Image

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണോ,ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

Published on 15 December, 2018
വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണോ,ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. വനിതാ മതിലിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകള്‍ കേന്ദ്രീകരിച്ച്‌ വനിതാമതില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇങ്ങനെയെങ്കില്‍ ഉച്ചയോടെ ജീവനകാര്‍ കൂട്ടത്തോടെ ഓഫീസില്‍ നിന്നിറങ്ങേണ്ടി വരും.

വനിതാ മതിലില്‍ പങ്കെടുക്കാനിറങ്ങുന്ന ജീവനക്കാര്‍ക്ക് അവധി അനുവദിക്കണോ അതോ ജോലി സമയമായി കണക്കാക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല.തീരുമാനമെന്തായാലും വലിയ വിമര്‍ശനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്‍റെ ആശങ്ക. ജീവനക്കാരും ജനപ്രതിനിധികളും ചേര്‍ന്നുള്ള രണ്ടാംഘട്ട അവലോകനയോഗമാണ് കോഴിക്കോട് നടന്നത്.

പരിപാടിയുടെ പ്രചാരണത്തിനായി ഫ്ലാഷ്മോബ്, തെരുവ്നാടകം, മാരത്തോണ്‍ തുടങ്ങിയവ നടത്താന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ യോഗം ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയ യുഡിഎഫ് ജനപ്രതിനിധികള്‍ ഇത്തവണ യോഗത്തിനെത്തിയില്ല. യുഡിഎഫിന്റെ എതിര്‍പ്പ് സംഘാടനത്തെ ബാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

'വനിതാമതില്‍ വര്‍ഗീയ മതില്‍' എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫി ന്റെ തീരുമാനം. ഇതിനായി പോഷക സംഘടനകളെ പ്രചാരണ രംഗത്തിറക്കും. ശബരിമല വിഷയത്തില്‍ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം, വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക