Image

പിള്ളയെ മുന്‍നിര്‍ത്തി ഇനി നായരെ മെരുക്കും; സുകുമാരന്‍ നായര്‍ക്ക് പിണറായിയുടെ ഒടിവിദ്യ

കലാകൃഷ്ണന്‍ Published on 27 December, 2018
പിള്ളയെ മുന്‍നിര്‍ത്തി ഇനി നായരെ മെരുക്കും; സുകുമാരന്‍ നായര്‍ക്ക് പിണറായിയുടെ ഒടിവിദ്യ

ശബരിമല വിഷയത്തോടെ ബിജെപിയുടെ ഘടകകക്ഷിയെ പോലെയായിരുന്നു കുറച്ചുനാളുകളായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടുകള്‍. സര്‍ക്കാരിനെതിരെ പലപ്പോഴായി ആഞ്ഞടിക്കുകയും വിമോചന സമരം മറക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണ്ടിവന്നാല്‍ സമദൂരം മാറ്റുമെന്ന് മറ്റൊരു ഭീഷണി. ശബരിമല സമരത്തില്‍ ഹിന്ദുത്വ ധാരണകളെ രൂപപ്പെടുത്തുന്നതില്‍ സുകുമാരന്‍ നായരുടെ ഈ നിലപാടുകള്‍ പ്രധാന പങ്കാണ് വഹിച്ചത്. സത്യത്തില്‍ എന്‍.എസ്.എസിന്‍റെ രണ്ടും കല്പിച്ചുള്ള നിലപാടുകളില്‍ സര്‍ക്കാര്‍ അല്പം പ്രതിരോധത്തിലായിരിക്കുകയായിരുന്നു. പലപ്പോഴായി എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് മുമ്പില്‍ സുകുമാരന്‍ നായരെ കാത്ത് നില്‍ക്കാന്‍ വിധിച്ച പിണറായി വിജയനോട് ഇപ്പോള്‍ സുകുമാരന്‍ നായര്‍ക്ക് ഒരല്പം പ്രതികാരം ബാക്കിയാകുന്നുവെങ്കില്‍ അതില്‍ സംശയിക്കാനുമില്ല. 
എന്നാല്‍ അറ്റകൈക്ക് സുകുമാരന്‍ നായര്‍ക്ക് ഒടിവെച്ചിരിക്കുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. കേരളത്തില്‍ രാഷ്ട്രീയ അനാഥത്വം ബാധിച്ച് തെക്ക് വടക്ക് നടക്കുകയായിരുന്ന ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ എടുക്കുക വഴി എന്‍.എസ്.എസിന്‍റെ നല്ലൊരു ഭാഗം അടര്‍ത്തിയിരിക്കുന്നു പിണറായി. 
കേരള രാഷ്ട്രീയത്തിലെ പ്രബലനായ നായര്‍ ആരെന്ന് ചോദിച്ചാല്‍ അത് ബാലകൃഷ്ണ പിള്ള തന്നെയാണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ശക്തികേന്ദ്രം. കൊട്ടാരക്കര പത്തനാപുരം മേഖല. അവിടെ പിള്ളയുടെയും ഗണേഷിന്‍റെയും വാക്കുകള്‍ക്ക് കുതിരി ശക്തിയുണ്ട്. കേരളത്തില്‍ 12 ശതമാനം വോട്ട് ഷെയറുള്ള നായര്‍ സമുദായത്തിന്‍റെ നല്ലൊരു ശതമാനവും കേരളാ കോണ്‍ഗ്രസ് ബിയുടെ തട്ടകത്തിലാണ്. നായര്‍ സമുദായത്തിന് ബാലകൃഷ്ണപിള്ളയോടുള്ള താത്പര്യത്തില്‍ മാത്രാമാണ് ആ പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നതും ഇപ്പോഴും ഗണേഷ് ജയിച്ചു കയറുന്നതും. 
എന്‍.എസ്.എസിന്‍റെ ഔദ്യോഗിക നിലപാടുകളോട് ഗ്രൗണ്ടിലിറങ്ങി ഒന്ന് മുട്ടണമെങ്കില്‍ അതിന് പറ്റിയ മത്സരാര്‍ഥി പിള്ളയാണ്. അയ്യപ്പ ജ്യോതി ബിജെപി സ്പോണ്‍സര്‍ പരിപാടിയാണെന്നും അതിലേക്ക് എന്‍.എസ്.എസ് പോകരുതെന്നും പിള്ള പറയുമ്പോള്‍ പ്രസക്തിയുണ്ട് നിലപാടിന്. എന്‍.എസ്.എസിന് സമദൂര നിലപാട് മാറ്റാനാവില്ലെന്നും ചട്ടമ്പിസ്വാമിയുടെയും മന്നത്തിന്‍റെയും കെ.കേളപ്പന്‍റെയും പാരമ്പര്യം സമുദായ നേതൃത്വം മറക്കരുതെന്നും പിള്ള ആഞ്ഞടിക്കുകയും ചെയ്തു കഴിഞ്ഞു. പിള്ളയോളം ഇത് എന്‍.എസ്.എസിനുള്ളില്‍ നിന്ന് പറയാന്‍ പാരമ്പര്യമുള്ള മറ്റൊരാളില്ല. സുകുമാരന്‍ നായര്‍ പോലും എണ്ണിപ്പറഞ്ഞാല്‍ പിള്ളയ്ക്ക് താഴെയേ വരു. അവിടെയാണ് പിള്ളയെ ഇടതുമുന്നണിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് പിണറായി വിജയനും സിപിഎമ്മും പുതിയൊരു രാഷ്ട്രീയക്കളി കളിച്ചത്. ഈ ഒടിവിദ്യയില്‍ എന്‍.എസ്.എസിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന് പിണറായിക്ക് നല്ല ബോധ്യമുണ്ടെന്ന് തീര്‍ച്ചയാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക