Image

എഞ്ചിനീയര്‍മാര്‍ കൂടുതല്‍ പ്രൊഫഷണലാകണം (മുരളി തുമ്മാരുകുടി)

Published on 11 December, 2018
എഞ്ചിനീയര്‍മാര്‍ കൂടുതല്‍ പ്രൊഫഷണലാകണം (മുരളി തുമ്മാരുകുടി)
ഒരു കഥ പറയാം, പണ്ട് അച്ഛന്‍ പറഞ്ഞു കേട്ടതാണ്.
1940 ലാണ് ആലുവപ്പുഴക്ക് കുറുകയുള്ള പാലം ഉല്‍ഘാടനം ചെയ്യുന്നത്. തിരുവിതാംകൂറിലെ ഇളയ രാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ ഉല്‍ഘാടനം ചെയ്ത പാലത്തിന് അദ്ദേഹത്തിന്റെ തന്നെ പേരും ഇട്ടു. രാജാക്കന്മാര്‍ ഭരിക്കുന്‌പോള്‍ അങ്ങനൊരു സൗകര്യമുണ്ട്. ഒരു പാലമോ പള്ളിയോ ഉണ്ടാക്കിയാല്‍ സ്വന്തം പേരോ അനിയന്റെ പേരോ ഭാര്യയുടെ പേരോ ഇടാം, വേറാരോടും ചോദിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ലോകത്ത് എവിടെയൊക്കെ രാജഭരണമുണ്ടോ അവിടെയും രീതി ഇതുതന്നെ.

ഈ രാജാക്കന്മാരോടുള്ള കലിപ്പുകൊണ്ട് കൂട്ടത്തില്‍ പറഞ്ഞുവെന്നേയുള്ളൂ. ഇന്നത്തെ പ്രധാന വിഷയം അതല്ല. ആലുവായിലെ പാലം ഡിസൈന്‍ ചെയ്തതും വര്‍ക്കപ്പണിക്ക് മേല്‍നോട്ടം വഹിച്ചതും ബ്രിട്ടീഷുകാരനായ ട്രെസ്‌കോട്ട് എന്ന എന്‍ജിനീയര്‍ ആയിരുന്നു. ആദ്യമായാണ് ആലുവക്കാര്‍ ഇത്ര വലിയ പാലവും കോണ്‍ക്രീറ്റു മിക്‌സും കാണുന്നത്. കല്ലും പൊടിയും വെള്ളവും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ ഒരു പാലത്തിലൂടെ പുഴക്ക് മുകളിലൂടെ നടന്നു പോകാന്‍ നാട്ടുകാര്‍ക്കന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല. പണിക്കുശേഷം പാലത്തിന്റെ ശക്തി തെളിയിക്കാന്‍ പാലത്തിലൂടെ ആനകളുടെ ഒരു പരേഡ് നടത്തി. നാട്ടുകാര്‍ക്ക് വിശ്വാസം വരുത്താന്‍ ഭാര്യയേയും കുട്ടിയേയും കൂട്ടി എന്‍ജിനീയര്‍ പാലത്തിന്റെ താഴെ ഒരു വള്ളത്തിലിരുന്നു. ആനകള്‍ കയറിയിട്ടും പാലം താഴെ വീണില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ആലുവക്കാര്‍ക്ക് വിശ്വാസമായി. അന്ന് തൊട്ടിന്നേ വരെ ആനകള്‍ മാത്രമല്ല ആന വണ്ടികളും അതിലൂടെ പോകുന്നു.
എന്തുകൊണ്ടാണ് ഒന്‍പത് ആനകള്‍ മുകളിലൂടെ നടക്കുന്‌പോള്‍ പാലത്തിന്റെ താഴെ തോണിയിലിരിക്കാന്‍ എന്‍ജിനീയര്‍ക്ക് ധൈര്യമുണ്ടായത്?

സംഗതി സിംപിളാണ്. എന്‍ജിനീയറിങ്ങിന്റെ അടിസ്ഥാനമായ ശാസ്ത്രത്തിലുള്ള വിശ്വാസം. എന്‍ജിനീയറിങ് എന്നാല്‍ ശാസ്ത്രത്തിന്റെയും, കലയുടെയും, അനുഭവജ്ഞാനത്തിന്റെയും, തൊഴില്‍ നൈപുണ്യത്തിന്റെയും ആകെത്തുകയാണ്. ശാസ്ത്രം ഉണ്ടാകുന്നതിനു മുന്‍പേ എന്‍ജിനീയര്‍ ഉണ്ടായിരുന്നു. കംപ്രഷനും ടെന്‍ഷനും അറിയാത്ത ആശാരിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. എന്നാല്‍ കണക്കും ഫിസിക്‌സും മെറ്റീരിയല്‍ സയന്‍സും കെമിസ്ട്രിയും ചേര്‍ത്ത് സ്വന്തം അനുഭവജ്ഞാനത്തിന്റെ വിയര്‍പ്പും കൂട്ടി ശാസ്ത്രത്തിന്റെ പരിമിതിക്ക് മുന്നിലെത്തിക്കുന്നവരാണ് യഥാര്‍ത്ഥ എന്‍ജിനീയര്‍മാര്‍.

ഇതൊന്നും എന്‍ജിനീയര്‍മാര്‍ ഒരുദിവസം രാവിലെയങ്ങ് ചെയ്യുന്നതല്ല. ഡിഗ്രി കഴിഞ്ഞ് ആറുമാസത്തെ ‘സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍’ പരിശീലനം കൊണ്ട് നേടിയെടുക്കുന്നതുമല്ല. നാലു വര്‍ഷത്തില്‍ കണക്കും ഫിസിക്‌സും കെമിസ്ട്രിയും എക്കണോമിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും ജിയോളജിയും ഉള്‍പ്പെടെയുള്ള ശാസ്ത്രവിഷയങ്ങള്‍ പഠിച്ചും ‘പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ളവര്‍’ മഴ അവധി ആഘോഷിച്ചപ്പോള്‍ ക്ലാസിലിരുന്ന് പഠിച്ചും, നിര്‍മ്മാണ സ്ഥലത്ത് വെയിലുകൊണ്ടും ആര്‍ജ്ജിക്കുന്നതാണ്. ഈ പ്രൊഫഷണലിസം ഉണ്ടെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ റോയി പറയുന്നത് പോലെ ഏതൊരപ്പനോടും പോയി പണി നോക്കാന്‍ പറയാം. കാരണം ഒഴുകുന്ന നദിയെ ഒരപ്പനോ മേയറോ മന്ത്രിയോ വിചാരിച്ചാല്‍ അണകെട്ടി തടയാന്‍ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാന്‍ പറ്റില്ല. എത്ര പണമുള്ള രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കുഴിച്ചെടുക്കാന്‍ ആവില്ല. എത്ര കോടി ജനങ്ങളുടെ നേതാവായ മതാധ്യക്ഷനോ ഗുരുവോ വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാന്‍ സാധിക്കില്ല. അതിനെല്ലാം എന്‍ജിനീയര്‍മാര്‍ തന്നെ വേണം.

ഇത്രയൊക്കെ ആണെങ്കിലും കേരളത്തിലുള്‍പ്പെടെ ലോകത്തെങ്ങും എന്‍ജിനീയര്‍മാരുടെ സ്ഥിതി സമൂഹത്തില്‍ ഇപ്പോള്‍ മറ്റ് ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് താഴെയാണ്. ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും അവരെ ഭരിക്കാനെത്തുന്നു. കേരളത്തില്‍ പൊതുമരാമത്ത് വകുപ്പെടുത്താല്‍ രാഷ്ട്രീയക്കാരന്‍ ആയ മന്ത്രിക്കും ഐ എ എസ് ആയ വകുപ്പ് സെക്രട്ടറിക്കും താഴെയാണ് എന്‍ജിനീയര്‍മാരുടെ സ്ഥാനം. ഇതില്‍ കുഴപ്പം ഒന്നുമില്ല. ആരോഗ്യവകുപ്പിലും മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും താഴെയാണ് ഡോക്ടര്‍മാരുടെ സ്ഥാനം വരുന്നത്. പ്രശ്‌നം അതല്ല, പ്രോട്ടോകോളില്‍ എന്‍ജിനീയര്‍മാര്‍ താഴെ ആയതിനാല്‍ പ്രോട്ടോകോളില്‍ മുകളില്‍ ഉള്ളവര്‍ക്ക് തങ്ങളുടെ അഭിപ്രായത്തെ മാറ്റാന്‍ അധികാരമുണ്ടെന്ന് നമ്മുടെ എന്‍ജിനീയര്‍മാര്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ എഞ്ചിനീയറിങ്ങ് ജഡ്ജ്‌മെന്റിനെ രാഷ്ട്രീയമോ മറ്റുള്ള കാര്യങ്ങളോ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്റെ എന്‍ജിനീയറിങ് സുഹൃത്തുക്കള്‍ ഒരു കാര്യം നന്നായി മനസ്സിലാക്കണം. എന്‍ജിനീയര്‍ എന്ന നിലയിലുള്ള നമ്മുടെ അവകാശം സര്‍ക്കാരിലോ സ്വകാര്യ സംവിധാനങ്ങളിലോ ഉള്ള ഉദ്യോഗസ്ഥ മേധാവിത്വത്തിനു പുറത്താണ്. ഒരു പാലത്തിന്റെ ശക്തിയെക്കുറിച്ച് സ്വന്തം എന്‍ജിനീയറിംഗ് കണക്കു കൂട്ടലിന്റെയും പ്രൊഫഷണലിസത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ കമന്റെഴുതിയാല്‍ പോലും ശാസ്ത്രീയമായ കാരണം കാണിക്കാതെ മുകളിലുള്ള ഒരാള്‍ക്കും അത് തിരുത്താന്‍ അധികാരമില്ല. അത് മന്ത്രിയായാലും, ജഡ്ജിയായാലും ചീഫ് സെക്രട്ടറിയായാലും. ഒരാള്‍ക്ക് കാന്‍സര്‍ ആണെന്ന് ഒരു ഡോക്ടര്‍ അഭിപ്രായം പറഞ്ഞാല്‍ അല്ല വരട്ടുചൊറി ആണെന്ന് മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ സുപ്രീം കോടതി ജഡ്ജിയോ പറയാന്‍ വരുമോ? അങ്ങനെ വന്നാല്‍ ഡോക്ടര്‍മാര്‍ സമ്മതിക്കുമോ?
പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെ അല്ല നടക്കുന്നത്. പ്രളയകാലത്ത് ഇത് വളരെ പ്രകടമായിരുന്നു. അണക്കെട്ടിന്റെ ശക്തി, റിസര്‍വോയറിന്റെ മാനേജ്‌മെന്റ്, എത്ര മഴ പെയ്താല്‍ അണക്കെട്ടില്‍ എത്ര വെള്ളം നിറയും, ഷട്ടര്‍ തുറന്നാല്‍ എത്ര സമയം കൊണ്ട് എത്ര വെള്ളം എവിടെയെത്തും, പുഴയുടെ കരയില്‍ എത്രമാത്രം വരെ വെള്ളമെത്തും എന്നതൊക്കെ ശാസ്ത്രീയമായി അറിയാന്‍ കഴിവുള്ളത് എഞ്ചിനീയര്‍ക്ക് മാത്രമാണ്. അവര്‍ പറഞ്ഞുള്ള അറിവേ കളക്ടര്‍ക്കും, സെക്രട്ടറിക്കും, ഡാം സുരക്ഷാ കമ്മീഷനിലുള്ള ജഡ്ജിക്കും മന്ത്രിക്കും ഉള്ളൂ. എന്നിട്ടും അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നിടത്തൊന്നും ഒരു എഞ്ചിനീയറെയും നമ്മള്‍ അന്ന് കണ്ടില്ല.

മുല്ലപ്പെരിയാറിന്റെ കാര്യം എത്രയോ നാളായി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. മന്ത്രിയായിരുന്ന ശ്രീ പി ജെ ജോസഫിന്റെ അഭിപ്രായം നമുക്കറിയാം, ജഡ്ജിയായിരുന്ന ശ്രീ കെ ടി തോമസിന്റെ അഭിപ്രായവും അറിയാം. പക്ഷെ എത്ര എന്‍ജിനീയര്‍മാരുടെ അഭിപ്രായം നമ്മള്‍ കേട്ടിട്ടുണ്ട്? ഏതെങ്കിലും അണക്കെട്ട് പൊട്ടുമോ എന്നതിനെക്കുറിച്ച് വക്കീലിന്റെയോ കോടതിയുടെയോ മന്ത്രിയുടെയോ അഭിപ്രായത്തിന് മുകളിലാണ് എന്‍ജിനീയറുടെ അഭിപ്രായം എന്ന് മാത്രമല്ല, ആ വിഷയത്തില്‍ അഭിപ്രായം പറയാന്‍ സമൂഹം എന്‍ജിനീയറെ മാത്രമാണ് പഠിപ്പിച്ചിരിക്കുന്നത്. അതിനുള്ള ധൈര്യം എന്‍ജിനീയര്‍മാര്‍ കാണിക്കണമെന്ന് മാത്രം.
നിര്‍ഭാഗ്യവശാല്‍ ആനയെ പാലത്തില്‍ കയറ്റി പാലത്തിനടിയില്‍ നില്‍ക്കുന്ന എന്‍ജിനീയര്‍മാരുടെ പ്രൊഫഷണലിസം നമ്മുടെ എന്‍ജിനീയര്‍മാര്‍ ഇപ്പോള്‍ കാണിക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്തേത് നമ്മുടെ എന്‍ജിനീയറിംഗ് കോളേജിലെത്തുന്ന നൂറില്‍ തൊണ്ണൂറിനും എന്‍ജിനീയറാകാന്‍ ഒരാഗ്രഹവുമില്ല. കണക്കും ഇംഗ്ലീഷും പഠിക്കുന്നതുപോലെ പരീക്ഷ പാസാവാനുള്ള പഠിപ്പിക്കലാണ് എന്‍ജിനീയറിംഗ് കോളേജുകളില്‍ നടക്കുന്നത്. പഠിപ്പിക്കുന്നവരില്‍ തന്നെ ഫീല്‍ഡ് പരിചയമുള്ളവര്‍ തീരെ കുറവ്, പഠനത്തിടക്ക് ഫീല്‍ഡില്‍ പോയി വെയില്‍ കൊള്ളാന്‍ എന്‍ജിനീയര്‍ കുഞ്ഞുങ്ങള്‍ക്ക് താല്പര്യവുമില്ല.

എന്‍ജിനീയറിംഗ് കഴിഞ്ഞാലും സ്ഥിതി ഇതുതന്നെ. പി എസ് സി പരീക്ഷ പാസാവാന്‍ വേണ്ടിയാണ് അവസാനമായി പല എന്‍ജിനീയര്‍മാരും പുസ്തകങ്ങള്‍ തുറക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ എന്‍ജിനീയറായി ചേരുന്നവര്‍ രണ്ടാം ദിനം തൊട്ടേ ബ്യൂറോക്രാറ്റുകളായി മാറുന്നു. സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിലല്ല, ഫയല്‍ ഉണ്ടാക്കുന്നതിലാണ് പിന്നെ ശ്രദ്ധ. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്വന്തം പ്രൊഫഷണലിസം കൂട്ടുന്നില്ലെന്ന് മാത്രമല്ല, കൈക്കൂലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉണ്ട് താനും. അതേ സമയം മെഡിക്കല്‍ രംഗത്ത് ഒക്കെ ഉള്ളപോലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ എഞ്ചിനീയര്‍മാര്‍ക്കില്ല.

അതുകൊണ്ടാണ് നമ്മുടെ അണക്കെട്ടുകളുടെ ഒന്നും ഡാം ബ്രേക്ക് മോഡലുകളും നമ്മുടെ റിസര്‍വോയറുകളുടെ മാനേജ്‌മെന്റിന് അടിസ്ഥാനമായ റൂള്‍ കര്‍വുകളും ഷട്ടര്‍ തുറന്നാല്‍ വെള്ളം എവിടെ എപ്പോള്‍ എത്തും എന്ന തരത്തിലുള്ള ത്രീ ഡി മോഡലിംഗും ഒന്നും നാം കഴിഞ്ഞ മഴക്കാലത്ത് കാണാതിരുന്നത്. ഇനിയിപ്പോള്‍ അടുത്ത കാലവര്‍ഷം വന്നാലും സ്ഥിതിയില്‍ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ട. ഇനിയിപ്പോള്‍ ഇതൊക്കെ പേടിക്കണോ. ‘നൂറു വര്‍ഷത്തില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം ആണല്ലോ ഇപ്പോള്‍ ഉണ്ടായത്, അതുകൊണ്ട് അടുത്ത നൂറു വര്‍ഷത്തേക്ക് പേടിക്കാനില്ല' എന്ന് ചിന്തിക്കുന്നവര്‍ വരെ എഞ്ചിനീയര്‍മാരിലും ഉണ്ട്. ഇതും ശരിയല്ല. 1923 ലും 24 ലും കേരളത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായി. അതുകൊണ്ട് ഇനി കുറേ നാള്‍ പേടിക്കേണ്ട എന്ന് വിചാരിക്കേണ്ട. അടുത്ത വര്‍ഷം ഒരു 100 ്യലമൃ വെള്ളപ്പൊക്കമോ എന്തിന് 1000 ഇയര്‍ വെള്ളപ്പൊക്കമോ കേരളത്തില്‍ ഉണ്ടാവില്ല എന്ന് ഒരു ഗ്യാരന്റിയുമില്ല. അതേ സമയം കേരളത്തില്‍ അടുത്ത മഴക്കാലത്തിന് മുന്‍പ് ആധുനികമായ ഒരു ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റമോ, അണക്കെട്ടുകള്‍ തുറക്കുന്നതിന് കുറച്ചു കൂടി ശാസ്ത്രീയമായ പ്രോട്ടോക്കോളോ, എന്തിന് നാട്ടുകാരെ അറിയിക്കാനുള്ള ശരിയായ സംവിധാനമോ പോലും ഉണ്ടാകുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. അതിനുള്ള പ്രൊഫഷണലിസം ഒന്നും ഞാന്‍ അടുത്തയിടക്ക് കണ്ടിട്ടില്ല.

ഒരു കഥകൂടി പറഞ്ഞു ലേഖനം അവസാനിപ്പിക്കാം. എന്‍ജിനീയര്‍ എന്ന പ്രൊഫഷന്‍ ഉണ്ടാകുന്നതിന് മുന്‍പേ എഞ്ചിനീയറിങ്ങ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. എഞ്ചിനീയറിങ്ങ് ഒരു പ്രൊഫഷന്‍ ആയി കഴിഞ്ഞപ്പോള്‍ ആളുകള്‍ അതിന് വലിയ കോഡ് ഓഫ് എത്തിക്‌സും ഓണറും ഒക്കെ ഉണ്ടാക്കി. ഒരു യുദ്ധക്കപ്പല്‍ യുദ്ധത്തില്‍ അപകടത്തില്‍ പെട്ടാല്‍ ക്യാപ്റ്റന്‍ അതിന്‍റെ കൂടെ മുങ്ങി മരിക്കുക എന്നത് പോലെ ഫുഗു മല്‍സ്യം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ അത് തയ്യാറാക്കിയ പാചകക്കാരന്‍, മീന്‍ കത്തിയെടുത്ത് വയറ്റില്‍ കുത്തി ആത്മഹത്യ ചെയ്യും എന്നത് പോലെ, പണിയില്‍ പാളിച്ച പറ്റിയാല്‍ എന്‍ജിനീയര്‍ സ്വയം വെടിവെച്ച് മരിക്കും എന്നൊക്കെ ആചാരം ഉണ്ടായിരുന്നു.
സിംലയിലെ പ്രശസ്തമായ ബാരോഗ് തുരങ്കം പണിത എന്‍ജിനീയര്‍ അങ്ങനെ തെറ്റ് വന്നതുകൊണ്ട് സ്വയം വെടിവെച്ചു മരിച്ച അഭിമാനിയാണ്. ജോലിയില്‍ പറ്റുന്ന പിഴവിന് ആത്മഹത്യ ചെയ്യുന്നതൊന്നും ഞാന്‍ അംഗീകരിക്കുന്ന രീതികളല്ലെങ്കിലും സ്വന്തം പ്രൊഫഷന് വേണ്ടി മരിക്കാന്‍ പോലും തയ്യാറായ ആളുകള്‍ ഉണ്ടാക്കിത്തന്ന സ്ഥാനമാണ് സമൂഹത്തില്‍ നമുക്കുള്ളതെന്നും അതുകൊണ്ടു തന്നെ സമൂഹത്തിന് സേവനം നല്‍കാനും സുരക്ഷ നല്‍കാനും നമുക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നും എന്‍ജിനീയര്‍മാര്‍ മറന്നു കൂടാ. നമ്മുടെ പ്രൊഫഷനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള്‍ എപ്പോഴും അറിയണം, അതനുസരിച്ചു നമ്മുടെ രംഗത്ത് വേണ്ട അഭിപ്രായം പറയണം, അതിനു മുകളില്‍ ശാസ്ത്രം കൊണ്ടല്ലാതെ തീരുമാനം മാറ്റാന്‍ ആരെയും അനുവദിക്കുകയും അരുത്.
Join WhatsApp News
ചെറ്റകളെ വിട്ടു കളഞ്ഞോ? 2018-12-11 12:23:32
വീട്ടില്‍ പണം ഉണ്ടായിരുന്നത് കൊണ്ട് കോഴ കൊടുത്തു ഡിഗ്രി വാങ്ങി, കോഴ കൊടുത്തു ജോലിയും വാങ്ങിയ ചെറ്റകളുടെ കാര്യം എന്തേ മറന്നു പോയോ?

BENNY KURIAN 2018-12-11 19:36:41
നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക