Image

ഫോര്‍ട്ട്ബെന്‍ഡില്‍ മൂന്നു ക്രിക്കറ്റ് ഗ്രൗണ്ട്; നിയുക്ത ജഡ്ജ് കെ.പി ജോര്‍ജിന്റെ സമ്മാനം

emalayalee exclusive Published on 17 December, 2018
ഫോര്‍ട്ട്ബെന്‍ഡില്‍ മൂന്നു ക്രിക്കറ്റ് ഗ്രൗണ്ട്; നിയുക്ത ജഡ്ജ് കെ.പി ജോര്‍ജിന്റെ സമ്മാനം
ഹൂസ്റ്റണ്‍: ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടിയില്‍ ഒരുപാട് ഇന്ത്യക്കാരുണ്ട്. അവരില്‍ ക്രിക്കറ്റ് കളിക്കുന്നവരും ധാരാളം. പക്ഷെ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എവിടെയുമില്ല.

കൗണ്ടിയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം കെ.പി. ജോര്‍ജ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ കാര്യം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മൂന്നു ഗ്രൗണ്ടുകള്‍ കണ്ടെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നോ രണ്ടോ എണ്ണം സജ്ജമാക്കുമെന്നു നിയുക്ത കൗണ്ടി ജഡ്ജ്. ഒരു ഇന്ത്യക്കാരന്‍ സ്ഥാനമേറ്റാല്‍ സമൂഹത്തിനു എന്തു ഗുണം കിട്ടുമെന്നു ചോദിക്കുന്നവര്‍ക്ക് തുടക്കത്തിലേ ലഭിച്ച ഉത്തരം.

ജനുവരി ഒന്നിനാണ് ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നത്. കൗണ്ടിയുടെ കീഴിലുള്ള ജസ്റ്റീസ് സെന്ററില്‍ രാവിലെ ഒമ്പതിനാണ് ചടങ്ങ്. അഞ്ഞൂറില്‍പ്പരം പേര്‍ക്ക് പങ്കെടുക്കാം. സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ പുറത്തുനിന്ന് ആരെയും കൊണ്ടുവരികയോ, അതിനായി പണം ചെലവഴിക്കുകയോ ചെയ്യില്ല. മറ്റ് ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞ പത്തുമണിക്കാണ്. ജോര്‍ജിന്റേതു മാത്രം നേരത്തെയാക്കി.

മാറ്റങ്ങളെ പേടിയോടെ കാണുന്നവര്‍ തന്റെ നേതൃത്വത്തെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുന്നത് അറിയാമെന്നു ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ട കാര്യമില്ല. കാര്യങ്ങള്‍ ഒരുപടികൂടി മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. 1837-ല്‍ സ്ഥാപിതമായ കൗണ്ടിയുടെ നാല്‍പ്പത്താറാമത്തെ തലവനാണ് താന്‍. 46 പേരില്‍ വനിതകളോ വെള്ളക്കാരല്ലാത്തവരോ ഇല്ല. അപ്പോള്‍ പിന്നെ ഒരു ഇന്ത്യന്‍ വംശജന്‍ അധികാരത്തില്‍ വരുന്നതില്‍ ചിലരെങ്കിലും ആശങ്ക ഉയര്‍ത്തുന്നതില്‍ അതിശയിക്കാനില്ല.

തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാവും മുന്നോട്ടുപോകുക. കാര്യങ്ങള്‍ ഭംഗിയായി പോകണമെന്നു നിര്‍ബന്ധമുണ്ട്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തനിക്കായിരിക്കും. ആരും സഹായിക്കാനുണ്ടാവില്ല എന്നു അറിയാം. ഈ സ്ഥാനത്ത് താന്‍ പരാജയപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതിനാല്‍ ഭംഗിയായി കാര്യങ്ങള്‍ നടക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

എല്ലാ കാര്യങ്ങളിലും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് വൈകിക്കില്ല. മാറ്റം വേണ്ടാത്തവരും എതിര്‍പ്പ് ഉയര്‍ത്തുന്നവരും, പരാജയപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരുമൊക്കെ തടസമാവാന്‍ അനുവദിക്കില്ല. ഒരുമിച്ച് ജോലി ചെയ്യാന്‍ സന്നദ്ധത കാട്ടുന്നവരുമായി മുന്നോട്ടുപോകും.

പഴയ നേതൃത്വം മാറുന്നതിലും പുതിയത് വരുന്നതിലും സന്തോഷം കാട്ടുന്നവരും ധാരാളമുണ്ട്. ചിരുക്കം ചിലര്‍ മാത്രമാണ് ആശങ്കാകുലര്‍. പലരുടേയും പ്രതികരണങ്ങള്‍ താന്‍ അറിയാറുമുണ്ട്.

അതേസമയം ആരുമായും ശത്രുതയ്ക്കോ, പിണക്കത്തിനോ ഒന്നുമില്ല. ആത്മാര്‍ത്ഥതയും തികഞ്ഞ സൗഹൃദവുമായിരിക്കും തന്നില്‍ നിന്നുണ്ടാവുക.

പത്തുപേര്‍ അടങ്ങുന്ന ട്രാന്‍സിഷന്‍ ടീം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതുപോലെ ഒട്ടേറെ സ്ഥാനങ്ങളിലേക്ക് നിയമനം നടത്താനുമുണ്ട്. ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കുക എന്നതാണ് തന്റെ നയം. അതില്‍ രാഷ്ട്രീയമോ റേസോ ഒന്നും ബാധകമല്ല. അതേസമയം കൗണ്ടിയുടെ ജനസംഖ്യയിലെ വൈവിധ്യം ഉദ്യോഗസ്ഥ തലത്തിലും ഉണ്ടാവണമെന്നാണ് ആഗ്രഹം.

കിംവദന്തികള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും പൊതുവില്‍ ഉദ്യോഗസ്ഥരില്‍ നിന്നു നല്ല സഹകരണമാണ് ലഭിക്കുന്നത്. കാര്യങ്ങളെല്ലാം ഭംഗിയായാണ് പോകുന്നത്. കൗണ്ടി ജഡ്ജിന്റെ നേരിട്ടുള്ള ചുമതലയാണ് എമര്‍ജന്‍സി മാനേജ്മെന്റ്. അതു മെച്ചപ്പെടുത്തുക എന്നതാണ് അടിയന്തര കര്‍ത്തവ്യം. ഹാര്‍വി വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ വരുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ ഉണ്ടാകണം.

സ്ഥാനലബ്ദിയൊന്നും ഭാര്യയേയോ, മക്കളേയോ ബാധിച്ചിട്ടില്ല. മറ്റൊരു ജോലിക്കു പോകുന്നു എന്നതില്‍പ്പരം ഒരു തോന്നല്‍ ഇവിടെ ജനിച്ചുവളര്‍ന്നവര്‍ക്ക് ഉണ്ടാവില്ല എന്നതാണ് സത്യം.

ഇത്രയും വലിയ ഉത്തരവാദിത്വവും ജോലിയുമുള്ള സ്ഥാനം വേണ്ടിയിരുന്നില്ല എന്നു ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനു ഒരിക്കലുമില്ല എന്നതായിരുന്നു ഉറച്ച മറുപടി. കോണ്‍ഗ്രസ് അംഗമോ, അസംബ്ലി അംഗമോ ഒക്കെ ആയാല്‍ പല സ്വാധീനങ്ങളും ചെലുത്താനാവും. പക്ഷെ കാര്യങ്ങള്‍ നേരിട്ട് ചെയ്യാനാവില്ല. ഇവിടെ അതല്ല സ്ഥിതി. പുതിയ കാര്യങ്ങള്‍ ആവിഷ്‌കരിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും അധികാരമുള്ള സ്ഥാനമാണിത്. എട്ടുവര്‍ഷമെങ്കിലും ഈ സ്ഥാനത്തിരിക്കണമെന്നാഗ്രഹമുണ്ട്.

കൗണ്ടിയുടെ ജനസംഖ്യാവളര്‍ച്ചയ്ക്കനുസരിച്ച് വികസനവും ഇന്‍ഫ്രാസ്ട്രക്ചറും ഉണ്ടാക്കുക എന്നതു വെല്ലിവിളിയാണ്. 1970-ല്‍ 70,000 ജനസംഖ്യയുണ്ടായിരുന്നത് ഇപ്പോള്‍ 7,80,000 ആയി. 2022-ല്‍ അത് ഒരു മില്യനാകാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ റോഡുകളും സ്‌കൂളുകളുമൊക്കെ നിര്‍മ്മിച്ച് വൈകാതെ തന്നെ അവയെല്ലാം നിറയുന്ന സ്ഥിതിയുണ്ട്. അതിനാല്‍മാറ്റം മുന്‍കൂട്ടി കണ്ട് വേണം വികസനം ഉണ്ടാക്കാന്‍.

ടാക്സ് കുറയ്ക്കുക എന്നത് മാത്രമായിരുന്നു മുന്‍കാല ലക്ഷ്യം. ടാക്‌സ് കുറക്കണം എന്നു തന്നെയാനൂ തന്റെ ലക്ഷ്യവും. അതോടൊപ്പം വികസനവും എന്നതാണ് തന്റെ മുദ്രാവാക്യം.

ജഡ്ജ് സ്ഥാനമേല്‍ക്കും മുമ്പ് സ്‌കൂള്‍ ബോര്‍ഡ് അംഗത്വം രാജിവയ്ക്കും.

അമേരിക്കന്‍ ഡ്രീം ഏവര്‍ക്കും സാധ്യമാക്കാവുന്ന ഫോര്‍ട്ട്ബെന്‍ഡ് ആണ് തന്റെ ലക്ഷ്യം. രണ്ടു പാര്‍ട്ടിയിലും തന്റെ സപ്പോര്‍ട്ടേഴ്സ് ഉണ്ട്. അതിനാല്‍ പാര്‍ട്ടികള്‍ക്കതീതമായി ചിന്തിക്കാനാണ് ഡമോക്രാറ്റെങ്കിലും തന്റെ ഉദ്ദേശം.

നേരത്തെ ഷുഗര്‍ലാന്‍ഡ് നിര്‍മന്‍സ് ബാങ്ക്വറ്റ് ഹാളില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടതെന്നു ട്രാന്‍സിഷന്‍ ടീം തലവന്‍ മുസൂഫ ടമീസ് ചൂണ്ടിക്കാട്ടി.

കാല്‍ നൂറ്റാണ്ട് മുമ്പ് താന്‍ അമേരിക്കയിലെത്തിയ ആദ്യ കാലങ്ങള്‍ ജോര്‍ജ് വിവരിച്ചു. 2010 മുതല്‍ താന്‍ ഇലക്ഷനില്‍ മത്സരിക്കുന്നു. മിക്കയിടത്തും തോറ്റു. കൗണ്ടിയിലെ ഏറ്റവും വലിയ സ്ഥാനത്തിനു പകരം ചെറിയത് എന്തിനെങ്കിലും മത്സരിക്കാന്‍ പലരും തന്നെ ഉപദേശിച്ചതാണ്.

എന്തെങ്കിലും മികവ് തനിക്ക് ഉണ്ടെങ്കില്‍ അത് ഉറച്ചുനിന്ന് നിരന്തരം ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ പാതി വഴിക്ക് ഉപേക്ഷിച്ചു കളയരുത്. സ്വപ്നങ്ങള്‍ കണ്ടതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. കുട്ടികളേയും വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കണം.

തന്റെ പിതാവ് ട്രക്ക് ഡ്രൈവറായിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു. അമ്മയ്ക്ക് വിദ്യാഭ്യാസമില്ലായിരുന്നു. ആ സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്നുവന്ന താന്‍ ഇന്ന് ടെക്സസിലെ പത്താമത്തെ വലിയ കൗണ്ടിയുടെ തലവനായി. ഈ രാജ്യത്തേ ഇതൊക്കെ സാധിക്കൂ.

ന്യൂയോര്‍ക്കില്‍ നിന്നു 20 വര്‍ഷം മുമ്പ് ഇവിടെ വരാനും ഈ നിലയിലെത്താനും കഴിഞ്ഞു. ലഭിച്ച നന്മകള്‍ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

സുരക്ഷിതമായ വീട്, നല്ല സ്‌കൂള്‍, നല്ല ജോലി ഇതൊക്കെയാണ് നാം ആഗ്രഹിക്കുന്നത്. അവ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ് തന്റെ കടമ. ചുറ്റിലും പത്ത് അടി വെള്ളം പൊങ്ങുമ്പോള്‍ താന്‍ റിപ്പബ്ലിക്കനാണോ ഡമോക്രാറ്റാണോ എന്നത് പ്രസക്തമല്ല.

കാല്‍ നൂറ്റാണ്ടായി കൗണ്ടി കമ്മീഷണറായ ആഫ്രിക്കന്‍ അമേരിക്കന്‍ ഗ്രേഡി പ്രെസ്റ്റേജ് ആണ് ജോര്‍ജിനെ പരിചയപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ഏറ്റവും തലവേദനയുള്ള ജോലിയാണ് സ്‌കൂള്‍ ബോര്‍ഡിലേതെന്നു അദ്ധേഹം പറഞ്ഞു. അവിടെ വിജയകരാമയി പ്രവര്‍ത്തിച്ചജോര്‍ജ് ജഡ്ജ് എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതില്‍ തനിക്കു സംശയമില്ല.

കൗണ്ടിയുടെ സേവനങ്ങള്‍ എന്തൊക്കെയെന്നു പലര്‍ക്കും അറിയില്ലെന്നു ജോര്‍ജ് പറഞ്ഞു. അതിനാല്‍ ജനങ്ങളുമായുള്ള ആശയവിനിമയം സുപ്രധാനമാണ്.

നിത്യേന പ്രാര്‍ത്ഥിക്കുന്ന ആളാണ് താന്‍. തന്റെ സ്ഥാനലബ്ദിയില്‍ സന്തോഷിക്കുന്ന ജനത്തെ താന്‍ കാണുന്നു. അവരുടെ പ്രതീക്ഷ പോലെ അവസരത്തിനൊത്ത് ഉയരാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും അതു സഫലമാകും- ജോര്‍ജ് ഉറപ്പുനല്‍കി. 
ഫോര്‍ട്ട്ബെന്‍ഡില്‍ മൂന്നു ക്രിക്കറ്റ് ഗ്രൗണ്ട്; നിയുക്ത ജഡ്ജ് കെ.പി ജോര്‍ജിന്റെ സമ്മാനംഫോര്‍ട്ട്ബെന്‍ഡില്‍ മൂന്നു ക്രിക്കറ്റ് ഗ്രൗണ്ട്; നിയുക്ത ജഡ്ജ് കെ.പി ജോര്‍ജിന്റെ സമ്മാനംഫോര്‍ട്ട്ബെന്‍ഡില്‍ മൂന്നു ക്രിക്കറ്റ് ഗ്രൗണ്ട്; നിയുക്ത ജഡ്ജ് കെ.പി ജോര്‍ജിന്റെ സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക