Image

യുക്മ ഫാമിലി ഫെസ്റ്റ്: ദൃശ്യവിരുന്നൊരുക്കാന്‍ ട്രാഫോര്‍ഡ് കലാസമിതിയുടെ നാടകം സിഗററ്റുകൂട്

Published on 23 December, 2018
യുക്മ ഫാമിലി ഫെസ്റ്റ്: ദൃശ്യവിരുന്നൊരുക്കാന്‍ ട്രാഫോര്‍ഡ് കലാസമിതിയുടെ നാടകം സിഗററ്റുകൂട്


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ ജനുവരി 19നു സംഘടിപ്പിച്ചിരിക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ നാടക രംഗത്തെ പ്രമുഖരായ ട്രാഫോര്‍ഡ് നാടക സമിതിയും. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നിരവധി നാടകങ്ങളുമായി നാടക രംഗത്ത് ശ്രദ്ധേയമായ ട്രാഫോര്‍ഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് 'സിഗററ്റുകൂട്'. യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള നാടകത്തില്‍ മാഞ്ചസ്റ്ററിലെ പ്രമുഖരായ കലാകാരന്‍മാരാണ് അണിനിരക്കുന്നത്.

മുമ്പ് അവതരിപ്പിച്ചിരുന്ന തോറ്റങ്ങള്‍, എഞ്ചുവടി, കാണാക്കാഴ്ചകള്‍, ബറാബാസ്, ശരറാന്തല്‍ തുടങ്ങിയ നാടകങ്ങള്‍ യുകെയിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയവരാണ് ട്രാഫോര്‍ഡ് കലാസമിതി. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിഗററ്റുകൂട് എന്ന നാടകം വേദിയിലെത്തുന്നത്. വളരെയേറെ പുതുമകളാണ് ഈ നാടകത്തിലൂടെ കാണികളെ കാത്തിരിക്കുന്നത്.

മികച്ച യുക്മ റീജിയണുകള്‍, 120 അംഗ അസോസിയേഷനുകളില്‍നിന്നുള്ള കേമന്മാരായ അസോസിയേഷനുകള്‍, എ ലെവല്‍, ജിസിഎസ്ഇ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാര്‍ത്ഥികള്‍, യുകെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികള്‍ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങള്‍, മാജിക് ഷോ, കോമഡി, ഇന്‍സ്ട്രുമെന്റ് മ്യൂസിക് എന്നിങ്ങനെ നിരവധിയായ കലാപരിപാടികള്‍ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.

വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ പത്തിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാര്‍ഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി പത്തുവരെ നടക്കുന്ന 'നോണ്‍ സ്‌റ്റോപ്പ് പ്രോഗ്രാ'മുകള്‍, മാഞ്ചസ്റ്റര്‍ കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും ആകര്‍ഷകമായ മലയാളി പരിപാടികളില്‍ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതില്‍ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യുഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അലക്‌സ് വര്‍ഗ്ഗീസ് 7985641921, സുരേഷ് കുമാര്‍ 7903986970.

വര്‍ഗ്ഗീസ് ഡാനിയല്‍ (പിആര്‍ഒ, യുക്മ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക