Image

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍-(ഭാഗം: 3 -ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 27 December, 2018
ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍-(ഭാഗം: 3 -ജോണ്‍ വേറ്റം)
നീപ്പാളി, ലെപ്ച്ച, ഭൂട്ടിയ, സന്റല്‍ ഒറേയോണ്‍ മണ്‍ഡേ എന്നീ വര്‍ഗ്ഗങ്ങളില്‍പ്പെട്ടവരും, റ്റിബറ്റ് ദേശക്കാരും, ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരും, ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവരും, വിദേശീയരും ഇവിടുത്തെ ജനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലീഷ്‌കാരും യൂറോപ്യന്മാരും ചൈനാക്കാരുമാണ് വിദേശികളില്‍ ഭൂരിപക്ഷം. വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും ഇല്ലാത്തവരെ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരായി കരുതപ്പെടുന്നു. നീപ്പാളി സ്ത്രീകളും ഭൂട്ടിയ സ്ത്രീകളും സുന്ദരികളാണ്. അവരുടെ റോസ് നിറവും വ്രീളാമോഹനമായ മുഖവും ആകര്‍ഷകമാണ്. രാജസ്ഥാനില്‍ നിന്നും വന്ന 'മാര്‍വാരികള്‍'ക്കാണ് സാമ്പത്തികഭദ്രതയും സാമൂഹ്യമണ്ഡലത്തില്‍ സ്വാധീനതയും ഉള്ളത്. ഗൂര്‍ഖാജനവര്‍ഗ്ഗം രാഷ്ട്രീയത്തിലും നീപ്പാളികള്‍ സാംസ്‌ക്കാരിക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നു.

വിവിധ ജനവര്‍ഗ്ഗങ്ങളുടെ സംഗമസ്ഥാനമാണ് ഡാര്‍ജിലിംഗ്. ടസാങ് ക്കോസ്' നദി, സിംഗാലിലാവരമ്പ്, മെച്ചി നദി എന്നിവയുടെ ഇടയില്‍ ഉത്ഭവിച്ച ഒരു ജാതിയാണ്, അംഗസംഖ്യ കൂടുതലുള്ള 'ക്രിന്റ്‌റി' എന്നറിയപ്പെടുന്ന ജനവിഭാഗം. പൂര്‍വ്വ നീപ്പാളില്‍നിന്നും വന്നു പാര്‍ക്കുന്ന, ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പൂജാവിധികളും അനുഷ്ഠാനങ്ങളുമുള്ള, ജനമാണ് 'റേസ്'. ഒരു റ്റിബറ്റന്‍ ജനവര്‍ഗ്ഗമാണ് 'ഷെര്‍പ്പ'. ബുദ്ധമത വിശ്വാസത്തോടെയാണ് അടുപ്പം. 'ചെറ്റിരി' എന്ന കുടുംബപ്പേരുള്ള 'ഖാസ്' ജനത, നീപ്പാളില്‍ അഭയാര്‍ത്ഥികളായിവന്ന ആര്യന്മാരായിരുന്നുവെന്നും, ബ്രിട്ടീഷുകാര്‍ ഗൂര്‍ഖാപട്ടാളത്തില്‍ ചേര്‍ത്ത് ഇവിടെ കൊണ്ടുവന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 'ബജന്‍'
എന്ന ജനവിഭാഗം തോട്ടം തൊഴിലാളികളാണ്. നീപ്പാളിലെ അടിമവര്‍ഗ്ഗമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 'ഗിരി' എന്ന പേരില്‍ അറിയപ്പെടുന്ന സന്യാസികളാണ് മറ്റൊരു ഭാഗം. മതപരമായ ജീവിതം സ്വീകരിച്ച ഈശ്വരവിശ്വാസികളായ യോഗികള്‍' ഏത് ജനവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്ന് തിട്ടമില്ല. മാങ്ഗര്‍, ന്യൂവര്‍, റ്റമാങ്ഗ്, ഗറങ്ഗ്, ലിംബസ്, സനുവര്‍ ഡാമെയ്, കാമീസ്, ഡാര്‍കീസ്, ഭൂട്ടിയ, രാജബന്‍ഷീസ്, ലെപ്ചാസ് എന്നിവരും വ്യത്യസ്തവര്‍ഗ്ഗക്കാരായി കരുതപ്പെടുന്നു.
അനവധി പ്രാദേശികഭാഷകളും, പ്രാകൃതഭാഷണ രീതികളും ഇവിടെ പ്രചാരത്തിലുണ്ട്. ഹിന്ദി, നീപ്പാളി ബംഗാളി എന്നീ ഭാഷകള്‍ താഴ് വരകളിലും സമതലപ്രദേശങ്ങളിലും ഉപയോഗിക്കുന്നു. ഇവിടെ വസിക്കുന്ന ഓരോ ജനവര്‍ഗ്ഗത്തിനും അവരവരുടേതായ ഭാഷയുണ്ട്. എങ്കിലും, ഔദ്യോഗികകാര്യങ്ങള്‍ക്ക് ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കുന്നു.
ഡാര്‍ജിലിംഗിലെ ആദ്ധ്യാത്മിക മണ്ഡലത്തില്‍ വിവിധമതങ്ങളുടെ പ്രവര്‍ത്തനങ്ങളുണ്ട്. എന്നാലും, ശക്തിപ്രാപിച്ചുനില്‍ക്കുന്നത് ക്രിസ്തുമതവും ബുദ്ധമതവും ഹിന്ദുമതവുമാണ്. യഹൂദന്മാരും പാഴ്‌സികളും സിക്കുകാരും പുരോഗമിക്കുന്നു. ആചാരാനുഷ്ഠാനങ്ങളെ പരിഗണിച്ചു ജാതിയും മതവും നിശ്ചയിക്കാനാവാത്ത ഒരു കൂട്ടം ജനങ്ങള്‍ മലമ്പ്രദേശങ്ങളില്‍ വസിക്കുന്നുണ്ട്. അംഗസംഖ്യയില്‍ ഹിന്ദുമതമാണ് മുന്നില്‍. എല്ലാ മതവിശ്വാസികളും അവരവരുടേതായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു.

ഡാര്‍ജിലിംഗ് പട്ടണത്തിന്റെ വിസ്തീര്‍ണ്ണവും ജനസംഖ്യയും ഇപ്പോഴും വര്‍ദ്ധിക്കുന്നു. ഈ ഗിരിതലത്തില്‍ നിന്നുനോക്കുമ്പോള്‍ കിട്ടുന്ന വിശിഷ്ടദര്‍ശനം, ലോകത്തിന്റെ മറ്റൊരു ഭാഗവും നല്‍കുന്നില്ല. ജൂലൈ മാസത്തില്‍, ഇവിടെ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഏപ്രില്‍ മാസം മുതല്‍ ഒക്ടോബര്‍ വരെ സുഖദമായ കാലാവസ്ഥയാണ്. എന്നാലും മാര്‍ച്ചു മാസത്തില്‍ 'ടൂറിസ്റ്റ് സീസണ്‍' ആരംഭിക്കും. ഈ ഘട്ടത്തില്‍, ഡാര്‍ജിലിംഗിലും കലിംപാങ്ഗ്, കര്‍സിയോങ്ഗ് എന്നീ സ്ഥലങ്ങളിലും വിനോദസഞ്ചാരികള്‍ വന്നുനിറയും. പാവപ്പെട്ടവര്‍ക്കും, സാമാന്യജനത്തിനും, സുഖഭോഗികളായ ധനികര്‍ക്കും താമസിക്കുന്നതിന് വിവിധ നിലവാരങ്ങളിലുള്ള ഹോട്ടലുകളും ഇവിടെ ലഭിക്കും. എന്നാല്‍, ടൂറിസ്റ്റ് സീസണുകളിലും, കാളീപൂജ, ദുര്‍ഗ്ഗാപൂജ തുടങ്ങിയ പൂജാ സമയങ്ങളിലും പട്ടണങ്ങളിലും പരിസരപ്രദേശങ്ങളിലും താമസസൗകര്യങ്ങള്‍ കുറയും. ആനന്ദവും, വിനോദവും വിശ്രമവും ആഗ്രഹിച്ചു വരുന്നവര്‍ക്ക് വേണ്ടി പാഴ്‌സുഖങ്ങള്‍ വില്‍ക്കപ്പെടുന്ന ഇടങ്ങളും സുലഭം. തീവണ്ടിയിലും, വിമാനത്തിലും യാത്ര ചെയ്തു ഡാര്‍ജിലിംഗില്‍ പോകുന്നവര്‍ 'സിലിഗുരി' എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെനിന്നും ഡാര്‍ജിലിംഗ് പട്ടണത്തിലേക്ക് 85 കിലോമീറ്റര്‍ ദൂരമേയുള്ളൂ. സിലിഗുരിയില്‍ നിന്നും യാത്രക്കാര്‍ ടാക്‌സി ലക്ഷറികാര്‍ എന്നിവയില്‍ റോഡ് വഴി ഡാര്‍ജിലിംഗിലെത്തുന്നു. സിലിഗുരിയില്‍ നിന്നും ഡാര്‍ജിലിംഗിലേക്കുള്ള തീവണ്ടിയില്‍ ഏഴ് മണിക്കൂര്‍ സമയം യാത്ര ചെയ്യണം. ടാക്‌സിയില്‍ മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതിയാകും. എന്നാല്‍ തീവണ്ടിയാത്ര ആഹ്ലാദകരവും അവിസ്മരണീയ അനുഭവവുമായിരിക്കും.
അവര്‍ണ്ണനീയ പ്രകൃതിഭംഗികളൊഴിച്ചാല്‍, വിനോദയാത്രക്കാരെ ആനന്ദിപ്പിക്കുന്ന അനവധി ഇടങ്ങളുണ്ട്. 8452 അടി പൊക്കമുള്ള 'ഘുംറോക്ക്' കൊടുമുടിയിലുള്ള ബുദ്ധസന്യാസസ്ഥാപനം, ലായ്ഡ് ബൊട്ടെനിക്കല്‍ ഗാര്‍ഡന്‍, നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഒബ്‌സര്‍വേറ്ററി ഹില്ലിലുള്ള മഹാകാളിക്ഷേത്രം, ഹിമാലയന്‍ മൗണ്ട്‌നീറിംഗ് ഇസ്റ്റിറ്റിയൂട്ട് കായികവിനോദക്ലബ്ബുകള്‍ എന്നിവ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
അതുല്യവും ശ്രേഷ്ഠവും വൈവിദ്ധ്യവുമായ പ്രകൃതിഭംഗികളാല്‍ അലങ്കൃതമായ ഡാര്‍ജിലിംഗ്, ഇന്‍്ഡ്യയുടെ മഹത്തായ ഭൂമണ്ഡലങ്ങളില്‍ ഒന്നാണ്. അവിടം സന്ദര്‍ശിക്കുന്നത് അവിസ്മരണീയവും അറിവ് നല്‍കുന്നതുമായ അനുഭവമായിരിക്കും! ഇന്‍ഡ്യയുടെ അഭിമാനഭൂമിയാണ് ഡാര്‍ജിലിംഗ്!

പ്രേഷിതസേവനത്തിന്റെ സാന്ദ്രമുദ്രകള്‍

ഇംഗ്ലീഷ്‌കാര്‍ ഡാര്‍ജിലിംഗില്‍ തേയിലകൃഷി ആരംഭിച്ചതോടെ, ജനസംഖ്യ വര്‍ദ്ധിച്ചു. ജീവിതമാര്‍ഗ്ഗം അന്വേഷിച്ചുവന്ന ഗൂര്‍ഖാകളും നീപ്പാളികളും ്അവിടെ തൊഴിലാളികളായി. തേയിലത്തോട്ടങ്ങളുടെ ഉടമകളും മേല്‍നോട്ടക്കാരും പാശ്ചാത്യരായ ക്രിസ്ത്യാനികളായിരുന്നു. ക്രമേണ, തേയിലത്തോട്ടങ്ങളുടെയും ജീവനക്കാരുടെയും സംഖ്യ പൂര്‍വ്വാധികമായി. ക്രിസ്ത്യാനികള്‍ക്ക് ആദ്ധ്യാത്മിക ശുശ്രൂഷ നല്‍കുവാന്‍ ഒരു ക്രൈസ്തവപുരോഹിതനോ ദേവാലയമോ ഇല്ലായിരുന്നു! അതിനാല്‍, ഒരോരുത്തരും അവരവരുടെ ഭവനങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. ഇരുപത് വര്‍ഷക്കാലം ഈ ശോച്യാവസ്ഥ തുടര്‍ന്നു. ഈ സ്ഥിതിവിശേഷം, അന്ന് 'പാറ്റ്‌നാ'യില്‍ അപ്പൊസ്തലിക് വികാര്‍ ആയിരുന്ന, ഡോക്ടര്‍ 'അത്താനാസിയസ് ഹാര്‍ട്ട്‌മെന്‍' മനസ്സിലാക്കി. അദ്ദേഹം തന്റെ സെക്രട്ടറിയായ 'ഇഗ്നേഷ്യസ് പെരിസ്‌കോ' എന്ന പുരോഹിതനെ ഡാര്‍ജിലിംഗിലേക്ക് അയച്ചു. 'ക്യപ്പുച്ചിന്‍' സഭാംഗമായ  ഫാ.പെരിസ്‌കോ ഡര്‍ജിലിംഗില്‍ എത്തി. വൈദികശുശ്രൂഷകള്‍ ധര്‍മ്മപ്രചരണങ്ങള്‍, പൊതുജനസേവനങ്ങള്‍ എന്നിവ നിര്‍വ്വഹിക്കുന്നതിന് ഒരു 'മതപ്രവര്‍ത്തകസംഘം' സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യപരിശ്രമം.

മനുഷ്യസ്‌നേഹവും നല്ല സംസ്‌ക്കാരവുമില്ലാതെ, അനാചാരപ്രിയന്മാരായി, അടുക്കും ചിട്ടയുമില്ലാത്ത, മൃഗീയജീവിതം നയിക്കുന്ന ഒരു ജനത്തെയാണ് ഫാ.പെരിസ്‌ക്കോ കണ്ടത്. അവരെ, ദൈവവിശ്വാസമുള്ളവരാക്കി ഉത്തമജീവിതത്തിലൂടെ നയിക്കുവാന്‍ പ്രയാസമായിരുന്നു. ബഹുമുഖമായ പ്രതികൂലതകള്‍ ഫാ.പെരിസ്‌ക്കോയെ വലയം ചെയ്തു. എങ്കിലും അദ്ദേഹം നിരാശനായില്ല. കഷ്ടതകളിലൂടെ മുന്നോട്ട് പോയി. ഒടുവില്‍ വിശ്രമമില്ലാതെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി, ഒരു സുവിശേഷഘോഷക സംഘടന രൂപീകരിക്കുവാന്‍ സാധിച്ചു. (പില്‍ക്കാലത്ത് ഇദ്ദേഹം ഒരു കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടു.)

1848- മുതല്‍ 1888-വരെ, ക്യപ്പുച്ചിന്‍ സഭയിലെ മിഷണറിമാര്‍ ഡാര്‍ജിലിംഗില്‍ പ്രേഷിതവേല ചെയ്തു. വിവിധങ്ങളായ പ്രതികരണങ്ങളെ അവര്‍ക്ക് നേരിടേണ്ടിവന്നു. തികച്ചും സാഹസികമായിരുന്നു ജീവിതം. യാത്രാസൗകര്യങ്ങളുടെ അഭാവം. മരണം പതിയിരിക്കുന്ന ഇടങ്ങള്‍. വനങ്ങളുടെയും വന്യമൃഗങ്ങളുടെയും നടുവിലൂടെ രാവും പകലും നടന്നുപോകേണ്ടിവന്നു. യഥാസമയം സന്ദേശങ്ങള്‍ നല്‍കുവാന്‍ സൗകര്യം ഇല്ലായിരുന്നു. പട്ടിണികിടന്നും, ചിക്ിത്സലഭിക്കാതെയും, ദുരിതം അനുഭവിച്ചു! അവരുടെ യാതനയും വേദനയും ആഴമേറിയതായിരുന്നു. അന്ധവിശ്വാസികളും ക്രൂരമാനസരുമായിരുന്ന അപരിഷ്‌കൃതജനതയില്‍ അറിവും കരുണയും സ്‌നേഹവും പകര്‍ന്നുകൊടുത്ത അവരുടെ സഹനശക്തി ഗഹനമായിരുന്നു. പിന്നീട്, ഡാര്‍ജിലിംഗിന്റെ വിവിധഭാഗങ്ങളില്‍ യാത്ര ചെയ്യുവാന്‍ കുതിര, കോവര്‍കഴുത എന്നീ മൃഗങ്ങളെ പുരോഹിതന്മാര്‍ വാഹനങ്ങളായി ഉപയോഗിച്ചു. അവരുടെ സാന്നിദ്ധ്യവും സമീപനവും ആദിവാസി ജനത ഇഷ്ടപ്പെട്ടില്ല. കൊള്ളയും, കൊലയും, ഒളിപ്പോരുകളും മാരകാത്മകമായ മാന്ത്രികചികിത്സകളും കൈകാര്യം ചെയ്ത അവരുടെ മതകര്‍മ്മങ്ങളുടെ പ്രധാനഘടകം ചെകുത്താന്‍ സേവയായിരുന്നു. നല്ല വിളവ് ലഭിക്കുന്നതിനുവേണ്ടി വിളവെടുപ്പുകാലത്ത് പ്രത്യേകപൂജകള്‍ നടത്താറുണ്ട്.

1870-ല്‍, 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' എന്ന ക്രൈസ്തവസഭയിലെ മിഷണറിമാര്‍ വന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെ ഡാര്‍ജിലിംഗിലെ ജനവര്‍ഗ്ഗങ്ങളില്‍ ഉണ്ടായിരുന്ന ക്രൂരവും ദാരുണവുമായ ദുരാചാരങ്ങള്‍ മുരടിച്ചു. ഈ ഘട്ടത്തില്‍, 'ഗയ' എന്ന സ്ഥലത്തുനിന്നും 'വില്യം മാക്ക്ഫര്‍ലയിന്‍' എന്ന മിഷണറിവന്നു. പ്രേഷിത വേലയോടൊപ്പം വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഡാര്‍ജിലിംഗില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറ ഉണ്ടാക്കി. 1887-ല്‍, ആ ഈശ്വര പ്രേഷിതന്‍ ഭൂമുഖത്തുനിന്നും മറഞ്ഞപ്പോള്‍, അദ്ദേഹം ക്രിസ്തുമത വിശ്വാസത്തിലേക്ക് കൊണ്ടുവന്ന എഴുനൂറ് ആളുകള്‍ അവിടെ ഉണ്ടായിരുന്നുവത്രേ. 'ലെപ്പ്ച്ച' വര്‍ഗ്ഗക്കാരുടെ നടുവില്‍ ആരംഭിച്ച മിഷനറി പ്രവര്‍ത്തനം, മറ്റ് വര്‍ഗ്ഗങ്ങളിലേക്കും പടര്‍ന്നു. അപ്പോഴും, ഭാഷാപരമായ പ്രശ്‌നം മിഷനറിമാരുടെ മുന്നില്‍ മുഖ്യതടസ്സമായി നിന്നു. സ്വവര്‍ഗ്ഗഭാഷയല്ലാതെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാന്‍ കഴിയാത്തവരായിരുന്നു അന്നത്തെ ജനത. അവരെ ഉദ്ധരിക്കാന്‍, പുതിയ ആശയങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ കഴിയാത്ത ഒരവസ്ഥയും ഉണ്ടായിരുന്നു. അതുകൊണ്ട്, പൊതുവായി ഉപയോഗിത്തിലിരുന്ന നീപ്പാളിഭാഷയില്‍ വിശുദ്ധവേദപുസ്തകം വിവര്‍ത്തനം ചെയ്തു. ഫ്രാന്‍സില്‍ നിന്നും അവിടെയെത്തിയ ഒരു കൂട്ടം മിഷനറിമാരാണ് ആ ജോലി നിര്‍വ്വഹിച്ചത്. ബെബിളിലുള്ള അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍(ACTS of the Apostles) എന്ന പുസ്തകമാണ് ആദ്യമായി തര്‍ജ്ജ ചെയ്തത്. പിന്നീട്, വിശുദ്ധ സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി. അതിനുശേഷം, അനവധി ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ നീപ്പാളി ഭാഷയില്‍ ഉണ്ടായി. യേശുക്രിസ്തുവിനെക്കുറിച്ചും, ക്രിസ്തീയ ജീവിതത്തിന്റെ ആവശ്യമെന്തെന്നും, ജനങ്ങളെ പഠിപ്പിക്കുവാന്‍ ഇത് ഏറെ സഹായിച്ചു. കൂടാതെ, ക്രിസ്തുമതത്തിന്റെ വികാസത്തിനും പിന്‍തുണയായി!

1883-ല്‍, കലിംപാങ്ഗില്‍, ക്രിസ്തുമത പ്രവര്‍ത്തനം ആരംഭിച്ചു. 'ദി പാരീഷ് ഫോറിന്‍ മിഷന്‍' എന്ന വിഭാഗത്തില്‍പ്പെട്ട മിഷനറിസംഘം ആദ്യം അവിടെയെത്തി 'പെഡോങ്ഗ്' എന്ന സ്ഥലത്ത് ഒരു പ്രവര്‍ത്തകസംഘം സ്ഥാപിച്ചു. റ്റിബറ്റില്‍ കടന്ന് ദൈവവേല ചെയ്യണമെന്നതായിരുന്നു സ്ഥാപക ഉദ്ദേശം. എന്നാല്‍, അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും പ്രാണനുതുല്യം സ്‌നേഹിച്ച, ഒരു കൂട്ടം ആളുകള്‍ മിഷ്‌നറിമാരെ തടഞ്ഞു. ഭയപ്പെടുത്തി, ദ്രോഹബുദ്ധിയോടെ പ്രവര്‍ത്തിച്ചു. എന്നിട്ടും, പെഡോംങ്ഗില്‍ മിഷ്‌നറി വേല അവസാനിപ്പിച്ചില്ല. 1935-ല്‍, 'അഗസ്റ്റീനിയന്‍ സഭ' വന്നു. 1880 മുതല്‍ പ്രേഷിതവേല നടത്തിയ ഈശോ സഭയില്‍ നിന്നും പ്രവര്‍ത്തനം ഏറ്റെടുത്തു. അപ്പോഴേക്കും, മിഷ്‌നറി പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്ന പ്രവണതകള്‍ ഡാര്‍ജിലിംഗില്‍ പ്രകടമായി. സിക്കിംമലകള്‍ മരിയബസ്തി, ഗിറ്റ്ഡര്‍ബ്ലിംങ്ഗ് എന്നിവിടങ്ങളിലേക്ക് ആഗസ്റ്റീനിയന്‍ സഭയുടെ പരിപാലനം പടര്‍ന്നു. 1943 ആയപ്പോഴേക്കും, ഡാര്‍ജിലിംഗ് ജില്ലയില്‍ '21' കത്തോലിക്ക ദേവാലയങ്ങള്‍ ഉണ്ടായി. അപ്പോള്‍, പ്രൊട്ടെസ്റ്റന്റ് സഭാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരുന്നു അംഗസംഖ്യയില്‍ ഭൂരിപക്ഷം.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക