Image

സത്യത്തില്‍ വെള്ളാപ്പള്ളി ഇപ്പോള്‍ ആരാണ്, എന്താണ്, എവിടെയാണ്? വെള്ളാപ്പള്ളിക്ക് പോലും പിടികിട്ടാത്ത യഥാര്‍ഥ്യങ്ങള്‍

കലാകൃഷ്ണന്‍ Published on 27 December, 2018
സത്യത്തില്‍ വെള്ളാപ്പള്ളി ഇപ്പോള്‍ ആരാണ്, എന്താണ്, എവിടെയാണ്? വെള്ളാപ്പള്ളിക്ക് പോലും പിടികിട്ടാത്ത യഥാര്‍ഥ്യങ്ങള്‍

ആരാണ് വെള്ളാപ്പള്ളി നടേശന്‍ - കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായ എസ്.എന്‍.ഡി.പി യോഗത്തിന്‍റെ എല്ലാമെല്ലാമായ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. പോരാത്തതിന് ബിഡിജെസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സൃഷ്ടിച്ചെടുത്തയാളും രക്ഷാധികാരിയും

ആരാണ് തുഷാര്‍ വെള്ളാപ്പള്ളി - വെള്ളാപ്പള്ളി നടേശന്‍റെ മകന്‍. ബിഡിജെസ് എന്ന പാര്‍ട്ടിയുടെ സ്റ്റേറ്റ് പ്രസിഡന്‍റ്, നിലവില്‍ എന്‍.ഡി.എ കണ്‍വീനര്‍. പിന്നെ പണ്ടു മുതലേ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ്. അതായത് വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറിയായിട്ടുള്ള എസ്.എന്‍.ഡി.പിയുടെ വൈസ് പ്രസിഡന്‍റ്. 

അതായത് ഒരു വീട്ടില്‍ കഴിയുന്ന വെള്ളാപ്പള്ളിയും മകനും എസ്.എന്‍.ഡി.പിയുടെ യഥാക്രമം ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്‍റുമാണ്. എന്നാല്‍ ജനങ്ങള്‍ കാണുന്ന നാടകങ്ങളോ?
വെള്ളാപ്പള്ളി നടേശന്‍ ബിജെപിയെ ചീത്ത പറയുന്നു. പിണറായി വിജയനെ പുകഴ്ത്തുന്നു. 
തുഷാര്‍ വെള്ളാപ്പള്ളി ശ്രീധരന്‍ പിള്ളയ്ക്കൊപ്പം രഥയാത്ര നടത്തുന്നു. മോദിയെ പുകഴ്ത്തുന്നു, വിജയനെ ചീത്ത പറയുന്നു. 
വെള്ളാപ്പള്ളി വനിതാ മതില്‍ പണിയുമെന്ന് പറയുന്നു
തുഷാര്‍ അതിലെ പോകില്ലെന്ന് പറയുന്നു. 
ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി പറയുന്നു. തുഷാര്‍ അതിന്‍റെ കണ്‍വീനറായിട്ടിരിക്കുന്നു.
വെള്ളാപ്പള്ളി നവോത്ഥാന നായകനാകുമ്പോള്‍ തുഷാര്‍ ഹിന്ദുത്വവാദിയാകും. വിരോധാഭാസത്തിന്‍റെ അങ്ങേയറ്റം. 
ഒരേ വീട്ടില്‍ നിന്നും ഒരേ സംഘടനയുടെ പ്രധാന നേതാക്കളായി കുളിച്ച് കുപ്പായമിട്ടിറങ്ങി രണ്ട് തരത്തില്‍ സംസാരിച്ച്, രണ്ട് വേദികളില്‍ പ്രത്യക്ഷപ്പെട്ട്, രണ്ട് അഭിപ്രായം പറഞ്ഞ് പിന്നെ ഒന്നായി, തുടര്‍ന്ന് രണ്ടായി, വീണ്ടും ഒന്നിച്ച് അങ്ങനെ അങ്ങനെ ലോകത്തെവിടെയും കണ്ടിട്ടില്ലാത്ത ഒരു കരകാട്ടം കളിയാണ് വെള്ളാപ്പള്ളി കുടുംബം ഇപ്പോള്‍ കാഴ്ച വെക്കുന്നത്. ഇതിനൊക്കെ ഒപ്പം തുള്ളാന്‍ അണികളുണ്ടല്ലോ ഈ സാക്ഷര കേരളത്തില്‍ എന്നതാണ് തമാശ. 

കേരളത്തിലെ ഇടത് വലത് പാര്‍ട്ടികളോട് കലഹിച്ച് ഒരു ഈഴവ കേരളാ കോണ്‍ഗ്രസ് സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ മോഹത്തില്‍ നിന്നാണ് ബിഡിജെഎസ് തുടങ്ങുന്നത്. ബിജെപിയുമായി ചേര്‍ന്നാല്‍ മുപ്പത് സീറ്റുവരെ പിടിക്കാമെന്ന് ആത്മവിശ്വാസത്തോടെ ചാനല്‍ അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് തുഷാര്‍ നായകനായി ബിഡിജെസ് പറവിയെടുത്തത്. 
പക്ഷെ സവര്‍ണ്ണ തത്പരരായ ബിജെപിയില്‍ നിന്നും വേണ്ട പരിഗണന കിട്ടുന്നില്ല എന്നതാണ് വെള്ളാപ്പള്ളി പിന്നീട് നേരിട്ട പ്രശ്നം. പ്രതീക്ഷിച്ച പോലെ അങ്ങോട്ട് പരിഗണിക്കുന്നില്ല. വേണേല്‍ മതിയെടാ എന്ന മട്ടില്‍ ഒരുതരം പണിക്കാരോട് പെരുമാറുന്നത് മാതിരി ഒരു പെരുമാറ്റം. 
അതു സഹിക്കാമെന്ന് വെക്കാം. പക്ഷെ ബിജെപി വെള്ളാപ്പള്ളിയുടെ ലൈന്‍ കേരളത്തില്‍ പൂര്‍ണ്ണമായി സ്വീകരിക്കുന്നില്ല. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന് പറയുന്നത് പോലെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം മാറ്റിവെക്കാന്‍ ബിജെപിക്ക് കഴിയില്ല. അതോടെ കേരളത്തില്‍ ഈ ബിജെപി കളി പച്ചപിടിക്കില്ല എന്ന് വെള്ളാപ്പള്ളിക്ക് ബോധ്യപ്പെട്ടു. പക്ഷെ പെട്ടന്ന് ഊരിപോരാന്‍ പറ്റുമോ, ഇതിപ്പോ തലയിട്ട് പോയില്ലേ. അതും പോട്ടെ ബിജെപിക്കാര് പാര്‍ട്ടിയുണ്ടാക്കി കൂടെ പോന്നാല്‍ തരാമെന്ന് പറഞ്ഞ രാജ്യസഭാ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ഒന്നും തന്നുമില്ല. എല്ലാം വെറും പൊകയായി. 
ഇനിയിപ്പോ ചെന്നാല്‍ കോണ്‍ഗ്രസോ യുഡിഎഫോ കൂടെ കൂട്ടില്ല. സിപിഎമ്മോ എല്‍.ഡി.എഫോ കൂടെ കൂട്ടില്ല. ആരും അടുപ്പിക്കില്ല. രാഷ്ട്രീയ അനാഥത്വം തന്നെ. പണ്ടേ പോലെ സമുദായ സംഘടന മാത്രമായി എന്‍.എസ്.എസ് ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരെ വോട്ടിന്‍റെ കണക്ക് പറഞ്ഞ് പേടിച്ച് നിന്നാല്‍ മതിയായിരുന്നു. ഇതിപ്പോ പാര്‍്ട്ടിയുണ്ടാക്കിയും പോയി. ഇനിയിപ്പോ എന്തു ചെയ്യും. 
സത്യത്തില്‍ വെള്ളാപ്പള്ളിയും മകനും ദിനം പ്രതി നിലപാട് മാറ്റി മാ്റ്റി ഓന്തിനേക്കാള്‍ കഷ്ടമായി മാറുന്നത് ഒരു രാഷ്ട്രീയ കളിയൊന്നുമല്ല. അവര്‍ക്ക് തന്നെ പിടിയില്ല ഇനിയിപ്പോ എന്തു ചെയ്യുമെന്ന്. ഇവിടെ പോയി ഈ ബിഡിജെഎസിനെ ഒന്ന് കെട്ടുമെന്ന്. 
ഇനിയിപ്പോ പിണറായിയെയും മോദിയെയും ഒരേ പോലെ പുകഴ്ത്താം. ഒരേ സമയം രഥയാത്ര നടത്താം നവോത്ഥാന മതിലും പണിയാം. ഒരേ സമയം മതേതരനാകാം, മതവാദിയുമാകാം. 
കുറച്ചുകാലം ഇങ്ങനെയങ്ങ് പോകുമ്പോള്‍ എ്ന്തെങ്കിലും വഴി തെളിഞ്ഞു വരുമായിരിക്കും. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക