Image

ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ചയും വായിക്കുക)

Published on 23 December, 2018
ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ (എല്ലാ തിങ്കളാഴ്ചയും വായിക്കുക)
(ഇതൊരു നേരമ്പോക്കിനുള്ള പംക്തി.വായനക്കാര്‍ക്ക് രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്)


പകുതിയായ ആപ്പിള്‍ എങ്ങനെ കാണപ്പെടുന്നു.

* മറ്റേ പകുതി പോലെ തന്നെ.

നിങ്ങള്‍ ഒരു ചുവന്ന കല്ലു് നീല സമുദ്രത്തിലേക്ക് എറിഞ്ഞാല്‍ അത് എന്താകും.

* അത് നനയും അല്ലെങ്കില്‍ വെള്ളത്തില്‍ താണുപോകും.

എണ്‍പത് ദിവസങ്ങള്‍ ഉറങ്ങാതെ ഒരാള്‍ക്ക് എങ്ങനെ കഴിച്ച് കൂട്ടാന്‍ കഴിയും.

* അയാള്‍ക്ക് രാത്രി ഉറങ്ങാമല്ലോ?

നിങ്ങളുടെ ഒരു കയ്യില്‍ മൂന്നു ആപ്പിളും, നാലു ഓറഞ്ചും, മറ്റേ കയ്യില്‍ നാലു് ആപ്പിളും, മൂന്നു ഓറഞ്ചുമുണ്ടെങ്കില്‍ നിങ്ങളില്‍ എന്തുണ്ടാകും.

* നിങ്ങള്‍ക്ക് വലിയ കൈകള്‍ ഉണ്ടായിരിക്കും.

ഒരു ചുമര്‍ പണിയാന്‍ എട്ട് മനുഷ്യര്‍ക്ക് പത്തു മണികൂര്‍ വേണ്ടി വന്നെങ്കില്‍ നാലാള്‍ക്ക് അത് പണിയാന്‍ എത്ര സമയം വേണം.

*അവര്‍ക്ക് സമയത്തിന്റെ ആവശ്യമില്ല. കാരണം ചുമര്‍ പണിത് കഴിഞ്ഞു.

കോണ്‍ക്രീറ്റിട്ട നിലത്തേക്ക് ഒരു മുട്ട അത് പൊട്ടിക്കാതെ എങ്ങനെ വീഴ്ത്താന്‍ കഴിയും.

*കോണ്‍ക്രീറ്റ് നിലങ്ങള്‍ എളുപ്പത്തില്‍ പൊട്ടുന്നില്ല.

നിങ്ങള്‍ കാറോടിച്ച് പോകയാണു്. ശക്തിയായ മഴ പെയ്യുന്ന ഒരു ഭീകര രാത്രിയായിരുന്നു അത്. അപ്പോള്‍ വഴിവക്കില്‍ നിങ്ങള്‍ മൂന്നു പേരേ കാണുന്നു. ഏത് ക്ഷണവും മരിക്കാവുന്ന രോഗിയായ ഒരു വ്രുദ്ധ, നിങ്ങളുടെ ജീവന്‍ പണ്ട് രക്ഷിച്ച സുഹൃത്ത്, നിങ്ങള്‍ സ്വപനങ്ങളില്‍ കണ്ടിരുന്ന നിങ്ങളുടെ ഭാവി വധു. ഒരു സഹയാത്രികനേ കാറില്‍ സ്ഥലമുള്ളു. നിങ്ങള്‍ ആരെ കാറില്‍ കയറ്റും.

*കാറിന്റെ താക്കോള്‍ കൂട്ടുകാരനു കൊടുത്ത് വ്രുദ്ധയെ ആസ്പത്രിയില്‍ എത്തിക്കാന്‍ പറയും. എന്നിട്ടു സുന്ദരിയുമായി വാഹനസൗകര്യം കിട്ടുന്ന വരെ സന്തോഷത്തോടെ കഴിച്ചുകൂട്ടും.

ഒരു മൂലയില്‍ ഒട്ടിയിരിക്കയും എന്നാല്‍ ലോകം മുഴുവന്‍ സഞ്ചരിക്കയും ചെയ്യുന്നത് ആരു്?

* സ്റ്റാമ്പ്.

(അമേരിക്കന്‍ മലയാളികള്‍ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും)

വീടു എന്നു പറയുമ്പോള്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണെങ്കിലും പാളിച്ചകള്‍ വരുമ്പോള്‍ സ്ത്രീയെ കുറ്റപ്പെടുത്തുന്നല്ലൊ?

*നമ്മുടെ ആദ്യ പിതാവ് ആദമും അതു തന്നെയല്ലേ ചെയ്തത്? സ്ത്രീയെ കുറ്റപ്പെടുത്തി നല്ല പിള്ള ചമയുക.

അമേരിക്കന്‍ മലയാളികള്‍ സന്തുഷ്ടരാണോ?

*എന്നു ചോദിച്ചാല്‍ പറയാന്‍ വിഷമമാണു. പൊതുരംഗത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ നായ കടലില്‍ ചെന്നാലും നക്കിയെ കുടിക്കു എന്ന ചൊല്ലു മലയാളികള്‍ക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

പണം ഉണ്ടാക്കാന്‍ ഓടി നടന്നപ്പോള്‍ കിടക്കറയിലെ ചൂടു അനുഭവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പ്രായമായപ്പോള്‍ മലയാളിക്ക് വാതം കോച്ചിയത്.

*നിര്‍ബന്ധമില്ല, എന്നാല്‍ കിടക്കരയുടെ ശരിയായ ഉപയോഗം പല രോഗങ്ങളും വരാതിരിക്കാന്‍ സഹായകമാണ്.

ഒരു ചോദ്യം താഴെ കൊടുക്കുന്നു. വായനകാര്‍ക്ക് കമന്റ് സെക്ഷനില്‍ ഉത്തരം എഴുതാം.

ഊമയായ ഒരു മനുഷ്യന്‍ പല്ല് തേക്കാനുള്ള ബ്രഷ് വാങ്ങാന്‍ പോയി ആംഗ്യം കാണിച്ച്അത് കടയില്‍ നിന്നും വാങ്ങി. അന്ധനായ ഒരു മനുഷ്യന്‍ പഴം വാങ്ങാന്‍ കടയില്‍ പോയി എങ്ങനെ ആംഗ്യം കാണിക്കും.? ( ഇതിന്റെ ഉത്തരം വായനകാരില്‍ നിന്നും പ്രതീക്ഷിക്കുന്നു)


(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി അടുത്ത ആഴ്ച വീണ്ടും കാണാം)
Join WhatsApp News
ഞായറാഴ്ച 2018-12-23 21:30:54
ഇന്ന് ഡിസമ്പർ 23 ഞായറാഴ്ച ഇത് വായിക്കാമോ അതോ തിങ്കളാഴ്ച വരെ നോക്കിയിരിക്കണോ?
പ്രേംനസീർ 2018-12-23 23:55:53
തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ....''
basheer 2018-12-24 04:24:11
അന്ധനാണെങ്കിലും ഊമയല്ലല്ലോ ,ആംഗ്യം കാണിയ്ക്കേണ്ടയാവശ്യമില്ല .അപ്പോൾ പഴം വേണമെന്ന് പറയും
Joseph 2018-12-25 16:47:50
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ആഴ്ചതോറുമുള്ള ചോദ്യോത്തര പംക്തി വളരെയധികം താല്പര്യത്തോടെയാണ് വായിച്ചത്. അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം നൽകിയ ബഷീറിനെ അഭിനന്ദിക്കുന്നു.

ഊമന്മാരോട് ആംഗ്യങ്ങൾ കാണിക്കുന്ന ചില ചേഷ്ടകളുമുണ്ട്. ഞാൻ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നല്ല ശരീര പുഷ്ടിയുള്ള എന്നെക്കാളും പ്രായമുണ്ടായിരുന്ന ഊമനായ ഒരു ചെറുക്കനെ ഓർമ്മിക്കുന്നുണ്ട്. അന്ന് ഊമനെന്ന വാക്കിനു പകരം എല്ലാവരും അയാളെ പൊട്ടനെന്നായിരുന്നു വിളിച്ചിരുന്നത്.

വർത്തമാനം പറയുന്നതിനു പകരം അയാൾ കൈകൾകൊണ്ട് ആംഗ്യങ്ങളും ചില ശബ്ദങ്ങളും പുറപ്പെടുവിച്ചിരുന്നു. ഒന്നും മനസിലാവില്ലായിരുന്നു.

ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് അയാളെ "മൂക്ക് ചൊറിഞ്ഞു കാണിക്കാൻ" പറഞ്ഞു. എന്റെ നിഷ്കളങ്കതയുടെ പുറത്ത് വഴിയിൽ കണ്ടപ്പോൾ അയാളുടെ മുമ്പിൽ ചെന്ന് സുഹൃത്തു  പറഞ്ഞപോലെ മൂക്ക് ചൊറിഞ്ഞു കാണിക്കുകയും ചെയ്തു. പകരം മുഖം കൂട്ടി അയാൾ എന്നെ അടിക്കുകയായിരുന്നു. 

ഊമൻമാരെ മൂക്കു ചൊറിഞ്ഞു കാണിച്ചാൽ തന്തക്ക് വിളിക്കുന്ന അടയാളമെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

വർഷങ്ങൾക്കു ശേഷം ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് അയാളെ ഒത്ത ആകാര ഭംഗിയുള്ള ഒരു തൊഴിലാളിയായിട്ടായിരുന്നു കണ്ടത്. ഓടി വന്ന് സ്നേഹപ്രകടനങ്ങളിൽക്കൂടി എന്തൊക്കെയോ ആംഗ്യം കാണിച്ചു. അടുത്തുള്ള ചായക്കടയിൽ നിന്നും പരിപ്പുവടയും വാങ്ങി തന്നു. അന്നുണ്ടാക്കിയ വഴക്കിന് എന്നോട് ക്ഷമ പറഞ്ഞതാണെന്ന് ചായക്കടക്കാരൻ പറഞ്ഞപ്പോഴാണ്' ആയാൾ കാണിച്ച ആംഗ്യ ഭാഷയുടെ അർത്ഥം മനസിലായത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക