Image

വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിടപറയുന്നു..മഹേഷിന്റെ 'ചാച്ചന്' ഫഹദ് ഫാസിലിന്റെ കണ്ണീര്‍പ്രണാമം

Published on 21 December, 2018
വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിടപറയുന്നു..മഹേഷിന്റെ 'ചാച്ചന്' ഫഹദ് ഫാസിലിന്റെ കണ്ണീര്‍പ്രണാമം
കൊച്ചി: നാടക രംഗത്ത് പ്രശസ്തനായ കെ.എല്‍. ആന്റണി പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനാകുന്നത് മഹേഷിന്റെ പ്രതികാരത്തിലെ ആ 'ചാച്ചന്‍' വേഷമാണ്. ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചിത്രത്തിലെ നായകനായ ഫഹദ് ഫാസില്‍ കണ്ണീര്‍പ്രണാമം അര്‍പ്പിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്  ഫഹദ് ഫാസില്‍ കെഎല്‍ ആന്റണിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയത്. 

അദേഹത്തിന്റെ മരണം വളരെ പെട്ടെന്നായിപ്പോയി.. അറിഞ്ഞതിലും കണ്ടതിലും സുന്ദരമായ മനുഷ്യനായിരുന്നു ആന്റണി. നമ്മുക്ക് അവിടെവെച്ച് വീണ്ടും കണ്ടുമുട്ടാം. ഇപ്പോള്‍ വിട പറയുന്നു.. എന്നായിരുന്നു ഫഹദ് ഫാസിലിന്റെ കുറിപ്പ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദേഹത്തിന്റെ മരണം സംഭവിച്ചത്. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ആന്റണി മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനായത്. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലും കെഎല്‍ ആന്റണി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, നാന്‍സി, ലാസര്‍ഷൈന്‍( എഴുത്തുകാരന്‍).

കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ ആന്റണി എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി ആന്റണി രൂപീകരിച്ചു. അടിയന്തിരവസ്ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജന്‍ സംഭവമായിരുന്നു വിഷയം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക