Image

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കും

Published on 16 December, 2018
 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കും

വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് നിരോധനം നടപ്പില്‍ വരിക. 2020 മാര്‍ച്ചിനകം പഴയ വാഹനങ്ങള്‍ മാറ്റി വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറാനാണ് നിര്‍ദേശം.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ ചെയ്താല്‍ മാത്രമേ ഉടമകള്‍ക്ക് സിറ്റി പെര്‍മിറ്റ് നിലനിര്‍ത്താനാകൂ.

സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് പത്ത് ഇ ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇറിക്ഷകള്‍ ഉടന്‍ വിപണയിലെത്തിക്കും.

നിലവില്‍ ഇ-റിക്ഷകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതിയില്‍ ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് 2000 ത്തിന്റെ തുടക്കത്തിലാണ് പെട്രോള്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. ആദ്യഘട്ടത്തില്‍ ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ബാധകമാകും.

വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നത് തടയാനാണ് നിയന്ത്രണം കൊണ്ടു വരുന്നത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് ഓടുന്ന 70,689 ഉം എറണാകുളത്തെ 58,271ഉം കോഴിക്കോടെ 51,449ഉം ഓട്ടോറിക്ഷകളില്‍ പകുതിയിലധികവും ഡീസല്‍ ഓട്ടോറിക്ഷകളാണ്.

സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ബസുകകളും ആറുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി വൈദ്യുതിയിലേക്കു മാറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക