Image

കുറ്റാന്വേഷണത്തിന്റെ വേറിട്ട പാതയില്‍ ജോസഫ്‌

Published on 24 November, 2018
കുറ്റാന്വേഷണത്തിന്റെ വേറിട്ട പാതയില്‍ ജോസഫ്‌
ഒരു കുറ്റാന്വേഷണ ചിത്രം എന്നു പറയുമ്പോള്‍ പ്രേക്ഷകന്‌ സ്ഥിരമായ ചില സങ്കല്‍പങ്ങളുണ്ട്‌. നായകന്റെ ചടുലത, വേഗമുള്ള രംഗങ്ങള്‍ അങ്ങനെ പലതും. എന്നാല്‍ പത്മകുമാര്‍ സംവിധാനം ചെയ്‌ത ജോസഫ്‌ എന്ന ചിത്രം ഇത്തരം സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്താന്‍ വേണ്ടി അവതരിച്ച ഒരു സിനിമയാണ്‌. 

പതിവു കുറ്റാന്വേഷണ സിനിമകളില്‍ നിന്നു വ്യത്യസ്‌തമായി ഒരു റിട്ടയേര്‍ഡ്‌ പോലീസ്‌ ഓഫീസറുടെ ജീവിതത്തിലൂടെ കഥസഞ്ചരിക്കുന്ന രീതിയാണ്‌ ജോസഫില്‍ സ്വീകരിച്ചിട്ടുള്ളത്‌. സംവിധായകന്‍ പത്മകുമാര്‍ ഇത്തരത്തില്‍ ഒരു ട്രീറ്റ്‌മെന്റ്‌ നല്‍കിയെടുത്ത ആദ്യ ചിത്രമാണ്‌ ജോസഫ്‌.

ഒരു ത്രില്ലര്‍ സ്വഭാവമുള്ള ഇമോഷണല്‍ ഡ്രാമ എന്നു വേണമെങ്കില്‍ പറയാം. ജോസഫ്‌ സര്‍വീസില്‍ നിന്നു വിരമിച്ച ഒരു പോലീസ്‌ ഉദ്യോഗസ്ഥനാണ്‌. വളരെ സമര്‍ത്ഥനായ ഒരു കുറ്റാന്വോഷകനായിരുന്നു അയാള്‍. വിരമിച്ചെങ്കിലും ഇപ്പോഴും തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള പല കേസുകളിലും തുമ്പുണ്ടാക്കാനും അന്വേഷിക്കാനുമൊക്കെ പോലീസ്‌ അയാളുടെ സേവനം തേടാറുണ്ട്‌. അങ്ങനെയൊരു കൊലപാതക രംഗത്ത നിന്നാണ്‌ ചിത്രം തുടങ്ങുന്നത്‌. 

ജോസഫിന്റെ സ്വകാര്യമായ, ഏകാകിയായ ജീവിതം എന്ന നിലയിലാണ്‌ സിനിമയുടെ തുടക്കം. മദ്യപിച്ചും കഞ്ചാവിന്റെ ലഹരി പുകച്ചും ഒറ്റയ്‌ക്കൊരു വീട്ടിലാണ്‌ ജോസഫിന്റെ താമസം. തന്റെ സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന രംഗങ്ങളിലൂടെയും ജോസഫിന്റെ ഓര്‍മ്മകളിലൂടെയുമാണ്‌ ചിത്രം മുന്നോട്ടു പോകുന്നത്‌.

മദ്യവും കഞ്ചാവും അയാളുടെ ജീവിത്തില്‍ നിത്യ സംഭവമാണെങ്കിലും അയാളിലെ കുറ്റാന്വേഷകന്റെ നിരീക്ഷണ പാടവത്തിനും ജാഗ്രതയ്‌ക്കും ബുദ്ധിക്കും ഇന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.

ക്രൈം സീനുകള്‍ പോയി കണ്ട്‌ ഓരോ അടയാളങ്ങളും മനസിരുത്തി വായിച്ച്‌ അയാള്‍ കുറ്റകൃത്യം നടത്തിയ ആളിലേക്കെത്തും. പലരും പറയാന്‍ മടിക്കുന്ന ചില സംഭവങ്ങള്‍, മനസിന്‌ ആഘാതമേല്‍പ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അതെല്ലാമാണ്‌ സംവിധായകന്‍ ജോസഫിലൂടെ പറയാന്‍ ശ്രമിക്കുന്നത്‌. 

ജോസഫ്‌ ഇങ്ങനെ ഒരു സമര്‍ത്ഥന്‍ തന്നെയാണെങ്കിലും അയാളുടെ ഉള്ളില്‍ ചില മുറിവുകളുണ്ട്‌. ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകള്‍. ജീവിതത്തില്‍ സ്വയം വരിച്ച ഏകാന്തതയും ആത്മപീഡയും കൊണ്ട്‌ അയാള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതും ആ മുറിവുകളുടെ വേദനയാണ്‌. ഒരു പോലീസുകാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ തികച്ചും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. 

ജോജുവിന്റെ മാസ്‌ അഭിനയം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. വില്ലനായും കൊമേഡിനായും സഹനടനായുമൊക്കെ അഭിനയിച്ചു വന്നിരുന്ന ജോജുവിനെ ഒരു സമ്പൂര്‍ണ നായക വേഷം കൈയില്‍ ഏല്‍പിച്ച സംവിധാ.കന്‍ പത്മകുമാറിനെ അഭിനന്ദിക്കണം.

കാരണം മറ്റൊന്നുമല്ല, മലയാളത്തില്‍ കരുത്തുറ്റ, സങ്കീര്‍ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ കണ്ടെടുത്തതിന്‌. സദാ വിഷാദവും ഏകാകിത്വവും നിഴലിക്കുന്ന നിശബ്‌ദമായ വേദനകളും ആത്മസംഘര്‍ഷങ്ങളും ഉള്ളിലൊതുക്കുന്ന മുഖഭാവവും ശരീരഭാഷയുമായി ജോജു ജോസഫ്‌ എന്ന കഥാപാത്രമായി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

കുറ്റകൃത്യങ്ങളുടെ വേരുകള്‍ തേടിയുള്ള അന്വേഷണം ജോസഫിന്റെ വ്യക്തിജീവിതവുമായി ചേര്‍ത്തു വച്ചുകൊണ്ട്‌ മുന്നോട്ടു പോകുന്നു എന്നതാണ്‌ സിനിമയുടെ പുതുമ. അത്‌ അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന്‌ കഴിയുന്നുണ്ട്‌. 
ഷാഫി കബീര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ എഴുതിയ തിരക്കഥയുടെ കരുത്ത്‌ ഓരോ സീനിലും കാണാന്‍ കഴിയും. അതിഭാവുകത്വങ്ങളില്ലാതെ കഥ പറഞ്ഞു പോകാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജോസഫിന്റെ കൂട്ടുകാരായി ദിലീഷ്‌ പോത്തന്‍, സുധി കോപ്പ, ഇര്‍ഷാദ്‌ എന്നിവരും മികച്ച അഭിനയം കാഴ്‌ച വച്ചു.

രന്‍ജിന്‍ ജോണിന്റെ പാട്ടുകളും അനില്‍ ജോണ്‍സന്‌റെ പശ്ചാത്തല സംഗീതവും മികച്ചതായി. മനേഷ്‌ മാധവന്റെ ഛായാഗ്രഹണവും മികച്ചതായി. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ജോസഫ്‌ ഒരു നല്ല ദൃശ്യാനുഭവമായിരിക്കും നല്‍കുക എന്നു തീര്‍ച്ചയാണ്‌. 





















































��





















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക