Image

കണ്ണൂരില്‍ വിമാനം ഇറങ്ങുമ്പോള്‍ (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 10 December, 2018
കണ്ണൂരില്‍ വിമാനം ഇറങ്ങുമ്പോള്‍  (മുരളി തുമ്മാരുകുടി)
കേരളത്തിലെ ഏറ്റവും പുതിയ വിമാനത്താവളം കണ്ണൂരില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. സന്തോഷമുള്ള കാര്യമാണ്. വിദേശത്തുള്ള കണ്ണൂരുകാര്‍ക്ക് ഇനി നേരിട്ട് കണ്ണൂരിലെത്താം എന്നതാണ് പ്രധാന ഗുണം. ടൂറിസം മാപ്പില്‍ ഇടം നേടാനുള്ള കൂടുതല്‍ അവസരം കണ്ണൂരിന് ഉണ്ടാകും. ഇപ്പോള്‍ മംഗലാപുരത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന വിമാനത്താവളവുമായി ബന്ധപ്പെട്ട അനവധി ഇക്കണോമിക്ക് ആക്ടിവിറ്റീസ് കണ്ണൂരിലേക്ക് വരും. അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന തരം തൊഴിലുകള്‍ കേരളത്തില്‍ ഉണ്ടാകും എന്നതൊക്കെ നേട്ടങ്ങളാണ്. 

കൊച്ചിയില്‍ നിന്നും കണ്ണൂരുവരെ എത്താനുള്ള ബുദ്ധിമുട്ട് കാരണം ഞാന്‍ ഇതുവരെ കണ്ണൂരില്‍ പോയിട്ടില്ല. വിമാനത്താവളം വന്നതോടെ ഇനി അത് സുഗമമായി നടപ്പാകും എന്നതാണ് വ്യക്തിപരമായ നേട്ടം.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണിത്. ഇനി കേരളത്തില്‍ വിമാനത്താവളം വേണോ? ഇപ്പോള്‍ തന്നെ കൂടുതല്‍ അല്ലേ? എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്‌പോള്‍ ഞാന്‍ കൂടുതല്‍ വിമാനത്താവളം ഉണ്ടാക്കുന്നവരുടെ കൂടെയാണ്. ഇന്ത്യയില്‍ മുപ്പത് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യയുടെ മൂന്നു ശതമാനം മാത്രം ജനസംഖ്യയും ഒരു ശതമാനം മാത്രം വിസ്തീര്‍ണ്ണവുമുള്ള കേരളത്തില്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ പത്തുശതമാനത്തിലധികം അന്താരാഷ്ട്ര വിമാനത്താവളം ഉള്ളപ്പോള്‍  ഇനിയും വിമാനത്താവളം വേണോ, കേരളം പോലെ ജനസാന്ദ്രതയുള്ള സ്ഥലത്ത് ഇനിയും വിമാനത്താവളങ്ങള്‍ ഉണ്ടാക്കാന്‍ സ്ഥലം എവിടെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ ന്യായമുണ്ട്.

വാസ്തവത്തില്‍ വിമാനത്താവളത്തിന്റെ എണ്ണം ജനസംഖ്യയുടെ വലിപ്പമോ രാജ്യത്തിന്റെ വിസ്തൃതിയോ മാത്രം കണക്കാക്കിയല്ല തീരുമാനിക്കേണ്ടത്. ആ രാജ്യത്തെ സാന്പത്തിക സ്ഥിതി, ആ നാട്ടിലേക്ക് വരുന്ന നാട്ടുകാരുടെയും മറുനാട്ടുകാരുടെയും എണ്ണം, ആ നാട്ടിലെ ഓരോ പ്രദേശത്തും എത്തിപ്പറ്റാനുള്ള ബുദ്ധിമുട്ട്, ആ നാട്ടില്‍ നിന്നും മറ്റിടങ്ങളിലേക്ക് കയറ്റിയയക്കാനുള്ള വസ്തുക്കളുടെ സ്വഭാവം, വില ഒക്കെ പരിഗണിക്കണം. ഇതില്‍ സാന്പത്തിക നിലവാരത്തിന്റെ കാര്യം വ്യക്തമാണല്ലോ. ദൂരത്തില്‍  പല ദ്വീപുകള്‍ ആയിക്കിടക്കുന്ന രാജ്യത്തും റോഡ് പണിയാന്‍ ബുദ്ധിമുട്ടുള്ള കുന്നുകളുള്ള രാജ്യങ്ങളിലും കൂടുതല്‍ വിമാനത്താവളങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരു രാജ്യത്ത് നിന്നും കയറ്റിയയക്കാനുള്ളത് പെട്ടെന്ന് കേടാവുന്ന പുഷ്പമോ പച്ചക്കറികളോ ആണെങ്കില്‍ ഇരുന്പയിരും മരവും കയറ്റിയയക്കുന്ന രാജ്യത്തെക്കാള്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ വേണ്ടിവരും. 

ഇത്തരത്തില്‍ നോക്കുന്‌പോള്‍ കേരളത്തില്‍ ഇനിയും അനവധി വിമാനത്താവളങ്ങള്‍ വരണം. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചുരുങ്ങിയത് ഒരു കോടിയെങ്കിലും ആക്കാനുള്ള സാധ്യത നമുക്കുണ്ട്. പുഷ്പങ്ങളുടെ കൃഷി സാധ്യത നമ്മള്‍ പരീക്ഷിച്ചിട്ട് കൂടിയില്ല. നമ്മുടെ നാട്ടില്‍ ഒരു പ്രദേശവും റോഡ് ചെല്ലാത്തത്ര ദുര്‍ഘടമല്ലെങ്കിലും തിരുവനന്തപുരത്തു നിന്നും കണ്ണൂരുവരെ അത്യാവശ്യക്കാരന് റോഡിലൂടെയോ ട്രെയിനിലോ എത്തിപ്പറ്റുക അല്പം ബുദ്ധിമുട്ട് തന്നെയാണ്.

നമുക്ക് അധികം വിമാനത്താവളമുണ്ടോ എന്നറിയാന്‍ നമ്മളെ ശരിക്കും താരതമ്യം ചെയ്യേണ്ടത് ഗുജറാത്തുമായിട്ടോ ഉത്തര്‍ പ്രദേശുമായിട്ടോ അല്ല. നമ്മുടെ ഇരട്ടി ജനസംഖ്യയുള്ള ബ്രിട്ടനില്‍ നാല്പത് കൊമേഴ്‌സ്യല്‍ വിമാനത്താവളങ്ങളുണ്ട്. ഏകദേശം അതേ ജനസംഖ്യയുള്ള ഫ്രാന്‍സില്‍ നൂറ്റി എഴുപത് എണ്ണവും !. നമ്മുടെ എട്ടിലൊന്നു ജനസംഖ്യയുള്ള ന്യൂസീലാന്‍ഡില്‍ മുപ്പത്തി രണ്ടെണ്ണം. അപ്പോള്‍ ഇനി നാട്ടില്‍ പത്തു വിമാനത്താവളം കൂടി ഉണ്ടായാലും അതൊരു അധികപ്പറ്റല്ല. 

വാസ്തവത്തില്‍ നമുക്ക്  ഓരോ ജില്ലയിലും ഒരു 'എയര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് സെന്റര്‍' ഉണ്ടാക്കാം. ആദ്യം ആയിരം ഏക്കര്‍ സ്ഥലവും മൂന്നു കിലോമീറ്റര്‍ റണ്‍വേയും ഒന്നും വേണ്ട. ചെറിയ ഒരു റണ്‍വേയും, ഹാങ്ങറും, ഗോഡൗണും, ടെര്‍മിനലും ഒക്കെയായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഹോട്ട് ബലൂണും പറപ്പിക്കുന്ന ഒരു പ്രസ്ഥാനം. അതിനുശേഷം ടൂറിസത്തിന് വിപ്ലവകരമായ കുതിപ്പുണ്ടാവുകയും കൃഷി ആധുനികമാവുകയും ചെയ്യുന്ന കാലത്ത് കൂടുതല്‍ സംവിധാനങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാക്കാം. ഇതിനൊക്കെ സ്ഥലമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും സ്ഥലത്തിന്റെ യഥാര്‍ത്ഥ ആവശ്യം കുറഞ്ഞു വരികയാണ്. ഭൂമിയെ വെട്ടിമുറിച്ചു വസ്തുവാക്കി ഊഹാപോഹ കച്ചവടത്തിന് ഉപയോഗിക്കുന്നത് അവസാനിക്കുന്ന ദിവസം കേരളത്തില്‍ എവിടെയും ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം ഇപ്പോഴത്തേതിന്റെ പത്തിലൊന്നു വിലക്ക് കിട്ടാനുണ്ടാകും. 

കണ്ണൂര്‍ വിമാനത്താവളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍. അത് എല്‍ ഡി എഫ് ആണോ യു ഡി എഫ് ആണോ എന്നൊക്കെയുള്ള വിവാദങ്ങള്‍ കണ്ടെങ്കിലും ഞാന്‍ ശ്രദ്ധിച്ചില്ല. പക്ഷെ, മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഞാന്‍ വേദനയോടെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. 1996 ലാണ് ഈ വിമാനത്താവളത്തിനായുള്ള ആദ്യത്തെ ചര്‍ച്ചകള്‍ തുടങ്ങിയത് ! ഇരുപത്തി രണ്ടു വര്‍ഷം !! ഇതിനിടയില്‍ ഇരു മുന്നണികളും പത്തു വര്‍ഷം വീതം ഭരിച്ചിരുന്നു. 


ന്യൂയോര്‍ക്കിലെ സബ്‌വേയില്‍ കേടായ എസ്‌കലേറ്റര്‍ നന്നാക്കാനെടുക്കുന്ന സമയത്തിലും വേഗത്തില്‍ ചൈനയില്‍ ഒരു പുതിയ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഉണ്ടാക്കുമെന്നത് അമേരിക്ക ശ്രദ്ധിക്കണമെന്ന്  തോമസ് ഫ്രീഡ്മാന്‍ പറഞ്ഞിട്ടുണ്ട്. ശ്രീലങ്കയും സിംഗപ്പൂരും ദുബായും ചുറ്റുമുള്ള സ്ഥലമാണ് കേരളം. അവിടെയൊക്കെ അതിവേഗത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അവിടുത്തെ ഭരണരീതികളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം എന്താണെങ്കിലും അവരോടൊക്കെയാണ് നമ്മള്‍ സാന്പത്തികമായി മത്സരിക്കുന്നതെന്ന് ഓര്‍ക്കണം. ഇന്നൊരു വിമാനത്താവളം പ്ലാന്‍ ചെയ്ത് 2040 ല്‍ ഉത്ഘാടനം ചെയ്യുന്‌പോഴേക്കും ലോകം എവിടെ എത്തിയിരിക്കും? അതുകൊണ്ട് ഇനിയത്തെ വിമാനത്താവളം ആര് തുടങ്ങിയാലും അത് അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ നമ്മള്‍ ശ്രമിക്കണം.

കണ്ണൂരില്‍ വിമാനം ഇറങ്ങുമ്പോള്‍  (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക