Image

സംസ്ഥാന സ്‌കൂള്‍ മേള നാളെ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Published on 06 December, 2018
സംസ്ഥാന സ്‌കൂള്‍  മേള നാളെ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ആലപ്പുഴ: 59ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്‌ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന്‌ വിലയിരുത്തല്‍. അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ സ്വാഗതസംഘം അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ വിലയിരുത്തി.

ആലപ്പുഴയുടെ തനിമയ്‌ക്കും സര്‍ക്കാരിന്റെ ഔന്നത്യത്തിനും യോജിക്കും വിധം പരമാവധി പരാതിരഹിതമായി മേള സംഘടിപ്പിക്കാന്‍ ഏവരുടെയും സഹായസഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. മറ്റു ജില്ലകളില്‍ നിന്ന്‌ മേളയ്‌ക്കായി എത്തുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും താമസസ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രളയം സാമ്പത്തികമായി ആലപ്പുഴയെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. ഈ പരാധീനത ഏറ്റെടുപ്പിക്കാതെ തന്നെ വിദ്യാഭ്യാസ വകുപ്പ്‌ ആവശ്യമായ സജ്ജീകരണം ഇവിടെ ഒരുക്കുന്നുണ്ട്‌. സ്വാഭാവികമായും പരാതികള്‍ ഉണ്ടാകുമെങ്കിലും പരിഹരിക്കപ്പെടാത്ത ഒരു പരാതിയും ഉണ്ടാകാതിരിക്കാന്‍ വിവിധ സമതികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.

കലോല്‍സവത്തിന്റെ നിയമാവലി പാലിച്ച്‌ മാതൃകാപരമായി ഈ മേള നടത്താന്‍ ആലപ്പുഴയ്‌ക്കു കഴിയട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ മല്‍സരയിനങ്ങളും വേദികളും പരാമര്‍ശിക്കുന്ന കലോല്‍സവ കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്‌തു.


ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോല്‍സവത്തിനും അറബിക്‌ കലോല്‍സവത്തിനും ആയിരത്തോളം വിദ്യാര്‍ഥികളെത്തുമെന്നാണ്‌ പ്രതീക്ഷ. സംസ്‌കൃതോല്‍സവം നാലുവേദികളിലായി 14 ഇനങ്ങളിലാണ്‌ മല്‍സരം. 300 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 19 ഇനങ്ങളില്‍ നടക്കുന്ന അറബിക്‌ കലോല്‍സവത്തില്‍ 500 വിദ്യാര്‍ഥികളെത്തും. ഇവയ്‌ക്കായി രണ്ടു വേദികളാണ സജ്ജമാക്കുക.


29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയില്‍ മികച്ച നിലയിലാണ്‌ കലോല്‍സവം സംഘാടനം ചെയ്‌തിട്ടുള്ളതെന്ന്‌ മേളയുടെ കോചെയര്‍മാനായ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

12000 വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്‌ മേളയ്‌ക്ക്‌ എത്തുകയെന്നാണ്‌ പ്രതീക്ഷ. ഇവര്‍ക്കാവശ്യമായ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഒരുക്കി വരികയാണെന്നും ഇക്കാര്യത്തില്‍ പരാതിക്കിട നല്‍കാത്ത വിധം പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.









 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക