Image

മിസ്സോറി സിറ്റി മേയര്‍- യൊലാണ്ട ഫോര്‍ഡിന് ചരിത്ര വിജയം

പി പി ചെറിയാന്‍ Published on 12 December, 2018
മിസ്സോറി സിറ്റി  മേയര്‍- യൊലാണ്ട ഫോര്‍ഡിന് ചരിത്ര വിജയം
മിസ്സോറി (ഹൂസ്റ്റണ്‍): ഏറെ മലയാളികൾ താമസിക്കുന്ന  മിസ്സോറി സിറ്റി  മേയര്‍ സ്ഥാനത്തേക്ക് റണ്‍ ഓഫ് മത്സരത്തില്‍ യൊലാന്‍ണ്ട ഫോര്‍ഡിന് ചരിത്ര വിജയം.

1994 മുതല്‍ മേയര്‍ പദവിയിലിരുന്ന അലന്‍ ഓവനെ പരാജയപ്പെടുത്തി പോള്‍ ചെയ്ത വോട്ടുകളില്‍ 52 ശതമാനം നേടി വിജയിച്ച യൊലാന്‍ണ്ട മിസ്സോറി സിറ്റിയില്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജ എന്ന ബഹുമതി കൂടി കരസ്ഥമാക്കിയാണ് ചരിത്രത്താളുകളില്‍ സ്ഥാനം നേടിയത്. മേയര്‍ അലന്‍ ഓവന് 48 ശതമാനം വോട്ടുകള്‍മാത്രമാണ് ലഭിച്ചത്.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനാകാതിരുന്നതാണ് റണ്‍ ഓഫ് ഇലക്ഷന് വഴിവെച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ (നവംബര്‍ 6 ന്) യെലാന്‍ണ്ടക്കായിരുന്നു മുന്‍തൂക്കം. ഇവര്‍ക്ക് 35.6 ശതമാനം വോട്ടുകളും, അലന് 34.96 ശതമാനം വോട്ടുകളും നേടിയിരുന്നു.

മിസ്സോറി സിറ്റിയില്‍ ജനിച്ചുവളര്‍ന്ന ഫോര്‍ഡ് ആര്‍ക്കിട്ടെക്ച്ചറില്‍ മാസ്റ്റര്‍ബിരുദധാരിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിറ്റി കൗണ്‍സിലറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിറ്റിയുട ബഹുമുഖ വികസനം, പൗരന്മാരുടെ സുരക്ഷ, വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച യൊലാന്‍ണ്ടയെ, ഭരണമാറ്റം ആഗ്രഹിച്ച വോട്ടര്‍മാര്‍ കൂടി പിന്തുണച്ചപ്പോള്‍ വിജയം അനായാസമായി. ചരിത്ര വിജയം നേടിയെടുക്കുന്നതിന് സഹായിച്ച പ്രവര്‍ത്തകര്‍ക്കും, വോട്ടര്‍മാര്‍ക്കും നിയുക്ത മേയര്‍ നന്ദിയറിയിച്ചു. മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു. വിജയപ്രഖ്യാപനത്തിന് ശേഷം യൊലാന്‍ണ്ട പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. അര്‍ബന്‍ പ്ലാനിംഗ് മാനേജറായ നിയുക്ത മേയറുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 17 ന് നടക്കും.

മിസ്സോറി സിറ്റിയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയരും യൊലാന്‍ണ്ടയുടെ വിജയത്തില്‍ ആഹ്ലാദം പങ്കിട്ടു.

 കൗണ്‍സിലറായി ക്രിസ പ്രിസ്റ്റണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

24 വര്‍ഷമായി മേയറായി തുടര്‍ന്നിരുന്ന അലന്‍ ഓവന്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൊലാന്‍ണ്ടയെ അഭിനന്ദിച്ചു സന്ദേശം അയച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അലന്‍ അറിയിച്ചു.
മിസ്സോറി സിറ്റി  മേയര്‍- യൊലാണ്ട ഫോര്‍ഡിന് ചരിത്ര വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക