Image

പ്രഭാസ്‌ നായകനാകുന്ന സാഹോ സ്വാതന്ത്ര്യദിനത്തില്‍

Published on 18 December, 2018
പ്രഭാസ്‌ നായകനാകുന്ന  സാഹോ സ്വാതന്ത്ര്യദിനത്തില്‍
ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന ബഹുഭാഷ ചലച്ചിത്രം സാഹോ സ്വാതന്ത്ര്യദിനത്തില്‍ തിയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലാണ്‌ ചിത്രം പുറത്തിറങ്ങുക. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ മലയാള മൊഴിമാറ്റ പതിപ്പും ആഗസ്‌ത്‌ 15ന്‌ ഇറങ്ങും.

നിര്‍മാതാവ്‌ ശ്രീനിവാസ്‌ കുമാര്‍ നായിഡു ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ബോളിവുഡ്‌ താരം ശ്രദ്ധകപൂര്‍ തെലുങ്കിലേക്ക്‌ അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. ശ്രദ്ധയോടൊപ്പം അഭിനയിക്കുന്നത്‌ ഭാഗ്യമായി കരുതുന്നുവെന്നും അവരുടെ കഥാപാത്രം ചിത്രത്തിന്‌ കരുത്ത്‌ പകരുന്നതാണെന്നും പ്രഭാസ്‌ പറഞ്ഞു.

ആക്ഷന്‍ രംഗങ്ങളിലും മികച്ച പ്രകടനമാണ്‌ ശ്രദ്ധകപൂര്‍ നടത്തിയത്‌. അവരുടെ അര്‍പണമനോഭാവം പ്രശംസനീയമാണെന്നും പ്രഭാസ്‌ പറഞ്ഞു.

ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും അബുദാബിയില്‍ വച്ചാണ്‌ നടന്നത്‌. 40 ദിവസത്തോളമാണ്‌ യുഎഇയില്‍ ചിത്രീകരിച്ചത്‌. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ സുജീത്താണ്‌.

മലയാളത്തില്‍ നിന്ന്‌ ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാക്കി ഷറോഫ്‌, നീല്‍ നിതിന്‍ മുകേഷ്‌, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ്‌ മഞ്‌ജരേക്കര്‍, അരുണ്‍ വിജയ്‌, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബാഹുബലിയുടെ ആര്‍ട്‌ ഡയറക്ടറായിരുന്ന സാബു സിറിള്‍ ആണ്‌ സാഹോയുടെ കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ലോയ്‌ കൂട്ടുകെട്ടാണ്‌ സംഗീതസംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ്‌ ശ്രീകര്‍ പ്രസാദുമാണ്‌.

പ്രശസ്‌ത ഹോളിവുഡ്‌ ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ്‌ ആക്ഷന്‍ കൊറിയോഗ്രാഫര്‍. 35 കോടി ചെലവിട്ട്‌ ചിത്രീകരിച്ച ആക്ഷന്‍ രംഗം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ്‌ പ്രേക്ഷകര്‍. 150 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്‌ 400 കോടി രൂപയ്‌ക്കായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക