Image

ജാതി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വിഷം ചീറ്റല്‍ ക്രൈസ്തവ സമുദായത്തോട് വേണ്ട: ഷെവ. വി.സി.സെബാസ്റ്റ്യന്‍

Published on 28 December, 2018
ജാതി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വിഷം ചീറ്റല്‍ ക്രൈസ്തവ സമുദായത്തോട് വേണ്ട: ഷെവ. വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: നൂറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ സമുദായത്തെ അവഹേളിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ജാതി വര്‍ഗ്ഗ നേതാക്കളുടെ വര്‍ഗീയ വിഷംചീറ്റലുകള്‍ ക്രൈസ്തവരുടെയടുക്കല്‍ വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ക്രൈസ്തവസമുദായം പൊതുസമൂഹത്തിനായി പങ്കുവയ്ക്കുന്ന സേവനങ്ങളുടെ ഗുണഫലം തലമുറകളായി അനുഭവിക്കുന്നതിനോടൊപ്പം തരംകിട്ടുമ്പോഴൊക്കെ ഈ സമുദായത്തിനെതിരെ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ച് ആക്ഷേപിക്കുന്നത് ചിലര്‍ക്ക് രോഗമായി മാറിയിരിക്കുന്നു. ആര്‍ക്കും കേറി മേയാവുന്ന മേച്ചില്‍പ്പുറമോ കൊട്ടാനുള്ള ചെണ്ടയോ അല്ല ക്രൈസ്തവ സമുദായവും സംവിധാനങ്ങളും. വര്‍ഗ്ഗീയവാദികളുടെ ജ്വല്പനങ്ങളെ ക്രൈസ്തവ വിശ്വാസിസമൂഹം പുല്ലുവില കല്പിച്ച് പുച്ഛിച്ചു പുറംതള്ളും.

ലോകം വിശുദ്ധയായി ആദരിക്കുന്ന മദര്‍ തെരേസായെ ആക്ഷേപിക്കുന്നവരും ദേവസ്വവരുമാനമൊന്നാകെ ന്യൂനപക്ഷ സമുദായങ്ങള്‍ കൊള്ളയടിക്കുന്നുവെന്നും, ദേവസ്വങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നുമുള്ള വിചിത്രവും വികലവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വര്‍ഗ്ഗീയവികാരം കുത്തിനിറയ്ക്കുന്നവരും സാക്ഷരകേരളത്തിന് അപമാനമാണ്.

നവോത്ഥാനമുന്നേറ്റങ്ങളുടെ പിതൃത്വം സ്വയം ഏറ്റെടുത്ത് മതന്യൂനപക്ഷങ്ങളെ നിരന്തരം ആക്ഷേപിക്കുന്ന വര്‍ഗ്ഗീയവാദികളായ മദ്യരാജാക്കന്മാരെ ആധുനിക നവോത്ഥാന നായകന്മാരാക്കി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കാതെ, പൊതുസമൂഹത്തെയൊന്നാകെ കോര്‍ത്തിണക്കി പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങള്‍ പണിയുകയാണ് ഭരണനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. സ്വന്തം ജാതിയെ ഉദ്ധരിക്കുവാന്‍ ഇതരസമുദായങ്ങളെ അധിക്ഷേപിക്കുന്ന ജാതിനേതാക്കള്‍ പുറകോട്ടൊന്നു തിരിഞ്ഞുനോക്കി തങ്ങളെങ്ങനെ ഇന്നത്തെ ഉയര്‍ന്ന ജീവിതാവസ്ഥയിലെത്തിയെന്ന് പഠിക്കുന്നത് നന്നായിരിക്കും.

വര്‍ഗ്ഗീയ വികാരമുണ്ടാക്കി വിഭാഗീയത സൃഷ്ടിച്ച് മതവിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് ഈ നാടിനെ ഭ്രാന്താലയമാക്കുവാന്‍ ആരെയും യാതൊരു കാരണവശാലും അനുവദിക്കരുത.് മനുഷ്യരെ പരസ്പരം ഭിന്നിപ്പിച്ച് തെരുവിലിറക്കുന്നതാണോ ആധുനിക കാലത്തെ പുത്തന്‍ നവോത്ഥാനമെന്നുള്ളത് അധികാരകേന്ദ്രങ്ങള്‍ വ്യക്തമാക്കണം.

വര്‍ഗ്ഗസമരങ്ങളെ കാലം ഇതിനോടകം എഴുതിത്തള്ളിയപ്പോള്‍ ഇന്നലകളില്‍ നാം നേടിയ നവോത്ഥാന നന്മകളെ വര്‍ഗ്ഗീയസമരങ്ങളും വര്‍ണ്ണസമരങ്ങളും നടത്തി നടുക്കടലില്‍ മുക്കിക്കൊല്ലുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല.

വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ തെരുവില്‍ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്നതല്ല നവോത്ഥാനം. ധര്‍ണ്ണയും സമരവും ഹര്‍ത്താലും വെട്ടിക്കൊലയും ജയില്‍ നിറയ്ക്കലും മനുഷ്യച്ചങ്ങലയും മനുഷ്യമതിലും വഴിയാണ് നവോത്ഥാനമുണ്ടാകുന്നതെന്ന് ചിത്രീകരിക്കുന്നത് മൗഢ്യമാണ്.

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍നിന്നും രാഷ്ട്രീയ തമ്മിലടികളില്‍ നിന്നും ഒളിച്ചോടാന്‍ ഒരു കാരണം സൃഷ്ടിക്കുന്നതുകൂടാതെ ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിച്ച് മതേതരത്വ ഇന്ത്യയുടെ മുഖവും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനിമയും കൂടുതല്‍ വികൃതമാക്കുവാനും സുപ്രീംകോടതിയുടെ പരിഗണനയില്‍ റിവ്യൂ പെറ്റീഷന്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുവാനും മാത്രമേ ജ്യോതി പ്രകാശിപ്പിക്കലും മതില്‍ നിര്‍മ്മാണങ്ങളും ഇടനല്കൂ.

സമുദായനേതൃത്വങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുവാന്‍ മനസ്സുകാണിക്കണമെന്നും വര്‍ഗ്ഗീയ വിദ്വേഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേയ്ക്ക് തള്ളിവിടുന്നത് സാക്ഷരകേരളത്തിന് അപമാനമാണെന്നും വിവിധ സമുദായങ്ങളെയും പൗരന്മാരെയും തുല്യനീതിയോടെ കാണുവാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്നും വി.സി.സെബാസ്റ്റ്ന്‍ പറഞ്ഞു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍.
സെക്രട്ടറി
സിബിസിഐ കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി
Join WhatsApp News
പല്ലിവാല്‍ 2018-12-29 15:56:44
ഇയാള്‍ എന്തിനു ആണ് പല്ലിയുടെ  മുറിഞ്ഞ വാല്‍ പോലെ ഞെളിപിരി കൊള്ളുന്നത്‌?
ആര്‍ എപ്പോള്‍ എന്ത് ചെയിതു?
വെറുതെ വര്‍ഗീയം ഇളക്കി മിടുക്കന്‍ ആവാന്‍  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക