Image

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: പോലീസ് അന്വേഷണം കൂട്ടുപ്രതിയെ കേന്ദ്രീകരിച്ച്

Published on 16 December, 2018
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: പോലീസ് അന്വേഷണം കൂട്ടുപ്രതിയെ കേന്ദ്രീകരിച്ച്
കൊച്ചി:മുംബൈ അധോലോക ക്രിമിനല്‍ രവി പൂജാരിയുടേതെന്ന പേരില്‍ നാലുതവണ ഭീഷണിപ്പെടുത്തിയെന്നു കൊച്ചി പനമ്പിള്ളി നഗറില്‍ വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ ഉടമ നടി ലീനാ മരിയ പോള്‍. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു അധോലോക സംഘത്തിന്‍റെ ഭീഷണി. ഇതിന്‍റെ തുടര്‍ച്ചയാണ് ബ്യൂട്ടി സലൂണ്‍ ആക്രമണമെന്നു സംശയിക്കുന്നു. ഭീഷണിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. പരാതി നല്‍കിട്ടില്ല. തിങ്കളാഴ്ച പരാതി നല്‍കുമെന്നും ലീന പറഞ്ഞു.

കൊച്ചിയില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ പൊലീസിന്റെ അന്വേഷണം പ്രാദേശിക ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ്. ഹവാല സംഘങ്ങളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകേസുകളില്‍ ലീനയുടെ കൂട്ടുപ്രതിയായ സുകാഷ് ചന്ദ്രശേഖറിനു പങ്കുണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ആക്രമണത്തിന്റെ രീതിയും ഉപയോഗിച്ച തോക്കിന്റെ സ്വഭാവവും കണക്കിലെടുത്താണ് കൊച്ചിയിലെ വെടിവയ്പിനു പിന്നില്‍ പ്രാദേശിക സംഘങ്ങളാകാമെന്നു പൊലീസ് അനുമാനിക്കുന്നത്.

ശബ്ദം മാത്രം ഉണ്ടാകുന്ന പ്രഹരശേഷി കുറഞ്ഞ തരത്തിലുള്ള തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സംഭവസ്ഥലത്തുനിന്നു വെടിയുണ്ടയോ പെല്ലറ്റുകളോ കണ്ടെടുത്തിട്ടില്ല. ഇതാണു പ്രാദേശിക സംഘങ്ങളാകാം സംഭവത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കാന്‍ കാരണം.

രവി പൂജാരി എന്നെഴുതിയ കടലാസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചതു പൊലീസിനെ വഴി തെറ്റിക്കാനാകാമെന്നാണു വിലയിരുത്തല്‍. ലീന മരിയ പോളിനെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ് ആക്രമണത്തിനു പിന്നില്‍. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പൊലീസ് ലീനയുടെ മൊഴിയെടുക്കും. ഇതിനായി ഇവരോടു കേരളത്തിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചി വഴി സുകേഷ് ഹവാല ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. അണ്ണാ ഡിഎംകെയുടെ ചിഹ്നം സംബന്ധിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ 50 കോടി രൂപ സുകാഷ് ഹവാലയായി കടത്തിയിരുന്നു. ഇതില്‍ പത്തുകോടി കൊച്ചി വഴി കടത്തിയെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തിലാണ് പൊലീസ് സുകാഷിന്റേയും ഹവാല സംഘങ്ങളുടെയും പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക