന്നില്ല. കെട്ടിടത്തിനു താങ്ങാവുന്നതിലധികം ആളുകള്‍ ഉള്ളില്‍. പിന്നെ പുതുതായി ആളെ എങ്ങനെ പ്രവേശിപ്പിക്കും?

പുറത്തു നില്‌ക്കേണ്ടി വന്നവര്‍ കടകളിലും മറ്റും അഭയം തേടി. കിട്ടിയ വാഹനങ്ങളില്‍ നിരങ്ങി നീങ്ങി.
വഴിയിലെങ്ങും സ്‌നോ മാറ്റാന്‍ ആരുമില്ല. ഉപ്പ് ഇടത്തതിനാല്‍ വഴിയെല്ലാം തെന്നി. ന്യു ജെഴ്‌സിയില്‍ മാത്രം 560 അപകടങ്ങളാണു ഏതാനും മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദുരിതംഎല്ലാവരെയും ഒരു പോലെ പിടികൂടി എന്നാതാണു വസ്തുത. ഇന്ത്യാക്കാരും മലയാളികളുമെല്ലാം ഒരു പോലെ അനുഭവിച്ചു. എന്തായാലും പ്രവചനത്തെ പഴി പറഞ്ഞ് അധിക്രുതര്‍ക്ക്കൈ കഴുകാനായി. പക്ഷെ ഇത് കെടുകാര്യസ്ഥതയാണെന്ന് ആക്ഷേപിക്കുന്നവരും കുറവല്ല.

പാതിരാത്രിയാണു സിറ്റിയില്‍ സ്‌കൂള്‍ കുട്ടികള്‍ പലേടത്തും വീട്ടിലെത്തിയത്. എന്നിട്ടും ഇന്ന് അവധി കൊടുക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ലേയ്റ്റ് ആയി വന്നാലും കുഴപ്പമില്ലെന്നു സ്‌കൂള്‍ ചാന്‍സലര്‍ പിന്നീട് പറഞ്ഞു.
ഇന്നലെയും ഇന്നു രാവിലെയും ജോര്‍ജ് വാഷിംഗ്ടണ്‍ പാലം അടച്ചതോടെ വിവരിക്കാനാവാത്ത ഗതാഗത കുരുക്കായി. അപകടങ്ങളും ഗ്യാസ് തീര്‍ന്ന വാഹനങ്ങളും വഴിമുടക്കികളായി.

എന്തായാലും ഒരു ദുസ്വപ്നം പോലെ സ്‌നോ കടന്നു പോയി. പക്ഷെ ദുരിതം ഇപ്പോഴും ബാക്കി. പലേടത്തും വൈദ്യുതിയും നിലച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക