Image

കേരളത്തില്‍ കാരുണ്യഹസ്തവുമായി കേളി

Published on 20 November, 2018
കേരളത്തില്‍ കാരുണ്യഹസ്തവുമായി കേളി
 

സൂറിച്ച് : പ്രവാസിലോകത്തുനിന്നും സാമൂഹ്യ സേവന പാതയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി, കേരളത്തില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിവരുന്നു. തെരഞ്ഞെടുത്ത വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ ആറ് മാസംകൊണ്ട് മാത്രം 51 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 

പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കിയ പ്രവാസി സംഘടനയാണ് കേളി സ്വിറ്റ്‌സര്‍ലാന്‍ഡ്. ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച പ്രളയദുരന്തങ്ങള്‍ക്ക് പ്രധാന സാക്ഷ്യം വഹിച്ച കോട്ടയത്തും തീരദേശ മേഖലയിലും കേളി രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇടുക്കിയിലാണ് മൂന്നാമത്തെ ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഇടുക്കിയിലെയും കുട്ടനാട്ടിലെയും തെരഞ്ഞെടുത്ത രണ്ട് വിദ്യാലങ്ങളിലേക്ക് ഓരോ നൂതന സാങ്കേതിക ലൈബ്രറി കൂടി നിര്‍മിച്ചു നല്‍കും. ഇതിലേക്കായി 10 ലക്ഷം രൂപയും കമ്മിറ്റി നീക്കിവച്ചു.

നമ്മുടെ രാജ്യത്ത് കുഷ്ഠരോഗം ബാധിച്ചത് മൂലം സമൂഹത്തില്‍ നിന്നും പുറംതള്ളപ്പെട്ട ജീവിതങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനത്തിലും കേളി ഈ വര്‍ഷം പങ്കാളിയായി.അമരാവതിയിലെ കുഷ്ഠരോഗം ബാധിച്ചവരുടെ പുനരധിവാസ പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കി.

കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍ വഴി ഈ വര്‍ഷം 325 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സമര്‍ത്ഥരായ 25 നിര്‍ധന കുട്ടികള്‍ക്ക് ഒരാള്‍ക്ക് 20,000 രൂപ വീതം സഹായധനം നല്‍കി. നാല് വര്‍ഷങ്ങളായി മെഡിക്കല്‍, എന്‍ജിനിയറിംഗ് , നഴ്‌സിങ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലണ്ടിലെ കുട്ടികള്‍ കേരളത്തിലെ നിര്‍ധനരായ കുട്ടികളെ വിദ്യാഭ്യാസത്തില്‍ സഹായിച്ചു പോരുന്ന കേളി പദ്ധതി ആണ് കിന്‍ഡര്‍ ഫോര്‍ കിന്‍ഡര്‍.

ഓരോ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്ന സാമൂഹ്യ സംഘടനയാണ് കേളി. സുമനസുകളായ സ്വിസ് മലയാളികള്‍ നല്‍കി വരുന്ന പിന്തുണയാണ് കേളിയുടെ സാമൂഹ്യ സേവനപദ്ധതികളുടെ അടിത്തറ. ജന്മനാട്ടിലെ മുഖ്യധാരാസമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അശരണര്‍ക്കുമായി കേളി കഴിഞ്ഞ 20 വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക