Image

മലയാളി മങ്കമാര്‍ക്ക് ഉല്‍സവമായി...ധനുമാസ തിരുവാതിര വരവായി...

ശ്രീകുമാര്‍ Published on 19 December, 2018
മലയാളി മങ്കമാര്‍ക്ക് ഉല്‍സവമായി...ധനുമാസ തിരുവാതിര വരവായി...
മലയാള മങ്കമാരുടെ തനത് ഉല്‍സവമായ ധനുമാസത്തിലെ തിരുവാതിര വരവായി. പരമശിവന്റെ ആട്ടപ്പിറന്നാളായ ധനുമാസത്തിലെ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി നാട്ടിലെ ക്ഷേത്രവളപ്പുകളിലും തറവാട്ട് മുറ്റങ്ങളിലും കലാ സാംസ്കാരിക വേദികളിലും തിരുവാതിരകളി തുടങ്ങി കഴിഞ്ഞു. ഇക്കുറി പഞ്ചാംഗമനുസരിച്ച് തിരുവാതിര നക്ഷത്രം ഡിസംബര്‍ 23നാണ്. എന്നാല്‍ അന്ന് രാത്രി എട്ടുമണിയോടെ പുണര്‍തം നാളിന് തുടക്കമാവുന്നതുകൊണ്ട് മിക്ക സ്ഥലങ്ങളിലും രാത്രി മുഴുവന്‍ തിരുവാതിരകളിയും പാതിരാപ്പൂ ചൂടലും മറ്റും 22ന് മകയിരം രാത്രിയിലായിരിക്കും നടക്കുക. 22ന് മകയിര ദിവസം വൈകിട്ട് "എട്ടങ്ങാടി' നിവേദ്യത്തിനുശേഷം പുലരുംവരെ തിരുവാതിരകളിയും വ്രതാനുഷ്ഠാനത്തോടെ ഉറക്കമിളപ്പും ഉണ്ടാവും. ചിലയിടങ്ങളില്‍ 23ന് രാത്രി തിരുവാതിരകളി ഉണ്ടാകുമെങ്കിലും അന്ന് പുലര്‍ച്ചെ ആര്‍ദ്രദര്‍ശനവും ആചാരപരമായ ചടങ്ങുകള്‍ക്കും ആയിരിക്കും പ്രാധാന്യം നല്‍കുക.

കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലെയും ആഘോഷമാണ് തിരുവാതിര. മംഗല്യവതികളായവര്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനും കന്യകമാര്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. പണ്ട് സ്ത്രീകള്‍ സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കും. ഗംഗ ഉണര്‍ത്തുപാട്ടു പാടി, ഗംഗയെ ഉണര്‍ത്തിയാണ് തുടിച്ചു കുളിക്കുന്നത്. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ "തുടി' എന്ന് പറയുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച്, നെറ്റിയില്‍ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാര്‍ത്തി ദശപുഷ്പം ചൂടുന്നു.

തുടര്‍ന്ന് നോയമ്പ് നോല്‍ക്കല്‍, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കല്‍, പാതിരാപ്പൂ ചൂടല്‍ എന്നങ്ങനെയുള്ള തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കും. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ മുഴുവന്‍ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേര്‍ന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. മലയാളി മങ്കമാരുടെ ഏറ്റവും പ്രധാന ആഘോഷമായിരുന്ന തിരുവാതിര ഇന്ന് ഏറെക്കുറെ പുതുതലമുറയ്ക്ക് അന്യമാണ്. തിരക്കുകള്‍ക്കിടയില്‍ തിരുവാതിര ആഘോഷം ഒരു ചടങ്ങുപോലെ കൊണ്ടാടുന്നവരാണ് ഏറെയും. ഇന്ന് തിരുവാതിര ആഘോഷം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മല്‍സര വേദികളിലും സ്റ്റേജ് ഷോകളിലുമൊക്കെയായി മാത്രം ഒതുങ്ങി നില്‍ക്കുന്നു.

തിരുവാതിര നാള്‍ തുടങ്ങി അവസാനിക്കുന്ന സമയം വരെയാണ് തിരുവാതിര വ്രതം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയാണ് വ്രതം നോല്‍ക്കുക. ശിവ പ്രീതിയ്ക്കായി മന്ത്രങ്ങള്‍ ജപിക്കും. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും സാധാരണയാണ്. അന്നേ ദിവസം അരിഭക്ഷണം പാടില്ല. തിരുവാതിര നാള്‍ വരുന്ന രാത്രിയിലാണ് ഉറക്കമൊഴിക്കല്‍. തിരുവാതിര നാള്‍ തീരുന്നതുവരെ ഉറങ്ങാന്‍ പാടില്ല.(ചില സ്ഥലങ്ങളില്‍ മകയിരം നാളിലാണ് ഉറക്കമൊഴിക്കല്‍) ഉറക്കമൊഴിക്കുന്ന രാത്രിയില്‍ ആണ് പാതിരാപ്പൂചൂടല്‍. സ്ത്രീകള്‍ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടില്‍ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടല്‍. "ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോല്‍ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാന്‍ പോരുന്നുണ്ടോ തോഴിമാരേ...' എന്ന് പാടി, "പത്താനാം മതിലകത്ത്...' എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടില്‍ എത്തി പൂച്ചൂടി വരികയാണ് പതിവ്.

തിരുവാതിരനാളില്‍ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശര്‍ക്കരയും തേങ്ങയും ചേര്‍ന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാല്‍ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭര്‍ത്താവും ഭാര്യയും കൂടെ തിരുവാതിരനാളില്‍ കഴിച്ചു തീര്‍ക്കുന്ന ഏര്‍പ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടാറുണ്ട്. പണ്ടൊക്കെ ചില പ്രദേശങ്ങളില്‍ തിരുവാതിരയ്ക്കു മുന്‍പ് പത്തു ദിവസം മുന്‍പു വരെ വ്രതം നോറ്റു തുടങ്ങുമായിരുന്നുവത്രേ. കുടുംബാംഗങ്ങളെല്ലാം ഒത്തു ചേരുന്ന വേദികൂടിയായിരുന്നു തിരുവാതിര ആഘോഷം. തിരുവാതിരകളിയും വെറ്റില മുറുക്കലും ഊഞ്ഞാലാട്ടവുമൊക്കെയായി തകൃതിയായി നടത്തുന്ന ആഘോഷം പുലരും വരെ തുടരും.

തിരുവാതിര തലേന്ന് മകയിരം നാളില്‍ വൈകിട്ട് തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം വിശിഷ്ട ചടങ്ങാണ്. നിറതിരിയിട്ടു തെളിക്കുന്ന ഓട്ടുവിളക്കിനു മുന്‍പില്‍ അഷ്ടമംഗല്യമൊരുക്കി, കന്യകമാരും കുടുംബിനികളും മഹേശ്വര സങ്കല്‍പ്പത്തില്‍ എട്ടങ്ങാടി നിവേദ്യം നടത്തും. എട്ടങ്ങാടി എന്ന വിഭത്തില്‍ കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങള്‍ വേവിച്ചെടുത്തും, കിഴങ്ങുകള്‍ ചുട്ടെടുത്തും ആണ് ഉപയോഗിക്കേണ്ടത്. ശര്‍ക്കര പാവ് കാച്ചി, അതില്‍ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേന്‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേര്‍ത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളില്‍ ഇലക്കുമ്പിള്‍ കുത്തി, അതില്‍ ഇളനീര്‍ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്. ഭഗവാന്റെ നിവേദ്യം പോലെ പ്രസാദമായിട്ടാണ് ഇത് കഴിക്കുന്നത്.

തിരുവാതിര നാള്‍ രാവിലെ ശിവ, പാര്‍വതി സങ്കല്‍പ്പമുള്ള ക്ഷേത്രങ്ങളില്‍ ആര്‍ദ്രദര്‍ശനവും നടത്തും. നോമ്പുകാര്‍ ചാമ അരി കഞ്ഞിയും കിഴങ്ങുവര്‍ഗങ്ങള്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന തിരുവാതിരപ്പുഴുക്കുമാണ് കഴിക്കേണ്ടതെന്നാണ് വ്യവസ്ഥ. തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങള്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്നവയാണ്. തിരുവാതിര ആഘോഷിക്കുന്ന സമയത്ത് കേരളത്തില്‍ കിഴങ്ങുകളുടെ വിളവെടുപ്പ് നടക്കുന്നു. കാച്ചില്‍, കൂര്‍ക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ് തിരുവാതിര പുഴുക്ക്. ഇത് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.

മലയാളി വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം സ്ത്രീകളുടെ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. മറ്റ് പേരുകള്‍ ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് തിരുവാതിരക്കളി എന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ തിരുവാതിരക്കളി പൂത്തിരുവാതിര എന്നാണ് അറിയപ്പെടുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ തിരുവാതിരക്കളി പുത്തന്‍ തിരുവാതിരയെന്നും അറിയപ്പെടുന്നു. തിരുവാതിര നാളില്‍ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെ 28 ദിവസംമാണ് പുരാതനകാലത്ത് തിരവാതിരക്കളി നടന്നിരുന്നത്. പാര്‍വതി ശിവനെ ഭര്‍ത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവന്‍ ധനുമാസത്തിലെ തിരുവാതിരനാളില്‍ പാര്‍വതിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാന്‍ കാരണമെന്ന് ഒരു ഐതിഹ്യം.

പാര്‍വതിയുമായി അനുരാഗം തോന്നാനായി കാമദേവന്‍ ശിവനു നേര്‍ക്ക് അമ്പെയ്യുകയും ശിവന്‍ ക്രോധത്തില്‍ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാര്‍വതിയോട് സങ്കടം ധരിപ്പിക്കുകയും പാര്‍വതി തിരുവാതിരനാളില്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ കാമദേവനുമായി വീണ്ടും ചേര്‍ത്തുവയ്ക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് തിരുവാതിരക്കളിയെന്നും ഐതിഹ്യമുണ്ട്. പുരാതനകാലത്ത് തിരുവാതിര നാളില്‍ തുടങ്ങി അടുത്ത മാസം തിരുവാതിര വരെ 28 ദിവസം തിരവാതിരക്കളി അവതരിപ്പിച്ചിരുന്നു. ചിലസ്ഥലങ്ങളില്‍ 11 ദിവസത്തെ പരിപാടിയായി ധനുമാസത്തില്‍ അവതരിപ്പിച്ചു വരുന്നു.

പകല്‍ വീടിനു മുന്നില്‍ ദശപുഷ്പങ്ങള്‍ ശേഖരിച്ചു വയ്ക്കും. സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാല്‍ നര്‍ത്തകികള്‍ ഭക്ത്യാദരപൂര്‍വം പാട്ടുകള്‍ പാടുകയും ദശപുഷ്പങ്ങള്‍ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങള്‍ അവര്‍ മുടിയില്‍ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടല്‍ എന്നാണ് പറയുക. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകള്‍ പാടിയാണ് പൂചൂടിക്കുന്നത്. കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം.

തിരുവാതിര കളിക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവര്‍ ചുവടുവയ്ക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു. ലാസ്യഭാവത്തിലാണ് നാട്യം. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകള്‍ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവര്‍ക്കുപോലും കളിയില്‍ പങ്കെടുക്കാന്‍ സൗകര്യമേകുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകള്‍ക്കിടയിലും അവതരിപ്പിക്കാറുണ്ട്.

പണ്ട് തിരുവാതിരക്കളി പഠിപ്പിക്കാന്‍ വീടുകളില്‍ പ്രത്യേക ആശാന്മാരെത്തിയിരുന്നു. സ്ത്രീകളെ പഠിപ്പിക്കുന്നതോടൊപ്പം ഇവര്‍ വീട്ടിലെ ഒന്നോ രണ്ടോ ആണ്‍കുട്ടികളെയും തിരുവാതിര പഠിപ്പിക്കുന്നു. ഇവരാണ് പിന്നീട് കളിയാശാന്മാരായിത്തീരുന്നത്. തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. "വീരവിരാട കുമാര വിഭോ...' (ഉത്തരാസ്വയം വരം), "കാലുഷ്യം കളക നീ...' (ധ്രുവചരിതം), "യാതുധാന ശീഖാണേ...' (രാവണ വിജയം), "ലോകാധിപാ കാന്താ...' (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം...' ( നളചരിതം), "മമത വാരി ശരെ...' (ദുര്യോധനവധം) തുടങ്ങി ഉണ്ണായിവാര്യര്‍, കോട്ടയത്തു തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, വയസ്കരമൂസ് തുടങ്ങിയവരുടെ ആട്ടക്കഥാ ശീലുകളും, രാമപുരത്ത്‌വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടും മറ്റുമാണ് ആതിരരാവുകളെ കുളിരണിയിക്കുന്നത്. ഒരിക്കല്‍ മലയാളിയുടെ സംസ്കാരവുമായി അത്രയേറെ ഇഴുകിച്ചര്‍ന്ന ഒരാഘോഷമായിരുന്നു തിരുവാതിര.
മലയാളി മങ്കമാര്‍ക്ക് ഉല്‍സവമായി...ധനുമാസ തിരുവാതിര വരവായി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക