Image

ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി, ചര്‍ച്ചകളും തുടരട്ടെ...

ശ്രീകുമാര്‍ Published on 28 November, 2018
ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി, ചര്‍ച്ചകളും തുടരട്ടെ...
വധശിക്ഷയ്‌ക്കെതിരെ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മൂന്നംഗ ബെഞ്ചില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരാണ് വധശിക്ഷയുടെ നിയമസാധുത പരിശോധിച്ചത്. ഇവരില്‍ ദീപക് ഗുപ്തയും ഹേമന്ത് ഗുപ്തയും വധശിക്ഷയുടെ നിയമസാധുത ശരിവെച്ചു. എന്നാല്‍ വധശിക്ഷ വിധി പുനപരിശോധിക്കണം എന്നാണ് കുര്യന്‍ ജോസഫ് നിലപാടെടുത്തത്. വധശിക്ഷ നല്‍കുന്നത് കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യം കുറയുന്നില്ലെന്ന് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. നിയമ കമ്മീഷന്റെ 262ാം റിപ്പോര്‍ട്ടും ജസ്റ്റിസ് കുര്യന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പ്രമാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പോലീസുകാരെ തൂക്കിക്കൊല്ലാന്‍ കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചതോടെ വധശിക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തിലും സജീവമായിരുന്നു. പരമാവധി ശിക്ഷ, അഥവാ വധശിക്ഷയെക്കുറിച്ച് ചില അറിവുകള്‍ പങ്കുവയ്ക്കാം...വളരെ കഠിനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മരണം തന്നെ ശിക്ഷയായി നല്‍കുന്നതാണ് വധശിക്ഷ. ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങള്‍ക്കുമാത്രമേ ഇവിടങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങള്‍ക്കാണ് വധശിക്ഷ. 

പണ്ടുകാലം മുതല്‍ക്കേ മിക്ക സമൂഹങ്ങളിലും വധശിക്ഷ നിലവിലുണ്ടായിരുന്നു. നിലവില്‍ 58 രാജ്യങ്ങള്‍ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല. ഈ രാജ്യങ്ങളില്‍ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാന്‍ സാധിക്കൂ. പല രാജ്യങ്ങളിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാര്‍ട്ടറിന്റെ രണ്ടാം ആര്‍ട്ടിക്കിള്‍ വധശിക്ഷ നിരോധിക്കുന്നു. ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ തുടങ്ങി 135 ഓളം രാജ്യങ്ങളില്‍ വധശിക്ഷ നിലവിലില്ല.

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് മിക്ക സമൂഹങ്ങളിലും നിലനിന്നിരുന്നു. ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും കൊലപാതകം, ചാരപ്രവര്‍ത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കോ സൈനിക നിയമപ്രകാരമോ ആണ് വധശിക്ഷ നടപ്പിലാക്കാറുള്ളത്. ചില രാജ്യങ്ങളില്‍ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം, ഗുദരതി തുടങ്ങിയവയ്ക്കും മരണശിക്ഷ നല്‍കാറുണ്ട്. ഇസ്ലാം മതത്തിനെ തള്ളിപ്പറയുക എന്ന കുറ്റത്തിനും ചില ഇസ്ലാമിക രാജ്യങ്ങളില്‍ വധശിക്ഷ നല്‍കാന്‍ നിയമമുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ചൈനയില്‍ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളില്‍ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണ്.

ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ 1949ല്‍ തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. സുപ്രീം കോടതി വധശിക്ഷ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ നടപ്പാക്കാവൂ എന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഹേതല്‍ പരേഖ് എന്ന 14 കാരിയെ 1990ല്‍ കൊല്‍കൊത്തയില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസില്‍ കുറ്റക്കാരന്‍ എന്ന് വിധിക്കപ്പെട്ട ധനന്‍ജോയ് ചാറ്റര്‍ജിയെ തൂക്കിലേറ്റിയിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തില്‍ ബലാത്സംഗം ചെയ്യല്‍ എന്നിവയൊക്കെ വധശിക്ഷ നല്‍കത്തക്ക വിധം നിഷ്ഠൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യന്‍ പ്രസിഡന്റിന്റെ ദയാഹര്‍ജി തള്ളപ്പെട്ടപ്പോള്‍ ചാറ്റര്‍ജിയെ 2004 ഓഗസ്റ്റ് 14ന് തൂക്കിക്കൊന്നു. 1995നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്.

2008ലെ മുംബൈ അക്രമണപരമ്പരയില്‍ പങ്കാളിയായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് രാവിലെ 7.30ന് പുനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി. 2010 മേയ് മൂന്നാം തീയതി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതി  കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങള്‍ സൂക്ഷിക്കല്‍, തുടങ്ങിയ കാരണങ്ങള്‍ ചുമത്തി കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2010 മേയ് ആറിന് ഇതേ കോടതി നാല് കുറ്റങ്ങള്‍ക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 21ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബര്‍ 21ന് സുപ്രീം കോടതിയും കീഴ്‌ക്കോടതി വിധികള്‍ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29ന് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളി. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്‍പാകെ കസബ് ദയാഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും നവംബര്‍ അഞ്ചിന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെത്തുടര്‍ന്നായിരുന്നു വധശിക്ഷ

2014ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പേര്‍ക്ക് കൂടി കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം 21 ആയി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍. 11 പേരാണ് ഇവിടെയുണ്ടായിരുന്നത്. ഉദയകുമാര്‍ കേസിലെ രണ്ട് പ്രതികള്‍ കൂടി എത്തിയതോടെ ഇവിടെ 13 വധശിക്ഷ തടവുകാരായി. 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്ന റിപ്പര്‍ ചന്ദ്രന്റെതാണ് അവസാനം നടപ്പാക്കിയ വധശിക്ഷ. 15 പേരെ തലക്കടിച്ചു കൊന്ന കേസിലാണ് റിപ്പറിന് ശിക്ഷ ലഭിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1971ല്‍ അഴകേശനെ തൂക്കിക്കൊന്ന ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ല. ദുര്‍മന്ത്രവാദത്തിനുവേണ്ടി കുഞ്ഞുങ്ങളെ കൊന്ന കേസിലാണ് കളിയിക്കാവിള സ്വദേശി അഴകേശനെ തൂക്കിലേറ്റിയത്.

വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നാലുപേര്‍ വീതമാണ് നിലവില്‍ വധശിക്ഷ കാത്ത് കഴിയുന്നവര്‍. ഒടുവില്‍ വധശിക്ഷ ലഭിച്ചത് പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതിയായ അമീറുല്‍ ഇസ്ലാമിനാണ്. ഇയാള്‍ വിയ്യൂര്‍ ജയിലിലാണ്. സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷ ലഭിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. ആലുവ കൂട്ടക്കൊല കേസിലെ ആന്റണി, കോട്ടയത്ത് വൃദ്ധ ദമ്പതികളെ കൊന്ന പ്രദീപ് ബോറ, വര്‍ക്കലയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ ഷെരീഫ്, കാമുകിയുടെ കുഞ്ഞിനെയും അമ്മൂമ്മയേയും കൊന്ന നിനോ മാത്യു, ജെറ്റ് സന്തോഷിനെ വധിച്ച അനില്‍കുമാര്‍ (ജാക്കി), പട്ടാമ്പിയില്‍ ഒരു കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ റെജി കുമാര്‍, നെടുമങ്ങാട്ട് പെണ്‍കുട്ടിയെ കുത്തിക്കൊന്ന രാജേഷ് കുമാര്‍, നരേന്ദ്ര കുമാര്‍, ബൈജു, ഗിരീഷ് കുമാര്‍ എന്നിവരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്.

കാസര്‍കോട് സഫിയ വധക്കേസിലെ ഹംസ, കണിച്ചുകുളങ്ങര കേസിലെ ഉണ്ണി, മഞ്ചേരി സെഷന്‍സ് കോടതി ശിക്ഷിച്ച നാസര്‍, രാജേന്ദ്രന്‍ എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജിഷ വധക്കേസിലെ അമീറുല്‍ ഇസ്ലാം, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ 'അമ്മയ്‌ക്കൊരു മകന്‍' എന്നറിയപ്പെടുന്ന സോജു കുമാര്‍, രതീഷ് എന്നിവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും വധശിക്ഷ കാത്തു കഴിയുന്നു. രാജ്യത്ത് സി.പി.എം അടക്കമുള്ള കക്ഷികള്‍ വധശിക്ഷക്കെതിരായ നിലപാട് എടുത്തിട്ടുള്ളവരാണ്. അജ്മല്‍ കസബിന്റെയും, അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ വന്‍ പ്രതിഷേധങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിരുന്നു. മാറിയ ലോക സാഹചര്യത്തില്‍ ശിക്ഷ രീതികളും മാറേണ്ടതുണ്ടെന്നും, വധശിക്ഷ പ്രാകൃതമാണെന്നും അരുന്ധതി റോയ് അടക്കമുള്ളവര്‍ നിരന്തരം അഭിപ്രായമുന്നയിച്ചിട്ടുണ്ട്.

വധശിക്ഷയ്ക്ക് മൊറട്ടോറിയം നടപ്പാക്കണമെന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തിനെതിരായി 2016 നവംബറില്‍ ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാകുമെന്നതിനാലും പരമാധികാരമുള്ള രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം നിയമങ്ങളും ശിക്ഷാരീതികളും പിന്തുടരാന്‍ അവകാശമുള്ളതിനാലുമാണ് യു.എന്‍ നയത്തെ അന്ന് ഇന്ത്യ എതിര്‍ത്തത്. ''വധിശിക്ഷ നിര്‍ത്തലാക്കണം എന്നതാണ് മൊറട്ടോറിയത്തിന്റെ പ്രോത്സാഹനത്തിലൂടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യം വച്ചത്. എന്നാല്‍ ഇത്തരമൊരു തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടി വന്നു. കാരണം ഇന്ത്യക്ക് ചട്ടപ്രകാരമുള്ള നിയമവ്യവസ്ഥയുണ്ട്...'' എന്നായിരുന്നു യു.എന്നിലെ ഇന്ത്യന്‍ കൗണ്‍സിലറായ മായങ്ക് ജോഷി അന്ന് പറഞ്ഞത്. അതേസമയം വധശിക്ഷയ്ക്ക് മൊറട്ടോറിയം നടപ്പാക്കണം എന്ന തീരുമാനം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 38 നെതിരേ 115 വോട്ടുകള്‍ക്ക് പാസാവുകയും ചെയ്തു. 31 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 
***
അമേരിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കുറ്റവാളി രഘുനന്ദന്‍ യന്ദമൂരിയുടെ വധശിക്ഷ 2018 ഫെബ്രുവരി 23ന് നടത്താന്‍ നിശ്ചയിച്ചെങ്കിലും അതിനെതിരെ പെന്‍സില്‍വാനിയ ഗവര്‍ണര്‍ നല്‍കിയ മൊറട്ടോറിയം മൂലം ശിക്ഷ നീട്ടിവച്ചിരിക്കുകയാണ്. ശിക്ഷ നടപ്പാക്കുകയാണെങ്കില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടിയില്‍ പെന്‍സില്‍വാനിയായില്‍ ആദ്യമായി നടക്കുന്ന വധശിക്ഷയായിരിക്കും 32 കാരനായ രഘുനന്ദന്റേത്. വിഷം കുത്തിവെച്ചാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കുന്നത്. 61 വയസുള്ള ഒരു വൃദ്ധയേയും അവരുടെ 10 വയസുകാരി പേരക്കുട്ടിയേയും കൊലപ്പെടുത്തിയ കേസിലാണ് 2104ല്‍ രഘുനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് രഘുനന്ദന്റെ പേരിലുള്ളത്.

ആന്ധ്രയില്‍ നിന്നുള്ള രഘുനന്ദന്‍, എച്ച്1 ബി വിസയിലാണ് അമേരിക്കയില്‍ എത്തിയത്. ഇയാള്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്. പണത്തിനുവേണ്ടിയാണ് വൃദ്ധയേയും അവരുടെ പേരകുട്ടിയേയും ഇയാള്‍ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നു കൊലപ്പെടുത്തിയതും. വധശിക്ഷയ്‌ക്കെതിര രഘുനന്ദന്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയിരുന്നു.
***
വധശിക്ഷയെ ശക്തമായി എതിര്‍ക്കുന്ന നിരവധി ആളുകളുണ്ട്. ജീവന്‍ കൊടുക്കാന്‍ കഴിയാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ലെന്നതാണ് ഇതില്‍ ചിലരുയര്‍ത്തുന്ന വാദം. ശിക്ഷയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് വധശിക്ഷ എന്നും വാദമുണ്ട്. ശിക്ഷ, ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കി മാറ്റാനുള്ളതാണെന്നതാണ് ഇതിന്റെ അടിസ്ഥാനം. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ കൊലപാതകം കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെല്ലാം കുറ്റവാളിയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരല്ല എന്ന് ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമാണ് കൂടുതല്‍ കിട്ടുന്നതെന്നും ഇത് അക്രമവാസനയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കുമെന്നും മനുഷ്യാവകാശങ്ങളെ ധ്വംസിക്കുമെന്നും വാദങ്ങളുണ്ട്. തെറ്റു ചെയ്തവന്‍ ശിക്ഷ അനുഭവിക്കണം എന്ന ധാര്‍മിക നിയമമാണു വധശിക്ഷയെ പിന്തുണക്കുവാനുള്ള പ്രധാന കാരണം. മറ്റുള്ളവര്‍ കുറ്റം ചെയ്യാനുള്ള സാധ്യത വധശിക്ഷ കുറക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ശിക്ഷകുറച്ചു കൊടുത്ത് കുറ്റസമ്മതം വാങ്ങാന്‍ നിയമമനുവദിക്കുന്ന രാജ്യങ്ങളില്‍ വധശിക്ഷ പ്രയോജനം ചെയ്യുന്നുണ്ടത്രേ.

ലോകത്തിലെ പ്രധാന മതങ്ങള്‍ക്ക് വധശിക്ഷയെപ്പറ്റി വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളാണുള്ളത്. മതവിഭാഗം, വ്യക്തിയുടെ കാഴ്ച്ചപ്പാട്, കാലഘട്ടം എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഈ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്. ക്രിസ്തുമതത്തില്‍ വധശിക്ഷയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകള്‍ പൂര്‍ണമായ എതിര്‍പ്പുമുതല്‍ അനുകൂല നിലപാടുകള്‍ വരെ (പഴയനിയമത്തെ ആധാരമാക്കി) മാറിമറിഞ്ഞ് കാണുന്നുണ്ട്. വധശിക്ഷയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന വിചാരധാരകള്‍ ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതം അഹിംസ പഠിപ്പിക്കുമ്പോള്‍ത്തന്നെ ആത്മാവിനെ കൊല്ലാന്‍ സാധിക്കില്ല എന്നും ജഡമായ ശരീരം മാത്രമാണ് നശിക്കുന്നതെന്നും പഠിപ്പിക്കുന്നു. ധര്‍മശാസ്ത്രത്തിലും അര്‍ത്ഥശാസ്ത്രത്തിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നുണ്ട്. സൗദി അറേബ്യയിലേതുപോലുള്ള ചിലതരം ഇസ്ലാമിക നിയമങ്ങള്‍ വധശിക്ഷ ചില കുറ്റങ്ങള്‍ക്ക് നിര്‍ബന്ധമായി വിധിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക രാജ്യങ്ങള്‍ തമ്മില്‍ വധശിക്ഷയുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. കൊലപാതകത്തിനെയും ഒരു സിവില്‍ കുറ്റമായാണ് ഇസ്ലാം കാണുന്നത്. വധിക്കപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ചോരപ്പണം വാങ്ങി ശിക്ഷ ഇളവു നല്‍കാനുള്ള അധികാരമുണ്ട്. ഒരു വ്യക്തിയുടെ അഭിപ്രായത്തില്‍ വധശിക്ഷ ഇസ്ലാം മതത്തില്‍ അനുവദനീയമല്ല. 

ഇന്ത്യയില്‍ വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി, ചര്‍ച്ചകളും തുടരട്ടെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക