Image

പ്രവീണ്‍ വധക്കേസ് നീതി കാണാതെ അന്ത്യത്തിലേക്കോ ?

അനില്‍ പെണ്ണുക്കര Published on 24 November, 2018
പ്രവീണ്‍ വധക്കേസ് നീതി കാണാതെ അന്ത്യത്തിലേക്കോ ?
നാല് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അപ്രതീക്ഷിതമായ ആ സംഭവംഅരങ്ങേറിയത്.പ്രവീണ്‍ വര്‍ഗീസ് എന്ന19 കാരന്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അപ്രത്യക്ഷനായി. പിന്നീട് തിരച്ചിലും, കാത്തിരിപ്പും, പരാതിയും പ്രതീക്ഷയും, അന്വേഷണവും. അങ്ങനെ അങ്ങനെ, ഒടുവില്‍ നാലാം നാള്‍ ആ 19 കാരന്റെ ചേതനയറ്റ ശരീരം ഉള്‍വനത്തില്‍ നിന്നും കണ്ടെടുത്തു. പ്രവീണിന്റെ മരണത്തിനുത്തരവാദി ഗേജ് ബത്തൂണ്‍ എന്ന യുവാവാണെന്ന് മനസിലാക്കിയ വര്‍ഗീസ് കുടുംബം നീതിക്ക് വേണ്ടി കോടതി വരാന്തകള്‍ കയറിയിറങ്ങി.

അങ്ങനെ അന്വേഷണവും കേസുംവാദപ്രതിവാദങ്ങളും കഴിഞ്ഞ് ബത്തൂണിന് ശിക്ഷ വിധിക്കുന്ന ദിവസം വന്നെത്തി. എന്നാല്‍ അവിടെയും വിധിയുടെ വിളയാട്ടം മറ്റൊന്നായിരുന്നു. ബത്തൂണ്‍ കുറ്റക്കാരനാണെന്ന് ജൂറി ബെഞ്ച് വിധി പറഞ്ഞെങ്കിലും ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് ജൂറി തീരുമാനം ഒഴിവാക്കുകയും പുതിയ ട്രയലിന് ഉത്തരവിറക്കുകയും ചെയ്തു. അതോടെ ഗേജ് ബത്തൂണ്‍ എന്ന കൊലയാളി തീര്‍ത്തും സ്വതന്ത്രനാക്കപ്പെട്ടു.

സ്റ്റേറ്റ് അറ്റോര്‍ണി അപ്പലേറ്റ് പ്രോസിക്യൂട്ടര്‍സ് ഓഫീസിന്റെ ചീഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയ ഡേവിഡ് ജെ റോബിന്‍സണ്‍ ആണ് ബത്തുണിനെതിരെ കേസ് ഫയല്‍ ചെയ്തത്. ജഡ്ജ് ഗ്രെസ്ഫയല്‍ സ്വീകരിക്കുകയും പിന്നീട് ആ കേസ് ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന് കൈമാറുകയുമായിരുന്നു. കേസിന്റെ ആദ്യ വിചാരണയില്‍ സാക്ഷികളും തെളിവുകയും പ്രതിയായ ബത്തുണിനെതിരെയായിട്ടും ജഡ്ജ് ക്ലാര്‍ക് പുതിയ വിചാരണക്ക് തീരുമാനമെടുത്തു.

ഇതേത്തുടര്‍ന്ന് ബത്തൂണിനെതിരെയുള്ള കേസെല്ലാം പ്രോസിക്യൂഷന്‍ പിന്വലിച്ചു. ഇനി ഒന്നില്‍ നിന്നു തുടങ്ങണം.ബത്തുണിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്യുന്നത് വരെയുംബത്തൂണ്‍ സരവതന്ത്ര സ്വതന്ത്രന്‍.

പുതിയ കേസ് നടപടി അല്ലാതെ പ്രോസിക്യൂഷനു മറ്റ് വഴി ഇല്ലായിരുന്നു എന്ന് അലവലി വര്‍ഗീസും സമ്മതിക്കുന്നു.
അതുകൊണ്ട്എത്രയും പെട്ടെന്ന് തന്നെ കേസിന്റെ നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് റോബിന്‍സണ്‍ പറയുന്നത്.
'മാര്‍ക്ക് ക്ലാര്‍ക്കിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ല. 12 അംഗ ജൂറി ബെഞ്ച് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് വിധി പറഞ്ഞ സാഹചര്യത്തില്‍ ക്ലാര്‍ക് അത്തരമൊരു തീരുമാനമെടുത്തത് വലിയ തെറ്റ് തന്നെയാണ്. എന്നിരുന്നാലും നിയമം കൈകാര്യം ചെയ്യുന്ന ഒരാളുടെ വാക്കുകള്‍ നമ്മള്‍ സ്വീകരിച്ചേ മതിയാവൂ.' റോബിന്‍സണ്‍ പറഞ്ഞു. മാര്‍ക്ക് ക്ലാര്‍ക്കിന്റെ അന്യായ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കോടതി റോബിന്‍സണിന്റെ ഹര്‍ജി കേള്‍ക്കാന്‍ തയ്യാറായില്ല.

പുതിയ ട്രയല്‍ നടത്തിയാലും ഫലം ആദ്യത്തേതുപോലെതന്നെയാകുമെന്നതില്‍ ഒരു സംശയവുമില്ല എന്നുംറോബിന്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ നിയമപ്രകാരം ഒരാള്‍ക്കുമേല്‍ രണ്ട് തവണ ഒരേ കുറ്റത്തിന് കേസ് എടുക്കാന്‍ സാധിക്കില്ല. എങ്കിലും മോഷണശ്രമവുംജൂറിയെ ഉപദ്രവിച്ച കുറ്റവും ഒപ്പം ബത്തൂണിന്റെ ലഹരി ഇടപാടുകളും ചേര്‍ത്ത് പുതിയ കേസ് ഫയല്‍ ചെയ്യാമെന്നാണ് റോബിന്‍സണ്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെ ട്രയല്‍ കൃത്യമാണെന്ന് പറഞ്ഞെങ്കിലും വിധി മാറിമറിഞ്ഞു. ഇത്തവണയും അങ്ങനെ സംഭവിക്കരുതെന്നും റൊബിന്‍സണ്‍ കരുതുന്നു.

ബത്തൂണിന്റെ വക്കീല്‍ സ്റ്റീവ് ഗ്രീന്‍ബര്‍ഗ് കേസില്‍ ജയിക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ്. പുതിയ ട്രയല്‍ നടന്നാല്‍ തന്റെ കക്ഷി ഒരിക്കലും കുറ്റക്കാരനാകില്ലെന്നാണ്ഗ്രീന്‍ ബര്‍ഗ് പറയുന്നത്.പ്രവീണിന്റെ തലയില്‍ കാണപ്പെട്ട മുറിവ് മറ്റു പല സാഹചര്യത്തിലും ഉണ്ടായതാകാമെന്നും ബത്തൂണിന്റെ പ്രഹരമേറ്റതാകണമെന്നില്ല എന്നും ഗ്രീന്‍ബര്‍ഗ് വ്യക്തമാക്കി. കൂടാതെ ക്ലാര്‍ക്കിന്റെ തീരുമാനത്തോട് യോജിക്കുന്നുണ്ടെന്നുംമരിക്കുമെന്നു അറിഞ്ഞു കൊണ്ടാണു മര്‍ദ്ദിച്ചതെന്ന പദപ്രയോഗം ജൂറിയില്‍ സംശയമുളവാക്കുന്നതാണെന്നും ഗ്രീന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

സത്യവും നീതിയും മറന്ന് കേസ് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നതില്‍ ഖേദിക്കുകയാണ് ലൗലിയും കുടുംബവും. മകനുവേണ്ടി 4 വര്‍ഷത്തോളം നടത്തിയ കഠിനപരിശ്രമങ്ങള്‍ എല്ലാം തന്നെ വ്യര്‍ഥമായതില്‍ ആ അമ്മ നെഞ്ചുപൊട്ടി കരയുന്നു.

പ്രവീണിനെ അവസാനമായി കണ്ട ഏക വ്യക്തി ബത്തൂണ്‍ ആണെന്നും ബത്തൂണിന്റെ അടിയേറ്റാണ് പ്രവീണ്‍ മരണപ്പെട്ടതെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ബത്തൂണിനെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് നിയമപാലകര്‍ തന്നെ കാട്ടിത്തന്നു. സുപ്രീംകോടതി പോലും സത്യം എന്തെന്ന് കേള്‍ക്കാന്‍ കൂട്ടാക്കാത്തതില്‍ വളരെയധികം സങ്കടമുണ്ടെന്ന് ലവ്ലി പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജ് ജൂറിയുടെ തീരുമാനത്തെ കാറ്റില്‍ പറത്തി സ്വന്തമായി തീരുമാനമെടുക്കുന്നത്. നിയമം കൊണ്ട് ബത്തൂണ്‍ പ്രതിയാണെന്ന് തെളിയിച്ചു, എന്നാല്‍ അവന്‍ ഇന്ന് ഈ ലോകത്തില്‍ ആരെയും ഭയക്കാതെ സ്വാതന്ത്ര്യനായി കഴിയുന്നു.ബത്തൂണ്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടതു മുതല്‍ ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് അന്യായ വിധി പ്രഖ്യാപിച്ചത് വരെ എന്തെല്ലാമാണുസംഭവിച്ചതെന്നുഎഫ്.ബി.ഐ. അന്വേഷിക്കണമെന്നുംലൗലി പറഞ്ഞു.

പ്രവീണിന്റെ കൊലപാതകിയെ നീതി ദേവത നമുക്ക കാട്ടി തന്നതാണ് ഈ കേസിലെ പ്രധാന വിജയം .ജൂറിയും നമുക്കൊപ്പം തന്നെ ആയിരുന്നു .സത്യം ജയിച്ചു കഴിഞ്ഞു .പക്ഷെ സാങ്കേതികമായ വിജയവും നമുക്ക് ആവശ്യമാണ് . പ്രവീണിന് നീതി കിട്ടാന്‍ സത്യത്തിന്റെ മാര്‍ഗത്തിലൂടെ ഏത് അറ്റം വരെയും പോകാന്‍ ലൗലിയും കുടുംബവും തയ്യാറാണ്. മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന മനസിലാക്കിയ ആയിരങ്ങള്‍ ലൗലിക്കൊപ്പമുണ്ട്, ആ കൂട്ടുള്ളിടത്തോളം ലൗലി എവിടെയും തോല്‍ക്കില്ല, തീര്‍ച്ച ! 
പ്രവീണ്‍ വധക്കേസ് നീതി കാണാതെ അന്ത്യത്തിലേക്കോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക