Image

യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published on 16 December, 2018
യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി; ദുരൂഹതയെന്ന് ബന്ധുക്കള്‍

ചാവക്കാട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി. ചേറ്റുവ ചാന്തുവീട്ടില്‍ ബഷീറിന്റെ മകള്‍ ഫാത്തിമ (സജന 22)യുടെ മൃതദേഹമാണ് ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ റഷീദാണ് ഫാത്തിമയുടെ ഭര്‍ത്താവ്. 

ശനിയാഴ്ച വൈകീട്ട് മൂന്നിന് തലകറങ്ങിയതാണെന്നുപറഞ്ഞാണ് ഫാത്തിമയെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ എത്തിക്കുന്നത്. എന്നാല്‍, ഫാത്തിമയെ പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമം നടത്തി. എന്നാല്‍, കഴുത്തില്‍ പാടുള്ളതിനാല്‍ ഡോക്ടര്‍ മൃതദേഹം വിട്ടുകൊടുക്കാതെ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ സ്ഥലംവിട്ടു.
ഫാത്തിമയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഭര്‍തൃവീട്ടിലെ പീഡനമാണ് മകളുടെ മരണത്തിനു കാരണമെന്ന് പിതാവ് പരാതിപ്പെട്ടിട്ടുണ്ട്. ഇവരുടെ ഫോണുകളെല്ലാം സ്വിച്ച് ഓഫാണെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക