Image

സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനങ്ങള്‍ ഇന്നു മുതല്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് സ്രാമ്പിക്കലും മുഖ്യകാര്‍മികര്‍

Published on 23 November, 2018
സീറോ മലബാര്‍ മിഷന്‍ പ്രഖ്യാപനങ്ങള്‍ ഇന്നു മുതല്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് സ്രാമ്പിക്കലും മുഖ്യകാര്‍മികര്‍
 അബര്‍ഡീന്‍ (യുകെ) : രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായ 'മിഷന്‍ സെന്ററുകളുടെ' പ്രഖ്യാപനങ്ങള്‍ ഇന്നു മുതല്‍. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ചരിത്രപ്രഖ്യാപനങ്ങള്‍ നടത്തും. ഇരുപതിലധികം സ്ഥലങ്ങളില്‍ നടക്കുന്ന സന്ദര്‍ശനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ ലത്തീന്‍ മെത്രാന്‍മാരും ചടങ്ങുകള്‍ക്ക് സാക്ഷികളായെത്തും. ഓരോ സ്ഥലത്തും വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും വിശ്വാസികളും പിതാക്കന്മാരെ സ്വീകരിക്കാനും തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷികളാകാനും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന മിഷന്‍ സെന്ററുകളാണ് ഭാവിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇടവകകളായി ഉയര്‍ത്തപ്പെടുന്നത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്‌കോട് ലന്‍ഡിലെ അബര്‍ഡീന്‍ ഹോളി ഫാമിലി ദേവാലയത്തില്‍ വൈകുന്നേരം ആറിന് സ്വീകരണവും വിശുദ്ധ കുര്‍ബാനയും 'സെന്റ് മേരീസ്' മിഷന്‍ പ്രഖ്യാപനവും നടക്കും. വിശുദ്ധ കുര്‍ബാനക്കിടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മിഷന്‍ പ്രഖ്യാപിക്കുന്നത്. അബര്‍ഡീന്‍ രൂപത മെത്രാന്‍ റവ. ഡോ. ഹ്യൂഗ് ഗില്‍ബെര്‍ട്ടും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രീസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് പിണക്കാട്ടും കമ്മിറ്റിയംഗങ്ങളും അറിയിച്ചു. 

ശനിയാഴ്ച, മൂന്നു മിഷനുകളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. രാവിലെ 11 ന് ഗ്ലാസ്‌ഗോ സെന്റ് കോണ്‍വാള്‍സ് ദേവാലയത്തില്‍  സെന്റ് തോമസ് മിഷനും ഉച്ചകഴിഞ്ഞു മൂന്നിന് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദേവാലയത്തില്‍  'സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി' മിഷനും വൈകുന്നേരം ഏഴിന് സെന്റ് കുത്ബര്‍ട്‌സ് ദേവാലയത്തില്‍  'സെന്റ് മേരീസ്' മിഷനും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലും ഓരോ സ്ഥലത്തെയും ലത്തീന്‍ മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായരും ചരിത്രപ്രഖ്യാപനങ്ങള്‍ക്കു സാക്ഷികളാകും. 

ഫാ. ബിനു കിഴക്കേഇളംതോട്ടം സിഎംഎഫ്., ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ജോസഫ് വെമ്പാടുംതറ വിസി., കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക