Image

മമ്മൂട്ടി ചിത്രം `പേരന്‍പ്‌' ഫെബ്രുവരിയില്‍

Published on 20 December, 2018
മമ്മൂട്ടി ചിത്രം `പേരന്‍പ്‌' ഫെബ്രുവരിയില്‍
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്‌ത തമിഴ്‌ ചിത്രം പേരന്‍പിന്‌ ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.

കാത്തിരിപ്പിന്‌ വിരാമം കുറിച്ച്‌ ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്ന്‌ അറിയിച്ചിരിക്കുകയാണ്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
തങ്കമീന്‍കള്‍, തരമണി, കാട്രത്‌ തമിഴ്‌ എന്നീ ജനപ്രിയ ചിത്രങ്ങള്‍ക്ക്‌ ശേഷം റാം ഒരുക്കിയ ചിത്രമാണ്‌ പേരന്‍പ്‌. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്‌പാസ്റ്റിക്‌ പരാലിസിസ്‌ എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ്‌ പേരന്‍പ്‌.

മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത്‌ തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്‌. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്‌ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്‌. ഒപ്പം മലയാളത്തില്‍നിന്ന്‌ സിദ്ദിഖും സുരാജ്‌ വെഞ്ഞാറമൂടും ഉണ്ട്‌.

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ്‌ അവാര്‍ഡ്‌ ലിസ്റ്റില്‍ 17ാം സ്ഥാനത്ത്‌ ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ്‌ 17ാം സ്ഥാനത്തെത്തിയത്‌.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്‌ പേരന്‍പ്‌. യുവാന്‍ ശങ്കര്‍ രാജയാണ്‌ ചിത്രത്തിന്‌ സംഗീതമൊരുക്കിയിരിക്കുന്നത്‌. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങ്ങും നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക