Image

ഇടത്‌ കാലിന്‌ ചെയ്യേണ്ട ശസ്‌ത്രക്രിയ വലതുകാലിന്‌; നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പ്രതിഷേധം

Published on 06 December, 2018
ഇടത്‌ കാലിന്‌ ചെയ്യേണ്ട ശസ്‌ത്രക്രിയ വലതുകാലിന്‌; നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പ്രതിഷേധം
ഇടത്‌ കാലിന്‌ ചെയ്യേണ്ട ശസ്‌ത്രക്രിയ വലതുകാലിന്‌ ചെയ്‌ത നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പ്രതിഷേധം. കവള മുക്കട്ട മച്ചിങ്ങല്‍ സ്വദേശി ആയിഷക്കാണ്‌ ദുരനുഭവം. ഒന്നര വര്‍ഷം മുമ്പ്‌ വീണ്‌ ഇടതുകാലിന്റെ മുട്ടിന്‌ താഴെയായി ആയിഷയുടെ എല്ല്‌ ഒടിഞ്ഞിരുന്നു.

ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്‌ദ്ധന്‍ ശസ്‌ത്രക്രിയ നടത്തി കാലിന്‌ കമ്പിയിടുകയും ചെയ്‌തിരുന്നു. പിന്നീട്‌ ഇതേ ഡോക്ടറെ തന്നെയാണ്‌ കമ്പിയെടുക്കാന്‍ സമീപിച്ചത്‌.

പ്രമേഹ രോഗിയായതിനാല്‍ ഒമ്പത്‌ ദിവസം മുമ്പ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി ആയിഷയെ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം എടുത്ത എക്‌സ്‌റേയും ഒടിവു പറ്റിയപ്പോള്‍ എടുത്ത എക്‌സ്‌റേയും ഉള്‍പ്പെടെ ഇന്നലെ രാവിലെ ഓപ്പറേഷന്‍ തിയേറ്ററിലെത്തി ഡോക്ടറെ കാണിച്ചിരുന്നെന്നും ആയിഷ പറഞ്ഞു.

എന്നാല്‍ ഡോക്ടര്‍ വലതുകാലില്‍ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. കാല്‌ മരവിപ്പിച്ചതിനാല്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ ശസ്‌ത്രക്രിയക്കിടെ വിവരം പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഒടുവില്‍ അബദ്ധം മനസ്സിലായപ്പോള്‍ ഇടതുകാലില്‍ ശസ്‌ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു.

ആയിഷയുടെ വലതുകാലിന്റെ മുട്ടിന്‌ താഴെ മറ്റൊരു മുറിപ്പാടുണ്ട്‌. അതുകണ്ട്‌ ഡോക്ടര്‍ തെറ്റിദ്ധരിച്ചതാകാം എന്ന്‌ കരുതുന്നു. സംഭവത്തില്‍ ആയിഷയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ഡി.എം.ഒക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന്‌ വ്യക്തമാക്കി.

എന്നാല്‍ ഏത്‌ കാലിലാണ്‌ കമ്പിയിട്ടതെന്ന്‌ ചോദിച്ചപ്പോള്‍ ആയിഷ വലത്‌ കാലില്‍ ചൂണ്ടിയതിനാലാണ്‌ അബദ്ധം പറ്റിയതെന്നാണ്‌ ഡോക്ടര്‍ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക