Image

മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍

മീട്ടു റഹ്മത്ത് കലാം Published on 24 December, 2018
മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍
1993 ഡിസംബര്‍ 25ന് റിലീസ് ആയ മണിച്ചിത്രത്താഴിന് ഈ ക്രിസ്മസിന് ഇരുപത്തിയഞ്ച് വയസ്സ് തികയും. വിതരണക്കാരുടെ ഷെയറായി മാത്രം അഞ്ചുകോടി നേടിയ ചിത്രം, 365 ല്‍ കൂടുതല്‍ ദിവസം റിലീസിംഗ് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളിലൂടെ അഭിനയത്തികവ് കാഴ്ചവച്ച് ശോഭന മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡും കരസ്ഥമാക്കി. ആപ്തമിത്ര(കന്നഡ), ചന്ദ്രമുഖി(തമിഴ്,തെലുങ്ക്), ഭൂല്‍ ഭുലയ്യ (ഹിന്ദി), രാജ് മോഹല്‍ (ബംഗാളി) എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ജ്യോതിക(തമിഴ്), സൗന്ദര്യ(കന്നഡ) എന്നിവരുടെ നായികാകഥാപാത്രം സംസ്ഥാന അവാര്‍ഡ് നേടിയെടുത്തു. കന്നടയിലും തെലുങ്കിലും ആപ്തരക്ഷക, നാഗവല്ലി എന്നീ പേരുകളില്‍ ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങി.
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണിച്ചിത്രത്താഴിന്റെ കഥ ബീജാവാപംകൊണ്ട മധുമുട്ടം എന്ന എഴുത്തുകാരന്‍ പക്ഷെ വിജയത്തില്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ ഏകാന്തമായ വിശ്രമജീവിതത്തില്‍ സന്തുഷ്ടനായി കഴിയുകയാണ്.

ചാത്തനേറ് എന്ന ത്രെഡില്‍ നിന്ന് ഒരു സൈക്കോ ത്രില്ലര്‍?
ഞാനെന്നെ നല്ലൊരു എഴുത്തുകാരനായോ കേള്‍വിക്കാരനായോ വായനക്കാരനായോ പ്രേക്ഷകനായോ പോലും അംഗീകരിക്കുന്നില്ല. അക്കാലത്ത് ഇങ്ങനൊരു കഥ സ്വീകാര്യമാകുമോ എന്നൊന്നും ചിന്തിക്കാന്‍പോലും അറിവുണ്ടായിരുന്നില്ല. സംതൃപ്തിക്കുവേണ്ടി എഴുതിയതാണ്. നാട്ടിന്‍പുറത്ത് വളര്‍ന്നതുകൊണ്ടു തന്നെ ചാത്തനേറ്, മറുത, യക്ഷി, ബാധ എന്നൊക്കെ കുട്ടിക്കാലത്ത് പല കഥകള്‍ കേട്ടിട്ടുണ്ട്. കേട്ടതിലെല്ലാം തന്നെ പറയുന്ന ആളുകളുടെ ഭാവനയുടെ പൊടിപ്പും തൊങ്ങലും കലര്‍ന്ന്, യാഥാര്‍ഥ്യത്തിന്റെ അംശം ഉണ്ടാകാറില്ല. എങ്കിലും ആ കഥകള്‍ നമ്മളെ സ്വാധീനിക്കും. സത്യമല്ലെന്നറിഞ്ഞിട്ടും അവ കേള്‍ക്കാനും അറിയാനും കൗതുകവും താല്പര്യവും മനുഷ്യനിലുണ്ട്. ഇതാദ്യം തിരിച്ചറിഞ്ഞത് സംവിധായകന്‍ ഫാസിലാണ്. ഞാന്‍ കഥപറയുമ്പോള്‍ കേട്ടിരിക്കാന്‍ അദ്ദേഹം കാണിച്ച ഉത്സാഹമാണ് എഴുത്ത് മെച്ചപ്പെടുത്തിയത്. ഊണും ഉറക്കവും കളഞ്ഞ് ചിത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ചിന്തിച്ചും ആലോചിച്ചും തര്‍ക്കിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമൊക്കെ ചെത്തിമിനുക്കിയതാണ് മണിച്ചിത്രത്താഴിന്റെ തിരക്കഥ.

മണിച്ചിത്രത്താഴ് എന്ന പേര്?
ചിത്രപ്പൂട്ട് എന്നാണ് ഞാന്‍ ആദ്യമിട്ട പേര്. കഥാസന്ദര്‍ഭം വിവരിച്ചുകൊടുത്ത് അതിനോട് ഏറ്റവും ചേര്‍ന്ന വരികള്‍ രചയിതാവിനെക്കൊണ്ട് കടഞ്ഞെടുപ്പിക്കാന്‍ ഫാസിലിന് പ്രത്യേക കഴിവാണ്. 'പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി . മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ നിലവറ മൈന മയങ്ങി ' എന്ന ഗാനം ബിച്ചുതിരുമല എഴുതുമ്പോള്‍
മണിച്ചിത്രത്താഴ് എന്ന വാക്ക് സംവിധായകന് വളരെ കാവ്യാത്മകമായി തോന്നി. കള്ളന്മാര്‍ തുറക്കാന്‍ ശ്രമിച്ചാല്‍, ഏഴുമണികള്‍ മുഴങ്ങുന്ന പ്രത്യേകതരം പൂട്ടാണത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോടും കഥയോടും യോജിച്ച ഒന്നെന്ന നിലയിലാണ് പേരങ്ങനാക്കിയത്.

'ഞങ്ങളീ നസ്രാണികള്‍ക്ക് ചൊവ്വാദോഷമൊന്നുമില്ല.' ജാതീയമായ പരാമര്‍ശം എന്ന നിലയില്‍ ഇന്നാണെങ്കില്‍ ആ ഡയലോഗ് ഡോക്ടര്‍ സണ്ണി ശ്രീദേവിയോട് പറയുമായിരുന്നോ?
കാലദേശങ്ങള്‍ക്കനുസരിച്ച് വിശ്വാസങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഇനിയും അതുണ്ടാകണം. ഒരുപ്രത്യേക വിഭാഗം മാത്രമേ ചൊവ്വാദോഷത്തില്‍ വിശ്വസിക്കുന്നുള്ളു, മറ്റുമതസ്ഥര്‍ക്കത് ബാധകമല്ലെന്ന് സമൂഹത്തിന് മുഴുവന്‍ അറിയാവുന്ന ഒന്നാണല്ലോ. അത് എന്റേതായ പ്രസ്താവനയല്ല, അതില്‍ ഒരു ബ്രഹ്മകര്‍മ്മവും അവകാശപ്പെടാനില്ല. ഇന്നായാലും അങ്ങനെ തന്നെ എഴുതും.

ഹൊറര്‍ മൂഡില്‍ സിനിമ ഒരുക്കുമ്പോള്‍ സസ്‌പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. ഗംഗ തന്നെയാണ് നാഗവല്ലി എന്ന് പ്രേക്ഷകര്‍ മുന്‍പേ അറിയാതിരിക്കാന്‍ ' ഒരുമുറെയ് വന്ത് പാര്‍ത്തായാ എന്ന ഗാനം ടിവിയില്‍ ആദ്യമൊന്നും സംപ്രേഷണം ചെയ്തിരുന്നില്ല. സിനിമ കണ്ടവര്‍ രഹസ്യം അറിഞ്ഞ ശേഷവും വീണ്ടും അത് ത്രില്ലോടെ കാണുന്നതിനുപിന്നില്‍?

എഴുതുന്നത് മാത്രമാണ് എഴുത്തുകാരന്റെ ജോലി. അതുകഴിഞ്ഞാല്‍, സൃഷ്ടിയുടെ മേല്‍ അവകാശം പോലുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുസ്തകമായാലും സിനിമയായാലും അത് വായനക്കാരന്റേതോ പ്രേക്ഷകന്റേതോ ആയിമാറുകയാണ്. അവന്റെ ആസ്വാദനത്തിന് തടസ്സമില്ലാത്തവിധം സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. 'വരുവാനില്ലാരുമീ ' എന്ന ഗാനം സിനിമയ്ക്കുവേണ്ടി എഴുതിയതല്ലെന്നും മുന്‍പ് ഞാന്‍ പ്രസിദ്ധീകരിച്ച കവിതയാണെന്നും അറിയുമ്പോള്‍ , അതെഴുതിയ സന്ദര്‍ഭം പലരും ചോദിക്കാറുണ്ട്. സത്യത്തില്‍ ഞാനത് വെറുതെ ഒരുപാട്ടുപോലെ എഴുതിനോക്കിയതാണ്. കൂട്ടുകാരില്‍ ഒരാളാണ് മലയാളനാട് വാരികയ്ക്ക് അയച്ചുകൊടുത്തത്. അതിനെ കവിതയെന്ന് വിളിക്കാമോ എന്നിപ്പോഴും എനിക്കറിയില്ല. എഴുതുമ്പോള്‍ നമ്മള്‍ ചിന്തിക്കുകപോലും ചെയ്യാത്ത പലകാര്യങ്ങളും ആ വരികള്‍ക്കിടയിലൂടെ പലരും കണ്ടെത്താറുണ്ട്. സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് നടക്കുന്നത്. മണിച്ചിത്രത്താഴ് ഇപ്പോഴും എഴുതിത്തീര്‍ന്നിട്ടില്ല . ജോമെട്രിക്കല്‍ റേഷിയോയില്‍ ഇതിനെ സംബന്ധിച്ചുള്ള സങ്കല്‍പ്പങ്ങളും അനുബന്ധങ്ങളും ഉണ്ടായിക്കൊണ്ടേ ഇരിക്കുകയാണ്. ഓരോ പ്രേക്ഷകനും അതിന്റെ ഉള്ളിലൂടെ സഞ്ചരിച്ച് കാണാത്ത ലോകങ്ങള്‍ കാണുകയും ചിലത് മെനഞ്ഞെടുക്കുകയുമാണ്. അങ്ങനെ തിരഞ്ഞുനടക്കാന്‍ വിശാലമായ വഴികള്‍ തുറന്നിട്ടിരിക്കുന്നതുകൊണ്ടാകാം ഇപ്പോഴത്തെ തലമുറയ്ക്കും അത് രസിക്കുന്നത്. സസ്‌പെന്‌സിനു വേണ്ടിയല്ല. സംഭാഷണങ്ങള്‍ മനഃപാഠമായവരും ഇപ്പോഴും മണിച്ചിത്രത്താഴ് കാണാറുണ്ട്. അത് പുതിയ കണ്ടെത്തലുകള്‍ക്കുവേണ്ടിയാണ്. സിനിമ റിലീസാകുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്ത കുട്ടികളും മണിച്ചിത്രത്താഴ് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്, ഇന്നും എനിക്ക് അജ്ഞാതമായ എന്തോ തലം ആ ചിത്രത്തിന് ഉള്ളതുകൊണ്ടാകാം. ഒരുപക്ഷേ , ആ തലം ആസ്വാദകര്‍ സൃഷ്ടിച്ചെടുത്തതാകാം.

പൂട്ട് തുറന്ന ചില രഹസ്യങ്ങള്‍
1.മാടമ്പള്ളി തറവാടായി പത്മനാഭപുരം കൊട്ടാരമായിരുന്നു അണിയറക്കാരുടെ മനസ്സില്‍. ഷൂട്ടിങ്ങിന് കൊട്ടാരത്തില്‍ നിരോധനം നിലനിന്നിരുന്നതിനാല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി ടി.എം ജേക്കബ് ഇടപെട്ടാണ് ചിത്രീകരണാനുമതി ലഭിച്ചത്. അനുവദിച്ച ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ബാക്കി ഭാഗം തൃപ്പുണിത്തുറ ഹില്‍ പാലസില്‍ ഷൂട്ട് ചെയ്തു.
2. സംവിധായകന്‍ ഫാസിലിനൊപ്പം, മറ്റു പ്രശസ്ത സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിക്ക് ലാല്‍ എന്നിവരും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സിദ്ദിക്ക് ലാല്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്കുവേണ്ടി വേണുവാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സിബിമലയിലിനു വേണ്ടി സണ്ണിജോസഫും, മുഖ്യ സംവിധായകനായ ഫാസിലിനു വേണ്ടി ആനന്ദക്കുട്ടനുമാണ് ക്യാമറ ചലിപ്പിച്ചത്.

3. ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം, പലവട്ടം പൂക്കാലം എന്ന പാട്ട് തുടങ്ങിയവയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്. തുടക്കത്തിലെ ഇന്നസെന്റ് ഗണേഷ് കോമഡിയും, കുതിരവട്ടം പപ്പുവിന്റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക്-ലാല്‍ ടീമാണ് . പഴംതമിഴ് പാട്ടിഴയും എന്ന പാട്ടിലെ പ്രധാന ഭാഗങ്ങളുടെ പിന്നില്‍ സിബിമലയിലായിരുന്നു. എന്നാല്‍, ക്ലൈമാക്‌സ് ഉള്‍പ്പെടെ ചിത്രത്തിലെ മര്‍മ്മപ്രധാനമായ മറ്റെല്ലാ രംഗങ്ങളും ഫാസില്‍ തന്നെയാണ് സംവിധാനം ചെയ്തത്.

4 . ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനരംഗത്തിലെ പഴയകാലം ഷൂട്ട് ചെയ്യുമ്പോള്‍ , പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു. ആനന്ദക്കുട്ടന്‍ എന്ന പരിചയസമ്പന്നനായ ക്യാമറാമാന്‍, മഴയുടെ ലക്ഷണം പുറത്തറിയാത്ത രീതിയിലായിരുന്നു ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. കടപ്പാട്: മംഗളം
മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍ മണിച്ചിത്രത്താഴിന് ഇരുപത്തിയഞ്ചാം പിറന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക