Image

ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)

കോരസണ്‍ Published on 20 December, 2018
ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)
ഒരു പ്രീഡിഗ്രി സൂവോളജി ലാബ് ആണ് രംഗം. മേശപ്പുറത്തു ഒരു തവളയെ തടികൊണ്ടുള്ള പലകയില്‍ ആണിയടിച്ചു വച്ചിരിക്കുന്നു. ലക്ഷ്മി ടീച്ചര്‍ ഒരു തവളയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുകയാണ്. ചെറിയ തവളയുടെ തുടയിലുള്ള സയാറ്റിക് നെര്‍വ് കണ്ടുപിടിക്കയാണ് ഉദ്യമം. ചെറിയ തവളയും അതിന്റെ തുടയിലൂടെ ചെറിയ കത്രിക കടത്തി അറുത്തുകീറല്‍  നടത്തുന്ന അതിസൂക്ഷ്മമായ പഠനമാണ് നടക്കുന്നത്. ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും വളെരെ ശ്രദ്ധയോടെ മേശയില്‍ സര്‍ജറി നടക്കുന്നത് വീക്ഷിക്കുകയാണ്. നെര്‍വ് കണ്ടുപിടിച്ചു അടയാളപ്പെടുത്തണം; ഏറ്റവും മികച്ചതായി ഓപ്പറേഷന്‍ ചെയ്യുന്നവരെ മാത്രമേ പരീക്ഷയില്‍ വിജയിപ്പിക്കയുള്ളൂ. ഓരോരുത്തര്‍ക്കും വേണ്ടുന്ന തവളകള്‍ അവിടെ ലാബ് അസിസ്റ്റന്റ് മണിയുടെ കയ്യില്‍ ഉണ്ട്.

എല്ലാവരുടെയും തലകള്‍ ഒട്ടിപ്പിടിച്ചതുപോലെ മേശയില്‍ വച്ചിരിക്കുന്ന തവളയുടെ സര്‍ജറി കൃത്യമായി വീക്ഷിക്കുകയാണ്. ലക്ഷ്മി ടീച്ചര്‍ നിര്‍ദ്ദേശങ്ങള്‍ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു. പെട്ടന്ന് ടീച്ചര്‍ നിശ്ശബ്ദയായി, ഇനിം തവളക്കു ജീവന്‍ വച്ച് ചാടിപ്പോകാന്‍ ശ്രമിക്കുകയാണോ എന്നും അറിയില്ല , എല്ലാവരും കുറച്ചുകൂടി കുനിഞ്ഞു, പാവം തവള അനങ്ങുന്നുണ്ടോ എന്ന് നോക്കുകയാണ്. അതുവരെ കിലുകിലാന്നു സംസാരിച്ചുകൊണ്ടിരുന്ന ടീച്ചര്‍ എന്തേ പെട്ടന്ന് നിശബ്ദയായി? , ടീച്ചറിന്റെ കൈകളും നിശ്ചലമായി.  എല്ലാവരും ടീച്ചറിന്റെ മുഖത്തേക്കു നോക്കി. ടീച്ചര്‍ സുരേന്ദ്രന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ചിരിച്ചുകൊണ്ടിരിക്കയാണ്,

സുരേന്ദ്രന്‍ ഏതോ മായാ ലോകത്തില്‍ ഒന്നും അറിയാതെ ടീച്ചറിനെ നോക്കി നില്‍ക്കുന്നു. അവന്‍ തീരെ നീളം കുറവുള്ള ആളായതുകൊണ്ടു കല്പകവൃക്ഷം പോലെ തലയുയര്‍ത്തി കൂടിനിന്ന ഞങ്ങളുടെ തലയുടെ കൂടെ കൂടിയില്ല, അവന്‍ തവളയുമായി കുറേക്കൂടി അടുത്ത ബന്ധം സ്ഥാപിച്ചു നില്‍ക്കുകയായിരുന്നു. പക്ഷെ അവന്റെ നോട്ടം തറച്ചിരുന്നത് തവളയില്‍ ആയിരുന്നില്ല , ടീച്ചറിന്റെ മാറിക്കിടന്ന സാരിയുടെ ഇടയില്‍ക്കൂടി അനാവൃതമായിരുന്ന നെഞ്ചിലേക്കായിരുന്നു. ടീച്ചര്‍ അവനെ നോക്കുന്നതുപോലും അവന്‍ മനസ്സിലാക്കിയത് ഞങ്ങളുടെ ഉച്ചത്തിലുള്ള ചിരിയും അട്ടഹാസവും കഌസില്‍ നിറഞ്ഞപ്പോളായിരുന്നു. അപ്പോളും ടീച്ചര്‍ ചിരിച്ചുകൊണ്ട് തവളയെരണ്ടു കൈകൊണ്ടും പിടിച്ചിരിക്കുന്നു, സുരേന്ദ്രന്‍ ഫ്രീസ് ആയി അങ്ങനെ നില്‍ക്കെയാണ്.

ജിജന്‍ കുര്യന്‍ വളരെ സീരിയസ് ആയി മാത്രമേ സംസാരിക്കാറുള്ളു , എന്നാല്‍ ഈ സംഭവം കണ്ടു ഏറ്റവും കൂടുതല്‍ ആഘോഷിച്ചതു ജിജനായിരുന്നു. പിന്നെ ഇടയ്ക്ക് ഇവര്‍ തമ്മില്‍ കാണുമ്പോള്‍ ഒക്കെ  തവളക്കാര്യം ഓര്‍പ്പിക്കാറുണ്ട്; 'തവളെയെ പിന്നെയും കാണാം ഇതൊക്കെ പിന്നെ കാണാന്‍ പറ്റുമോ' എന്ന് പറഞ്ഞു സുരേന്ദ്രനും ചിരിച്ചുകൊണ്ട് പിരിയുന്ന കുസൃതി ഇടയ്ക്കിടെ പതിവായിരുന്നു.

'മദനോത്സവം' എന്ന സിനിമയായിരുന്നു അന്ന് ഞങ്ങളുടെ ക്യാമ്പസ് തീം എന്ന് പറയാം. കമലഹാസന്‍ മുടി വെട്ടിയതുപോലെ മുടിവെട്ടിക്കാന്‍ ഞാനും ജിജനും അല്‍പ്പം ദൂരെയുള്ള സ്‌റ്റെപ്പ്കട്ടിങ് സലൂണില്‍ പോയി. മുടിവെട്ടിക്കഴിഞ്ഞു ഞങ്ങള്‍ എന്റെ വീട്ടില്‍ പോയി. നന്നായി ചേരുന്നു ജിജന്‍ ഈ സ്‌റ്റൈല്‍ എന്ന് എന്റെ മൂത്ത ചേച്ചി അവനെ അഭിനന്ദിച്ചതും ഓര്‍ക്കുന്നു. അന്ന് അവന്റെ നിബിഡമായ മുടി സ്‌റ്റെപ്പ്കട്ട് ചെയ്തതിന്റെ ഭംഗി എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  

പന്തളം എന്‍.എസ്സ്. എസ്സ്. കോളേജിലെ ഒടുങ്ങാത്ത സമരക്കഥകള്‍ ഒഴിവാക്കി ഡിഗ്രിക്ക് ജിജന്‍ കുര്യന്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ ചേര്‍ന്നു . തപാല്‍ മാര്‍ഗം ഞങ്ങളുടെ ബന്ധവും ഊഷ്മളമായി തുടര്‍ന്നു. പന്തളം കോളേജ് യൂണിയന്‍ ഉത്ഘാടന ചടങ്ങിന് ജോര്‍ജ് ഓണക്കൂര്‍ സാറിനെ ക്ഷണിക്കുവാന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ റോയി പറന്തലും, സെക്രട്ടറി  മോഹന്‍ കൊടുമണ്ണും ചേര്‍ന്ന് സാര്‍ പഠിപ്പിച്ചിരുന്ന തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജിലേക്ക് ചെന്നു. അദ്ദേഹത്തിന്റെ 'ഉള്‍ക്കടല്‍ ' എന്ന സിനിമ 25)0  ദിവസം ആഘോഷിക്കയാണ് അപ്പോള്‍.  കത്തുവഴി അറിയിച്ചതിനാല്‍ ജിജന്‍ എന്നെ തിരക്കി കോളേജില്‍ കാത്തു നിന്നിരുന്നു. കോളേജില്‍ ചെന്നപാടെ ആരോ പറഞ്ഞു ഓണക്കൂര്‍സാര്‍, കാവാലം നാരായണപ്പണിക്കര്‍ നടത്തുന്ന ഡ്രാമ ക്ലാസ്സില്‍ ഉണ്ട് എന്ന്. അങ്ങനെ ചോദിച്ചു പറഞ്ഞു ചെന്നപ്പോള്‍ അവിടെ ഡ്രാമ ക്ലാസ് ആരംഭിക്കുന്നു. ഡ്രാമക്ലാസ്സില്‍ ഓണക്കൂര്‍സാര്‍ ഉണ്ട് എന്ന് അറിഞ്ഞു ജിജന്‍ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ മറ്റു കുട്ടികളുടെ ഇടയില്‍ ഇരുന്നു ഡ്രാമ പഠിച്ചുകൊണ്ടിരിക്കയാണ്. കോളേജിനെ കിടിലം വിറപ്പിക്കുന്ന പ്രിന്‍സിപ്പല്‍ പണിക്കരച്ചനും വേദിയില്‍ ഉണ്ട്. ഒരു വിധത്തില്‍ വലിയ പരുക്കുകള്‍ കൂടാതെ അവിടെനിന്നും തടിതപ്പി, അന്നു രാത്രി ജിജന്റെ ആതിഥേയത്വം സ്വീകരിച്ചു ഹോസ്റ്റലില്‍ താമസിച്ചു.  

പിന്നെ ജിജന്‍ ബിടെക്കിനു കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു, പോളിമര്‍ സയന്‍സ് ആയിരുന്നു വിഷയം , ആദ്യമായിട്ടാണ് അത്തരം ഒരു പഠനശാഖയെപ്പറ്റി അന്ന് അറിയുന്നത്. അധികം താമസിയാതെ ജിജന് റബ്ബര്‍ബോര്‍ഡില്‍ ജോലി ലഭിച്ചു, വിവാഹം  കഴിഞ്ഞു, കുട്ടിയുമായി. വളരെ വേഗതയിലായിരുന്നു അവന്റെ ജീവിതകാര്യങ്ങള്‍. അപ്പോഴേക്കും എന്റെയും പഠനം കഴിഞ്ഞു ഗള്‍ഫില്‍ ജോലിക്കായി പോയി. മനസ്സിന് അടുത്തു നിര്‍ത്തുന്ന ചില സുഹൃത്തുക്കള്‍ക്ക് എല്ലാ ക്രിസ്മസ് സമയത്തും കാര്‍ഡുകള്‍ പതിവായി അയക്കാറുണ്ടായിരുന്നു. അവരുടെ ഒക്കെ വീട്ടിലെ അഡ്രസ് ഇപ്പോഴും മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. മിക്കവാറും ആരും മറുപടിക്കാര്‍ഡുകള്‍ അയക്കാറില്ല, ബന്ധങ്ങളും അകന്നു വന്നു , എന്നാലും ഒരുപിടി കൂട്ടുകാര്‍ക്കു കാര്‍ഡുകള്‍ അയക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നില്ല.  മനസ്സിലെ സൗഹൃദം ക്രിസ്മസ് കാര്‍ഡുകളിലൂടെയെങ്കിലും അങ്ങനെതന്നെ നിലനില്‍ക്കട്ടെ എന്ന് കരുതി.

7 വര്ഷം മുന്‍പ് അവിചാരിതമായി ഫേസ്ബുക്കില്‍ എനിക്ക് ജിജന്റെ ഒരു കുറിപ്പ് വന്നു. അങ്ങനെ ഞങ്ങളുടെ സൗഹൃദം വീണ്ടും പുഷ്പിച്ചു. അപ്പോള്‍ അവന്‍ കെനിയയിലെ മൊമ്പാസ്സയില്‍ ജോലി ചെയ്യുക ആയിരുന്നു, കുടുംബവും അവനോടൊപ്പം ഉണ്ടായിരുന്നു. അതിഭയങ്കരമായ ഇടവേളക്കുശേഷം വീണ്ടും ബന്ധപ്പെടാനായതില്‍ പെരുത്ത  സന്തോഷമായിരുന്നു അവനും എനിക്കും. കുറെയേറെ വിശേഷങ്ങള്‍, ഓര്‍മ്മകള്‍ ഒക്കെ പങ്കുവച്ചു; മകന്റെ കല്യാണത്തിന് എത്തണമെന്ന് നിര്‍ബന്ധിച്ചു.എന്റെ വിവാഹത്തിനും അവന്‍ എത്തിയിരുന്നത് ഓര്‍മ്മിപ്പിച്ചു. ഞാന്‍ അയച്ചുകൊണ്ടിരുന്ന എല്ലാ ക്രിസ്മസ് കാര്‍ഡുകളും അവന്റെ 'അമ്മ ശേഖരിച്ചു വച്ചിരുന്നു എന്നും, അവന്‍ വീട്ടില്‍ എത്തുമ്പോള്‍ കൊടുക്കുമായിരുന്നു എന്നും പറഞ്ഞു.

കെനിയയെപ്പറ്റി വിശദമായി പറഞ്ഞു, അങ്ങനെ നാട്ടില്‍ പോകുന്ന വഴി കെനിയ സന്ദര്‍ശിക്കാനും അവിടുത്തെ സഫാരി, കിലമഞ്ചാരോ പര്‍വ്വതം കയറാനും ഞങ്ങള്‍ തീരുമാനിച്ചു. ഒപ്പം ജിജനും കുടുംബവും ന്യൂയോര്‍ക്കില്‍ എത്തുവാനും ഇവിടെ അവരെ കാണിക്കുവാനും ഉള്ള പദ്ധതിയും പ്ലാന്‍ ചെയ്തു. മകന്റെ കല്യാണത്തിന് പോകാന്‍ സാധിച്ചില്ല അതിനാല്‍ കല്യാണത്തിന്റെ കുറെ ചിത്രങ്ങള്‍ അവന്‍ അയച്ചു തന്നിരുന്നു. അങ്ങനെ കത്തിടപാടുകളും ഫോണ്‍ വിളികളുമായി പഴയ ചങ്ങാത്തം കൊണ്ടുപോയി. രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി സ്വന്തം അഭിപ്രായങ്ങള്‍ അവന്‍ ഫേസ്ബുക്കില്‍ കുറിക്കുക പതിവായിരുന്നു.

ഏതാണ്ട് മൂന്നു വര്‍ഷത്തോളം ഊഷ്മളമായി കൊണ്ടുപോയിരുന്നു സുഹൃദ ബന്ധം പൊടുന്നനെ ഇല്ലാതായി. എന്താണ് കാരണം എന്ന് തീരെ മനസ്സിലായില്ല, എന്നാലും അവന്റെ ബര്‍ത്ത്‌ഡേ ഫേസ്ബുക്ക് ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആശംസകള്‍ അറിയിക്കുകയും , എന്റെ എല്ലാ പരസ്യപ്പെടുത്തിയ ലേഖനങ്ങളും ഈ കഴിഞ്ഞ മാസം വരെയും അയച്ചുകൊടുത്തിരുന്നു. ഇടയ്ക്കു അവന്റെ മകനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു, നടന്നില്ല. എന്നാലും ആശ കൈവിടാതെ എന്നെങ്കിലും അവന്‍ പ്രത്യക്ഷപ്പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു.

 
വൈസ്‌മെന്‍ അന്തര്‍ദേശീയ ക്ലബ്ബിന്റെ ഒരു ചുമതല എനിക്ക് ലഭിച്ചു എന്ന വാര്‍ത്ത അറിഞ്ഞു ചെന്നൈ ക്ലബ്ബിലുള്ള ഒരു മുതിര്‍ന്ന പ്രവര്‍ത്തകന്‍ അഭിനന്ദനം അറിയിച്ചു. ഒപ്പം, ജിജന്റെ സുഹൃത്താണ് നിങ്ങള്‍ എന്ന് ഫേസ്ബുക്ക് പേജില്‍നിന്നും മനസ്സിലായി. ജിജന്‍ എന്റെ കോബ്രദര്‍ ആണ് എന്ന്കൂടി കുറിച്ചു. ടെയ്, അവന്‍ ഇതാ വീണ്ടും വരുന്നു ; പെട്ടന്ന് അദ്ദേഹത്തിന് ടെക്സ്റ്റ് ചെയ്യാന്‍ തുടങ്ങി , എവിടെ ആ പഹയന്‍ ! എന്ത് കഷ്ടമാണ് ഇത്രയധികം മെസ്സേജുകള്‍ അറിയിച്ചിട്ടും ഒരു മറുപടി അയക്കാന്‍ കൂട്ടാക്കിയില്ലല്ലോ ? അവന്‍ തിരികെ നാട്ടില്‍ വന്നോ ? എത്രയും വേഗം കോണ്ടാക്ട് നമ്പര്‍ തരിക എന്ന് അപേക്ഷിച്ചു. പക്ഷെ, അതിനൊന്നും പെട്ടന്നു മറുപടി കിട്ടിയില്ല.

പിറ്റേ ദിവസം എനിക്ക് ഒരു വരിമറുപടി വന്നു.. അവന്‍ 2014 ആഗസ്ത് മാസം നമ്മെ വിട്ടുപോയി. ഇത്തരം ഒരു ആത്മനൊമ്പരം ആരോട് പങ്കുവെക്കും? ചില സൗഹൃദങ്ങള്‍ അങ്ങനെയായിരിക്കാം , കാര്‍മേഘം പൊഴിഞ്ഞുവീണു പ്രത്യക്ഷപ്പെടുന്ന മഴവില്‍ കാവടികള്‍ പോലെ. ചക്രവാളം മുഴുവന്‍ തേച്ചുപിടിപ്പിച്ച അല്‍പ്പായുസ്സുകളായ നിറക്കൂട്ടുകള്‍  ഇങ്ങനെയും ചില സൗഹൃദങ്ങള്‍.

എന്നോ എവിടേയോ കാണും എന്ന പ്രതീക്ഷയില്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ടുപോയി. ഞങ്ങള്‍ വളരെ തീവ്രമായി സംവദിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഈ വേര്‍പാട് ഉണ്ടായത്. ഒന്നും അറിയാന്‍ കഴിയാതെ വെറുതേ പ്രതീക്ഷിച്ചു കൊണ്ടിരിക്കുക വിധിയുടെ ഒരു കളിഭാവം.  അവന്‍ പറന്നുപോയതറിയാതെ ഞാന്‍ നീന്തിക്കൊണ്ടിരുന്നു. മദനോത്സവത്തിലെ ചില വരികള്‍ തികട്ടി വന്നു..നീ ഒരു വാക്കും പറഞ്ഞീല്ല , ഈ മണ്‍കൂട് നിന്നോട് കണ്ണീരോടൊത്തുന്നിതാ ...നീ മായും നിലാവോ എന്റെ കണ്ണീരോ ..

ഇനിയും ക്രിസ്മസ് കാര്‍ഡുകള്‍ അയക്കേണ്ട. ഈ ക്രിസ്മസ് ജിജന്റെ ഓര്‍മ്മയ്ക്ക് മാത്രം. ഇനി എഴുതാന്‍ വരികളില്ല , വാക്കുകളില്ല വര്‍ണ്ണങ്ങളില്ല, പ്രിയ ജിജന്‍, നീ എന്നും സമാധാനമായിരിക്കുക , ഇത് എനിക്ക് നിന്നോടുള്ള അവസാന ക്രിസ്മസ് ആശംസകള്‍ !!!

ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)ഒരു ക്രിസ്മസ് ഡയറിക്കുറിപ്പ് (വാല്‍ക്കണ്ണാടി : കോരസണ്‍)
Join WhatsApp News
വായനക്കാരൻ 2018-12-20 10:30:27
നൊമ്പരമുള്ള ഒരു ക്രിസ്മസ് ഓർമ്മ, വല്ലാതെ മുറിവേറ്റതുപോലെ , നല്ല എഴുത്തു
Sudhir Panikkaveetil 2018-12-20 17:55:12
"God gave us memory so that we might have roses in December". Dear Shri Korason you made a rose for your friend with words of love and sentiments. May his soul rest in peace !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക