Image

മന്നത്ത് പദ്മനാഭന്റെ ആശയമാണ് വനിതാമതിലില്‍ കൂടി ഉദ്ഘോഷിക്കാന്‍ പോകുന്നത്: കോടിയേരി

Published on 18 December, 2018
മന്നത്ത് പദ്മനാഭന്റെ ആശയമാണ് വനിതാമതിലില്‍ കൂടി ഉദ്ഘോഷിക്കാന്‍ പോകുന്നത്: കോടിയേരി
തിരുവനന്തപുരം: വനിതാമതിലിനെതിരെ നിലപാടെടുത്ത എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന എന്‍.എസ്.എസ് എന്നാല്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എങ്ങനെയാണ് ആര്‍.എസ്.എസ് പരിപാടിയില്‍ എന്‍.എസ്.എസിന് പങ്കെടുക്കാനാകുകയെന്നും കോടിയേരി ചോദിച്ചു.

ആര്‍.എസ്.എസുമായി കൂട്ടുചേര്‍ന്നാല്‍ എന്താണ് ഉണ്ടാകുകയെന്ന് അവര്‍ മനസിലാക്കണം. എന്‍.എസ്.എസ് നേതൃത്വം നിലപാട് തിരുത്തണം. ഇന്ന് സ്വീകരിക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയണം. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. മുഖ്യമന്ത്രി ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പൂജാരിനിയമനത്തിലുണ്ടായിരുന്ന വിവേചനം മാറ്റി. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ സംവരണം കൊണ്ടുവന്നു. ഇത്തരം നിലപാടുകള്‍ക്ക് വേണ്ടിയുള്ള ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. ചിലകാര്യങ്ങളില്‍ ധാര്‍ഷ്ട്യം വേണം, അത് നിലപാടുകള്‍ക്ക് വേണ്ടിയാകണം.

ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ അത് അനുവദിക്കാനാകില്ലെന്ന നിലപാടാണോ മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ നിലപാടെടുത്തിന് മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ശ്രദ്ധതിരിച്ചുവിടാം എന്ന് കരുതരുത്.

മന്നത്ത് പദ്മനാഭന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു.

മന്നത്ത് പദ്മനാഭന്റെ ആശയമാണ് വനിതാമതിലില്‍ കൂടി ഉദ്ഘോഷിക്കാന്‍ പോകുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത മന്നത്ത് പദ്മനാഭന്‍ നിരവധി തവണ എടുത്തുപറഞ്ഞിട്ടുണ്ട്. ഭാരതത്തില്‍ വസിഷ്ഠനെ അരുന്ധതിയോടുകൂടിയല്ലാതെ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. നളന്‍ ദമയന്തിയുടെ കൂടെയല്ലാതെ പോയിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്. സ്ത്രീപുരുഷ സമത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്നത്ത് പദ്മനാഭന്റെ പാരമ്പര്യമാണ് സ്ത്രീപുരുഷ സമത്വം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജനുവരി ഒന്നിന് വനിതാമതില്‍ ഉയര്‍ത്തുന്നത്.

യാതൊരുവിധ വിവേചനവും കാണിക്കാതെ എല്ലാ സ്ത്രീകളും പങ്കെടുക്കുന്ന മഹത്തായ സംരംഭമായി മാറുമെന്ന് കണ്ടപ്പോഴാണ് ഇത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പ്രചരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നയാ പൈസപോലും ഇക്കാര്യത്തില്‍ ചിലവഴിക്കില്ല. ഇത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയല്ല, ഇത് സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ്. സ്ത്രീകളാണ് ഇതിന്റെ എല്ലാ സംഘാടകരുമായി രംഗത്ത് വന്നിരിക്കുന്നത്.

വനിതാ മതിലിനെതിരെ രംഗത്ത് വരുന്നവര്‍ കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നവരാണ്. കേരളത്ത ഗുജറാത്താക്കാന്‍ അനുവദിച്ചുകൂട.

കേരളം എപ്പോഴും മുന്നോട്ടാണ് പോയിട്ടുള്ളത് നമുക്കൊരിക്കലും പിന്നോട്ടു പോകാനാകില്ല. ഇവിടെ പട്ടികജാതിക്കാരനായതുകൊണ്ട് ആരെയും കൊല്ലുന്നില്ല. ഇവിടെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ വെടിവെച്ച് കൊല്ലുന്നില്ല. ഇതൊന്നുമല്ല മറ്റ് സംസ്ഥാനത്തെ അനുഭവങ്ങളെന്നും കോടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക