Image

മുത്തലാഖ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Published on 17 December, 2018
മുത്തലാഖ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ മുത്തലാഖ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മുത്തലാഖ്‌ നിയമവിരുദ്ധമാക്കുകയും പ്രതികള്‍ക്ക്‌ മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പാക്കുന്നതുമായ മുത്തലാഖ്‌ ബില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ്‌ ലോക്‌സഭയില്‍ അവതരിപ്പിച്ചതെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം.

മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇത്‌ രണ്ടാം തവണയാണ്‌ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്‌. നേരത്തെ ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം ലഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത്‌ ശശി തരൂര്‍ എം.പി രംഗത്തെത്തി. എന്നാല്‍ ബില്‍ രാജ്യതാത്‌പര്യം മുറുകെപ്പിടിക്കുന്നതെന്നായിരുന്നു നിയമമന്ത്രിയുടെ നിലപാട്‌. പ്രതിപക്ഷ ബഹളത്തിനിടയിലും ശബ്ദ വോട്ടോടെ മുത്തലാഖ്‌ ബില്ലിന്‌ അവതരണ അനുമതി നല്‍കി.

അതിനിടെ റാഫേല്‍ വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിപ്പിച്ചു. റാഫേല്‍ കേസില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പ്‌ പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. മൂന്ന്‌ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ഉള്ളതിനാല്‍ കോണ്‍ഗ്രസ്‌ നിരയില്‍ അംഗസംഖ്യ കുറവായിരുന്നു. എന്നാലും സഭയിലുള്ള അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റതോടെ ലോക്‌സഭ ബഹളത്തില്‍ മുങ്ങി.

റാഫേല്‍ കരാറില്‍ നുണപ്രചാരണം നടത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭരണകക്ഷി അംഗങ്ങളും പ്ലക്കാര്‍ഡുകളുമായി ബഹളം വച്ചു. അതിനിടെ റാഫേല്‍ കേസില്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്‌മൂലം സമര്‍പ്പിച്ച അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെതിരെ സി.പി.എം രാജ്യസഭയില്‍ അവകാശ ലംഘനത്തിന്‌ നോട്ടീസ്‌ നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക