Image

മാടപ്രാവേ... വാ...(ക്യാമ്പസ് കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 28 November, 2018
മാടപ്രാവേ... വാ...(ക്യാമ്പസ് കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ഇ-മലയാളി ആരംഭിക്കുന്ന പുതിയ പംക്തി "ക്യാമ്പസ്സ് കഥകള്‍''. എഴുതുക, നിങ്ങളുടെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, വെറുതെ ചില ക്യാമ്പസ്സ് വാര്‍ത്തകള്‍, പ്രണയവും നര്‍മ്മവും കലര്‍ന്ന സംഭവങ്ങള്‍.. വിവരങ്ങള്‍ ഫോണ്‍/ഇ-മെയില്‍ വഴി അറിയിച്ചാല്‍ ഞങ്ങളുടെ ലേഖകര്‍ അത് നിങ്ങള്‍ക്കായി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാണു്. (ചില നിബന്ധനകള്‍ ബാധകമാണു്). ശ്രീ സുധീര്‍ പണിക്കവീട്ടില്‍ തന്റെ സഹപാഠിയായിരുന്ന സി. ആന്‍ഡ്രൂസ്സിന്റെ പ്രണയാനുഭവങ്ങള്‍ എഴുതുന്നു.

സായാഹ്നത്തിലെ നിഴലുകള്‍ നീളുകയും രാവിന്റെ കരിമ്പടം ഓരോന്നായി ഊര്‍ന്ന് വീഴുകയും ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഒരു നഷ്ട്‌ബോധത്തിന്റെ വിഷാദമുണ്ടാകാം. കാപ്പിക്കപ്പുകളും വീഞ്ഞു്‌ക്കോപ്പകളും നാലുമണി പൂക്കളും, നിലക്കാത്ത സീരിയലുകളും, മൂവികളും സാന്ത്വനവുമായി അപ്പോള്‍ എത്തുമെങ്കിലും കണ്ണുകള്‍ വിദൂരതയിലേക്ക് ആഴ്ന്നിറങ്ങികൊണ്ടിരിക്കും. അടിവച്ചടിവച്ച് പകല്‍ പോയിമറഞ്ഞ വഴിയിലേക്ക് അലക്ഷ്യമായി നീളുന്ന അത്തരം ശൂന്യതയില്‍ വെറുതെ ഇരിക്കാന്‍ ശ്രമിച്ചാലും അസ്വസ്ഥമാകുന്ന മനസ്സ് കേട്ടു് മറന്ന പാട്ടുകളുടെ ഈരടികള്‍ തേടി പോകാറുണ്ട് - കഹി ദൂര്‍ ജബ് ദിന്‍ ഢല്‍ ജായെ (ആനന്ദ് എന്ന പഴയ ഹിന്ദി ചിത്രത്തിലെ ഗാനം) "ഏറെ ദൂരം പകല്‍ എത്തികഴിയുമ്പോള്‍ ലജ്ജയില്‍ മുങ്ങിയ നവവധുവിനെ പോല്‍ ഇരുട്ടിന്റെ മറവില്‍ ഒളിച്ച് പതുങ്ങി പതുങ്ങിന്നിശബ്ദയായി സന്ധ്യ വരുന്നു. എന്റെ ചിന്തകളുടെ മുറ്റത്ത് അപ്പോള്‍ ആരോ സ്വപ്നങ്ങളുടെ ദീപം തെളിയിക്കുന്നു.'' പാട്ടിന്റെ അര്‍ത്ഥത്തിലും മധുര സംഗീതത്തിലും മുഴുകുമ്പോള്‍ അനുഭവപ്പെടുന്ന അനുഭൂതി സ്വര്‍ഗ്ഗീയമാണു. മനസ്സിലും അപ്പോള്‍ പിന്നിട്ട യൗവ്വനനാളുകള്‍ ദൂരെ തെളിയുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നാളുകളിലേക്ക് ഒന്നു മുങ്ങിതപ്പാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടിനെത്തുന്നു എനിക്ക് പ്രിയമുള്ളവന്‍ ആന്‍ഡ്രൂസ്. ടെലഫോണ്‍ കമ്പികളില്‍ പിടിച്ചുകൊണ്ട്, ഇമ്പമുള്ള ശബ്ദവീചികള്‍ പൊഴിച്ചുകൊണ്ട്, സുഹ്രുത്തുക്കള്‍ക്ക് തമ്മില്‍ തമ്മില്‍ പരേന്ദ്രിയജ്ഞാനം (Telepathy) ഉണ്ടെത്രെ.ന്നമ്മള്‍ അവരെപ്പറ്റി ചിന്തിക്കുമ്പോള്‍ അവരറിയുന്നു. പ്രത്യേകിച്ച് ഉറ്റ സുഹ്രുത്തുക്കള്‍ക്ക്. വൈകീട്ടു എന്താ പരിപാടിയെന്ന് മോഹന്‍ലാലിന്റെ പരസ്യചിത്രം ചോദിക്കുന്നതിനു മുമ്പെ കൂട്ടുകാരുടെ ചുണ്ടില്‍ അതുണ്ടായിരുന്നു.

യൗവ്വന നാളുകളിലേക്ക് തിരിച്ചുപോകാനുള്ള മായാവിമാനവുമായി, അത് പറത്തികൊണ്ട് ആന്‍ഡ്രൂസ് വരുന്നു. "എന്താ പരിപാടി'' "ഇന്നെവിടെ പോകണമെന്ന ചോദ്യത്തോടെ'' ഞങ്ങളുടെ സങ്കല്‍പ്പവിമാനം പറന്നുയരുകയായി. മാമ്പൂ വിരിയുന്ന രാവുകളില്‍ മാതളം പൂക്കുന്ന രാവുകളില്‍ ഒരു പൂവ്വ് തേടി നടന്ന യൗവ്വനത്തിന്റെ അസുലഭ കാലഘട്ടം. ആദ്യത്തെ നോട്ടത്തില്‍ ഏതൊ പെണ്‍കുട്ടിയുടെ കാലടികള്‍ കണ്ട് വെറുതെ ഓരോ മോഹങ്ങള്‍ കൊളുത്തി ആ വെളിച്ചത്തില്‍ പകല്‍ കിനാവുകള്‍ കണ്ട കാലം. അത് എത്രയോ പുറകിലെന്നറിയാതെ ഈ സായം സന്ധ്യയില്‍ വീണ്ടും കോളേജ് കുമാരന്മാരാകന്‍ തുടിക്കുന്ന മനസ്സ്. കുറച്ചു നേരത്തേക്ക് ഞങ്ങള്‍ പരിസരം മറന്ന് കഴിഞ്ഞകാലത്തിലേക്ക് പറന്ന് കൊണ്ടിരിക്കുന്നു. അപ്പോള്‍ എനിക്ക് പത്തൊമ്പതും ആന്‍ഡ്രൂസ്സിനു പത്തൊമ്പതരയും വയസ്സാകുന്നു. ആ ചിന്ത തന്നെ ഞങ്ങളില്‍ രോമാഞ്ചം ഉണ്ടാക്കുന്നു. എന്തു സുഖമാണീ നിലാവ്, എന്തു രസമാണീ സന്ധ്യ, അരികില്‍ നീ വരുമ്പോള്‍ എന്ന് പാടി വരുന്നു അപ്പോള്‍ ഒരു സുന്ദരി പെണ്ണു്. (വര്‍ഷങ്ങള്‍ക്ക് ശേഷം കൈതപ്രം അതെഴുതിയപ്പോള്‍ ആന്‍ഡൂസ്സിനു അതുഭുതമായി. അതേക്കുറിച്ച്് പറയാന്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു കവികള്‍ എല്ലാം അറിയുന്നു.) ഓര്‍മ്മകളുടെ പൊട്ടിപോയ ഒരുപാട് പട്ടങ്ങളുടെ ചരടില്‍ തൂങ്ങി വരുന്ന അവളെപറ്റി ഈ ഏഴാം കടലിന്നക്കരെ വളരെ കൊല്ലങ്ങള്‍ക്ക് ശേഷം ഫോണിലൂടെ അയാള്‍ ചോദിക്കുന്നു, സുരേഷ് ഗോപി സ്റ്റയിലില്‍ഃ ഓര്‍മ്മയുണ്ടോ ആ മുഖം. അത് നമ്മുടെ കറിയാച്ചന്റെ പെങ്ങളല്ലേ? ശോശകുട്ടി..

ഒരു പാട് ലഡു അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ പൊട്ടുന്നു. കോളേജ് കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഒരു അരയന്നം പോലെ വെളുത്ത ആ പെണ്‍കുട്ടി നടന്നു വരുമ്പോള്‍ ആണ്‍പിള്ളേരുടെ മനസ്സെന്ന പൊയ്കയില്‍ ഒത്തിരി പരല്‍ മീനുകള്‍ ഓടികളിക്കും. അവള്‍ക്ക് കൊത്താന്‍ പരുവത്തില്‍ അവ ശ്വാസം പിടിച്ച് അനങ്ങാതെ നില്‍ക്കുമ്പോള്‍ ഇടി്മിന്നല്‍ പോലെ ഒരു കടാക്ഷം ആന്‍ഡ്രൂസ്സിനു മാത്രം എറിഞ്ഞ്‌കൊടുത്ത് അവള്‍ നടക്കുന്നു. പിന്നെ വല്‍ക്കലം ഉടക്കി എന്ന് നടിച്ച് ശകുന്തള നിന്നപോലെ (കോളേജിന്റെ ഇടനാഴിയില്‍ ദര്‍ഭമുന കൊണ്ട് നില്‍ക്കാന്‍ വയ്യല്ലോ) സാരിത്തലപ്പിന്റെ തുമ്പ് കോവണിയില്‍ കുടുക്കി നിന്ന് ഒരു നോട്ടം കൂടി കൊടുക്കുന്നു. അപ്പോഴെക്കും അവിടെകൂടി നില്‍ക്കുന്ന ആണ്‍കുട്ടികളെല്ലാവരും കൂടി ഒത്തിരി എരിവുള്ള കറികൂട്ടിയ പോലെ ''ശ്ശ്.." എന്ന് നീട്ടി വലിക്കുന്നു. അപ്പോഴാണു എം.എ.ക്ക് പഠിക്കുന്ന ചേച്ചിമാരുടെ വരവു്. അവര്‍ ഒരു തരം വല്യേച്ചി കളിക്കുമപ്പോള്‍. എന്തിനാ പിള്ളേരേ വായില്‍ നോക്കി സമയം കളയുന്നത്, വല്ലതും പഠിക്കരുതോ? അവരില്‍ ചന്ദനകുറിതൊട്ട, മുടി പിന്നിയിട്ട, കുട-ഞാത്തിയിട്ട ഒരു ശാലീന സുന്ദരി മാത്രം ഒരു ചേച്ചിയെപോലെ, കൂട്ടുകാരിയെപോലെ അവിടെ നിന്നു സംസാരിക്കും. ആ സുന്ദരി ചേച്ചിയുടെ കണ്മുനകള്‍ ഉന്നം വക്കുന്നതും സുന്ദരനായ ആന്‍ഡ്രൂസ്സിനെയാണു്. പാരഡി രാജാക്കന്മാരായി ക്യാമ്പസ്സില്‍ വിലസി നടക്കുന്നവര്‍ ഉടനെ പാടും. ''നിന്നിലലിഞ്ഞ്‌പോയ് എന്റെ കിനാവുകള്‍ സുന്ദരനായ ആന്‍ഡ്രൂസ്സേ'' ഞങ്ങളുടെ കൂട്ടത്തിലെ ഒരു എഴുത്തുകാരന്‍ അവരുടെ സൗന്ദര്യം എപ്പോഴും വര്‍ണ്ണിച്ചുകൊണ്ടിരുന്നു. അതിനു പ്രേമം എന്നാണു പേരെന്ന് ആന്‍ഡ്രൂസ്സ് രഹസ്യമായി അയാളോട് പറഞ്ഞനാള്‍ മുതല്‍ അയാള്‍ക്കു അവരെ കാണുമ്പോള്‍ പരവേശം തുടങ്ങി. ചന്ദനമണമൂറും നിന്‍ ദേഹ മലര്‍വക്ലി എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ എന്നയാള്‍ മൂളാന്‍ തുടങ്ങി. അയാളുടെ കഥകളും കവിതകളും പ്രേമത്തിന്റെ അതിമധുരം വിളമ്പി.

സംസാരിക്കുന്നതിനടയില്‍ ഞങ്ങള്‍ക്ക് വഴി തെറ്റി. ആന്‍ഡ്രൂസ്സെ നീ എവിടെയെന്ന ചോദ്യം മുപ്പത് വര്‍ഷങ്ങളുടെ ഭിത്തികള്‍ തട്ടി മറിച്ചു. പതിനേഴ് താണ്ടിയ പെണ്‍കിടാങ്ങള്‍ മന്മഥന്റെ രഥചക്രമുരുളുന്ന വഴികളിലൂടെ പുസ്തകകെട്ടും നെഞ്ചിലേറ്റി നടന്നു വരുമ്പോള്‍ കണികാണാനെന്നോണം ഉയരമുള്ള ആന്‍ഡ്രൂസ്സ് അവരെ നോക്കി നില്‍ക്കയായിരുന്നു. വാലിട്ടെഴുതിയ ഒത്തിരി കണ്ണുകള്‍ ഒരുമിച്ച് കണ്ട് അയാള്‍ മദോന്മത്തനാകുന്നു.. അപ്പോഴാണു കവിഹ്രുദയമുള്ള കൂട്ടുകാരനെ അന്വേഷിക്കുന്നത്.

അയാള്‍ അപ്പോള്‍ കാളിദാസനെ കടം മേടിക്കും. പെണ്‍കുട്ടികളുടെ കണ്ണുകളുടെ സൗന്ദര്യം കണ്ട് ആന്‍ഡ്രൂസ് പാടുന്ന കാളിദാസ ശ്ശോകം നൂയോര്‍ക്കിലെ ഒരു വൈകിയ സായാഹ്നത്തില്‍ വീണ്ടും കേള്‍ക്കുമ്പോള്‍ കാലം ഞങ്ങള്‍ക്ക് അടിയറ വക്കുന്നപോലെയുള്ള ഒരനുഭൂതി കൈവരുന്നു.ഃ "ബാലേ, തവ മുഖാംബുജേ ദ്രുഷ്ട്യം ഇന്ദീവര ദ്വയം. അപ്പോഴാണു തേനീച്ചയാര്‍ക്കുന്ന പോലെ പെണ്‍കുട്ടികള്‍ പരിഭ്രാന്തരാകുന്നത്. ആരുടെ മുഖം - താമരപൂവ്വ് പോലെ, അതില്‍ കരിങ്കൂവ്വള പൂ പോലുള്ള കണ്ണുകള്‍. ആരുടെ? പൂവ്വാലസംഘം പതിവുപോലെ അവരുടെ പാട്ട് ആരംഭിക്കുന്നു. '' കണ്ടു രണ്ട് കണ്ണു, കതകിന്‍ പിന്നില്‍ നിന്ന്". ആ കോലാഹലം കണ്ട് ഒരാള്‍ അകലെ നിന്ന് നടന്നു വരുന്നുണ്ട്. എപ്പോഴും ഗൗരവ മുഖം മൂടിയുള്ള ക്ലാര. അവളുടെ അപ്പന്‍ മജിസ്‌ട്രേറ്റാണെന്ന അഹംഭാവത്തിനു പുറമേ അവള്‍ക്ക് സുന്ദരിയാണെന്നു ഗമയും. അവള്‍ക്ക് ആന്‍ഡ്രൂസ്സ് അവളുടെ സ്വന്തമാണെന്നാണു വിചാരം. അവള്‍ വരുന്നത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ ഒഴിഞ്ഞ്‌പോകാന്‍ തുടങ്ങി.. ആന്‍ഡ്രൂസ്സിന്റെ പട്ടമഹിഷി വരുന്നേ എന്ന് പിള്ളേര്‍ അപ്പോള്‍ ആര്‍പ്പ് വിളിക്കും. ദാവുണി ചുറ്റിയ പ്രി-ഡിഗ്രിക്കാരി പെണ്‍കുട്ടികള്‍ അകലെ മരത്തിന്റെ ചുവട്ടില്‍ നിന്നും ആകാംക്ഷയോടെ നോക്കി നില്‍ക്കും.

ഇന്നത്തെപ്പോലെ ഫാഷ്യലും, പുരികം ചെത്തിമിനുക്കലും, തുടങ്ങിയുള്ള തട്ടിപ്പിലൂടെ ഭംഗി വരുത്തികൂട്ടാത്ത ക്രുത്രിമത്വമിക്ലാത്ത മൂക സൗന്ദര്യങ്ങള്‍. എന്നിട്ടും അവര്‍ അഴകിന്റെ ദേവതമാരായി വിളങ്ങി. ആ കിശലയ കിശോരികളും ഒളികണ്ണാല്‍ ആന്‍ഡ്രൂസ്സിനു കടാക്ഷ പ്രസാദങ്ങള്‍ നീട്ടികൊടുത്തിരുന്നു. എന്നാല്‍ അവര്‍ക്കും ക്ലാരയെ പേടിയായിരൂന്നു. ആണ്‍കുട്ടികള്‍ക്ക് ക്ലാരയോട് പകയായിരുന്നു. ആന്‍ഡ്രൂസ്സിനെ ഒഴികെ ആരേയും ക്ലാര ശ്രദ്ധിച്ചിരുന്നില്ല. അത്‌കൊണ്ട് മറ്റുള്ള ആണ്‍കുട്ടികള്‍ അവളെ "രാമായണത്തിലെ സീത'' എന്നു വിളിച്ചു. നിന്നെ രാവണന്‍ കട്ടുകൊണ്ട് പോകുമെന്ന് അവര്‍ കളിയാക്കി. ക്ലാര അതെല്ലാം സന്തോഷത്തോടെ കേട്ടു.

ക്ലാര വന്നാല്‍ ഉടനെ ആന്‍ഡ്രുസ്സും കൂട്ടുകാരായ ഞങ്ങള്‍ രണ്ടുപേരും കൂടി ക്യാന്റീനിലേക്ക് നടത്തമാണു. അവളെ കുറിച്ച് കവിത കുറിച്ച് കൊടുക്കുന്നത്‌കൊണ്ട് അവള്‍ക്ക് ഞങ്ങളെ കാര്യമാണു്. ക്യാന്റീനില്‍ ചെല്ലുമ്പോള്‍ പൗലോസ് ചേട്ടന്‍ പറയും : പഴം പൊരിയുണ്ട് മക്കളെ എടുക്കട്ടെ. എടുക്കൂ പൗലോസേട്ടാ.. ക്ലാര കൂടെയുള്ളത് കണ്ടില്ലേ? നാട്ടിലെ പണചാക്കിന്റെ മകളല്ലേ? പൗലോസ്സ് ചേട്ടന്‍ അത്‌കേട്ട് ചിരിച്ചുകൊണ്ട് പറയും. കാര്യമൊക്കെ ശരി ആ പെണ്‍കൊച്ചിനെ ചതിക്കരുത് ആന്‍ഡ്രൂസ്സേ... ആന്‍ഡ്രൂസ്സിന്റെ മുഖം അപ്പോള്‍ വാടും. ക്ലാരക്ക് ഒരു കൂസലുമുണ്ടാകില്ല. പിന്നേ.. ഇവന്‍ ചതിച്ചാല്‍ ഞാന്‍ മഠത്തില്‍ചേരുകയോ, ആത്മഹത്യ ചെയ്യുകയൊ ഒന്നും ചെയ്യില്ല.

അന്തസ്സായിട്ട് ആണ്‍പിള്ളേരെ ആരെങ്കിലും കല്യാണം കഴിക്കും. ആ കല്യാണത്തിനു ഇവനെ ക്ഷണിക്കും എന്നിട്ട് ഇവനു ഒരു വള ഞാന്‍ സമ്മാനിക്കും. ആണത്വമില്ലത്താത്തവന്‍ എന്നു വിളിക്കുകയും ചെയ്യും. അങ്ങനെ ഒന്നും വേണ്ടി വന്നില്ല. മദനോത്സവം സിനിമ കഥ പോലെ ക്ലാരക്ക് അസുഖം വന്ന് കിടപ്പിലായി. ആസ്പത്രി കിടക്കയില്‍ വച്ച് അവള്‍ പറഞ്ഞു. ഞാന്‍ മരിക്കയില്ല, മന്തകോടിയണിഞ്ഞ് ഒരു മണവാട്ടിയായി അല്ല ശുഭ്ര വസ്ര്തങ്ങള്‍ അണിഞ്ഞ് ഒരു മാലാഖയായി ഞാന്‍ ആന്‍ഡ്രുസ്സിനൊപ്പം ഉണ്ടാകും. പക്ഷികളില്‍ എനിക്ക്ഷിഷ്ടമുള്ള പ്രാവായി ഞാന്‍ പറന്നു നടക്കും. അവളുടെ കവിളുകള്‍ കണ്ണുനീര്‍ കൊണ്ട് നനഞ്ഞിരുന്നു. ജീവിതം നമ്മളോടു എന്നും ക്രൂരത കാട്ടുന്നു എന്ന് ആവേശത്തോടെ ഞങ്ങളുടെ ഇടയിലെ എഴുത്തുകാരന്‍ ഉച്ചത്തില്‍ വിളിച്ചു കൂവി. ദിവസങ്ങള്‍ക്ക് ശേഷം ക്ലാരയുടെ അപ്പന്‍ അവളെ ചികിത്സ്ക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയി.അവളേയും വഹിച്ചുകൊണ്ട് പറന്ന്‌പോയ വിമാനത്തിന്റെ ശബ്ദം മാത്രം പിന്നെ ഞങ്ങളുടെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു. ക്ലാര സുഖം പ്രാപിച്ചോ, മരിച്ചോ എന്നറിയാതെ കാലം കടന്നു പോയി. ക്യാന്റീനിലെ പൗലോസ്സ് ചേട്ടനും അവിടത്തെ ചുമരിന്‍ മുകളില്‍ പറന്നിറങ്ങുന്ന പ്രാവുകളും ക്ലാരയെപ്പറ്റി ചോദിച്ചു. പഞ്ഞികെട്ടുകള്‍ പോലെ നീലാകാശത്തില്‍ പറന്നു നടക്കുന്ന മേഘങ്ങളും ക്ലാരയെ ഓര്‍മ്മിപ്പിച്ചു. മാടപ്രാവേ വാ ഒരു കൂട് കൂട്ടാന്‍ വാ... എന്ന് പാടി ആന്‍ഡ്രൂസ് വിഷാദമൂകനായി നടന്നു. കുറേക്കാലം.

ഈ സായംസന്ധ്യയില്‍ പൂക്കളെ തഴുകി വരുന്ന കാറ്റിന്റെ സുഗന്ധം പോലെ ഓര്‍മ്മകള്‍ ഉണരുന്നു. എല്ലാ സന്തോഷങ്ങളും എന്തുകൊണ്ടാണു ദു:ഖത്തില്‍ കലാശിക്കുന്നത് എന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കുന്നു. ഉത്തരമില്ലാത്ത ആ ചോദ്യത്തിനു മുന്നില്‍ ഞങ്ങള്‍ നിശ്ശബ്ദരാകുന്നു. ഫോണ്‍ താഴെ വക്കുന്നു.

ശുഭം
Join WhatsApp News
വിദ്യാധരൻ 2018-11-28 22:36:58
നടന്നു നടന്നു കാലു തേഞ്ഞതു മിച്ചമാണെങ്കിലും 
നടക്കാത്ത പ്രണയത്തിന്റെ കഥ പറയാം ഞാനും 
പോയി നിൽക്കുമായിരുന്നു ഓരോ ക്ലാസ്സിന്റെ മുന്നിലും 
വായും പൊളിച്ച് നാക്കിൽ നിന്ന് വീഴും വെള്ള തുള്ളിയുമായ് 
ഏതങ്കിലും ഒരു സുന്ദരിയുടെ കടാക്ഷത്തിനായ് 
വാതിലിനരികിൽ ചാരി നിൽക്കുമായിരുന്നു ഞാൻ 
'വരുന്നുണ്ട് വായി നോക്കി' എന്ന് അവളുമാർ 
തെറി പറഞ്ഞിരുന്നെങ്കിലും അതൊരു സുഖമായിരുന്നു. 
പാടുമായിരുന്നു ഞാൻ ശ്രീകുമാരൻ തമ്പിയുടെ ലളിതഗാന വരികൾ 
ഓടുമായിരുന്നെന്റെ പാട്ടു കെട്ടവളുമാരെങ്കിലും 

" ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടൂ
അടുത്ത നോട്ടത്തിൽ ഞൊറിവയർ കണ്ടൂ
ആരോരും പുണരാത്ത പൂമൊട്ടും കണ്ടൂ
പിന്നത്തെ നോട്ടത്തിൽ കണ്ണു കണ്ണിൽ കൊണ്ടൂ (ആദ്യത്തെ..)

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല പോലും
വീണ്ടും വിളിച്ചപ്പോൾ പേരതല്ല പോലും
പിന്നാലെ നടന്നാലും വരില്ലെന്നു മൊഴിഞ്ഞു
പിന്നെ ഞാൻ വിളിച്ചപ്പോൾ വിരയലാർന്നു നിന്നു (ആദ്യത്തെ...)

ആദ്യം ഞാൻ തൊട്ടപ്പോൾ
അയ്യോ നാണമെന്നായ്
ആരാനും കണ്ടെന്നാൽ മാനം പോകുമെന്നായ്
എന്തെങ്കിലും വന്നാലെന്തു ചെയ്യുമെന്നായ്
പിന്നെയെൻ മാറിൽ നിന്നും മാറികില്ലെന്നായ് (ആദ്യത്തെ...)
Dr. Rajan Markose 2018-11-29 05:25:23
Nostalgic memories well depicted,with beautiful and meaningful old malayalam melodies.Mr. Sudheer Panikkaveettil has an uncanny way of presenting things about Mr.Andrews
by Dr.Rajan Markose
Mathew Joseph 2018-11-29 05:26:37
സുധീർ പണിക്കവീട്ടിലിന്റെ ഹൃദയഹാരിയായ മനോഹാരിതയിൽ രചിച്ച ആൻഡ്രസ്സിന്റെ ഈ പ്രേമ കഥ എത്ര വായിച്ചാലും മതിയാകില്ല.
മാട പ്രാവേ! വാ 2018-11-29 06:09:42
മാട പ്രാവേ വാ, മദം ഇളകി  വാ 
മാറില്‍ ഇളം ചൂടേറ്റു  രാവ്  ഉറങ്ങാന്‍ 
ഇ കോട മഞ്ഞില്‍  
സരസമ്മ ന്യൂ യോര്‍ക്ക്‌ 
josecheripuram 2018-11-29 20:21:15
Mr,Andrews&Sudhir are my friends for a long time, there no wonder a poetic&realistic story came out of a nostalgic conversation between them So many of my writings came to light because of such friendly conversations.Keep talking to Sudhir& you will get ideas to write.Keep the friendship.
vaayanakaaran 2018-11-29 14:34:48
സിനിമ കഥ ജീവിതത്തിൽ സംഭവിക്കില്ലെന്നില്ല 
എന്റെ ചേട്ടന് പറഞ്ഞുവച്ച ( arranged marriage )
പെൺകുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് 
ടൈഫോയിഡ് വന്നു മരിച്ചുപോയി. മദനോത്സവം 
സിനിമ വന്നതുകൊണ്ട് അതേപോലെ ജീവിതത്തിൽ 
വരാതിരിക്കണമെന്നില്ല. ആകെ മൊത്തം 
വായിക്കുമ്പോൾ കലാലയ ജീവിതം ഒരിക്കൽ കൂടി 
ആസ്വദിച്ചപോലെ. നരച്ചുപോയൊരു കാലഘട്ടം 
ആൻഡ്രുസ്സിന്റെ താടിയിൽ കാണാം. ഇനിയും കോളേജ് 
കുമാരന്മാരുടെ കഥകൾക്കായി കാത്തിരിക്കാം.,
George 2018-11-29 13:31:20
മദനോത്സവം സിനിമ ആറേഴു പ്രാവശ്യം തീയേറ്ററിൽ പോയി കണ്ടിട്ടുള്ള ആളെന്ന സ്ഥിതിക്ക് ചോദിക്കട്ടെ ആ സിനിമ കണ്ടു എഴുതിയതോ അതോ ആൻഡ്രൂസിന്റെ കഥ കേട്ട് ശങ്കരൻ നായർ മദനോൽസവം സിനിമ എടുത്തോ. എന്തായാലും നന്നായിട്ടുണ്ട്. ശ്രീ സുധീറിനും ആൻഡ്രൂസിനും എല്ലാ വിധ ഭാവുകങ്ങളും. ഈ സൗഹൃദം കൂടുതൽ ഊഷ്മളമായി തുടരട്ടെ. 
കഴുത 2018-11-29 17:07:18
 വയസ്സാകുമ്പോൾ ദാഹം തീർക്കാൻ ഉണങ്ങി വരണ്ട  വെള്ള കുഴികൾ അവശേഷിക്കുംമ്പോൾ  ഇതുപോലെ ഉറക്കെ കരയാം എന്നല്ലാതെ എന്ത് ചെയ്യാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക