Image

ഈ ദുരിത ഹര്‍ത്താല്‍ ജനങ്ങളോടുള്ള ബി.ജെ.പിയുടെ വെല്ലുവിളി (ശ്രീകുമാര്‍)

Published on 14 December, 2018
ഈ ദുരിത ഹര്‍ത്താല്‍ ജനങ്ങളോടുള്ള ബി.ജെ.പിയുടെ വെല്ലുവിളി (ശ്രീകുമാര്‍)
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സമാധാന ജീവിതത്തിനും നേരെ കടുത്ത വെല്ലുവിളുകള്‍ ഉയര്‍ത്തുന്ന ബി.ജെ.പിയുടെ മറ്റൊരു അനാവശ്യ ഹര്‍ത്താലിന് ഇന്ന് (ഡിസംബര്‍ 14) കേരളം വഴങ്ങേണ്ടി വന്നു. ഈ ധാര്‍ഷ്യത്തെയും ധിക്കാരത്തെയും അഹന്തയെയും അപലപിക്കാന്‍ വാക്കുകളില്ല. ശബരിമല വിഷയത്തില്‍ തങ്ങള്‍ നടത്തിയ സമരങ്ങളോരോന്നും തോറ്റ് തുന്നംപാടുന്നതിന്റെ വേദനയാണവര്‍ ജനങ്ങളോട് തീര്‍ക്കുന്നതെന്ന് പറയാതെ വയ്യ. രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യ ബോധവും ജനപക്ഷ മുഖവുമുള്ളവര്‍ക്ക് യോജിച്ചതല്ല, ജനങ്ങളെ വലയ്ക്കുന്ന അടിക്കടിയുള്ള ഇത്തരം പാഴ് ഹര്‍ത്താലുകള്‍.

ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തിയ മുട്ടട അഞ്ചുമുക്ക് അനപമ നഗര്‍ ആനൂര്‍ വീട്ടില്‍ വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്. 13ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ബി.ജെ.പി സമരപ്പന്തലിലേക്ക് ഓടിക്കയറിയത്. എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ ആദ്യഘട്ട നിരാഹാര സമരത്തിന് ശേഷം സി.കെ പത്മനാഭനാണ് സമരം ഏറ്റെടുത്തത്. സി.കെ പത്മനാഭനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നിലേക്കാണ് കത്തുന്ന ശരീരവുമായി ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു. വെള്ളമൊഴിച്ച് തീ കൊടുത്തി. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് 13-ാം തീയതി വൈകിട്ടോടെ ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായര്‍ മരിച്ചു.

നഗരത്തിലെ ഓട്ടോ െ്രെഡവറായിരുന്നു. വേണുഗോപാലന്‍ നായര്‍. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മരിക്കുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ പോലീസിന് മരണമൊഴി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയത്തിലെ പ്രതിഷേധമാണ് ആത്മഹത്യയ്ക്ക് പ്രരിപ്പിച്ചത് എന്ന് മൊഴിയില്‍ പറയുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്ന് സഹോദരങ്ങള്‍ പറഞ്ഞതിനു പിന്നാലെ ബി.ജെ.പിയുടെ ഹര്‍ത്താലാഹ്വാനം വരികയായിരുന്നു. ഭക്തരുടെ വികാരം സര്‍ക്കാര്‍ മാനിക്കണമെന്നും സര്‍ക്കാര്‍ തീക്കളി നടത്തുകയാണെന്നും സി.കെ പത്മനാഭന്‍ പറയുകയുണ്ടായി.

ഇതിനിടെ വേണുഗോപാലന്‍ നായരുടേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സഹോദരങ്ങള്‍ സജീവ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് പ്രസ്താവന നടത്തിയിരുന്നു. വേണുഗോപാലന്‍ നായര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ് മരുമകന്‍ വെളിപ്പെടുത്തിയെന്നും വാര്‍ത്ത വന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദുഖമുണ്ടായിരുന്നുവെന്നും സമരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും മരുമകന്‍ വെളിപ്പെടുത്തുകയുണ്ടായി.
***
ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന അഞ്ചാമത്തെ ഹര്‍ത്താ ലാണിത്. കൃത്യമായി പറഞ്ഞാല്‍ 68 ദിവസത്തിനുള്ളില്‍ അഞ്ച് ഹര്‍ത്താലുകള്‍. ഇതില്‍ രണ്ട് ഹര്‍ത്താലുകള്‍ സംസ്ഥാന വ്യപകമായും മൂന്നെണ്ണം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുമാണ് നടത്തിയത്. ഇന്നത്തേതുള്‍പ്പെടെ രണ്ട് ഹര്‍ത്താലുകള്‍ ശബരിമല വിഷയത്തില്‍ ഭക്തര്‍ മരിച്ചു എന്ന അവകാശവാദവുമായാണ്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സപ്തംബര്‍ 28 നായിരുന്നു. അന്നുതൊട്ടുള്ള ജനദ്രോഹ ഹര്‍ത്താലുകളുടെ നാള്‍വഴിയിങ്ങനെ...

*ഒക്ടോബര്‍ ഏഴ്: പത്തനംതിട്ട ജില്ലയില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ആദ്യ ഹര്‍ത്താല്‍. യുവതീ പ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ചായിരുന്നു ഇത്. *നവംബര്‍ രണ്ട്: ശിവദാസന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ തന്നെ രണ്ടാമത്തെ ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടനത്തിന് പോയ ശിവദാസന്‍ നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തിനിടെ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷത്തിന് ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ബി.ജെ.പി വെട്ടിലായി.

*നവംബര്‍ 17: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പുകളില്ലാതെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്. *ഡിസംബര്‍ 11: തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു ഇത്. *ഡിസംബര്‍ 14: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍. എന്നാല്‍ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തതാണെന്ന് വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തായി. ആത്മഹത്യയാണെന്നും ശബരിമല വിഷയമായോ സമരവുമായോ ഇയാളുടെ മരണത്തിന് ബന്ധമില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കുന്നില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമുള്ള അഭ്യര്‍ഥനയോടെ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിച്ചു.

''ഹര്‍ത്താലുകള്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കും. എന്നാല്‍ ചില ഹര്‍ത്താലുകള്‍ അനിവാര്യമാണ്...'' എന്നാണ് ജനജീവിതം ദുസ്സഹമാക്കി അടിക്കടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളോട് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ പ്രതികരിച്ചത്. ബലിദാനികള്‍ക്കുള്ള നീക്കം നടക്കാത്തതിന്റെ നൈരാശ്യമാണ് ബി.ജെ.പി ഹര്‍ത്താല്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബിജെപി ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ബസുകളോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍വീസ് നടത്തണ്ട എന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തകര്‍ത്തു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്.
***
ഭരണഘടനാപരമായ സമര രീതിയാണ്ഹര്‍ത്താല്‍. പ്രതിഷേധമായോ, ദുഖസൂചകമായോ കടകളും, വ്യാപാര സ്ഥാപനങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ എന്ന് പറയുന്നത്. ബന്ദ് പോലെ നിര്‍ബന്ധപൂര്‍വ്വമായ ഒരു സമര പരിപാടിയല്ല ഹര്‍ത്താല്‍. പക്ഷേ പലപ്പോഴും അക്രമാസക്തമാകുന്നതായും നിര്‍ബന്ധപൂര്‍വ്വമാകുന്നതും കണ്ടുവരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഹര്‍ത്താല്‍ തീര്‍ത്തും അഹിംസയോടെയായിരിക്കണം എന്നാണ്. ഹര്‍ത്താല്‍ ആഹ്വാനത്തോട് എല്ലാവരും സ്വമേധയാ പങ്കെടുക്കുക എന്നതാണ് അതിന്റെ സ്വഭാവം. പക്ഷേ ജനങ്ങള്‍ അതില്‍ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹര്‍ത്താലില്‍ സഹകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

അതുകൊണ്ട് ഹര്‍ത്താല്‍ ഭരണഘടനാപരമാണ് എന്ന സുപ്രീംകോടതി വിധിക്ക് സാങ്കേതികമായ നിലനില്‍പ്പുമാത്രമേയുള്ളൂ എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. ഇന്ന് ഓരോ രാഷ്ട്രീയപാര്‍ട്ടികളും ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. 'സേ നോ ടു ഹര്‍ത്താല്‍' പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹര്‍ത്താലിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാര്‍ക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങള്‍ ചെയ്യുന്നത്.

ഹര്‍ത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമര്‍ശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വര്‍ഷത്തില്‍ അനേകം സംസ്ഥാന ഹര്‍ത്തലുകളും പ്രാദേശിക ഹര്‍ത്താലുകളും കേരളത്തില്‍ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാര്‍ട്ടികള്‍ മുതല്‍ ചെറു പാര്‍ട്ടികള്‍ വരെ അവരവര്‍ക്ക് താല്പര്യമുള്ള വിഷയത്തില്‍ മിന്നല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. പൊതുവെ ഹര്‍ത്താലുകളെല്ലാം കേരളത്തില്‍ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തില്‍ ഓരോ ഹര്‍ത്താലും സമ്മാനിക്കുന്നത്. 1997ല്‍ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹര്‍ത്താല്‍ വ്യാപകമായത്. ഇപ്പോള്‍ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറി വരുന്ന ടൂറിസം മേഖലയെയും സീസണ്‍ കാലയളവില്‍ അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക