Image

കേരളത്തിലെ ഹര്‍ത്താലിനെ പിന്തുണച്ച് നരേന്ദ്ര മോദി

Published on 14 December, 2018
കേരളത്തിലെ ഹര്‍ത്താലിനെ പിന്തുണച്ച് നരേന്ദ്ര മോദി

കേരളത്തില്‍ ബിജെപി സംഘടിപ്പിച്ച ഹര്‍ത്താലിനെ പിന്തുണച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ അപ് വഴി കേരളത്തിലെ പ്രധാന അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് നരേന്ദ്രമോദി ഹര്‍ത്താലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. കേരളത്തില്‍ ഹര്‍ത്താലിലേക്ക് ബിജെപി എത്തിച്ചേരുകയായിരുന്നു എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമാകുകയായിരുന്നു. 
തിരുവനന്തപുരത്ത് ബിജെപിയുടെ സമരപന്തലിന് സമീപത്ത് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ ആത്മഹത്യ ശ്രമം നടത്തുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. ഏറെ നാളായി തുടരുന്ന ശബരിമല പ്രശ്നത്തില്‍ മനംനൊന്താണ് വേണുഗോപാലന്‍ നായരുടെ ആത്മഹത്യ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. 
എന്നാല്‍ വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ ജീവിതം മടുത്തത് കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ്. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ബിജെപി ഈ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് മോദിയുടെ പ്രസ്താവനയും. ബിജെപി പ്രവര്‍ത്തകര്‍ ഇത്തരം വൈകാരികമായ രീതിയില്‍ പ്രതികരിക്കരുതെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നു. 
എന്തായാലും ബിജെപിയുടെ ഹര്‍ത്താലിനെതിരെ കേരളത്തിലെങ്ങും പ്രതിഷേധം ഉയരുമ്പോഴാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക