Image

പോലീസ്‌ ചമഞ്ഞ്‌ വീടുകളിലേക്ക്‌ വ്യാജ ടെലിഫോണ്‍ കോളുകള്‍

Published on 06 December, 2018
പോലീസ്‌ ചമഞ്ഞ്‌ വീടുകളിലേക്ക്‌ വ്യാജ ടെലിഫോണ്‍ കോളുകള്‍

കണ്ണൂര്‍: പോലീസ്‌ ചമഞ്ഞ്‌ വ്യാജ ടെലിഫോണ്‍ കോളുകള്‍ മലയാളിയുടെ വീടുകളിലേക്കെത്തുന്നു. കാക്കിയുടെ മറവില്‍ ഭയപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെ തേടി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തെങ്ങുമുള്ള പോലീസ്‌ സ്റ്റേഷനുകളില്‍ തട്ടിപ്പുവീരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയത്‌.

വിവിധ ജില്ലകളിലെ വീടുകളില്‍ വ്യാപകമായെത്തിയ ഇത്തരം ഫോണ്‍ കോളുകള്‍ മറ്റു ജില്ലകളിലേക്ക്‌ എത്തിയിട്ടുണ്ടോയെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന്റെ ഇരകളായിട്ടുണ്ടോയെന്നും പോലീസ്‌ പരിശോധിച്ചുവരികയാണ്‌. പോലീസ്‌, സൈബര്‍സെല്‍ തുടങ്ങി വിവിധ ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ്‌ സ്വയം പരിചയപ്പെടുത്തി പെണ്‍കുട്ടികളുള്ള വീടുകളിലേയ്‌ക്കാണ്‌ കോളുകളെത്തുന്നത്‌.

കോളുകളുടെ ഉറവിടം വിദേശ രാജ്യങ്ങളില്‍ നിന്നാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഒട്ടേറെയാളുകള്‍ ഇത്തരം ചതിയില്‍പെട്ടതിനെ തുടര്‍ന്ന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ പോലീസ്‌ ജാഗ്രതാ മുന്നറിയിപ്പിറക്കി.
പോലീസ്‌ ഉദ്യോഗസ്ഥനെന്നു നടിച്ച്‌ ഔദ്യോഗിക പരിവേഷത്തോടെയായിരിക്കും ഫോണ്‍ വരിക.

നിങ്ങളുടെ മകളുടെ/സഹോദരിയുടെ നഗ്‌നതചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ടെന്നും അന്വേഷണത്തിനായി സംസാരിക്കുന്നതിനു മകള്‍ക്കു ഫോണ്‍ നല്‍കാനായിയിരിക്കും പറയുക. തുടര്‍ന്നു വൈറലായ നഗ്‌നതാചിത്രങ്ങളുടെ സാമ്യത പരിശോധിയ്‌ക്കാനായി സ്വന്തം വാട്‌സ്‌അപ്പ്‌ പ്രൊഫൈലില്‍ ഒരു സെക്കന്റ്‌ നേരത്തേക്കു നല്ല ചിത്രം ഇടാനും തുടര്‍ന്ന്‌ നഗ്‌നത പ്രദര്‍ശിപ്പിച്ചു ഫോട്ടൊ ഇടാനും ആവശ്യപ്പെടും.


യാതൊരു സംശയത്തിനുമിടയാക്കാതെ ബന്ധുക്കളോ, സുഹൃത്തുക്കളുമായോ ചേര്‍ന്നും ഇത്തരം നഗ്‌നത ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാനും ആവശ്യപ്പെടും. നഗ്‌നതാ ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത്‌ ശേഖരിച്ചത്‌ ഉപയോഗിച്ച്‌ പലവഴികളിലൂടെ തുടര്‍ന്ന്‌ ശല്യംചെയ്യല്‍ തുടങ്ങും.

ഇത്തരം കോളുകള്‍ നിങ്ങളുടെ വീട്ടിലേക്കെത്തിയാല്‍ ഒരു കാരണവശാലും വിവരങ്ങളും, ഫോട്ടൊകളും കൈമാറരുതെന്ന്‌ പോലീസ്‌. പോലീസ്‌ ഒരിക്കലും ഫോണിലൂടെയോ, സോഷ്യല്‍മീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും, രേഖകളും ആവശ്യപ്പെടാറില്ലെന്നും വ്യക്തമാക്കി.

വിളിച്ച ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കാനും സംസാരം റിക്കോര്‍ഡ്‌ ചെയ്യാനും പോലീസ്‌ ആവശ്യപ്പെട്ടു. ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ ഡി പ്രൂഫ്‌, ഫോട്ടോ എന്നിവ ഉപയോഗിച്ച്‌ സിം കാര്‍ഡ്‌ കരസ്ഥമാക്കുന്നതായും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള സിം കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ പലരേയും വിളിച്ച്‌ കെണിയില്‍പെടുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക