Image

പൊന്‍മുടി ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍ കെ.ടി.ഡി.സി.യുടെ 15 പുതിയ കോട്ടേജുകള്‍

Published on 19 December, 2018
പൊന്‍മുടി ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍  കെ.ടി.ഡി.സി.യുടെ 15 പുതിയ കോട്ടേജുകള്‍


തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ സഞ്ചാരികള്‍ക്കായി കെ.ടി.ഡി.സിയുടെ പുതിയ കോട്ടേജുകള്‍ ഒരുങ്ങി. കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടിലാണ്‌ നിലവിലുള്ള 14 കോട്ടേജുകള്‍ക്കു പുറമേ 15 പുതിയ കോട്ടേജുകള്‍ കൂടി പുതുതായി ഒരുക്കിയിരിക്കുന്നത്‌.

സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്‌ പുതുതായി പണികഴിപ്പിച്ച കോട്ടേജുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ലോവര്‍ സാനിറ്റോറിയത്തിന്റെ വികസനത്തിനും സൗന്ദര്യവത്‌കരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതികള്‍ക്ക്‌ ഭരണാനുമതിയായതായും ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ ചടങ്ങില്‍ മന്ത്രി അറിയിച്ചു.

40 വര്‍ഷം മുമ്‌ബ്‌ പ്രശസ്‌ത വാസ്‌തുശില്‍പ്പി ലാറി ബേക്കറായിരുന്നു ഗോള്‍ഡന്‍ പീക്കിന്റെ രൂപകല്‍പ്പന. ഇതേ കോംപൗണ്ടില്‍ത്തന്നെയാണ്‌ പുതിയ കോട്ടേജുകളും ഒരുക്കിയിരിക്കുന്നത്‌. മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ്‌ ഈ കോട്ടേജുകളുടെ നിര്‍മ്മാണം. 1500 രൂപ മുതല്‍ 3600 രൂപവരെയാണ്‌ കോട്ടേജുകള്‍ക്കായി സഞ്ചാരികളില്‍ നിന്നും ഈടാക്കുക.

ഗോള്‍ഡന്‍ പീക്കില്‍ പുതുതായി 15 കോട്ടേജുകളാണ്‌ സമയബന്ധിതമായി നിര്‍മിച്ചത്‌. ഇതിനുപുറമേ, പഴയ ഗസ്റ്റ്‌ ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുണ്ട്‌. പുതിയ മന്ദിരം കുറേകാലമായി പൂര്‍ത്തിയാകാതെ കിടക്കുന്നത്‌ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 3.2 കോടി രൂപ അടങ്കലിലാണ്‌ 15 പുതിയ കോട്ടേജുകള്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍ പുതുതായി പണികഴിപ്പിച്ചത്‌.

നിലവിലുള്ള കോട്ടേജുകള്‍ ഉള്‍പ്പെടെ 29 കോട്ടേജുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്‌. ആധുനിക നിലവാരമുള്ളതും പ്രകൃതിയോടിണങ്ങിയവയുമായ കോട്ടേജുകളാണ്‌ മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിംഗില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനാവും വിധമുള്ള ക്ലിഫ്‌ വ്യൂ കേട്ടേജുകളും പ്രത്യേകതയാണ്‌. 2017ല്‍ ഭരണാനുമതിയായ പദ്ധതിപ്രകാരമാണ്‌ പുതിയ കോട്ടേജുകള്‍ ഒരുക്കിയത്‌. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്‌ പൊന്‍മുടി സ്ഥിതി ചെയ്യുന്നത്‌. 22 ഹെയര്‍പിന്‍ വളവുകള്‍ കടന്നു വേണം പൊന്‍മുടിയിലെത്താന്‍.

തിരുവനന്തപുരം നഗരത്തില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട്‌, ചുള്ളിമാനൂര്‍, വിതുര വഴി ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍മുടിയിലെത്താം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക