Image

റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ലെന്ന്‌ ഖാര്‍ഗെ പറഞ്ഞത്‌ സത്യമാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

Published on 15 December, 2018
റഫാല്‍: സി.എ.ജി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ലെന്ന്‌ ഖാര്‍ഗെ പറഞ്ഞത്‌ സത്യമാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട്‌ പി.എ.സിക്ക്‌ നല്‍കിയിട്ടില്ലെന്ന പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം ശരിയാണെങ്കില്‍ അദ്ദേഹം കോടതിയെ സമീപിക്കണമെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹം സുപ്രീം കോടതിയില്‍ പുനപരിശോധനാ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും സ്വാമി പറഞ്ഞു.

' സി.എ.ജി റിപ്പോര്‍ട്ട്‌ തനിക്കു കിട്ടിയിട്ടില്ലെന്ന്‌ പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമ്പോള്‍ നമ്മള്‍ അത്‌ മുഖവിലക്കെടുക്കണം. എനിക്കു സി.എ.ജി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ലെന്നും അത്‌ പി.എ.സി പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയോ പുനപരിശോധനാ ഹരജി നല്‍കുകയോ വേണം' എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറലും കണ്‍ട്രോള്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലും സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞെന്ന്‌ പി.എ.സി ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

' സി.എ.ജി റിപ്പോര്‍ട്ട്‌ സഭയിലും പി.എ.സിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും പി.എ.സി ഇത്‌ അന്വേഷിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്‌ അത്‌ പൊതുമധ്യത്തിലുള്ള കാര്യമാണ്‌ എന്നാണ്‌. എവിടെയാണ്‌? നിങ്ങള്‍ കണ്ടിട്ടുണ്ടോ? പി.എ.സിയിലെ മറ്റുള്ള അംഗങ്ങളുമായി ചേര്‍ന്ന്‌ ഈ വിഷയം ഉയര്‍ത്തിക്കാട്ടും. എ.ജിയേയും സി.എ.ജിയേയും ഉടനെ വിളിപ്പിക്കും.' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

റാഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക