Image

ഭ്രമണം (കവിത: രമ പ്രസന്ന പിഷാരടി)

Published on 26 December, 2018
ഭ്രമണം (കവിത: രമ പ്രസന്ന പിഷാരടി)
പിന്നെയും വര്‍ഷാന്ത്യങ്ങള്‍
തണുപ്പിന്‍ താഴ്വാരത്തില്‍
മഞ്ഞുപൂവുകള്‍ ചൂടി
യാത്രയാവുന്നു മെല്ലെ.
ഓര്‍മ്മകള്‍ ഘനശ്യാമ
മേഘങ്ങളതിലുറഞ്ഞാ
കാശം തേടിപ്പോകും
സന്ധ്യയിലാകാം ഭൂമി
പോയവര്‍ഷത്തെ
ചുരുക്കെഴുത്തില്‍
കൈയാലെടുത്തായിരം
ശരറാന്തല്‍ രാവിനായ്
പകര്‍ന്നതും
ഇടവേളയില്‍ യാത്ര
പറഞ്ഞു പിരിഞ്ഞവര്‍
തിരികെ വരാനായി
വഴികളില്ലാത്തവര്‍
അവര്‍ക്ക് സമര്‍പ്പിക്കാന്‍
കവിതയ്ക്കുള്ളില്‍
വാക്കു മതിയാകാതെ
ശിരോരേഖകള്‍ വിങ്ങീടവെ!

അരികില്‍ പെരും കാറ്റി
ലുലയും തിരയ്ക്കുള്ളില്‍
കുരുങ്ങി ചുറ്റി കടല്‍
ത്തീരങ്ങള്‍ കരഞ്ഞപ്പോള്‍
വിജനമേതോ സ്വപ്ന
ദീപിലെ തുരുത്തിലായ്
വനഗാനങ്ങള്‍ പാടി
കിളികള്‍ പറന്നതും
മുളം തണ്ടില്‍ നിന്നൊരു
മൗനത്തെ നാദത്തിനായ്
പരിണയിക്കാനൊരു
മണ്ഡപമുയര്‍ന്നതും
പ്രകാശം തൂവി കടല്‍
മുനമ്പില്‍ നിന്നും സൂര്യന്‍
പുതിയ പ്രഭാതത്തെ
മിഴിയില്‍ നിറച്ചതും
വഴികളിതേപോലെ
സുഖദു:ഖത്തിന്‍
പകലിരിവില്‍ തിരിയുന്ന
രണ്ടിതള്‍പ്പൂക്കള്‍
ചെറു പുല്‍ക്കൊടി,
മഞ്ഞിന്‍ തുള്ളി,
മുനമ്പിന്‍ സങ്കീര്‍ത്തനം
പ്രതീക്ഷ, ജന്മാന്ത്യത്തിന്‍
നിര്‍ലീന നിഗൂഢത.

ഒരിക്കല്‍ കൂടി ശബ്ദ
ഘോഷങ്ങള്‍ കേള്‍ക്കാന്‍
നിരത്തൊരുങ്ങുന്നിതാ
ശൈത്യഗോപുരമുകളിലെ
പുത്തനാം പെരും മണി
ഘടികാരത്തിന്‍ സൂചി
നിത്യവും ചലിക്കുന്ന സമയം
നില്‍ക്കാനല്പം വിശ്രമകാലം

പോലുമില്ലാത്ത ഭൂമണ്ഡലം!
നക്ഷത്രവര്‍ഷങ്ങളില്‍
സൂര്യന്റെ വര്‍ണ്ണം
ഋതുചിത്രങ്ങളതില്‍
ഭൂമി തിരിയും തിരുമുദ്ര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക